Article Index

Vishnu Madhavan

(Vishnu Madhavan)

ഭാഗം 1 

പുതുമഴ പെയ്തു തുടങ്ങിയാൽ പോളയുടെ വക്കിൽ ആളനക്കമാകും. ഊത്തപിടുത്തക്കാർ ചൂണ്ടയും കൈവലയും ഒറ്റാലുമായി ഇറങ്ങുകയായി. പിന്നെ മത്സരമാണ്. ആർക്കാണ് കൂടുതൽ മീൻ കിട്ടുക?
അതിനായി കാത്തിരിക്കുകയാണ് ഓരോരുത്തരും. മഴ പെയ്തു കലങ്ങിയ വെള്ളത്തിന് മീതെ കൈ വണ്ണയുടെ വലിപ്പമുള്ള കൈതക്കോര പുളച്ചു നീന്തുന്നത് കണ്ടതോടെ ചൂണ്ട വലിച്ചെറിഞ്ഞു ബോബി കലുങ്കിൽ

നിന്നും താഴേക്കു ചാടി. വെള്ളിമുത്തുകൾ പോലെ മഴ പൊഴിഞ്ഞു വീഴുന്ന പോളയിലെ വെള്ള കെട്ടിലേക്ക് അവൻ ഊളിയിട്ടു.
"ബോബീ... ഡാ ബോബിയേ... " ജോസൂട്ടി അല്പം ആകുലതയോടെ നീട്ടി വിളിച്ചു.
"പോളക്ക് താഴെ പുതയലാണ് . നീ കേറിക്കേ..." അവന്റെ ഓർമപ്പെടുത്തലൊന്നും ബോബി കേട്ടില്ല.
" പോയി മുങ്ങട്ടെടാ നിനക്കെന്നാ? ഇതോടെ തീരട്ടെ നായ"
കലുങ്കിന്റെ അപ്പുറം കൈതക്കാടിന് സമീപത്ത് നിന്ന് ചൂണ്ട എറിയുന്ന കുട്ടാപ്പിയുടെ കലിപ്പിന്റെ സ്വരം ജോസൂട്ടി കേട്ടു.
അവന്റെ കണ്ണ് അവിടേക്ക് പാറി.
"ഒന്ന് പോയെടാ. "
കുട്ടാപ്പിയെ താക്കീതിന്റെ സൂചനയോടെ, സൂക്ഷിച്ചു നോക്കിയിട്ട് ജോസൂട്ടി മുഖം തിരിച്ചു.
വെള്ളകെട്ടിലേക്ക് ബോബിയ്ക്കായി കണ്ണുകൾ പരതി.
"ഓ അവനെ പറഞ്ഞാ നിന്റെ കുണ്ടി ആണല്ലോ പൊള്ളുന്നേ..."
പതിയെ പറഞ്ഞുകൊണ്ട് കുട്ടാപ്പി പുച്ഛിച്ചു ചിരിച്ചു.
അവൻ പറഞ്ഞത് ശരിയാണ് .
ഇരുപത്തിയേഴ് വയസ് വരെ ഊട്ടി വളർത്തിയ അപ്പനോടും അമ്മച്ചിയോടുമാണോ അതോ ബോബിയോടാണോ പ്രതിബദ്ധതയും കൂറുമെന്ന് ആരെങ്കിലും ചോദിച്ചാൽ ജോസൂട്ടി ബോബിയുടെ പേര് പറയും.
അത്രയും ആത്മബന്ധവും ഇഷ്ടവുമാണ് അവന് അവന്റെ പ്രിയപ്പെട്ട കൂട്ടുകാരനോട്.
രാത്രിയിൽ ഉറങ്ങാൻ വേണ്ടി ഇരുവഴി പിരിയുന്നത് വരെയും ബോബിയുടെ നിഴൽ പോലെ ജോസൂട്ടിയും ഉണ്ടാവും.
എവിടെയും.

 

ഒരിക്കൽ പോലും ഇരുവരും വഴക്കിടുന്നത് കലഞ്ഞൂരിൽ ആരും കണ്ടിട്ടില്ല. ഒരാളെ തൊട്ടാൽ മറ്റേ ആളുടെ രക്തം തിളയ്ക്കും. അത്രയും ഇഴുകിചേർന്നിരിക്കുന്നു രണ്ടു പേരുടെയും ജീവിതവഴികൾ
മറ്റൊരു പ്രത്യേകത, വട്ടചിലവിനുള്ള തുട്ടൊപ്പിക്കാൻ അല്ലറ ചില്ലറ അലുക്കുലുത്ത പണികൾ ചെയ്യുമെന്നല്ലാതെ സ്ഥിരമായി ഒരു ജോലിയില്ലെന്നുള്ളതാണ്. അതിനുള്ള മനസില്ല എന്ന് പറയുന്നതാവും ശരി .
കലഞ്ഞൂരിലെ യുവാക്കൾക്കിടയിൽ അലസതയുടെ പ്രതീകമായി രണ്ടു പേർ. അതായിരുന്നു ബോബിയും ജോസൂട്ടിയും.

നിമിഷങ്ങൾ! 
ഹുങ്കാര ശബ്ദത്തോടെ വെള്ളം മുകളിലേക്ക് ഉയർന്നു വന്നു. ചിതറിയ സ്ഫടികക്കഷ്ണം പോലെ ചുറ്റും തെറിക്കുന്ന ജലകണികകൾക്കിടയിലൂടെ ബോബിയുടെ രൂപം കാണായി. പിടയുന്ന മുഴുത്ത രണ്ടു കൈതക്കോരകളെയും ഉയർത്തി പിടിച്ചു വിജയിയെ പോലെ അവൻ ഒച്ചവച്ചു ചിരിക്കുന്നുണ്ടായിരുന്നു.
"ന്നാടാ പിടിച്ചോ "
അവൻ അത് ജോസൂട്ടിക്ക് നേരെ എറിഞ്ഞു. ഒരെണ്ണം കൃത്യം അവന്റ കയ്യിലും മറ്റൊന്ന് മണ്ണിലും വീണു പിടഞ്ഞു. വെള്ളത്തിലൂടെ തുടിച്ചു നീന്തി ബോബി കുട്ടാപ്പി നിൽക്കുന്ന കൈതക്കാടിനോട് ചേർന്ന് പണ്ടാരോ വെട്ടിയൊതുക്കിയ പടികൾ പിടിച്ചു കയറി. കുട്ടാപ്പി അടിമുടി നോക്കുന്നത് കണ്ടു അവൻ കണ്ണുരുട്ടി പല്ല് കടിച്ചു. 
"എന്നാടാ മര ഊളെ ? "
ഒന്നുമില്ലെന്ന് ദയനീയ ഭാവത്തിൽ ചുമൽ കുലുക്കി ചുണ്ടും നാവും കൊണ്ട് കുട്ടാപ്പി ഒരു ശബ്ദം പുറപ്പെടുവിച്ചു.
ബോബിയോട് മുട്ടാൻ അവൻ ഒന്ന് മടിക്കും.
അതിന് കാരണം ഉണ്ട്.
ബോബിയുടെ ഒരേയൊരു പെങ്ങൾ ലില്ലിയെ വഴിയിൽ കമന്റടിച്ചതാണ് തുടക്കം.
അവന്റെ ഒറ്റ അടിയിൽ കുട്ടാപ്പിയുടെ ഇടതുവശത്തെ അണപ്പല്ല് തെറിച്ചു പോയി.
അന്ന് ഒപ്പം ഉണ്ടായിരുന്ന ആരൊക്കെ തടഞ്ഞിട്ടും
വീടിനു താഴെ കണ്ടത്തിനോട് ചേർന്നുള്ള റോഡിലെ കലുങ്ക് മുതൽ ഇട തോടിനു അപ്പുറത്തെ കള്ള്ഷാപ്പിന് അടുത്തുള്ള ഫുട്ബാൾ ഗ്രൗണ്ട് വരെ റോഡിലൂടെ അടിച്ചും വലിച്ചിഴച്ചും കൊണ്ട് പോയി.
ഗ്രൗണ്ടിൽ ഫുട്ബാൾ കളിച്ചിരുന്ന ബോബിയുടെ കൂട്ടുകാരാണ് അന്ന് അവനെ ബലമായി പിടിച്ചു വച്ചതും ഓടി രക്ഷപ്പെടാൻ കുട്ടാപ്പിക്ക് വഴി ഒരുക്കിയതും.
അതിൽ പിന്നെ വഴിയിൽ ലില്ലിയെ കണ്ടാൽ കുട്ടാപ്പിയുടെ മനസ്സിൽ ഭയം കലർന്ന വെറുപ്പ് നുരയും. കഴുത്ത് ഉളുക്കിയത് പോലെ മുഖം മറുവശത്തേക്ക് തിരിച്ചു നടന്നുപോകും.
അപ്പോഴേക്കും ഈർക്കിലിൽ കൊരുത്ത മറ്റു മീനുകൾക്കൊപ്പം ശ്വാസം കിട്ടാതെ പിടഞ്ഞുചത്ത കൈതകോരകളെയും കോർത്തു ജോസൂട്ടി അവരുടെ അടുത്തേക്ക് വന്നു.
"പോവാടാ ". ബോബി സൈക്കിളിലേക്ക് കയറി കഴിഞ്ഞു.
പിന്നിലേക്ക് കയറി ഇരിക്കുന്നതിനിടയിൽ ജോസൂട്ടി വിളിച്ചു പറഞ്ഞു.
" കുട്ടാപ്പിയെ നേരം ഇരുട്ടാറായിട്ടാ. ചുമ്മാ കുറ്റി അടിച്ചു നിന്ന് നേരം കളയാതെ ലൂയീപാപ്പന്റെ പീടികേന്ന് രണ്ടു മുള്ളനും വാങ്ങി വീട്ടിലേക്കു വിട്ടോ. അത്താഴത്തിനു ഉണക്കമീനെങ്കിലും ചുട്ടു തിന്നാം."
സൈക്കിൾ മുന്നോട്ട് എടുക്കുന്നതിനിടയിൽ വലിയ തമാശ ഒന്നുമില്ലെങ്കിലും അത് കേട്ട് ബോബി ആർത്തു ചിരിച്ചു.
ഇരുവരും പോകുന്നതും നോക്കി നിന്ന് കുട്ടാപ്പി പല്ല് ഞെരിച്ചു.
ഒപ്പം ബോബിയുടെ മുഖം പൊത്തിയുള്ള അടിയിൽ പൊഴിഞ്ഞു പോയ പല്ലിന്റെ വിടവിൽ നാവ് കൊണ്ട് ഒന്ന് പരതി.

 

ഒരു സർക്കസ്സ് അഭ്യാസിയെ പോലെ ചെറിയ വരമ്പിലൂടെ ബോബി സൈക്കിൾ പായിച്ചു. കൈതോട്ടിൽ നിന്ന് പോച്ചകഴുകുന്ന വറീതേട്ടൻ നൂന്ന് നോക്കുമ്പോൾ തലയ്ക്കു മുകളിലൂടെ തോടിനു കുറുകെ സൈക്കിൾ കുതിച്ചു ചാടി വരമ്പിലൂടെ പാഞ്ഞു പോകുന്നത് ഒരു മിന്നായം പോലെ കണ്ടു. പേടിച്ചിട്ട് അയാൾ തലയിൽ കൈ വച്ചു നിലവിളിച്ചു. " നശൂലങ്ങള്...! ശവപ്പറമ്പിലേക്കാന്നോ ഇവനെയൊക്കെ കെട്ടിയെടുക്കുന്നെ...."
നിഴലും വെളിച്ചവും ഇണചേരുന്ന ഇടവഴിയിലെ ചെമ്മൺപാത പിന്നിട്ടു ബോബിയുടെ ഓട് മേഞ്ഞ വീടിന് മുന്നിൽ സൈക്കിൾ ചെന്നു നിന്നു. മുൻവശത്ത് നിന്നും ഇറങ്ങുന്നതിനിടയിൽ ബോബി ഓർമിപ്പിച്ചു.
"വീട്ടിൽ കേറി പൊരുന്ന ഇരിക്കാതെ പെട്ടന്ന് വന്നേക്കണം." 
" ദേ എത്തി. ഒരു തൊട്ടി വെള്ളം തലവഴി ഒഴിക്കണം ഈ നനഞ്ഞ ഉടുപ്പൊന്ന് മാറണം. അത്രേ ഉള്ളു."
ജോസൂട്ടിയുടെ കയ്യിൽ നിന്നും ഈർക്കിലിൽ കോർത്ത മീൻ വാങ്ങി ബോബി സൈക്കിൾ പോകാൻ വഴി ഒഴിഞ്ഞു നിന്നു.
ജോസൂട്ടിയുടേതാണ് ഹെർക്കുലിസിന്റെ ആ പഴയ സൈക്കിൾ. എവിടെ പോയാലും ഇരുവരുടെയും ഒപ്പം ആ സൈക്കിളും ഉണ്ടാവും. അത് അവരുടെ ജീവിതയാത്രയിൽ അലിഞ്ഞു ചേർന്ന് കഴിഞ്ഞിരിക്കുന്നു.
റോഡിൽ നിന്നും ഒരാൾ പൊക്കത്തിനുള്ള കയ്യാലയിൽ വെട്ടിയൊരുക്കിയ പടികൾ കയറി, കിണറ്റിൻ കരയുടെ പിന്നിലൂടെ ബോബി അടുക്കളപ്പുറത്ത് എത്തുമ്പോൾ പൊളിഞ്ഞു തുടങ്ങിയ കട്ടിളവാതിലിനു താഴെ കാടികലത്തിൽ ഒരു പട്ടി തലയിട്ട് നിൽക്കുന്നു. ഒച്ചയിടാതെ താഴേക്കു കുനിഞ്ഞു ബോബി ഒരു കല്ലെടുത്തു.
ഏറു കൊണ്ടത് കൃത്യം പട്ടിയുടെ ചന്തിക്ക് തന്നെ . വലിയ വായിലെ നിലവിളിച്ചു കൊണ്ട് അത് പിന്നാമ്പുറത്തേക്ക് ഓടി.
"ലില്ലീ... എടി ലില്ലീ... "
അവൻ വാതിലിൽ ഇടിച്ചു വിളിച്ചു.
"പൊളിക്കണ്ട. തുറക്കുവാ " ലില്ലി വന്നു വാതിൽ തുറന്നു. " എന്നാ? "
" ഇന്നാടി. കുരുമുളക് തേച്ച് വറുക്ക്. "
ലില്ലിയുടെ തലക്ക് പിന്നിൽ പെണ്ണമ്മയുടെ മുഖം പ്രത്യക്ഷപ്പെട്ടു.
" വറുക്കാൻ എണ്ണയും മുളകും നിന്റെ അപ്പനിവിടെ വാങ്ങിച്ചോണ്ട് വച്ചേക്കുന്നാ? "
" ഓ തള്ള ഇവിടെ ഉണ്ടാരുന്നാ? "
"ഇല്ലടാ. ഞാൻ ചത്തു. "
" എന്നിട്ട് ഇപ്പോ എന്നതാ ഇവിടെ? "
"ശവക്കുഴീന്ന് എണീറ്റു വന്നതാ. എന്നാടാ ഇഷ്ടപെട്ടില്ല്യോ ? "
" യ്യോ തൃപ്തിയായേ... "
ബോബി നനഞ്ഞ ഷർട്ട് ഊരി മുറ്റത്തെ അയയിലേക്കിട്ടു.
ഒരു തോർത്ത് അരയിൽ ചുറ്റി അടിയിൽ നിന്നും ചെളി പുരണ്ട മുണ്ട് വലിച്ചൂരി അതും അയയിലേക്ക് എറിഞ്ഞു കിണറ്റിൻ കരയിലേക്ക് നടന്നു.
" ബോബി... നീ അവിടൊന്നു നിന്നെ. നിന്റെ ഉദ്ദേശം എന്നതാ ? "
പെണ്ണമ്മ മുറ്റത്തേക്ക് ഇറങ്ങി വന്നു.
" ഒന്ന് കുളിക്കണം. കവല വരെ പോണം. അത്രേ ഉള്ളു. "
തൊട്ടി കിണറ്റിലേക്ക് ഇറക്കി അവൻ വെള്ളം മുകളിലേക്ക് വലിച്ചു കയറ്റി.
" ദേ എന്നെകൊണ്ട് നീ പോക്കണംകേട് പറയിക്കരുത്."
പല്ല് ഞെരിച്ചു വിരൽ ചൂണ്ടി പെണ്ണമ്മ ഓർമിപ്പിച്ചു.
വെള്ളം തലയ്ക്കു മീതെ ഒഴിച്ചിട്ടു ബോബി വീണ്ടും തൊട്ടി കിണറ്റിലേക്ക് ഇട്ടു.
കപ്പിയിലൂടെ ചൂളം കുത്തി തൊട്ടി വെള്ളത്തിലേക്ക് ചെന്നിടിച്ചു ഒന്ന് വട്ടം ചുറ്റി മുങ്ങി.
വലിച്ചു കയറ്റിയ വെള്ളം നിറഞ്ഞ തൊട്ടി കിണറ്റുകരയുടെ മുകളിൽ വച്ചിട്ട് ഒരു കുമ്പിൾ വെള്ളം വായിൽ കൊണ്ട് തുപ്പി കളഞ്ഞ് ബോബി തിരിഞ്ഞു അമ്മച്ചിയെ നോക്കി.
" ഇപ്പൊ എന്നതാ പ്രശ്നം? "
" പെരുങ്ങോട്ട്കരക്കാരോട് ഞാൻ എന്നാ പറയണം. നീയും നിന്റെ അപ്പനും ഇങ്ങനെ തെക്കും വടക്കും നടന്നാ ഈ കല്യാണം എങ്ങനെ നടക്കുംന്നാ ? "
"അതാന്നോ ഇപ്പൊ ഇവിടുത്തെ വലിയ പ്രശ്നം "
നിസാരമായി എന്തോ കേട്ടത് പോലെ ചിരിച്ചു കൊണ്ട് അലക്ക് കല്ലിന്റെ മേലെ നിന്നും സോപ്പെടുത്ത് അവൻ ദേഹത്ത് പതപ്പിച്ചു.
പിന്നെ തിരിഞ്ഞു നിന്നിട്ട് പറഞ്ഞു.
" പെണ്ണമ്മോ ചുമ്മാ നിക്കാണ്ട് ഈ നടുവൊന്ന് തേച്ചു തന്നെ... "
ഇടുപ്പിൽ കൈകുത്തി അവജ്ഞയോടെ അവർ മുഖം തിരിച്ചു .
പിന്നിൽ അനക്കം ഒന്നും കാണാഞ്ഞിട്ട് ബോബി തിരിഞ്ഞു നോക്കി.
കടന്നൽ കുത്തേറ്റ പോലെ അമ്മച്ചിയുടെ മുഖം വീർത്തിരിക്കുന്നു.
" ഹ ! ഇതൊക്കെ അപ്പനോട് പറയാൻമേലെ."
ഒരു നിമിഷം അടിമുടി അവനെ ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് അവർ വെട്ടിതിരിഞ്ഞു നടന്നു.
" അമ്മച്ചി ഈ മീനൊന്ന് വെട്ടി കഴുകിക്കെ. ഞാൻ വറുത്തോളാം. "
മൺ ചട്ടിയിൽ മീനുമായി ലില്ലി മുന്നിൽ.
"എടുത്തു ആ വളക്കുഴിയിലോട്ട് എറിയടി പെണ്ണേ. മീനും കൂട്ടി ചോറുണ്ണാത്ത കുറവേ ഇവിടുള്ളൂ. പത്തിരുപത്തേഴു വയസായി ഇപ്പോഴും പിള്ളാരെകൂട്ട് തോട്ടിലും ആറ്റിലും ചാടി കള്ളചോറും ഉണ്ട് നടക്കുന്നു. ഇങ്ങനെ ഒരെണ്ണം എന്റെ വയറ്റിൽ തന്നെ വന്നു കുരുത്തല്ലോ എന്റീശോയെ..."
അടുക്കളയിൽ പാത്രങ്ങൾ നിലത്തു വീഴുന്ന ഒച്ച കേട്ടു .
പെണ്ണമ്മയുടെ അരിശം ശത്രുപക്ഷത്തു നിൽക്കുന്ന കരിപിടിച്ച പാത്രങ്ങളോട് തീർക്കുന്നതാണ്.
മൂക്ക് പിഴിഞ്ഞു മുണ്ടിന്റെ കോന്തലയിൽ തുടച്ചു കൊണ്ട് അവർ പതംപറഞ്ഞു.
"അപ്പനെ കൊണ്ട് കാൽ കാശിന് കൊള്ളുകേലെങ്കിൽ പകരം ആൺമക്കള് തുണകാണുമെന്നാ. ഇവിടെ രണ്ടും തോന്നിയ വഴിക്ക്. വയസാം കാലത്ത് വയ്യാത്ത നടുവും വച്ചോണ്ട് പോയിരുന്നു ചെമ്മീൻ തൊലിച്ചാ എല്ലാത്തിനും മൂക്ക് മുട്ടെ കേറ്റാനുള്ള വക ഞാൻ ഒപ്പിക്കുന്നത് . അത് വല്ലോം ഇവനൊക്കെ അറിയണോ. എന്റെ അന്തോണീസ് പുണ്യാളാ ഇങ്ങനെ ഇവറ്റകളുടെ ഇടയിൽ കിടന്നു കാളവലിപ്പിക്കാതെ നല്ല നേരത്തിന് എന്നെ അങ്ങ് എടുത്തോണേ..."
കുളി കഴിഞ്ഞു മുറ്റത്തെ അയയിൽ തോർത്ത് വിരിക്കുമ്പോൾ താഴെ കുരണ്ടിപലകയിട്ടിരുന്നു മീൻ ഉരച്ചു കഴുകുന്ന ലില്ലിയോട് ബോബി പറഞ്ഞു.
" നീ വിഷമിക്കണ്ടടി ലില്ലി... നിന്റെ കല്യാണം ഈ കരക്കാരെയൊക്കെ വിളിച്ചു കൂട്ടി നമ്മുടെ പള്ളിയിൽ വച്ച് അന്തസായി ഇച്ചായി നടത്തും. അന്ന് മുത്തുകുടയും വടക്കേകര പിള്ളേരുടെ ബാൻഡ് മേളവും എല്ലാം കൂടി ഞാനൊന്ന് കൊഴിപ്പിക്കും. പിന്നെ നിന്റെ മിന്നു കൈ മാറുന്നത് ആരാന്നാ.... ദേ ഇങ്ങോട്ട് നോക്കിയേടി...നമ്മുടെ പള്ളിവികാരി കാഞ്ഞിരത്തിലച്ചനല്ല . മെത്രാനെ ഞാൻ ഇറക്കും. നീ നോക്കിക്കോ. "
"ഓ അങ്ങനൊരു പൂതിയൊന്നും എനിക്കില്ലിച്ചായി. "
പെങ്ങൾ തന്നെ ആക്കിയതാണോ എന്ന സംശയത്തിൽ ബോബി അവളെ ഒന്ന് ഉഴിഞ്ഞു നോക്കി.
പിന്നെ അകത്തേക്ക് കയറി.
അപ്പോൾ മുറ്റത്തു നിന്ന് ആരുടെയോ വിളി കേട്ട് പെണ്ണമ്മ പുറത്തേക്ക് ഇറങ്ങി ചെന്നു.
അതിരിലെ കറിവേപ്പിൽ നിന്നും സതി ഇല പൊട്ടിച്ചെടുക്കുന്നു.
"എന്നതാ സതി ? "
ചട്ടയിൽ പറ്റിപിടിച്ച കരി തട്ടി തൂത്തു കൊണ്ട് പെണ്ണമ്മ ചോദിച്ചു.
"ഞാൻ കുറച്ചു വേപ്പില പൊട്ടിക്കാൻ വന്നതാ ചേട്ടത്തി...നിങ്ങളെ ആരെയും പുറത്തു കണ്ടില്ല. എന്നാ ഒരു തളർച്ച പോലെ.? "
"ഓ വയസായില്യോ."
"ഇന്ന് ചെമ്മീൻ കമ്പനിയിൽ പോയില്ലേ? "
" നേരത്തെ ഇറങ്ങി. അച്ചനെ കാണാൻ പള്ളി വരെ പോയി."
"എന്റെ ഷർട്ട് എവിടെ......? "
അകത്തു നിന്ന് ബോബിയുടെ ഒച്ച കേട്ടു
" തുടങ്ങി... " അസഹ്യതയോടെ പെണ്ണമ്മ പിറുപിറുത്തു.
"ബോബി ആന്നോ? " സതി ചോദിച്ചു.
"പിന്നല്ലാതെ ആരാ ഇവിടെ ഇങ്ങനെ ഒച്ചയിടാൻ . രാത്രി ഉദ്യോഗത്തിന് പോകാനുള്ള ബഹളമാ. അത് കൊണ്ട് വന്നിട്ട് വേണോലോ രാവിലെ ഇവിടെ അരി മേടിക്കാൻ. "
അവരുടെ വാക്കുകളിൽ മകനോടുള്ള അമർഷം നുരഞ്ഞു.
"നിങ്ങൾക്കെന്നതാ ചെവി കേൾക്കത്തില്യോ. എന്റെ ഷർട്ട് എവിടേന്ന്....? "
വീണ്ടും ബോബിയുടെ ഒച്ച.
"ദേണ്ടെ ഇപ്പോ പുറത്തേക്ക് ഇറങ്ങി പോയി. പെട്ടന്ന് ചെന്നാട്ടെ ഇല്ലെങ്കിൽ അത് കള്ള് ഷാപ്പിൽ കേറി ഇരിക്കും..."
അകത്തേക്ക് നോക്കി പെണ്ണമ്മ ഉറക്കെ വിളിച്ചു പറഞ്ഞു.
പിന്നെ അവന്റെ ശബ്ദം ഒന്നും കേട്ടില്ല.
"ലില്ലിടെ കല്യാണ കാര്യം എന്തായി ചേട്ടത്തി? "
"ഓ എന്നാ ആവാനാ. അവർക്ക് പത്തു പവനായിട്ട് സ്വർണവും, മനസമ്മതത്തിന് മുന്നേ ഇരുപത്തയ്യായിരം രൂപയും കൊടുക്കണം. എവിടുന്നെടുത്തു കൊടുക്കും. അങ്ങനെ ഒരു ചിന്ത ഇവിടെ അപ്പനും ഇല്ല മോനും ഇല്ല. വിൽക്കാനോ പണയം വയ്ക്കാൻ ഒരു തരി പൊന്നില്ല. ആകെ ഉള്ളത് ഈ അഞ്ചു സെന്റും പൊട്ടിപ്പൊളിഞ്ഞു വീഴാറായ ഈ വീടുമാ ."
"ഈ ബോബിക്ക് എന്തേലും പണിക്ക് പോകാൻമേലെ? "
സതിയുടെ ആ ചോദ്യം കേട്ടാണ് ബോബി പുറത്തേക്ക് ഇറങ്ങി വന്നത്.
"ഇപ്പോതന്നെ പോണോ അതോ രാവിലെ പോയാ മതിയോ ? "
മുഖം ചുളിച്ചു കനത്ത സ്വരത്തിൽ അവൻ ചോദിച്ചു.
അവന്റെ ചോദ്യം കേട്ട് അവർ അബദ്ധം പറ്റിയ മട്ടിൽ നോക്കി.
അവൻ ചീറി കൊണ്ട് ചെന്നു.
"നിങ്ങളെ ഇപ്പൊ എന്നാത്തിനാ പെണ്ണുമ്പിള്ളേ ഇങ്ങോട്ട് കെട്ടി എടുത്തേ...സന്ധ്യനേരത്ത് വീട്ടിലെങ്ങും ഇരിക്കാന്മേലെ ? "
മറുപടി ഇല്ലാതെ സതി പതറി നിന്നു.
"ആദ്യം അവനോന്റെ കുടുംബത്തെ കാര്യങ്ങൾ നേരെ നോക്ക്. എന്നിട്ട് മതി നാട്ടുകാരുടെ വീട്ടിലെ കുറ്റോം കുറവും കണ്ടു പിടിക്കാൻ ഇറങ്ങുന്നത്. കേട്ടല്ലോ ? "
"എന്നാടാ അവള് പറഞ്ഞെ കുറ്റം? "
പെണ്ണമ്മ ഏറ്റു പിടിച്ചു.
അവൻ അവരെ ശ്രദ്ധിച്ചില്ല.
"ബാക്കി ഉള്ളോന്റെ മനസമാധാനം കളയാനായിട്ട് ഓരോന്ന് വന്നു കേറിക്കോളും. ഈ വരുന്നതൊക്കെ എന്റെ മേത്തോട്ട് കേറുന്ന എന്നാത്തിനാന്നാ...?"
ബോബി നിന്ന് പല്ല് ഞെരിച്ചു.
അപ്പോ റോഡിൽ നിന്നും സൈക്കിളിന്റെ ബെൽ കേട്ടു.
ജോസൂട്ടി എത്തിയതിന്റെ സിഗ്നൽ ആണ്.
"ഞാൻ പോണു പെണ്ണമ്മ ചേടത്തി. ഇനി ഇവിടെ നിന്നാലെ നിങ്ങടെ മോന്റെ സമാധാനം ഞാൻ കാരണം പോവും. "
മുഖം കൂർപ്പിച്ച് സതി വെട്ടിത്തിരിഞ്ഞു നടന്നു.
"ഓ ചെന്നാട്ടെ. ഒരു പഞ്ചായത്ത് മെമ്പറ് ഇറങ്ങിയിരിക്കുന്നു. ഫൂ ! "
ബോബി നിലത്തേക്ക് തുപ്പി.
"നിനക്കെന്നാത്തിന്റെ കഴപ്പാടാ...നിന്നെ കൊണ്ടോ പ്രയോജനം ഇല്ല. അയലത്തുകാരുടെ മെക്കിട്ട് കേറി അവരെ കൂടി നീ വെറുപ്പിക്കോ...? "
"അത് കേൾപ്പിക്കാനാണല്ലോ നാട്ടുകാരെ വിളിച്ചു നിർത്തി മക്കള്ടെ കുറ്റം പറഞ്ഞു രസിക്കുന്നത്... ഈ വീട് കൊണം പിടിക്കാത്തതിന്റെ ഒരേയൊരു കാരണം ഇതുകൊണ്ട് തന്നാ. "
"അതേടാ ഞാൻ കാരണമാ ഗതി പിടിക്കാത്തെ. അല്ലാതെ നിന്നെക്കൊണ്ട് കൊള്ളാഞ്ഞിട്ടല്ല. "
"എന്റെ വായിലിരിക്കുന്നത് കേൾക്കാതെ ഒന്ന് കേറി പോ തള്ളേ... "
ഷർട്ടിന്റെ കൈ തെറുത്തു വച്ചു കൊണ്ട് അവൻ റോഡിലേക്ക് ഇറങ്ങി.

Add comment

Submit