fbpx

 

 

 


അറുപതു പെൻസിനു ചായ കിട്ടുന്ന ഒരു കാലമുണ്ടായിരുന്നു. അന്നൊരിക്കൽ സംഭവിച്ചതാണ്. തികച്ചും അവിശ്വനീയവും മനസ്സിനെ ഉലച്ചതുമായ തീരെ ചെറിയ സംഭവം. അതിലേക്കു കടക്കും മുൻപ് ഞാൻ

ഉറപ്പിച്ചു പറയുന്നു, ഇതൊരു വെറും കഥയായി തള്ളിക്കളയരുത്. കാരണം ഇതൊരു കഥയല്ല എന്നതുതന്നെ. എങ്കിലും അയാൾ എവിടെ പോയി മറഞ്ഞു എന്നതാണ് എനിക്കിന്നും പിടികിട്ടാത്തത്.

മനസ്സിന്റെ പ്രതിഫലനം പോലെ, പ്രഭാതത്തിൽ മഞ്ഞുണ്ടായിരുന്നു. 'കാഷ് ഫ്ലോ' ആണല്ലോ ഒരു ബിസിനസ്‌ കാരന്റെ പ്രധാന തലവേദന. അത്യാവശ്യം എങ്ങിനെ നടത്തും? എല്ലാ വഴിയും അടയുമ്പോൾ ഓഫീസിൽ നിന്നും മുങ്ങി അടുത്തുള്ള തുറസ്സിൽ പോയിരിക്കുക പതിവാണ്. ആ വിശാലതയിൽ കുറെ സമയം ചെലവഴിക്കുമ്പോൾ മനസ്സു ശാന്തമാകും. പിന്നെ വഴികൾ താനേ തുറന്നുകിട്ടും.

വണ്ടി റോഡരുകിൽ ഒതുക്കിനിർത്തി. ചെറിയ മഞ്ഞുണ്ടെങ്കിലും കാഴ്ചയെ അത് ബാധിക്കുന്നില്ല. മൈതാനത്തിന്റെ ദൂരെ മരങ്ങൾ മാത്രം. വലിയ മരങ്ങൾക്കു ചുവട്ടിലൂടെ നടക്കുമ്പോൾ നാം എത്ര ചെറുതാണെന്നു ബോധ്യം വരും. ആ ചിന്ത തപിച്ച മനസ്സിനെ തണുപ്പിക്കും.

ആരോ വിളിച്ചുവോ? പെട്ടെന്നു തിരിഞ്ഞു നോക്കി. കൈ നീട്ടി, മുഷിഞ്ഞ വേഷം ധരിച്ച ഒരാൾ. നര കടന്നു കയറിയ താടി. തളർച്ചയും ക്ഷീണവും ആ മുഖത്തു വ്യക്തമാണ്. അയാൾ എന്തൊക്കെയോ പറയുന്നുണ്ട്. രണ്ടു വാക്കുകൾ മാത്രം പിടികിട്ടി. 'ടി' എന്നും 'സിക്സ്ടി പി' എന്നും. ബാക്കി ഞാൻ ഊഹിച്ചെടുത്തു.

ഇവിടെയും യാചകരോ? സത്യത്തിൽ എനിക്കു ചെറിയ ദേഷ്യമാണുണ്ടായത്. തലയിൽ ഒരണക്കെട്ടുമായി ആരുമില്ലാത്തയിടം നോക്കി വന്നതാണ്. ഞാനറിയാതെ തന്നെ കോട്ടിന്റെ പോക്കറ്റിൽ ഒന്നു തലോടി കൈ മലർത്തിക്കാണിച്ചു. രണ്ടു ചുവടു വച്ചപ്പോൾ അങ്ങിനെ ചെയ്തതു മോശമായിപ്പോയി എന്നു തോന്നി. കോട്ടിന്റെ പോക്കറ്റിൽ എന്തെങ്കിലും ചില്ലറ കാണുമല്ലോ. അതു കൊടുക്കാമായിരുന്നു. മനസ്സിൽ രണ്ടു പേർ അപ്പോഴേക്കും തർക്കം തുടങ്ങിയിരുന്നു.
'വേണം'
'വേണ്ട'
'തണുപ്പല്ലേ?'
'ശല്യം'
'പ്രായമുള്ള ആൾ'
'എന്തെങ്കിലും നല്ലതു പറഞ്ഞൊഴിവാക്കാമായിരുന്നു'
'കാറിന്റെ ഡാഷ് ബോർഡിൽ ചില്ലറ ഉണ്ടല്ലോ'
'പോയി എടുത്തു കൊടുക്കാം'

തിരിഞ്ഞു നടക്കുമ്പോൾ അയാൾ പ്രതീക്ഷയോടെ നോക്കുന്നു. ശ്രദ്ധിക്കാതെ കാറിനരികിലേക്കു നടന്നു. ഒരു പൗണ്ടിന്റെ നാണയം എടുത്തു.
തർക്കം വീണ്ടും തുടങ്ങി
'ചോദിച്ചത് അറുപതു പെൻസാണ്'
'ആ പോട്ടെ നാൽപ്പതു പെൻസു കൂടി'
'ചോദിച്ചതു കൊടുക്കുക'
'അതെ ചോദിച്ചതെങ്കിലും കൊടുക്കുക'

ഡാഷ്ബോർഡിൽ വീണ്ടും പരാതി. അറുപതു പെൻസു തപ്പിയെടുത്തു. അത്ഭുതമെന്നു പറയട്ടെ അയാൾ അപ്രത്യക്ഷനായിരുന്നു. മരങ്ങൾക്കിടയിൽ മറയാൻ നേരമായില്ല. കുറെ നേരം കൂടി വൈറ്റ് ചെയ്തു. തിരികെ കാറിലേക്കു തന്നെ നടന്നു. എനിക്കെന്നോട് തന്നെ ദേഷ്യം തോന്നി. അയാളോടു പറയാമായിരുന്നു പണം തരാമെന്നു. ഭാഷ അറിയില്ലെങ്കിലും എങ്ങിനെ എങ്കിലും അയാളോടു കമ്മ്യൂണിക്കേറ്റ് ചെയ്യണമായിരുന്നു. ഒരാളെ സഹായിക്കാനുള്ള അവസരം വെറുതെ കളഞ്ഞു. എനിക്കു ആയിരങ്ങൾ ആവശ്യമായിരുന്നെങ്കിലും അയാളുടെ ചെറിയ ആവശ്യം എനിക്കു പരിഹരിക്കാമായിരുന്നു. ഒരു ദിവസം ചളമായതു ഞാനറിഞ്ഞു. തിരികെ കാറിലെത്തി യാന്ത്രികമായി ഡാഷ്‌ബോർഡ് തുറന്നു. അതിനകത്തു ഒരു പൊതി യിരിക്കുന്നു. അതെ നിങ്ങൾ ഊഹിച്ചു എന്താണെന്ന്...


Jump from your Mobile

മൊബൈൽ ഫോണിൽ നിന്നും മൊഴിയിലേക്ക് വളരെ എളുപ്പം പോകാം

എങ്ങനെ?

എഴുത്തുകാരോട്

ലോഗിൻ ചെയ്ത ശേഷം, രചനകൾ സൈറ്റിൽ സമർപ്പിക്കുക. പരിശോധിച്ച ശേഷം  പ്രസിദ്ധം ചെയ്യുന്നതാണ്. പ്രസിദ്ധീകരിക്കുന്ന ഓരോ രചനയ്ക്കും 50 points. മികച്ച രചനയ്ക്ക് അധികമായി 100 Bonus points. 500 points തികയുമ്പോൾ, സമ്മാനത്തുക കൈപ്പറ്റാം. ഈ സൈറ്റിൽ പ്രസിദ്ധം ചെയ്യുന്ന എല്ലാ രചനകളും മൊഴിയുടെ ഇമെയിൽ, സോഷ്യൽ മീഡിയ തുടങ്ങി എല്ലാ ഡിജിറ്റൽ മാധ്യമങ്ങളിലും,  അച്ചടി മാധ്യമങ്ങളിലും കൂടുതൽ പ്രചാരണത്തിനായി പ്രസിദ്ധീകരിക്കുന്നതായിരിക്കും. *T&C Apply
View Tutorials
എഴുത്തിനുള്ള പ്രതിഫലം