(Deepa Nair)
ഗ്രാമത്തിന്റെ നിഷ്കളങ്കതയിൽ ജനിച്ചുവളർന്ന 'മനു' എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിൽ ഒരുമഞ്ഞുതുള്ളിപോലെ പെയ്തിറങ്ങുന്ന 'ശ്രീനന്ദന' എന്ന പെൺകുട്ടിയുടെ പ്രണയവും, വിരഹവും ഇഴകോർത്ത ജീവിതമാണ് ഹിമബിന്ദുക്കളിൽ കുറിച്ചിട്ടിരിക്കുന്നത്.
നഗരത്തിൽ നിന്നും തെല്ലു മാറി ഗുൽമോഹർ മരത്തിന്റെ ചുവട്ടിലെ പൂക്കടയുടെ മുന്പില് മനു എത്തുമ്പോള്‍ നേരം പുലരുന്നതേ ഉണ്ടായിരുന്നുള്ളു. എന്നിട്ടും അവിടെ നല്ല തിരക്കുണ്ടായിരുന്നു. കടയുടമ
ഗോപാലേട്ടന്റെ പെരുമാറ്റം ആരെയും ആകര്‍ഷിക്കുന്നതായിരുന്നു.
നല്ല കുളിരുള്ള പ്രഭാതം. ബൈക്ക് നിര്‍ത്തി മനു കടയിലേയ്ക്കു നടന്നു. മനുവിനെ കണ്ട ഗോപാലേട്ടന്റെ കണ്ണുകള്‍ കലണ്ടറിലെ ചുമന്ന വട്ടത്തില്‍ ഒരു നിമിഷം ഉടക്കി നിന്നു.
'ഇന്നു നന്ദൂട്ടിയുടെ പിറന്നാള്‍ ആണ്.'
പതിനൊന്നു വർഷങ്ങൾക്കുമുൻപുള്ള ഒരു തിങ്കളാഴ്ച്ച ദിവസമായിരുന്നു മനുക്കുട്ടന്റെ കയ്യിൽ തൂങ്ങി കുറുമ്പ് നിറഞ്ഞ ചിരിയുമായി നന്ദൂട്ടി കടന്നു വന്നത്. അന്ന് തിരുവാതിര ആയിരുന്നു നന്ദൂന്റെ പിറന്നാൾ ദിനം. നിറയെ മഞ്ഞുതുള്ളികളിറ്റിയ ഒരു കുടന്ന പനിനീര്പൂക്കള് മാത്രം മതി അവളുടെ കണ്ണുകളില്‍ ഒരായിരം പൂര്‍ണ്ണ ചന്ദ്രന്മാര് ഒന്നിച്ചുദിക്കാന്. നന്ദൂട്ടിയുടെ ഓർമ്മകൾ ഈറനണിയിച്ച കണ്ണുകൾ തുടച്ച് ഗോപാലേട്ടൻ മനുവിനെ നോക്കി പുഞ്ചിരിച്ചു.
കസവുകരയുള്ളമുണ്ടും, കടുംപച്ച ഷർട്ടും; ചന്ദനക്കുറി പാതി മറഞ്ഞ് അലസമായി നെറ്റിയിലേയ്ക്കു വീണു കിടക്കുന്ന മുടി.
"ഇന്നു മനു പതിവിലും സുന്ദരനായിട്ടുണ്ട്!'
ഒരു ചിരിയോടെ ഗോപാലേട്ടൻ അകത്തേക്കു പോയപ്പോൾ മനു നന്ദൂനെ കുറിച്ചോർത്തു. അവളിപ്പോൾ തന്നോടൊപ്പം ഉണ്ടായിരുന്നെങ്കിൽ.. ഗോപാലേട്ടനുള്ള ശകാരം തുടങ്ങീട്ടുണ്ടാകും. വീടെത്തും വരെ തനിക്കും സ്വൈര്യം തരില്ല. ദൃഷ്ടിദോഷം വരുമത്രേ!.
നന്ദു... !
സ്വാര്‍ത്ഥമായ സ്നേഹം കൊണ്ടെന്നും തന്നെ പൊതിഞ്ഞു പിടിച്ചിരുന്നവൾ
മനുകുട്ടാ ....!
ഗോപാലേട്ടന്റെ ശബ്ദം മനുവിനെ ചിന്തകളിൽ നിന്നും ഉണർത്തി. ഭംഗിയുള്ള വലിയൊരു പൂച്ചെണ്ടും നീട്ടി നില്ക്കുന്ന ഗോപാലേട്ടന്. പണം കൊടുത്തു പൂച്ചെണ്ടുമായി തിരിച്ചു ബൈക്കിനടുത്തേയ്ക്കു നടന്ന മനുവിന്റെ ചിന്തകളിലേയ്ക്ക് വീണ്ടും നന്ദു കടന്നു വന്നു. ജോലിയിൽ പ്രവേശിക്കുന്ന ആദ്യദിനം അമ്മയുടേ ശകാരം കേട്ടു മടുത്തപ്പോഴാണ് മനു കുളിച്ച് അമ്പലത്തിലേയ്ക്കു നടന്നത്.
ചെരുപ്പഴിച്ചു വെച്ച് നടവഴിയിലേയ്ക്കു തിരിഞ്ഞ മനുവിന്റെ കണ്ണുകള്‍ ഒരു നിമിഷം നിശ്ചലമായി.