fbpx

 

 

 

ആശുപത്രിയിൽ നിന്നു പുറത്തു വരുമ്പോൾ മനസ്സ്‌ പൂർണ്ണമായും ശൂന്യമായിരുന്നു,വീട്ടിലെ ഖജനാവു പോലെ. ആ ഖജനാവിൽ നിന്നാണു ഇനിയുള്ള ചികിത്സക്കുള്ള പണം തപ്പിപ്പെറുക്കാനെന്നോർത്തപ്പോൾ അറിയാതെ ചിരി വന്നുപോയി. ആകെയുള്ളതു ഇട്ടിരിക്കുന്ന വസ്ത്രവും ഒരു പഴഞ്ചൻ ബൈക്കും മാത്രം. അതിൽ ഒരു ലിറ്ററിൽ കൂടുതൽ പെട്രോൾ കൊള്ളുമോ എന്നു തീർച്ചയില്ല,കാരണം ഇതുവരെ ഒരു ലിറ്ററിൽ കൂടുതൽ അടിച്ചിട്ടില്ല. പാവം റോയൽ എൻഫീൽഡ്‌.

"കുറേക്കൂടി നേരത്തേ എത്തിയിരുന്നെങ്കിൽ ഇത്രയും പ്രശ്നമാകില്ലായിരുന്നു". ഡോക്ടറുടെ വാക്കുകൾ.

"പിന്നേ,നേരത്തേ ഇങ്ങു വന്നിരുന്നെങ്കിൽ ഇയാൾ ഫ്രീ ആയിട്ടു ചികിത്സിച്ചേനേ". തികട്ടി വന്ന വാക്കുകൾ ഉള്ളിലൊതുക്കി. ഈ ഒരൊറ്റ വരവിൽത്തന്നെ ബില്ലിനത്തിൽ നല്ല പോലെ ഊറ്റിയതിന്റെ സന്തോഷം ഡോക്ടറുടെ മുഖത്തുണ്ടെന്നു തോന്നി.

ബൈക്ക്‌ സ്റ്റാർട്ട്‌ ചെയ്തു. മുന്നോട്ടു നീങ്ങുമ്പോൾ,ഭാര്യയോടും മക്കളോടും എങ്ങനെ പറയും എന്ന ചിന്തയായിരുന്നു.

ഗേറ്റ്‌ കടന്നു അകത്തെത്തിയപ്പോഴേ കേട്ടു,ഇളയ മകളുടെ ബഹളം. അമ്മയും മക്കളും എപ്പോഴും ബഹളമാണു.ആ ബഹളവും ശബ്ദവുമെല്ലാമാണു തന്റെ വീടിന്റെ ഐശ്വര്യം എന്നോർത്തുകൊണ്ടു വീട്ടിനുള്ളിലേക്കു നടന്നു. പെൺകുട്ടികൾക്കു അടക്കവും ഒതുക്കവും വേണമെന്ന കാര്യത്തിൽ തനിക്കു ഒരു ശ്രദ്ധയുമില്ലെന്ന അമ്മയുടെ കുറ്റപ്പെടുത്തൽ ഓർത്തു. എന്നാലും അവരുടെ ബഹളം തനിക്ക്‌ ഇഷ്ടമായിരുന്നു.

ഈ സന്തോഷം കെടുത്താൻ തൽക്കാലം മനസ്സില്ല. നെഞ്ചു വേദനക്കു വേദന സംഹാരി ശരണം.

രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ ഭാര്യയോടു കാര്യം അവതരിപ്പിച്ചു.

ഡോക്ടർ തീർത്തു പറഞ്ഞ കാര്യം,അവതരിപ്പിച്ചപ്പോൾ,തന്റെ പതിവു തമാശശൈലി തന്നെയെടുത്തു.

"ഇന്നു ഞാൻ വരുന്ന വഴിക്കു,വെറുതേ ഒന്നു ആശുപത്രിയിൽ കയറി.പ്രായം കൂടുകയല്ലേ,ഒരു മെഡിക്കൽ ചെക്കപ്പ്‌ ആകട്ടെ എന്നു കരുതി"

"പിന്നേ,ഒരു വയസ്സൻ,എന്നിട്ടു്‌". കേഴ്‌വിക്കാരി കേൾക്കാൻ റെഡി.

"എല്ലാം കഴിഞ്ഞിട്ടു,ഡോക്ടർക്കു ഒരു സംശയം,എനിക്കു ക്യാൻസറാണോന്നു"

"ചുമ്മാ കാശൂറ്റാനുള്ള അടവാ ആശുപത്രിക്കാരുടെ". ഭാര്യ, ആശുപത്രിക്കാരുടെ കള്ളം കണ്ടു പിടിച്ച ഭാവത്തോടെ മുഖത്തു നോക്കി.

"അതേന്നേ,ഞാൻ പിന്നെ വരാമെന്നു പറഞ്ഞു മുങ്ങി"

"നമ്മളെയല്ലേ പറ്റിക്കാൻ നോക്കുന്നതു". ഭാര്യക്കു തന്നിലുള്ള വിശ്വാസത്തിൽ അഭിമാനിക്കണോ അതോ സത്യത്തിൽ തനിക്കു ക്യാൻസറാണെന്നു പറഞ്ഞു രംഗം ശോകമൂകമാക്കണോ?തൽക്കാലം സന്തോഷം കളയേണ്ട എന്നു നെഞ്ചു തടകിക്കൊണ്ടു അയാൾ തീരുമാനിച്ചു.

രാവിലെ കുളിച്ചു,തല ചീകാനായി കണ്ണാടിക്കു മുൻപിൽ നിൽക്കുമ്പോൾ,നെഞ്ചിനുള്ളിലെ പതിവു വേദനയ്കൊപ്പം വല്ലാത്ത ഒരു നീറ്റലും തോന്നി. ഇത്രയും തഴച്ചു വളരുന്ന ഈ തലമുടിയെല്ലാം അധികം താമസിയാതെ പൊഴിഞ്ഞു പോകുമല്ലോ. വെറുതേ,ടൗവൽ കൊണ്ടു തലമുടി മുഴുവൻ മറച്ചു കെട്ടിയിട്ടു കണ്ണാടിയിൽ നോക്കി. ഓ,തലമുടി മാത്രമല്ലല്ലോ,മീശയും പുരികവുമെല്ലാം പോകുമല്ലോ.

"ദൈവമേ". വിളിച്ചു പോയി

"ഇതെന്താ,തലേക്കെട്ടും കെട്ടി നിന്നു ദൈവത്തിനെ വിളിക്കുന്നതു". ഭാര്യയുടെ ശബ്ദമാണു ചിന്തയിൽ നിന്നുണർത്തിയതു.

"പിള്ളേരുടെ ഫീസ്‌ ഇന്നലെ അച്ഛൻ കൊണ്ടുപോയി അടച്ചു. അതോർത്തു ദൈവത്തിനെ വിളിക്കേണ്ട". ഭാര്യയുടെ വാക്കുകൾ കേട്ടപ്പോൾ തെല്ലൊരാശ്വാസം തോന്നി. താൻ മരിച്ചാലും,അവളുടെ വീട്ടുകാർ ഒരു തണലായി കാണുമെന്ന വിശ്വാസം പണ്ടേ ഉണ്ടായിരുന്നു.

"ഓ,നിങ്ങളു വല്യ പണക്കാർ,ഞാൻ ഫീസ്‌ ഇന്നു കൊടുക്കണമെന്നു വിചാരിച്ചിരുന്നതാ". അഭിമാനം ഒട്ടും കുറയാൻ പാടില്ലല്ലോ.

ഇതു പറഞ്ഞിട്ടു ഭാര്യയുടെ മുഖത്തേക്കു നോക്കിയപ്പോൾ,ആ മുഖത്തു ഒരു കള്ളച്ചിരിയുണ്ടായിരുന്നു,ഇന്നലേ പോക്കറ്റ്‌ പരിശോധിച്ചെന്ന ഭാവവും.

പതിവു തെറ്റിക്കാതെ,ഭാര്യയുടെ നെറുകയിൽ,ചുംബനമർപ്പിച്ചിട്ടു ബൈക്ക്‌ സ്റ്റാർട്ട്‌ ചെയ്തു.

ക്ഷേത്രത്തിനു മുന്നിലെത്തിയപ്പോൾ ബൈക്ക്‌ നിർത്തി,ഇറങ്ങാതെ ഒന്നു കൈകൂപ്പി. വരാൻ പോകുന്ന കൊടിയ വേദനയിൽ നിന്നു ഒഴിവാക്കിത്തരണേ എന്ന് അപേക്ഷിച്ചു. അറിഞ്ഞോ അറിയാതെയോ ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ലാത്ത തന്നോടു,ദൈവം ചെയ്തതു അൽപം കടുപ്പമായിപ്പോയി. ചുമ്മാ നാട്ടുകാരുടെ കാശിനു ഉണ്ണിയപ്പോം അരവണേമെല്ലാം തിന്നു സുഖിച്ചിരിക്കുമ്പോൾ,പുള്ളിക്കാരനു എന്തെങ്കിലും ഒക്കെ തമാശ വേണ്ടേ. ആ തമാശ ആയിരിക്കും ആർ സി സി പോലുള്ള ഇടങ്ങളിൽ നിന്നു കേൾക്കുന്ന വിലാപങ്ങൾ. അധികം താമസിയാതെ തന്റെ നിലവിളിയും ഭഗവാനു ആസ്വദിക്കാമായിരിക്കും.

തൊഴുതിട്ടു ബൈക്ക്‌ മുന്നോട്ടെടുക്കാനൊരുങ്ങുമ്പോഴാണു,ദൂരെ നിന്നു ഒരു വാൻ നിയന്ത്രണം വിട്ടപോലെ പാഞ്ഞു വരുന്നതു കണ്ടതു. ബൈക്ക്‌ നീക്കാൻ തുടങ്ങും മുൻപ്‌ എല്ലാം കഴിഞ്ഞു. താൻ ഉയർന്നു പൊങ്ങുന്നതറിഞ്ഞു. താഴെ വീണപ്പോൾ വേദന ഒന്നും തോന്നിയില്ല. ആളുകൾ ഓടിക്കൂടുന്നു.

"ആൾക്കൂട്ടത്തിനു നടുവിൽ കിടക്കുന്നതു ഞാൻ തന്നെയല്ലേ. അപ്പോൾ പിന്നെ ഈ ഞാൻ ആരാ". ഒന്നും മനസ്സിലാകാതെ അയാൾ നിന്നു.

പെട്ടെന്നാണു മുന്നിൽ സൂര്യനേപ്പോലെ തിളങ്ങുന്ന എന്തോ ഒന്നു പ്രത്യക്ഷപ്പെട്ടതു.

"നീ ഇപ്പോൾ എന്നോടു ആവശ്യപ്പെട്ടതു ഞാൻ സാധിച്ചു തന്നിരിക്കുന്നു". ആ പ്രകാശഗോളത്തിൽ നിന്നാണു ശബ്ദം.

"ഞാൻ എന്തോന്നു ആവശ്യപ്പെട്ടു,എനിക്കൊന്നും ഓർമ്മയില്ല".

"എടാ,നീയല്ലേ ഇപ്പോൾ എന്റെ മുന്നിൽ കൈകൂപ്പി,വേദന ഒഴിവാക്കിത്തരണേ എന്നാവശ്യപ്പെട്ടതു". തീഗോളത്തിൽ നിന്നു ശബ്ദം.

"എന്റെ പൊന്നു ഭഗവാനേ,വേദന ഒഴിവാക്കിത്തരണേ എന്നു ഞാനൊരു ഒഴുക്കിലങ്ങു പറഞ്ഞു പോയതാ,അതിനു മീൻ വണ്ടിയിടിച്ചു കൊല്ലുന്നതാണോ പരിഹാരം. ശത്രുക്കളോടു പോലും ഇങ്ങനെ ചെയ്യരുതു ഭഗവാനേ". ചന്ദ്രൻ പിള്ളക്കു കരച്ചിൽ വന്നു.

"എടാ,നീ നല്ലവനായതു കൊണ്ടു ഞാൻ നിനക്കു മോക്ഷം തന്നപ്പം,നീ എന്നെ കുറ്റപ്പെടുത്തുവാണോ?"

"പിന്നേ,നാറ്റം പിടിച്ച മീൻ വണ്ടിയിടിപ്പിച്ചു കൊന്നിട്ടു,മോക്ഷമാണെന്നു വല്ല പൊട്ടന്മാരോടും പറ ഭഗവാനേ. അതും നേരിട്ടു പറയാൻ വയ്യാത്തകൊണ്ടു തീ പോലെ ഒരു ബ്ലൂറ്റൂത്ത്‌ സ്പീക്കറും". ചന്ദ്രൻ പിള്ളക്കു കോപം അടക്കാനാകുന്നില്ല.

തീഗോളം അപ്രത്യക്ഷമായി. അതാ മുന്നിൽ തേജസ്വിയായ ഒരു പുരുഷ രൂപം. ക്ഷേത്ര വിഗ്രഹത്തിലുള്ള ആടയാഭരണങ്ങളെല്ലാം അണിഞ്ഞു.

"നിന്നെ ഇടിച്ച വാഹനത്തിലുള്ള മീനുകൾ. ജീവൻ വെടിഞ്ഞെങ്കിലും,അവയുടെ ശരീരം ,മനുഷ്യനു ആഹാരമാണു. നീ നിന്റെ ശരീരത്തെപ്പറ്റി ആലോചിച്ചു നോക്കൂ,അതുകൊണ്ടു ആർക്കെങ്കിലും എന്തെങ്കിലും ഉപയോഗമുണ്ടോ?". ദൈവം കൺഫ്യൂഷനാക്കാനുള്ള പരിപാടിയാണെന്നു പിള്ളക്കു പിടികിട്ടി

"ഭഗവാനേ,ഒരുമാതിരി ഞഞ്ഞാപിഞ്ഞാ പറയല്ലേ,ഞാൻ ചാകാൻ സമയമായില്ല എന്നു എനിക്കറിയാം. നിങ്ങടെ മിസ്റ്റേക്ക്‌ കൊണ്ടു വന്ന പ്രശ്നമാ. എനിക്കു ജീവിക്കണം. വേദന ഒക്കെ ഞാൻ സഹിച്ചോളാം". പിള്ള ശബ്ദമുയർത്തി.

"എടാ നീ ഒന്നടങ്ങ്‌. ഒന്നു ചത്തതിനു ഇത്രേം ബഹളമാണെങ്കിൽ,ഇതിലും വലുതു വല്ലോം വന്നാ നീ എന്തോ ചെയ്യും". ദൈവത്തിനു താൻ കുടുങ്ങിയെന്നു മനസ്സിലായി.

പഴയ വിദ്യാർത്ഥിയൂണിയൻ നേതാവിനോടാ ഭഗവാന്റെ കളി.

ദൈവം തുടർന്നു. "ചന്ദ്രാ,നീ ഇനി ജീവിക്കുന്നു എന്നു കരുതുക. ക്യാൻസറിന്റെ വേദന നിനക്കു താങ്ങാവുന്നതിനും അപ്പുറമാ. അതുകൊണ്ടു നീ പ്രശ്നമുണ്ടാക്കാതെ എന്റെ കൂടെ വാ"

"നോ വേ ഭഗവാനേ,നിങ്ങൾ ഒരുപാടു കുടുംബങ്ങളെ കരയിപ്പിച്ചിട്ടുള്ളതു എനിക്കറിയാം. എന്റെ കാര്യത്തിൽ അതു നടക്കത്തില്ല. എനിക്കു ജീവിക്കണം". ഇതു പറയുന്നതിനിടയിൽ,ചന്ദ്രൻ പിള്ളയുടെ ബുദ്ധി ഒന്നുകൂടെ ഉണർന്നു.

"ആവശ്യമില്ലാതെ,എന്നെ മീൻ വണ്ടി ഇടിപ്പിച്ചതിനു പരിഹാരമായി,എന്റെ ക്യാൻസറും മാറ്റിത്തരണം.ബൈക്കിന്റെ പണി ഞാൻ ചെയ്യിച്ചോളാം". പിള്ള വാചാലനായി.

ഭഗവാൻ കുറേ നേരം നിശബ്ദനായി നിന്നു. എന്നിട്ട്‌ മൊഴിഞ്ഞു

"ഓകെ മൈ ബോയ്‌,എനിക്കു പറ്റിയ ഒരു അബദ്ധമായിപ്പോയി. അതുകൊണ്ടു നിന്റെ ക്യാൻസർ മാറ്റുന്നതിനോടൊപ്പം,നിന്റെ ജീവനും തിരികെ നൽകുന്നു. നിന്റെ വാഹനം നന്നാക്കാനുള്ള പണം തരാൻ നിവർത്തിയില്ല,കാരണം എന്റെ കൈയിൽ പഴയ ആയിരവും അഞ്ഞൂറുമേ ഉള്ളൂ".

ജോസ്‌ പ്രകാശ്‌ സ്റ്റൈൽ ഡയലോഗ്‌ കേട്ടപ്പോഴേ തോന്നി ,കാശ്‌ ഗോവിന്ദയാണെന്നു. എന്തായാലും ക്യാൻസറും മാറി ജീവനും കിട്ടിയല്ലോ. ആശ്വാസം.

"ഇനി നീ,നിന്റെ ശവത്തിലോട്ടു കേറിക്കോ,നമ്മൾ തമ്മിൽ കണ്ട കാര്യം ആരോടും പറയില്ല എന്നു സത്യം ചെയ്യുക. സത്യം നീ തെറ്റിച്ചാൽ,ഞാനും വാക്കു തെറ്റിക്കും. മൈൻഡ്‌ ഇറ്റ്‌". ദൈവം ഗൗരവം വിടാതെ മറഞ്ഞു.

ചുറ്റിനും ബഹളം കേട്ടു കണ്ണു തുറന്നു നോക്കി.

"ചന്ദ്രൻ സാറേ,പേടിപ്പിച്ചു കളഞ്ഞല്ലോ,ഞങ്ങളു വിചാരിച്ചു എല്ലാം കഴിഞ്ഞെന്നു". നാട്ടുകാരുടെ സ്നേഹ പ്രകടനം.

ബൈക്കിനു ചെറിയ ചളുക്കം മാത്രം. ഇന്നിനി ജോലിക്കു പോകുന്നില്ല. ഇന്നൊരു ദിവസം ഭാര്യക്കൊപ്പം.

ക്ഷേത്രത്തിലേക്കു നോക്കി കൈ കൂപ്പിയിട്ടു,ബൈക്ക്‌ വീട്ടിലേക്കു വിട്ടു.


Jump from your Mobile

മൊബൈൽ ഫോണിൽ നിന്നും മൊഴിയിലേക്ക് വളരെ എളുപ്പം പോകാം

എങ്ങനെ?

എഴുത്തുകാരോട്

ലോഗിൻ ചെയ്ത ശേഷം, രചനകൾ സൈറ്റിൽ സമർപ്പിക്കുക. പരിശോധിച്ച ശേഷം  പ്രസിദ്ധം ചെയ്യുന്നതാണ്. പ്രസിദ്ധീകരിക്കുന്ന ഓരോ രചനയ്ക്കും 50 points. മികച്ച രചനയ്ക്ക് അധികമായി 100 Bonus points. 500 points തികയുമ്പോൾ, സമ്മാനത്തുക കൈപ്പറ്റാം. ഈ സൈറ്റിൽ പ്രസിദ്ധം ചെയ്യുന്ന എല്ലാ രചനകളും മൊഴിയുടെ ഇമെയിൽ, സോഷ്യൽ മീഡിയ തുടങ്ങി എല്ലാ ഡിജിറ്റൽ മാധ്യമങ്ങളിലും,  അച്ചടി മാധ്യമങ്ങളിലും കൂടുതൽ പ്രചാരണത്തിനായി പ്രസിദ്ധീകരിക്കുന്നതായിരിക്കും. *T&C Apply
View Tutorials
എഴുത്തിനുള്ള പ്രതിഫലം