Article Index

(Abbas Edamaruku )

രാത്രി, ആലകത്തുകാവിലെ ചെണ്ടമേളം പ്രത്യേകതാളത്തിൽ ഉയർന്നുപൊങ്ങി. മുഖത്തു ചായംതേച്ച്, കൈവളകളും കാൽച്ചിലമ്പും ഉടയാടകളുമണിഞ്ഞ്, ചുവപ്പുടുത്തു മനസ്സിൽ ഭഗവതി കുടിയേറിയ വെളിച്ചപ്പാട് ഉറഞ്ഞുതുള്ളി. ചുറ്റും കൂടിനിന്ന ഭക്തർ ആ കാഴ്ച കണ്ടുനിന്നു.

കൂട്ടുകാരിയുടെ തോളിൽ കയ്യിട്ടുനിന്നുകൊണ്ട് 'രാധിക' ആട്ടം കണ്ടു. അവളുടെ വെളുത്തുതുടുത്ത മുഖത്തേയ്ക്ക് ഉത്സവം കൂടാനെത്തിയ ചെറുപ്പക്കാരുടെ മിഴികൾ പാളിവീണു. ഈ സമയം അവളും ആൾക്കൂട്ടത്തിനിടയിൽ നിന്ന ആ സുമുഖനായ ചേർപ്പക്കാരനെ ഒളികണ്ണിട്ടു നോക്കുകയായിരുന്നു. അവൾ കണ്ടു. വെളുത്തുമെലിഞ്ഞ,തിളങ്ങുന്ന കണ്ണുകളുള്ള, അലസമായ കാർകൂന്തലുകളുള്ള, വിരിഞ്ഞ നെഞ്ചുള്ള ആ അപരിചിതനായ യുവസുന്ദരനെ. ഒരുനിമിഷം ആ സുന്ദരന്റെ അരികെച്ചെല്ലാനായി അവളുടെ ഉള്ളം കൊതിച്ചു.

അവൻ ആട്ടം കാണുകയാണ്. ഇടയ്ക്കിടയ്ക്ക് പുഞ്ചിരിതൂകുന്നുണ്ട്. കണ്ണുകൾ ഇമവെട്ടുന്നു. എന്തൊരു ചുവപ്പാണാ ചുണ്ടുകൾക്ക്.

അമ്പലമുറ്റത്താണ് താൻ നിൽക്കുന്നത്. അരുതാത്ത ചിന്തകളൊന്നും മനസ്സിൽ പാടില്ല. എന്നിട്ടും... ഒരുനിമിഷം ബോധവതിയായിക്കൊണ്ട് അവൾ മനസ്സിലോർത്തു.

ഇത് അരുതാത്ത ചിന്തയാണോ.? ആണെങ്കിൽ... തന്റെ മനസ്സ് ഇന്ന് എന്താണ് ഇങ്ങനെ.?

ഒന്നും തനിക്കറിഞ്ഞുകൂടാ. എന്തോ പറഞ്ഞറിയിക്കാനാവത്തൊരു വശ്യത ആ യുവാവിനുണ്ട്.

അവന്റെ മുഖത്ത് ചന്ദ്രൻ വിളങ്ങുന്നുണ്ട്. ആ കണ്ണുകളിൽ പ്രണയം ഓളം വെട്ടുന്നുണ്ട്. ആ കവിളുകൾ വല്ലാതെ തുടിക്കുന്നുണ്ട്.

അവൾ വീണ്ടും വീണ്ടും ഒളിക്കണ്ണിട്ട് അവനെ നോക്കി.

അവന്റെ നേർക്കുള്ള നോട്ടം പിൻവലിക്കാൻ അവളുടെ മനസ്സ് അനുവദിക്കുന്നില്ല. എന്തിനൊക്കെയോ വേണ്ടി ഉള്ളം കൊതിക്കുന്നു. എന്തിനാണ്... അറിയില്ല. ഒന്നുമാത്രം അറിയാം... എല്ലാ യുവഹൃദയങ്ങളിലും ഈ കൊതിയുണ്ട്. പരസ്പരം അടുത്തറിയാനും, ഒന്നാവാനുമുള്ള കൊതി.

അവൾ വീണ്ടും വീണ്ടും നോക്കി. ആരാണ് ആ യുവസുന്ദരൻ. എന്താണ് അവന്റെ പേര്. എവിടെയാണ് അവന്റെ വീട്. ആദ്യമായിട്ടാണ് കാണുന്നത്.

പരസ്പരം ഒന്ന് കണ്ടുമുട്ടാനും പരിചയപ്പെടാനും കഴിഞ്ഞെങ്കിൽ...എന്റെ ആലകത്തുകാവിൽ അമ്മേ അയാളെ പരിചയപ്പെടാനുള്ള അവസരം ഉണ്ടാക്കിത്തരണേ... അവൾ നെഞ്ചിൽ കൈവെച്ചു പ്രാർത്ഥിച്ചു.

നിമിഷങ്ങൾ കടന്നുപോയി. ഭാഗവതിയാട്ടം അവസാനിച്ചു. ചെണ്ടമേളങ്ങൾ നിലച്ചു. അവളുടെ മുഖത്ത് നിരാശ നിറഞ്ഞു.ഉള്ളിൽ എന്തോ ഒരു വിങ്ങൽ. തുള്ളൽ അവസാനിക്കാതിരുന്നെങ്കിൽ... പുലരുവോളം ആട്ടം തുടർന്നിരുന്നുവെങ്കിൽ.

അവനും ആൾക്കൂട്ടത്തിലെങ്ങോ മറഞ്ഞതോടെ...വിരഹവേദനകൊണ്ട് പിടയുന്നതുപോലൊരു നീറ്റൽ അവളുടെ ഉള്ളിൽ നിറഞ്ഞു.ആളുകൾ പിരിഞ്ഞുപോകാൻ തുടങ്ങി. അവൾ കൂട്ടുകാരിയുടെ കൈ പിടിച്ചുകൊണ്ട് ഉത്സവപ്പറമ്പിൽ നിന്ന് പുറത്തേയ്ക്കിറങ്ങി.

വിലപ്പെട്ടതെന്തോ നഷ്ടപ്പെട്ടതുപോലൊരു തോന്നൽ. ശരീരത്തിനൊന്നാകെ ഒരു തളർച്ച. കഴിഞ്ഞ ഏതാനുംനിമിഷം താൻ അനുഭവിച്ച അനുഭൂതികളൊക്കെയും ഒറ്റനിമിഷംകൊണ്ട് ശരീരത്തിൽ നിന്ന് ഊർന്നുപോയിരുന്നു.അവൾക്ക് ആ ഉത്സവരാവിനോട് തന്നെ വെറുപ്പ് തോന്നി.

ആൽത്തറച്ചുവട്ടിൽ അവൾ ഒതുങ്ങിനിന്നു. കൂട്ടുകാരിയോടൊത്തു കടകളിൽ കയറാനോ, സാധനങ്ങൾ വാങ്ങാനോ അവൾക്ക് മനസ്സ് വന്നില്ല.

'രാജി' വരട്ടെ എന്നിട്ട് വേണം അവളോട്‌ ചോദിക്കാൻ... ഉത്സവപ്പറമ്പിൽ വെച്ചുകണ്ട ആളെ അറിയുമോ എന്ന്. അയാളെ എവിടെയെങ്കിലും വെച്ച് ഇതിനുമുൻപ് കണ്ടിട്ടുണ്ടോ എന്ന്. അങ്ങനെചോദിച്ചാൽ അവൾ തന്നെക്കുറിച്ച് വല്ലതുമൊക്കെ വിചാരിക്കുമോ.? വിചാരിക്കട്ടെ എന്നാലും വേണ്ടില്ല... ചോദിക്കുകതന്നെ.

ഒരുപക്ഷേ, ചോദിക്കാതെ തന്നെ അവൾ തന്റെ പെരുമാറ്റത്തിലൂടെ എല്ലാം മനസ്സിലാക്കിയിട്ടുണ്ടാവണം. ഉത്സവപ്പറമ്പിൽ വെച്ച് താൻ അയാളെ കൊതിയോടെ നോക്കുന്നത് അവൾ കണ്ടതാണ്. ഒരുതവണ അവൾ ഇതുകണ്ട് തന്നെനോക്കി ചുണ്ടുകൾ കടിച്ചമർത്തിക്കൊണ്ട് അർഥംവെച്ചു ചിരിക്കുകയും ചെയ്തതാണ്.

ഇനി ഒരുപക്ഷേ, അവളും തന്നെപ്പോലെ അയാളെ കണ്ട് കൊതിച്ചിട്ടുണ്ടാകുമോ.? അവളും ഒരു പെണ്ണാണല്ലോ... തന്റെ പ്രായവും, വികാരവും, വിചാരങ്ങളുമൊക്കെയുള്ള പെണ്ണ്.

"എന്താടീ കാത്ത് നിന്ന് മുഷിഞ്ഞോ.? നീ എന്താണ് ഇന്ന് മാലയും വളയുമൊന്നും വാങ്ങണ്ടാണ് വെച്ചത്.? എന്നും നിനക്കായിരുന്നല്ലോ ഉത്സവക്കടയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ ആവേശം കൂടുതൽ."അവളെ നോക്കി രാജി ചോദിച്ചു.

"ഏയ്‌ ഒന്നുമില്ല."അവൾ മുഖം തിരിച്ചുകൊണ്ട് പറഞ്ഞു.

"പിന്നെ ഒന്നുമില്ല... കളിപ്പെണ്ണേ... നീ എന്നെ ഒളിക്കാൻ നോക്കുന്നോ... എനിക്കറിയാം എല്ലാം... നീ അയാളെക്കുറിച്ചല്ലേ ഓർക്കുന്നത്.?"

"എയാളെക്കുറിച്ച്."അവൾ മുഖത്ത് കൃത്രിമഗൗരവം പടർത്തിക്കൊണ്ട് ഒന്നുമറിയാത്തവളെപ്പോലെ ചോദിച്ചു.

"ഓ... ഇപ്പോൾ അങ്ങനെയായോ... എന്നാൽ ഞാൻ വിശദമായിത്തന്നെ പറയാം. ഉത്സവപ്പറമ്പിൽ വെച്ച് കണ്ട ആ യുവസുന്ദരനെക്കുറിച്ചാണ് ഞാൻ പറഞ്ഞത്. കൊതിയോടെ അയാളെത്തന്നെ ഒളിക്കണ്ണിട്ടുനോക്കി നീ വെള്ളമിറക്കിയത് ഞാൻ കണ്ടില്ലെന്നാണോ.?"രാജി പൊട്ടിച്ചിരിച്ചു.

"ഒന്നുപോടീ..."രാധിക നാണംകൊണ്ട് തലകുനിച്ചു.

"എന്താടീ മറുപടിയൊന്നും പറയാത്തത്.? ഞാൻ പറഞ്ഞത് സത്യമല്ലേ.?"

രാധിക മറുപടിയൊന്നും പറയാതെ മുന്നോട്ട് നടന്നപ്പോൾ... അവളുടെ കൈയിൽ നുള്ളിക്കൊണ്ട് രാജി ചോടിച്ചു.

"എന്താടീ പെണ്ണേ... പിണങ്ങിയോ.?"

"ഏയ്‌ എന്തിന്... നീ പറഞ്ഞത് ശരിയാണ്. എനിക്കറിയാമായിരുന്നു നീ എല്ലാം മനസ്സിലാക്കിയിട്ടുണ്ടാവുമെന്ന്. രാജീ... നീ അറിയുമോ അയാളെ.?"അത് ചോദിക്കുമ്പോൾ അവളുടെ മുഖം നാണത്താൽ കൂമ്പി.

"ഓ അയാളെ അറിയുമോ എന്നോ... അറിയും. അത് നമ്മുടെ എസ്റ്റേറ്റിലെ പുതിയ നടത്തിപ്പുകാരനാണ്.രണ്ടുദിവസമായി വന്നിട്ട്. 'ജയമോഹൻ' എന്നാണ് പേര്. അങ്ങ്ദൂരെയാണ് വീട്.അച്ഛനെ പരിചയപ്പെട്ടായിരുന്നു.കാണാൻ നല്ല ഭംഗിയുണ്ടല്ലേ.?"അവൾ ചിരിച്ചു.

"ഉം... അതെ നല്ല ഭംഗിയുണ്ട്."രാധിക ശബ്ദം താഴ്ത്തി പറഞ്ഞു.

"എന്താടീ പതിവില്ലാത്തൊരു നാണവും, ഇളക്കവുമൊക്കെ.? അയാൾ അത്രക്കങ്ങു മനസ്സിൽ കുടിയേറിക്കഴിഞ്ഞോ.?"രാജി അവളുടെ താടി പിടിച്ചുയർത്തി.

"ഒന്നുപോടീ... എനിക്ക് നാണിക്കാനും പാടില്ലേ.?"

"നാണിച്ചോ... നാണിച്ചോ... എനിക്കൊന്നുമില്ലേ."അവൾ പൊട്ടിച്ചിരിച്ചു.

"അയാൾ നിന്റെ അയൽവക്കത്തല്ലേ താമസിക്കുന്നത്. പോരാത്തതിന് അച്ഛനെ പരിചയപ്പെടുകയും ചെയ്തു. എന്നിട്ട് അയാൾ നിന്റെ വീട്ടിലൊക്കെ വന്നോ.?"അവൾ ആകാംഷകൊണ്ടു.

"പിന്നില്ലാതെയാ... ഒന്നുരണ്ടുവട്ടം എന്തോ ആവശ്യത്തിനായി അച്ഛനെ കാണാൻ അയാൾ ഞങ്ങടെ വീട്ടിൽ വന്നു. പിന്നെ... നാളെ ഉച്ചയൂണിന് അയാളെ അച്ഛൻ വീട്ടിലേയ്ക്ക് ക്ഷണിച്ചിട്ടുമുണ്ട്."

"സത്യമാണോ നീ പറയുന്നത്.?"രാധിക കൂട്ടുകാരിയെ നോക്കി.

"പിന്നല്ലാതെ... ഞാൻ നിന്നോട് നുണ പറയുമോ.?"

അയാൾ കൂട്ടുകാരിയുടെ വീട്ടിൽ നാളെ വിരുന്നിന് ചെല്ലുന്നുണ്ടെന്ന വിവരം അറിഞ്ഞപ്പോൾ രാധികയുടെ ഉള്ളം സന്തോഷംകൊണ്ട് നിറഞ്ഞു. നാളെ ഉച്ചയ്ക്ക് കൂട്ടുകാരിയുടെ വീട്ടിൽ പോയാൽ അയാളെ കൊതിതീരെ കാണാം. ചിലപ്പോൾ പരിചയപ്പെടാനും കഴിഞ്ഞേക്കും.

റോഡിനിരുവശവും പൂത്തുനിൽക്കുന്ന കാപ്പിച്ചെടിയിലെ പൂക്കളെ തഴുകിയെത്തിയ ഇളംകാറ്റ് ഒരുമാത്ര അവരെ തഴുകിക്കടന്നുപോയി. ഇരുവരും പിന്നെയും എന്തൊക്കെയോ കലപില സംസാരിച്ചുകൊണ്ട് മുന്നോട്ട് നടന്നു. വീട്ടുകാരൊക്കെയും പിന്നാലെ വർത്തമാനം പറഞ്ഞ് നടന്നുവരുന്നതേയുള്ളൂ...

വീടിന്റെ പടിക്കലെത്തിയിട്ടും അവരുടെ വർത്തമാനം അവസാനിച്ചില്ല. അവിടെനിന്നുകൊണ്ട് അവർ സംസാരം തുടർന്നു.ഈ സമയം പിന്നാലെ നടന്നെത്തിയ ഇരുവരുടേയും മാതാപിതാക്കൾ അവരെ കുറ്റപ്പെടുത്തുമ്പോലെ പറഞ്ഞു.

"ഇവളുമാരുടെയൊരു വർത്തമാനം. പാതിരാത്രിയോടടുത്തിട്ടും തീർന്നില്ലേ.? വീട്ടിൽ പോയീനെടി അവളുമാരെ... ബാക്കി നാളെ പറയാം."രാജിയുടെ അമ്മ പറഞ്ഞു.

"ഈ അമ്മയുടെ ഒരുകാര്യം. പോകുവാ അമ്മേ."അവളോട് യാത്രപറഞ്ഞുകൊണ്ട് രാജി അമ്മയുമൊത്തു വീട്ടിലേയ്ക്ക് കയറിപ്പോയി.രാധിക അമ്മയുമൊത്തു വീണ്ടും മുന്നോട്ട് നടന്നു.

"എന്താടീ നിങ്ങൾ ഇത്ര താമസിച്ചത്.? കാവിൽ അനക്കം നിലച്ചിട്ട് സമയം ഒരുപാട് ആയല്ലോ.?"ഭാര്യയെയും മകളേയും കണ്ട് 'നാരായണൻ' ചോദിച്ചു.

"ഞങ്ങൾ വർത്തമാനം പറഞ്ഞ് പതിയെ നടന്നുവന്നപ്പോൾ വൈകിപ്പോയി."ഭർത്താവിനെനോക്കി ലക്ഷ്മി പറഞ്ഞു.

"ഓ നിങ്ങടെയൊരു വിശേഷംപറച്ചിൽ.അമ്മയും മോളും ഒന്നിനൊന്നു മെച്ചം."അയാൾ ആത്മഗതംപോലെ പറഞ്ഞു.

രാധിക അച്ഛനെനോക്കി പുഞ്ചിരി തൂകി.എന്നിട്ട് വീടിനുള്ളിലേയ്ക്ക് കയറിപ്പോയി.

രാധികയുടെ അച്ഛൻ ഇരുപ്പായിട്ട് വർഷം മൂന്നായി. എസ്റ്റേറ്റിലെ ജോലിക്കിടയിൽ മരത്തിൽ നിന്ന് വീണതാണ്. അരയ്ക്ക് ക്ഷതം പറ്റി. ഒരുപാട് നാളത്തെ ചികിത്സയും പ്രാർഥനയുമൊക്കെ നടത്തിയിണ്ട് ഇപ്പോൾ വടികുത്തി കഷ്ടി എഴുന്നേറ്റ് നിൽക്കാമെന്ന പരുവത്തിലായിട്ടുണ്ട്.

രാധിക പ്ലസ്ട്ടൂ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന സമയത്താണ് അച്ഛന് അപകടം സംഭവിക്കുന്നത്.അതോടെ അവളുടെ പഠിപ്പും അവസാനിച്ചു. അച്ഛന് ധാരാളം ചികിത്സയും മറ്റും നടത്തിയതുകൊണ്ട് അതുവരെ സമ്പാദിച്ചുവെച്ചിരുന്ന പണമത്രയും ആ വഴിക്ക് പോയി. ഇപ്പോൾ ആയുർവേദചികിത്സയാണ് ചെയ്യുന്നത്.നാരായണൻ ഇടയ്ക്കൊക്കെ തന്റെ ദുർഗതിയോർത്തു വിലപിക്കാറുണ്ട്. തന്റെ അവസ്ഥയ്ക്ക് മാറ്റം വരുത്തണെയെന്ന് ഈശ്വരനോട് ഉള്ളുരുകി പ്രാർത്ഥിക്കാറുണ്ട്.

രാധികയുടെ മൂത്തത് ഒരാൾ കൂടിയുണ്ട്."രമേശൻ'പത്താം ക്ലാസിൽ തോറ്റതോടെ പഠിപ്പ് നിറുത്തി. ഇപ്പോൾ ടാക്സിഡ്രൈവറായി ജോലി നോക്കുകയാണ്. രമേശൻ ജോലിചെയ്തു കൊണ്ടുവരുന്ന പണവും, ലക്ഷ്മി എസ്റ്റേറ്റിൽ ജോലിക്ക് പോയി കിട്ടുന്ന പണവും കൊണ്ടാണ് ഇപ്പോൾ കുടുംബം പുലരുന്നത്.

ഉത്സവം തുടങ്ങുന്ന ദിവസം ആയതുകൊണ്ട് രമേശൻ അന്ന് നല്ല ഓട്ടം ഉണ്ടായിരുന്നു. ഒടുവിൽ അവനുംകൂടി എത്തിച്ചേർന്നതോടെ ലക്ഷ്മി എല്ലാവർക്കും ഭക്ഷണം വിളമ്പി. ഉത്സവം തുടങ്ങിയ ദിവസം ആയതുകൊണ്ട് അന്ന് വീട്ടിൽ വിവിധയിനം കറികളൊക്കെ ഉണ്ടാക്കിയിരുന്നു. അത്‌ എല്ലാക്കൊല്ലവും അങ്ങനെയാണ്. എത്രയൊക്കെ കഷ്ടപ്പാടിലാണെങ്കിലും ആലകത്തുകാവിലെ പത്തുനാൾ നീണ്ടുനിൽക്കുന്ന ഉത്സവ നാളുകളിൽ ആ മലയോരത്തുള്ളവരെല്ലാം നന്നായി ആഘോഷിക്കും.കുംഭമാസത്തിലെ ഭരണിക്കാലം ആ മലയോരവാസികൾക്ക് ആശ്വാസത്തിന്റെയും, ആനന്ദത്തിന്റെയും,വരുംകാല പ്രതീക്ഷകളുടെയുമെല്ലാം ദിനങ്ങളാണ്.അന്ന് നിറസമൃദ്ധിയോടെ എല്ലാവരും കഴിയണം എന്നതാണ് വിശ്വാസം.

ഭക്ഷണം കഴിഞ്ഞു പത്രങ്ങളെല്ലാം കഴുകിവെച്ചശേഷം എല്ലാവരും ഉറങ്ങാൻ കിടന്നു.

എല്ലാവരും ഉറങ്ങിയിട്ടും രാവേറെ കഴിഞ്ഞിട്ടും രാധികയ്ക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.അവളുടെ മനസ്സുനിറച്ചും ഉത്സവപ്പറമ്പിൽ വെച്ചുകണ്ട സുന്ദരന്റെ രൂപമായിരുന്നു.അയാൾ തന്റെ കണ്മുന്നിൽ വന്ന് നിൽക്കുകയാണെന്ന് തോന്നും. എത്രയുംവേഗം നേരമൊന്നു പുലർന്നിരുന്നെങ്കിൽ എന്നവൾ അതിയായി ആഗ്രഹിച്ചു.ഒടുവിൽ പുലർച്ചക്കോഴി കൂവിയപ്പോഴാണ് അവൾ മയക്കത്തിലേയ്ക്ക് വഴുതിവീണത്.

പുലർച്ചെതന്നെ എഴുന്നേറ്റ് അവൾ ജോലികളെല്ലാം ചെയ്തുതീർത്തു.അച്ഛന് കുളിക്കാനുള്ള വെള്ളം ചൂടാക്കി കുളിമുറിയിൽ കൊണ്ടുവെച്ചു കൊടുത്തു. എന്നിട്ട് അച്ഛനെ അവിടേയ്ക്ക് കൊണ്ടുചെന്നിരുത്തി. ആടുകൾക്ക് പുല്ലരിഞ്ഞുകൊടുത്തു. വെള്ളവും കൊടുത്തു. ഒടുവിൽ തൊട്ടിൽപോയി കുളിയും കഴിഞ്ഞെത്തിയപ്പോൾ സമയം ഉച്ചയായിക്കഴിഞ്ഞിരുന്നു. ഞായറാഴ്ചയായത് ഭാഗ്യമായി.പതിവ് തയ്യൽ ക്ലാസിന് പോകേണ്ടതില്ല.

അവൾ ഉള്ളതിൽ നിന്ന് നല്ലൊരു ചുരിദാർ എടുത്തണിഞ്ഞു. മുടി ചീകി പിന്നിക്കെട്ടി. കണ്ണാടിക്ക് മുന്നിൽച്ചെന്നുനിന്ന് പലവട്ടം സൗന്ദര്യം ഉറപ്പുവരുത്തി.എന്നിട്ട് മെല്ലെ അയൽവക്കത്തുള്ള കൂട്ടുകാരിയുടെ വീട്ടിലേയ്ക്ക് നടന്നു.

രണ്ട് പറമ്പുകളുടെ അകലമേയുള്ളൂ ഇരുവരുടേയും വീടുകൾ തമ്മിൽ.ഉച്ചത്തിൽ കൂകിവിളിച്ചാൽ കേൾക്കാവുന്നതേയുള്ളൂ... നിറയെ പൂക്കൾ വിടർന്നുനിൽക്കുന്ന മുറ്റത്തേയ്ക്ക് കാല് കുത്തിയതും അവൾ ഒരുമാത്ര വിസ്മയിച്ചു നിന്നുപോയി.

അവൾ വീണ്ടും കണ്ടു.തലേരാത്രിയിൽ കാവിൽവെച്ചുകണ്ട ആ സുന്ദരനെ.കഴിഞ്ഞരാത്രിയിലത്രയും കിനാവിൽ ചാരെവന്നു തന്റെ ഉറക്കം കെടുത്തിയവനെ.ഇത്രയുംകാലംകൊണ്ട് ആരും സ്വന്തമാക്കാത്ത തന്റെ മനസ്സിനെ ഒറ്റനിമിഷം കൊണ്ട് കവർന്നെടുത്തവനെ.

പൂമുഖത്തിരുന്ന് രാജിയുടെ അച്ഛനുമൊത്ത് വർത്തമാനം പറയുകയാണ് അവൻ.രാജിയുടെ അമ്മയും, സഹോദരിയും വാതിൽക്കൽ നിൽക്കുന്നുണ്ട്. രാജിയെ കാണാനില്ല. അവൾ അകത്ത് വിരുന്നൊരുക്കുന്ന തിരക്കിലാവണം.

അവൾ മെല്ലെ വീടിനുനേർക്ക് ചുവടുകൾ വെച്ചു. എന്നിട്ട് മെല്ലെ പിന്നിലൂടെ ചെന്ന് അകത്തേയ്ക്ക് കടന്നു.

രാജിയുടെ വീട്ടിലെ സുന്ദരിപ്പൂച്ച കുണുങ്ങിക്കൊണ്ട് അവളുടെ കാലിൽ വന്ന് ഉരുമ്മി. അവൾ കുനിഞ്‌ അരുമയോടെ അതിന്റെ പുറത്ത് മെല്ലെ തലോടി.

"ങ്ഹാ...നീ വന്നോ... എന്താടി പിന്നാമ്പുറത്തുകൂടെ... നിന്റെ സ്വപ്നനായകൻ പൂമുഖത്തിരിക്കുന്നതുകൊണ്ടാണോ.?"രാജി കുസൃതിയോടെ അവളെ നോക്കി.

"പിന്നെ ഒന്നു പോടീ...കളിയാക്കാതെ."

ഏതാനും നേരം കഴിഞ്ഞപ്പോൾ ഭക്ഷണം കഴിക്കാനായി രാജിയുടെ അച്ഛനൊപ്പം ജയമോഹൻ വീടിനുള്ളിലേയ്ക്ക് കടന്നുവന്നു.എല്ലാവരേയും നോക്കി ഒരിക്കൽക്കൂടി പുഞ്ചിരിതൂകിയിട്ട് കൈ കഴുകി അവൻ ടേബിളിനുമുന്നിൽ കിടന്ന കസേരയിൽ ഇരുന്നു.രാജിയും അമ്മയും ചേർന്ന് ടേബിളിനുമുകളിൽ വിഭവങ്ങൾ നിരത്തി. അവൻ മെല്ലെ കഴിച്ചുതുടങ്ങി.

ഒരുനിമിഷം എന്തോ തമാശാപറഞ്ഞുകൊണ്ട് അവൻ പൊട്ടിച്ചിരിച്ചു. ആ ചിരിയിൽ അവന്റെ മനോഹരമായ പല്ലുകൾ പുറത്തുകണ്ടു. രാധിക കൊതിയോടെ വാതിലിനുമറവിൽ നിന്നുകൊണ്ട് അവനെ ഒളികണ്ണിട്ടുനോക്കി. എത്രമനോഹരമായ ചിരി.തേനൂറും ശബ്ദം.അവൾ ചിന്തിച്ചു.

രാജിയും അമ്മയും അതിഥിയെ സൽക്കരിക്കുന്നതിൽ മത്സരിച്ചുകൊണ്ടിരുന്നു. രാജി ഓരോന്നും ടേബിളിലേയ്ക്ക് എത്തിച്ചുകൊടുത്തു. അച്ഛനും, അമ്മയും അതെല്ലാം വിളമ്പി നിർബന്ധിച്ച് അവനെക്കൊണ്ട് കഴിപ്പിക്കാൻ ശ്രമിച്ചു.അവൻ മെല്ലെ ആസ്വദിച്ച് അതെല്ലാം കഴിച്ചു.അത് കാണാനും വല്ലാത്തൊരു ചന്തമുണ്ട്.

രാധികയ്ക്ക് അങ്ങനെനോക്കിനിൽക്കവേ ഉള്ളമാകെ കുളിരുകോരി.ഹൃദയാന്തരത്മാവിൽ പ്രണയമെന്ന വികാരത്തിന്റെ തുടികൊട്ടലുകൾ.അവൾ വാതിൽപ്പടിയിൽ അമർത്തിപ്പിടിച്ചു. ഈ സമയം ഒരിക്കൽക്കൂടി കരഞ്ഞുകൊണ്ട് പൂച്ചക്കുട്ടി അവളുടെ കാലിൽ വന്നുതഴുകി.അവൾ അതിനെ എടുത്ത് നെഞ്ചോട് ചേർത്തമർത്തി ഉമ്മവെച്ചു. പൂച്ചക്കുട്ടി മെല്ലെ കരഞ്ഞു.

ആ കരച്ചിൽ കേട്ട് ജയമോഹൻ മുഖമുയർത്തി അവിടേയ്ക്ക് നോക്കി.ഇരുവരുടേയും മിഴികൾതമ്മിൽ ഒരുമാത്ര ഉടക്കി. അവൾ നാണത്താൽ മെല്ലെ മിഴികൾ താഴ്ത്തി.

ഈ സമയം പൂച്ചക്കുട്ടി അവളുടെ കൈയിൽ നിന്നും ഊർന്നു താഴെയിറങ്ങി അകത്തേയ്ക്ക് ഓടിപ്പോയി.

"എടീ...ശരിക്ക് നോക്കിക്കണ്ടോ... ഇന്നലെരാത്രി കാവിൽവെച്ചുകണ്ടആൾ തന്നെയാണ്.ഇനി കണ്ടില്ലെന്ന് പറയരുത്."രാജി പിന്നിൽ വന്നുനിന്നുകൊണ്ട് കാതിൽ ചുണ്ടുകൾചേർത്ത് മന്ത്രിക്കുംപോലെ പറഞ്ഞു. രാധിക നാണംകൊണ്ട് മെല്ലെ വാതിലിനു പിന്നിലേയ്ക്ക് മാറി. ഇതുകണ്ട രാജിയുടെ അച്ഛൻ അവളെ അവിടേയ്ക്ക് ക്ഷണിച്ചു.

"ങ്ഹാ... ഇതാരാ രാധികയോ എപ്പോൾ വന്നു. എന്താ ഒളിച്ചു നിൽക്കുന്നത് ഇവിടേയ്ക്ക് വരൂ... ഊണ് കഴിക്കാം.പുതിയ എസ്റ്റേറ്റ് മാനേജരെ പരിചയപ്പെടുകയുമാവാം."

അവൾ മറുപടിയൊന്നും പറഞ്ഞില്ല.

"നാണിക്കാതെ ഇവിടേയ്ക്ക് വരൂന്നേ..."അയാൾ വീണ്ടും അവളെ ക്ഷണിച്ചു.

"വേണ്ടാ ഞങ്ങൾ പിന്നെ കഴിച്ചോളാം."അവൾ പറഞ്ഞു.

"വാടീ നമുക്ക് അദ്ദേഹത്തിന്റെ അടുത്തേയ്ക്ക് പോകാം.അച്ഛൻ ക്ഷണിച്ചതല്ലേ.? ഊണ് കഴിക്കുന്നതോടൊപ്പം അദ്ദേഹത്തെ വിശദമായി പരിചയപ്പെടുകയും ചെയ്യാമല്ലോ.?"രാജി അവളുടെ കൈയിൽ പിടിച്ചുവലിച്ചു.

"ഏയ്‌ ഞാനെങ്ങും വരുന്നില്ല."അവൾ കുതറിക്കൊണ്ട് പിന്നിലേയ്ക്ക് മാറി. നാണമില്ലല്ലോ ഈ പെണ്ണിന് എന്ന് മനസ്സിൽ ചിന്തിക്കുകയും ചെയ്തു.

രാജി നടന്നുചെന്ന് ഊണുമേശയുടെ മുന്നിൽ ഇരുന്നു. എന്നിട്ട് രാധികയെ നോക്കി.

"ഒന്ന് ഇങ്ങോട്ട് വാടീ പെണ്ണെ... നാണിച്ചുനിൽക്കാണ്ട്. നിന്നെ ഇവിടാരും പിടിച്ചുതിന്നത്തൊന്നുമില്ല."

ഒരുനിമിഷം മടിച്ചുനിന്നിട്ട് രാധിക മെല്ലെ കൂട്ടുകാരിയുടെ അടുക്കലേയ്ക്ക് ചെന്നു.

"ദേ ഇതാണ് എന്റെ മൂത്തമകൾ രാജി. കൂടെയുള്ളത് അവളുടെ കൂട്ടുകാരി രാധിക.അയൽവീട്ടിലുള്ളതാണ്.ഇവളുടെ വീട്ടുകാരും ഞങ്ങളെപ്പോലെ ജയമോഹന്റെ മുതലാളിയുടെ എസ്റ്റേറ്റിലെ ജോലിക്കാർ തന്നെയാണ്."രാജിയുടെ അച്ഛൻ ഇരുവരേയും ജയമോഹന് പരിചയപ്പെടുത്തിക്കൊടുത്തു.

ജയമോഹൻ രാധികയെ നോക്കി മെല്ലെ പുഞ്ചിരിച്ചു.അവളുടെ ചുണ്ടിലും ചിരിവിടർന്നു.നാണത്താൽ അവളുടെ മുഖം കുനിഞ്ഞു. എങ്കിലും അവളുടെ മിഴികൾ ഒളികണ്ണിട്ട് അവന്റെ മിഴികളുമായി സംവദിച്ചു.

"പേര് എന്താണെന്നാ പറഞ്ഞത്...രാധികയെന്നല്ലേ.? നല്ലപേര്."അവൻ പറഞ്ഞു.

"അപ്പോൾ എന്റെ പേരോ... മോശമാണല്ലേ.?"രാജി ജയമോഹനെ നോക്കി തമാശപോലെ പറഞ്ഞു.അതുകേട്ട് എല്ലാവരും ഒരുമാത്ര പൊട്ടിച്ചിരിച്ചു.

"ഇതാ കുടിക്കൂ... ജയമോഹൻ തന്റെ മുന്നിലിരുന്ന ജ്യൂസിന്റെ ഫ്ലാസ്ക് അവളുടെ മുന്നിലേയ്ക്ക് നീകിവെച്ചു.

രാധിക മെല്ലെ ജ്യൂസ് ഗ്ലാസിൽ പകർന്നു കുടിക്കാൻ തുടങ്ങി.ജ്യൂസിന്റെ മാധുര്യം അവന്റെ ചുണ്ടിലെ തേൻതുള്ളികളാണെന്ന് അവൾക്ക് തോന്നി.

ഒടുവിൽ ജയമോഹൻ ഭക്ഷണം കഴിഞ്ഞ് എഴുന്നേറ്റ് വീണ്ടും പുറത്തേയ്ക്ക് പോകാനൊരുങ്ങിയപ്പോൾ രാധിക എല്ലാവരേയും നോക്കി പറഞ്ഞു.

"ഞാൻ പോകുന്നു. അച്ഛൻ അന്വേഷിക്കും."

"എങ്കിൽ മോള് ചെല്ല്."രാജിയുടെ അമ്മ പറഞ്ഞു.

ഒരിക്കൽക്കൂടി ജയമോഹനെ ഒളികണ്ണിട്ട് നോക്കിയിട്ട് അവൾ അവിടെനിന്ന് മെല്ലെ ഇറങ്ങിനടന്നു.

ആ രാത്രിയിലും അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.കണ്ണടയ്ക്കാൻ ശ്രമിക്കുമ്പോഴെല്ലാം ഉത്സവപ്പറമ്പിൽ ആൾക്കൂട്ടങ്ങൾക്കിടയിൽ നിൽക്കുന്ന ജയമോഹന്റെ മുഖം മനസ്സിൽ തെളിഞ്ഞുനിൽക്കുന്നു. അവൾ കൊതിയോടെ അവന്റെ കണ്ണുകളിലേയ്ക്ക് നോക്കി. നോക്കുംതോറും അവനോട് അടുക്കാനുള്ള മനസ്സിന്റെ ദാഹം വർധിക്കുകയാണ്.അവനും ദാഹാർത്തനായി തന്നെ നോക്കിനിൽക്കുകയാണെന്ന് അവൾക്ക് തോന്നി. അവൾ മെല്ലെ പുഞ്ചിരിച്ചു.

താൻ എത്രയോ യുവാക്കളെ കണ്ടിരിക്കുന്നു. ഇതിനുമുൻപ് ആലകത്തുകാവിൽ എത്രയോ ഉത്സവങ്ങൾ കൂടിയിട്ടുണ്ട്. പക്ഷേ, അന്നൊന്നും ആരും തന്റെ ഹൃദയത്തിൽ ഇടം പിടിച്ചിട്ടില്ല. തന്റെ ഹൃദയത്തിൽ കുടിയേറിപ്പാർക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്. പക്ഷേ, അവർക്കൊന്നും അതിനുള്ള അവസരം താൻ കൊടുത്തിട്ടില്ല. എന്നിട്ടും ഇപ്പോൾ ഇതാ വശ്യമാർന്ന പുഞ്ചിരിയുമായി ഒരുവൻ അപ്രതീക്ഷിതമായി തന്റെ ഹൃദയത്തിൽ കയറിപ്പറ്റിയിരിക്കുന്നു.അതും അവനായിട്ട് ഇങ്ങോട്ട് വന്നതല്ല... താൻ സ്വയം അവന് തന്റെ ഹൃദയത്തിൽ ഇടംകൊടുത്തിരിക്കുന്നു.

അവൻ തന്നെ ഇഷ്ടപ്പെടുന്നുണ്ടാകുമോ.? ഉണ്ടാവണം. അതുകൊണ്ടാവണമല്ലോ രണ്ടുഹൃദയങ്ങളും പരസ്പരം അടുത്തത്.അവന്റെ ആ നോട്ടവും, പുഞ്ചിരിയുമെല്ലാം അതിന് ഉറപ്പ് പകരുന്നുമുണ്ട്. രാജിയുടെ വീട്ടിൽ ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ അവന്റെ കണ്ണുകൾ പലകുറി തന്റെ നേർക്ക് പാറിവീഴുന്നത് താൻ കണ്ടതുമാണ്.

അതെ, തീർച്ചയായും അവന്റെ നോട്ടം തന്റെ നേർക്ക് പതിച്ചപ്പോൾ ഹൃദയത്തിൽ വല്ലാത്തൊരനുഭൂതിയാണ് ഉണ്ടായത്. അവനും അത് അനുഭവപ്പെട്ടിട്ടുണ്ടാവണം. അതുകൊണ്ടല്ലേ താൻ യാത്രപറഞ്ഞിറങ്ങിയപ്പോൾ അവന്റെമിഴികൾ തന്റെ പിന്നാലെ വന്നത്.

അവൾ തന്റെ കവിളിലൂടെ മെല്ലെ വിരലോടിച്ചു.തന്റെ കവിളുകൾ വളരെ മനോഹരമാണ്... തുടുത്തതും.രാജി പലപ്പോഴും തന്റെ കവിളുകളെയും, ചുണ്ടുകളേയുമൊക്കെ വർണ്ണിച്ചു പറയാറുണ്ട്. തുടുത്തുമിനുത്ത തന്റെ കവിളുകളും, ചുണ്ടുകളും കണ്ടാൽ ഏതൊരു ആണിനും ഒന്ന് കെട്ടിപ്പിടിക്കാനും ചുംബിക്കാനും തോന്നുമത്രേ.സത്യമാവണം.

അവന്റെ കവിളുകളും, ചുണ്ടുകളുമൊക്കെ തന്റേതുപോലെ തന്നെ മനോഹരങ്ങളാണ്.രണ്ടുംകൂടിച്ചേർന്നാൽ എന്ത് രസമായിരിക്കും. അവൾ വല്ലാത്തൊരു നിർവൃതിയോടെ മനസ്സിൽ ഓർത്തുകൊണ്ട് കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. സമയം പാതിരാ കഴിഞ്ഞിരിക്കുന്നു.ഇന്നും തനിക്ക് ഉറക്കം ഉണ്ടാവില്ലേ...എന്താണ് ഇങ്ങനെ.?

ജയമോഹൻ ഇപ്പോൾ നല്ല ഉറക്കത്തിലാവും. തന്നെ തഴുകി കടന്നുപോകുന്ന കാപ്പിപ്പൂമണമുള്ള കാറ്റ് അവന്റെ മുറിയിലും കടക്കുന്നുണ്ടാവണം. തനിക്ക് ആ കാറ്റിനൊപ്പം അദൃശ്യയായി സഞ്ചരിച്ചുകൊണ്ട് അവന്റെ അടുക്കൽ എത്താൻ കഴിഞ്ഞെങ്കിൽ... അവൻ താമസിക്കുന്നത് എസ്റ്റേറ്റുവക ചെറിയ വീട്ടിലാണ്. ഇനിയൊരിക്കലും അവൻ അവിടെനിന്ന് പോകാതിരുന്നാൽ മതിയായിരുന്നു.

അവൾ മെല്ലെ എഴുന്നേറ്റ് മുറിക്കുള്ളിലെ ജനാലയ്ക്കരികിലേയ്ക്ക് നടന്നു. എല്ലാവരും നല്ല ഉറക്കത്തിലാണ്. ജനൽപാളികൾ അവൾ ശബ്ദമുണ്ടാക്കാതെ മെല്ലെ തുറന്നിട്ടു.

ശാന്തസുന്ദരമായ രാത്രി. കാപ്പിതോട്ടങ്ങളെയും, എലക്കാടുകളെയും തഴുകിയെത്തുന്ന കാറ്റ് മെല്ലെ മുറിക്കുള്ളിലേയ്ക്ക് അടിച്ചുകയറി. കുംഭമാസനിലാവിൽ കുളിച്ചുനിൽക്കുകയാണ് പ്രകൃതിയാകെ. തൊടിയിലെവിടെയോ പൂവിട്ടുനിൽക്കുന്ന എഴിലംപാലപ്പൂക്കളുടെ മണം മൂക്കിലേയ്ക്ക് അരിച്ചെത്തുന്നുണ്ട്. മുറ്റത്തെ പൂംതോട്ടത്തിൽ പ്രഭാത കണിയൊരുക്കുവാനായി പൂക്കൾ വിടർന്നുതുടങ്ങിയിരിക്കുന്നു.

ജയമോഹൻ താമസിക്കുന്ന എസ്റ്റേറ്റുവക കൊച്ചുവീടിനുനേർക്ക് അവളുടെ മിഴികൾ നീണ്ടുചെന്നു. തന്റെ പ്രിയതമൻ ശയിക്കുന്ന ആ ഭവനത്തിലേയ്ക്ക് ഓടിയെത്താനായി അവളുടെ മനം കൊതിച്ചു. ഏതാനുംനേരം ആ വീടിനുനേർക്ക് നോക്കിനിന്നിട്ട് ഒരു ധീർഘനിശ്വാസം ഉതിർത്തുകൊണ്ട് അവൾ ജനാലവാതിലുകൾ ചാരി മെല്ലെ തിരിച്ചുനടന്നു.

ആ സമയം അവളുടെ ശരീരം വല്ലാതെ കുളിരണിഞ്ഞിരുന്നു.വിരഹചൂടണിഞ്ഞിരുന്ന ഹൃദയത്തിനുള്ളറയിലേയ്ക്ക് ആ കുളിര് മെല്ലെ അരിച്ചിറങ്ങി അവിടേയും തണുപ്പ് പടർത്തിയപ്പോൾ അവൾ മെല്ലെ കട്ടിലിൽ വന്ന് കിടന്നു.

ചെണ്ടമേളങ്ങളുടെയും,മറ്റു വാദ്യോപകരണങ്ങളുടെയും ശബ്ദം. അവന്റെരൂപം വീണ്ടും മനസ്സിലേയ്ക്ക് കടന്നുവരികയാണ്.

"എന്താണിത്... രാവേറെയായി. ഒന്നുപോകൂ... ഞാൻ ഇനിയെങ്കിലും ഒന്നുറങ്ങട്ടെ." അവളുടെ ചുണ്ടുകൾ പിറുപിറുത്തു. കുസൃതിചിരിയോടെ അവൾ കൈകളാൽ മുഖം പൊത്തി.

"ഇല്ല...ഞാൻ നിന്നെ ഉറക്കില്ല.നിന്നെപ്പോലെതന്നെ എന്റെ ഉറക്കവും നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു.അതുകൊണ്ട് പുലരുംവരെ നമുക്ക് ഇങ്ങനെ സംസാരിച്ചിരിക്കാം. "

അവൻ അവളോട്‌ മെല്ലെ ചേർന്നിരുന്നു. അവൾ ആ ചുമരിലേയ്ക്ക് മെല്ലെ തല ചായ്ച്ചു. അവന്റെ ഹൃദയതാളം, ചുടുനിശ്വാസങ്ങൾ എല്ലാം അവളിൽ കുരിര് പടർത്തി.

മധുവൂറും സ്വപ്നങ്ങൾ... മനമറിയാ സങ്കൽപ്പങ്ങൾ... അവളുടെ കണ്ണുകൾ പതിയെ അടഞ്ഞുപോയി.


തുടരും...

Add comment

Submit