fbpx

 

 

 

വര്‍ഷങ്ങള്‍ക്കുശേഷം എന്നെത്തേടിയെത്തിയിരിക്കുന്നു. ആദ്യം വിശ്വസിക്കാനായില്ല. പിണക്കം നടിക്കണമെന്നുണ്ടായിരുന്നു. സാധിക്കുന്നില്ല. ഒന്നു തൊട്ടുതലോടണമെന്നു തോന്നി. സാധിക്കുന്നില്ല. വികാരങ്ങള്‍ മൗനത്തിന്റെ തിരകളിലൊഴുക്കി അവളെ നോക്കി അരികിലിരുന്നു.

"നീ എനിക്ക് ധാരാളം പൂക്കള്‍ സമ്മാനിച്ചിട്ടുണ്ട്. ഓര്‍മ്മയുണ്ടോ?" പഴയതെന്തോ ഓര്‍മ്മച്ചെപ്പിന്റെ അടിത്തട്ടില്‍ നിന്നും പൊടിതട്ടിയെടുക്കുന്നതുപോലെ ഒരു നിമിഷം അവള്‍ കണ്ണുകളടച്ചിരുന്നു ചോദിച്ചു. മന്ദഹസിച്ചു.

"അവയെല്ലാം ഞാന്‍ സൂക്ഷിച്ചിരുന്നു. ഒരുപാടു കാലം. ജീവിതം ഒരു സ്വപ്നാടനത്തിലെന്നപോലെ ജീവിച്ചു തീര്‍ക്കുന്നതിനിടയില്‍ എപ്പോഴൊക്കെയോ അടിച്ച കൊടുംകാറ്റുകളിലൊന്നില്‍ അവയുടെയെല്ലാം പൂമ്പൊടി നഷ്ടമായി. കൊടും വേനലുകളിലൊന്നില്‍ അവയുടെ ദലങ്ങള്‍ കരിഞ്ഞുണങ്ങി" കണ്ണുകള്‍ തുറക്കാതെതന്നെ അവള്‍ പറഞ്ഞു.

ഞാന്‍ ചിരിച്ചുകൊണ്ടോര്‍ത്തു. അവളിലെ കഥാകാരി ഇന്നും വാചാലയാണ്. അന്നും ഇന്നും ഒരുപോലെ. ഒരിക്കല്‍ ഇതുപോലെയൊരു അവസരത്തില്‍ തന്നെയല്ലേ അവള്‍ അനുവാദം ചോദിക്കാതെ എന്റെ മനസ്സില്‍ കടന്നുകൂടിയത്? ഇതുപോലെയൊരവസരത്തില്‍ തന്നെയല്ലേ ഒരു വാക്കുപോലും പറയാതെ അകന്നു പോയതും?

"ആ പൂക്കള്‍ എനിക്കെന്നും ഒരു രക്ഷയായിരുന്നു. ഒരു ബലമായിരുന്നു", അവള്‍ തുടര്‍ന്നു. "അവയുടെ നിറവും ഗന്ധവും ഇന്നും എന്റെ മനസ്സില്‍ മായാതെ ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്".

ഞാൻ അവൾക്കരികിലേക്ക് ചേർന്നിരിക്കാൻ കൊതിച്ചു. കഴിഞ്ഞില്ല.

"ഇന്ന് വീണ്ടും ഒരു വാലന്റൈന്‍സ് ഡേയാണ്. സ്നേഹിക്കുന്നവരോടെല്ലാം ഉള്ളുതുറന്ന് സ്നേഹം അറിയിക്കുവാനൊരു ദിവസം. ഇന്നുവരെ ഞാന്‍ മനസ്സില്‍ ഒതുക്കിയിരുന്നത് ഇനിയെനിക്ക് മറയ്ക്കാനാവില്ല". അവളുടെ അടഞ്ഞ കണ്‍പോളകളിൽ നൊമ്പരത്തിന്റെ നനവു പടര്‍ന്നു.

"ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു, പീറ്റര്‍. ഇന്നും സ്നേഹിക്കുന്നു. എന്റെ മരണം വരെയും സ്നേഹിക്കും. ഈ ലോകത്തില്‍ ഒന്നിനെയും ആരേയും ഞാന്‍ ഇന്നോളം നിന്നോളം സ്നേഹിച്ചിട്ടില്ല". ഇതുവരെ കേൾക്കാത്ത ഒരു മനോഹരരാഗം ചെവികളെ തഴുകി കടന്നുപോയതുപോലെ തോന്നി.

എന്റെ പ്രിയസഖി! അവള്‍ ഇന്നും എനിക്കായി കാത്തിരിക്കുന്നുവെന്നോ? നീണ്ട പതിനാറു വര്‍ഷങ്ങള്‍ക്കു ശേഷവും!

എന്തൊക്കെയോ പറയണമെന്നു തോന്നി. അവളെ മാറോട്ചേര്‍ത്തു നെറുകയില്‍ ചുംബിക്കണമെന്നു തോന്നി. ഒന്നും ചെയ്തില്ല. ഏതോ ബാഹ്യലോകശക്തിയുടെ ബന്ധനത്തിലെന്നപോലെ ശരീരം വിറങ്ങലിച്ചിരിക്കുന്നു. ഇതാണോ പ്രണയം? ഇതു തന്നെയാണോ എല്ലാ പ്രണയിതാക്കള്‍ക്കും ഉണ്ടാകുന്ന വികാരം?

അവളിൽ അൽപനേരം മൗനം നിറഞ്ഞു. എന്റെ മൗനം അവള്‍ക്ക് തങ്ങാനാവാത്തതുപോലെ തോന്നി.

അവൾ എനിക്കായി കൈയ്യില്‍ കരുതിയിരുന്ന ചുമന്ന റോസാപ്പൂക്കള്‍ നീട്ടി.

എന്‍റെ കൈകൾക്ക് ചലനം നഷ്ടമായതുപോലെ.

ഞാന്‍ കാണുന്നുണ്ടെന്ന് മനസ്സിലാക്കി അവളത് പടിയില്‍ വെച്ചു. കണ്ണുകള്‍ കുതിരുമ്പോഴും ഒരു നറുപുഞ്ചിരി സമ്മാനിച്ചവള്‍ തിരിഞ്ഞു നടന്നു.

തിരികെ വിളിക്കണമെന്നുണ്ടായിരുന്നു. കഴിഞ്ഞില്ല.

'ഹാപ്പി വാലന്റൈന്‍സ് ഡേ, ക്രിസ്റ്റീ!' നടന്നകലുന്ന അവളോടായി ഞാൻ ഉറക്കെ പറഞ്ഞു.

സെമിത്തേരിയുടെ കവാടവാതില്‍ കടക്കുമ്പോള്‍ അവള്‍ ഒരു നിമിഷം നിന്നു. ഒരുപക്ഷേ അവളെന്‍റെ ശബ്ദം കേട്ടതാവാം.

മറ്റൊരു വാലന്റൈന്‍സ് ഡേ കൂടി കടന്നു പോകുന്നു. പ്രണയത്തിന്റെ സന്ദേശവുമായി.


Jump from your Mobile

മൊബൈൽ ഫോണിൽ നിന്നും മൊഴിയിലേക്ക് വളരെ എളുപ്പം പോകാം

എങ്ങനെ?

എഴുത്തുകാരോട്

ലോഗിൻ ചെയ്ത ശേഷം, രചനകൾ സൈറ്റിൽ സമർപ്പിക്കുക. പരിശോധിച്ച ശേഷം  പ്രസിദ്ധം ചെയ്യുന്നതാണ്. പ്രസിദ്ധീകരിക്കുന്ന ഓരോ രചനയ്ക്കും 50 points. മികച്ച രചനയ്ക്ക് അധികമായി 100 Bonus points. 500 points തികയുമ്പോൾ, സമ്മാനത്തുക കൈപ്പറ്റാം. ഈ സൈറ്റിൽ പ്രസിദ്ധം ചെയ്യുന്ന എല്ലാ രചനകളും മൊഴിയുടെ ഇമെയിൽ, സോഷ്യൽ മീഡിയ തുടങ്ങി എല്ലാ ഡിജിറ്റൽ മാധ്യമങ്ങളിലും,  അച്ചടി മാധ്യമങ്ങളിലും കൂടുതൽ പ്രചാരണത്തിനായി പ്രസിദ്ധീകരിക്കുന്നതായിരിക്കും. *T&C Apply
View Tutorials
എഴുത്തിനുള്ള പ്രതിഫലം