fbpx

 

 

 

"വിശുദ്ധ പൗലോസ്‌ അപ്പോസ്തലന്‍ കുറെ ഇന്ത്യക്കാര്‍ക്കെഴുതിയ ലേഖനം "

അന്നൊരു ഞായറാഴ്ച ആയിരുന്നു. നേരം വെളുക്കുന്നതെ ഉള്ളൂ. കത്രീനാ ചേടത്തി ചൂട് കട്ടന്‍ കാപ്പി മോന്തി കുടിച്ചിട്ട്, ഒരു ഗ്ലാസ്സ് കാപ്പി ചൂടോടെ തറയില്‍ ഉണക്ക പായയില്‍ പുതച്ചു മൂടി കിടക്കുന്ന കെട്ടിയോന്റെ തലയ്ക്കു ഭാഗത്തു കൊണ്ടുപോയി വച്ചു.

എന്നിട്ടൊന്ന് അമർത്തി മൂളി . ഇന്നലെ രാത്രി വളരെ വൈകിയാണ് മൂപ്പിലാന്‍ വന്നത്.നല്ല പരുവത്തിലാ വന്നു കേറിയതും. വന്ന പാടെ പാ വിരിച്ചു ഒറ്റ കിടപ്പായിരുന്നു.കട്ടിലിൽ കിടക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല.പായാണത്രേ സുഖം .ഉടുത്തിരിക്കുന്ന വെള്ള മുണ്ടും പുതച്ചു കൊച്ചു കുട്ടികളെ പോലെ.തല മൂടി കിടന്നുറങ്ങുന്ന കാഴ്ച കാണാന്‍ നല്ല രെസമാ . ഓരോന്നും ഓര്‍ത്തുകൊണ്ട്‌ ധിറുതിയില്‍ കവണിയും പുതച്ചു കത്രീന ചേടത്തി പുറത്തേക്കു ഇറങ്ങി .രണ്ടാം മണി അടിച്ചു .ഇനി വേഗത്തില്‍ നടന്നാലേ കുര്‍ബാന തുടങ്ങുന്നതിനു മുന്‍പ് അങ്ങെത്തുകയുള്ളൂ .താനിറങ്ങുന്ന ഉടനെ തന്നെ പുതുച്ചു മൂടി കിടക്കുന്ന മഹാന്‍ എഴുന്നേല്‍ക്കുമെന്നും ഉടനെ തന്നെ ചായ തപ്പുമെന്നും കത്രീന ചേടത്തിക്ക് അറിയാം .അഥവാ ചായ കണ്ടില്ലെങ്കില്‍ തിരിച്ചു വരുമ്പോള്‍ നല്ല പുകിലായിരിക്കും .പണ്ടൊക്കെ പിള്ളച്ചായനും ചേടത്തിയും ഒരുമിച്ചാണ് പള്ളിയില്‍ പോയികൊണ്ടിരുന്നത്.നാട്ടുകാരുടെ വസ്ത്യന്‍ പിള്ള ചേട്ടന്‍ ലോപിച്ചാണ് കത്രീന ചേടത്തിയുടെ സ്വന്തം പിള്ളച്ചായന്‍ ആയി മാറിയത്.ചിലര്‍ "മന്തന്‍ "പിള്ളയെന്നും വിളിക്കാറുണ്ട് .പക്ഷെ പിള്ള ചേട്ടന്റെ മന്തന്‍ കാലു കൊണ്ടുള്ള തൊഴി കണ്ടിട്ടുള്ളവരും കൊണ്ടിട്ടുള്ളവരും പിള്ളേച്ചന്‍ കേൾക്കെ ദൈര്യമായി അങ്ങനെ വിളിക്കാറില്ല . പണ്ടൊക്കെ വെളുപ്പിനെ പള്ളിയില്‍ പോകുമ്പോള്‍ കത്രീനക്ക് തുണയായി പിള്ളേച്ചനും എന്നും കൂടെ കാണും .ഇപ്പോള്‍ വയസ്സായില്ലേ .പിന്നെ പഴയതുപോലെ പൂവാല ശല്യവുമില്ല.എന്നിരുന്നാലും ഇപ്പോഴും ഈ പ്രായത്തിലും കത്രീന ചേടത്തിയുടെ അന്ന നട കാണാന്‍ ഒരു പ്രത്യക ഭംഗി തന്നെയാ .ഒരു ആന ചന്തം !അതുകൊണ്ട് തന്നെ ചില തയ് കിളവന്മാര്‍ ഇപ്പോഴും പള്ളി കവലയില്‍ രാവിലെ ചായ കുടിക്കാന്‍ എന്ന വ്യാജേന കള്ള നോട്ടവുമായി നില്‍ക്കാറുണ്ട്.കത്രീന ചേടത്തിക്ക് അതിലൊട്ടു പരാതിയുമില്ല .പള്ളിയിലേക്ക് കഷ്ട്ടി ഒരു

ഫെര്‍ലോങ്ങ്‌ നടക്കാനേ ഉള്ളൂ .വടക്കേ തോട്ടിലെ ശാരദയുടെ വീട് കഴിഞ്ഞുള്ള വളവു തിരിഞ്ഞാല്‍ കല്ല്‌ പാലമായി .പാലം കേറി ഇറങ്ങിയാല്‍ വീണ്ടും ഒരു ചെറിയ വളവ്‌ ,വളവു തിരിഞ്ഞാല്‍ പിന്നെ പള്ളി മുറ്റമായി .കത്രീന ചേടത്തി കൈയ്യില്‍ ഇരുന്ന കൊന്ത മുറുകെ പിടിച്ചു കൊണ്ട് വേഗം കല്ല്‌ പാലം നടന്നു കയറി. നേരം വെളുത്തു വരുന്നതേ ഉളളൂ. പെട്ടെന്ന് കരിമ്പടം പുതച്ചു മുന്‍പില്‍ നില്‍ക്കുന്ന രൂപത്തെ കണ്ടു കത്രീന ചേടത്തി വിറച്ചു പോയി .അത് മനസ്സിലാക്കി എന്നോണം ആ രൂപം പതുങ്ങിയ ശബ്ധത്തില്‍ പറഞ്ഞു "പേടിക്കണ്ട കത്രീനേ ഇത് ഞാനാ വര്‍ക്കി ".ഹോ ,കത്രീന ചേടത്തിയുടെ നല്ല ശ്വാസം നേരെ വീണു . വര്‍ക്കി!!! അതെ സാക്ഷാല്‍ കോഴി വര്‍ക്കി .കോഴികച്ചവടമായിരുന്നു തൊഴില്‍ .സ്വഭാവത്തിലും കൊഴികച്ചവടതിന്റ്റെ സ്വാധീനം

പ്രകടമായിരുന്നു .ഒരു കാലത്ത് കോഴി വര്‍ക്കി എന്ന് കേട്ടാല്‍ ആ നാട്ടിലെ പിടകളൊക്കെ പേടി ച്ചോടുമായിരുന്നു. പക്ഷെ ഇന്ന് പപ്പും പൂടയുമൊക്കെ കൊഴിഞ്ഞു പാവം എല്ലും തോലുമായ ഒരു രൂപമായി മാറിയിരിക്കുന്നു .വസന്ത പിടിച്ച കോഴിയെ പോലെ വര്‍ക്കി ചേട്ടന്‍ ഒരു പ്രത്യക രീതില്‍ പതുക്കെ പതുക്കെ നടന്നു കല്ലുപാലം ഇറങ്ങി പോയി. പാത്ത താറാവ് നടക്കുന്നത് പോലെ യായിരുന്നു വര്‍ക്കിയുടെ നടത്തം .വര്‍ക്കി ചേട്ടന്റ്റെ ഈ എട്ടേ ,പത്തെ എന്നുള്ള നടത്തത്തിനു പിന്നില്‍ ഈ കല്ല്‌ പാലത്തിനു പറയാന്‍ ഒരു കഥയുണ്ട് .അതിലെ നായികയോ, നമ്മുടെ സ്വന്തം കത്രീന ചേടത്തിയും .

അതൊരു പഴയ കഥ !കത്രീന ചേടത്തിയുടെ ആയ കാലത്ത് അവര്‍ അതി സുന്ദരിയായിരുന്നു .സുന്ദരി എന്ന് പറഞ്ഞാല്‍ വെറും സുന്ദരി അല്ല ഒരു ഒന്നൊന്നര സുന്ദരി. കത്രീനയുടെ പള്ളി പോക്ക് കാണാന്‍ പള്ളിക്കകത്തെകാല്‍ ജനം കവലയില്‍ ഉണ്ടാകുമായിരുന്നു .തന്റ്റെ ആരാധകരെ നിരാശ പെടുത്താതെ ,കൂടെയുള്ള അമ്മ കാണാതെ എല്ലാവര്‍ക്കുമായി ഒരു പുഞ്ചിരി സമ്മാനിക്കാന്‍ കത്രീനയും മടിക്കാരില്ലായിരുന്നു . ആ പുഞ്ചിരി ആദ്യം ഏറ്റു വാങ്ങാന്‍ നമ്മുടെ കോഴി വര്‍ക്കി എന്നും മുന്‍പില്‍ തന്നെ ഉണ്ടായിരുന്നു. പക്ഷെ എല്ലാ കാമുകന്മാരെയും നിരാശരാക്കി കൊണ്ട് ഒരു ഞായരാഴ്ച കത്രീന ,വസ്ത്യന്‍ പിള്ള എന്ന മന്തന്‍ പിള്ളയുടെ സ്വന്തമായി മാറി.അന്ന് കോഴി വര്‍ക്കി കട തുറന്നില്ല ,ആ നാട്ടിലെ ആരും അന്ന് കോഴി കറിയോട്ടു കൂട്ടിയതുമില്ല . അന്ന് മുഴുവന്‍ വര്‍ക്കി ഷാപ്പിലെ ഇളയതും മൂത്തതുമൊക്കെ അടിച്ചു നിലാവത്തഴിച്ചു വിട്ട കോഴിയെ പോലെ പിരിഞ്ഞു നടന്നു .ഇടക്കെപ്പോഴോ തന്നിലെ നിരാശ കാമുകനിലെ സന്ഗീതന്ജന്‍ ഉണര്‍ന്നപ്പോള്‍ കാളവര്‍ക്കി ഉച്ചത്തില്‍ പാടി " കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയി അയ്യോ ,മന്തന്‍ പിള്ളേച്ചന്‍ കൊത്തി പോയി ...........അന്ന് രാത്രി കോഴിവര്‍ക്കിയുടെ കോഴികൂട്ടിലെ ഒറ്റ കോഴി പോലും ഉറങ്ങിയില്ല .തങ്ങളുടെ യജമാനന്റെ ദുഖത്തില്‍ ഐക്യ ധാര്‍ട്യം പ്രഘ്യപിക്കാനെന്നോണം ചില പൂവന്മാര്‍ പതിവില്ലാതെ നീട്ടി കൂവി .അതുകണ്ട് ചില പിടകള്‍ കണ്ണ് നീര്‍ പൊഴിച്ചു . പിണീട് ഈ വിരഹ ഗാനം കത്രീനയുടെ ചെവികളില്‍ പലതവണ വന്നു പതിച്ചിരുന്നു ..

കോഴി വര്‍ക്കിയുടെ ഈ "നല്ല " നടപ്പിനുണ്ടായ കഥയിലേക്ക്‌ മടങ്ങി വരാം, നമ്മുടെ കല്ലുപാലത്തിനു പറയാനുള്ള കഥയിലേക്ക്‌ ....

അന്നുമൊരു ഞായറാഴ്ച ആയിരുന്നു .പതിവുപോലെ കത്രീന പള്ളിയിലേക്ക് ഇറങ്ങിയതായിരുന്നു പുതുമണവാട്ടിയുടെ എല്ലാ ഗാംഭീര്യത്തോടും ,അലങ്കാരങ്ങളോടും കൂടി യായിരുന്നു പുറപ്പാട്‌ ..എഴുന്നേല്‍ക്കാന്‍ താമസിച്ചു പോയ കത്രീനയുടെ സ്വന്തം പിള്ളച്ചായന്‍ "നീ നടന്നോ ഞാന്‍ പുറകെ എത്തിക്കോളാം" എന്നും പറഞ്ഞു വേഗത്തില്‍ റെഡി ആവുക ആയിരുന്നു.പിള്ളച്ചായന്‍ പുറകെ എത്തി കൊള്ളുമെന്ന ധൈര്യത്തില്‍ കത്രീന നേരെ പള്ളിയിലേക്ക് വച്ച് പിടിച്ചു. വളവു തിരിഞ്ഞു കല്ല്‌ പാലത്തില്‍ കയറിയതും കത്രീനയുടെ നെഞ്ചു ഒന്ന് കാളി . തൊട്ടു മുന്‍പില്‍ സാക്ഷാല്‍ കോഴി വര്‍ക്കി!!! .ഏതു പെണ്ണും ഇരുട്ടത്ത്‌ കണ്ടാല്‍ ഞെട്ടുന്ന രൂപം . കോഴിയുടെ ചുണ്ടിലെ എരിയുന്ന കാജാ ബീഡിയുടെ മണം കത്രീനയുടെ

മൂക്കിലേക്ക് അടിച്ചുകയറി. പേടിച്ചരണ്ടു മുന്നില്‍ നില്‍ക്കുന്ന നിറ കുടത്തെ കണ്ടപ്പോള്‍ വര്‍ക്കിയിലെ പൂവന്‍ കോഴി ഉണര്‍ന്നു .പിന്നെ എല്ലാം പെട്ടെന്നായിരുന്നു .പൂവന്‍ പിടയുടെ മേലില്‍ ചാടി കയറുന്നതുപോലെ വര്‍ക്കി കത്രീനയുടെ മേല്‍ ചാടി വീണു .കത്രീന ഉച്ചത്തില്‍ അലറി വിളിച്ചു .പെട്ടെന്ന് ഇരുളില്‍ നിന്നും ഏറ്റ ശക്തമായ തൊഴിയേറ്റു കോഴി വര്‍ക്കി നിലത്തേക്ക് മുഖമടിച്ചു വീണു .നിലത്തു കിടന്നു തന്നെ തന്റെ നേരെ അടുത്ത് വരുന്ന മന്തന്‍ കാലു കണ്ടപ്പോള്‍ തന്നെ നിവര്‍ന്നു നിന്നിരുന്ന കോഴിവര്‍ക്കിയുടെ അങ്ക വാല് നേരെ താഴ്ന്നു പോയി .പിന്നെ കത്രീനയുടെ പുതുമണവാളന്‍ പിള്ളചായൻറ്റെ ഒരു പ്രകടനം ആയിരുന്നു.നിമിഷ നേരം കൊണ്ട് വര്‍ക്കിയെ പിള്ളച്ചായന്‍ ചവിട്ടി കൂട്ടി . ചവിട്ടു കൊണ്ട് കണ്ണ് തള്ളി ,മലര്‍ന്നു കിടന്ന വര്‍ക്കിയുടെ നേരെ തന്റെ മന്തന്‍ കാലുര്‍ത്തി പിള്ളച്ചായന്‍ ഒരു ഡയലോഗ് കൂടി വിട്ടു ."ഇനി ഒരിക്കലും നീ ഇതും പൊക്കി പിടിച്ചു ഒരു പെണ്ണിന്റെ അടുത്തും പോകത്തില്ല" പറഞ്ഞു തീര്‍ന്നതും പിള്ളചായന്റെ മന്തന്‍ കാലു കോഴി വര്‍ക്കിയുടെ പ്രത്യുല്‍ പ്പാദന മണ്ഡലത്തില്‍ ആഞ്ഞു പതിച്ചതും ഒപ്പമായിരുന്നു .ഒറ്റ ചവിട്ടിനു കോഴി വര്‍ക്കിയുടെ തക്കാളി തവിട്

പൊടിയായി .

പിന്നെ ഒരിക്കലും ഒരു പിടെയെ കാണുമ്പോളും കോഴി വര്‍ക്കിയുടെ അങ്ക വാല് പൊങ്ങിയില്ല .പിള്ളേച്ചന്റെ മന്തന്‍ കാലു പ്രയോഗത്തിന് ശേഷം പ്രത്യുല്പാദന രംഗത്ത് കോഴി വര്‍ക്കിക്ക് നാടിനു വേണ്ടിയോ ,വീടിനു വേണ്ടിയോ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്ന ദുഃഖം ഇന്നും അവശേഷിക്കുന്നു.എന്നിരുന്നാലും വര്‍ക്കിയും പിള്ളച്ചായനും പില്‍ക്കാലത്ത് അന്നാട്ടിലെ ഏറ്റവും വലിയ സുഹൃത്തുക്കളായി മാറി എന്നത് മറ്റൊരു ചരിത്രം .അങ്ങനെ എന്തെല്ലാം കഥകള്‍ .

പള്ളിയിലെത്തി ഒന്നാം വായന കഴിഞ്ഞിട്ടും ,രണ്ടാം വായന കഴിഞ്ഞിട്ടും കത്രീന ചേടത്തിയുടെ ചിന്തകള്‍ ഇങ്ങനെ കാട് കയറി കൊണ്ടിരുന്നു.പതിവില്ലാതെ എന്തൊക്കെയോ അസ്വസ്ഥതകള്‍ .

മാര്‍ക്ക് അച്ഛൻറ്റെ കുർബാനയാണ് തുടങ്ങുന്നതിനും വേഗത്തില്‍ തീരും .പറയുന്നതോട്ടു തിരിയത്തുമില്ല. പ്രായമായി,പറഞ്ഞിട്ട് കാര്യമില്ല എന്നിരുന്നാലും കുര്‍ബാന മദ്ധ്യേ ആരെങ്കിലും ഇരുന്നു ഉറങ്ങുകയാനെങ്കില്‍ അൾത്താരയില്‍ നിന്ന് ഉച്ചത്തില്‍ വിളിച്ചു പറയും "പിശാചിന്റെ സന്തതികളെ ഇവിടെ ഇരുന്നു ഉറങ്ങരുതു ഇറങ്ങി പോ എന്ന് .. അത് കേള്‍ക്കാത്തവരായി ആരും തന്നെ ആ ഇടവകയില്‍ ഇല്ല എന്നതാണ് സത്യം .മാര്‍ക്ക് അച്ഛന്‍ സുവിശേഷം വായിക്കാന്‍ എഴുനേറ്റു .വേദ പുസ്തകം കൈയിലെടുത്തു ഇപ്രകാരം വായിച്ചു തുടങ്ങി "വിശുദ്ധ പൗലോസ്‌ അപ്പോസ്തലന്‍ കുറെ ഇന്ത്യക്കാര്‍ക്ക് എഴുതിയ ലേഖനം പത്താം അധ്യായം ഒന്ന് മുതല്‍ പത്തുവരെ യുള്ള വാക്യങ്ങള്‍ " ഇത് കേട്ടതും പലവിചാരത്തില്‍ ഇരുന്നിരുന്ന കത്രീന ചേടത്തി അത്ഭുതത്തോടെ ഓര്‍ത്തു എന്റ്റെ കര്‍ത്താവെ ഇതിനിടക്ക്‌ പൗലോസ്‌ അപ്പോസ്തലന്‍ ഇന്ത്യക്കാര്‍ക്കും സുവിശേഷം എഴുതിയാർന്നോ ..ഇതൊരു പുതിയ അറിവാണല്ലോ .എന്തായാലും വീട്ടില്‍ ചെന്നാലുടനെ പിള്ളച്ചായനോട് പറയണം.. .സത്യത്തില്‍ നേരത്തെ പറഞ്ഞതുപോലെ പറഞ്ഞാല്‍ തിരിയാത്ത മാര്‍ക്ക്‌ അച്ഛന്‍ " വിശുദ്ധ പൗലോസ്‌ അപ്പോസ്തലന്‍ കൊറീന്ത്യക്കാര്‍ക്ക് എഴുതിയ ലേഖനം "എന്ന് പറഞ്ഞതാണ് പല വിചാരത്തില്‍ ഇരുന്ന കത്രീന ചേടത്തിയുടെ കുറെ ഇന്ത്യക്കാര്‍ ആയി മാറിയത് . എന്തായാലും കുര്‍ബാന കഴിഞ്ഞതും കത്രീന ചേടത്തി നേരെ സിമിത്തെരിയിലേക്ക് വച്ച് പിടിച്ചു .കുര്‍ബാന കഴിയും മുന്‍പേ പള്ളിയില്‍ ഉണ്ടായിരുന്ന പകുതി പ്പേരും ഇറച്ചികടയെ ലെക്ഷ്യം വച്ച് നീങ്ങിയിരുന്നു. കര്‍ത്താവിനെ നാളേം വന്നാല്‍ കാണാം പക്ഷെ പോത്തിനെ വേണമെങ്കില്‍ ആദ്യം കടയിലെത്തണം അതാണ് ചിലരുടെ വാദം .എന്തായാലും സിമിത്തേരിയില്‍ നിറയെ ആള്‍ക്കാര്‍ ഉണ്ട് .എല്ലാവരും തന്നെ സ്ത്രീകളാണ് .അവരുടെയൊക്കെ തുണ ആയി ഉണ്ടായിരുന്നവരൊക്കെ നേരെത്തെ പോയിരിക്കുന്നു .മദ്യം എന്ന സാമൂഹീക വിപത്ത് ഒരു ഗ്രാമത്തെ ഭൂരിഭാഗം വരുന്ന സ്ത്രീകളെയും അകാലത്തില്‍ വിധവകളാക്കി മാറ്റിയിരിക്കുന്നു . അതിന്റ്റെ അടയാളമെന്നോണം മരക്കുരിശുകള്‍ നിര നിര യായി ഉയര്‍ന്നു നില്‍ക്കുന്നു.സിമിത്തെരിയിലെ പ്രാര്‍ത്ഥനയും കഴിഞു വച്ച് പിടിച്ചു പോണ പോക്കില്‍ പാരിഷ് ഹോളിന്റെ മുന്‍പില്‍ വിധവ പെന്‍ഷൻ വാങ്ങാനുള്ള നീണ്ട ക്യൂ .ക്യൂവില്‍ ആ നാട്ടിലെ ഒട്ടു മിക്കവാറും മധ്യ വയസ്ക്കകള്‍ ഉണ്ടായിരുന്നു വികാരിയച്ചന്‍ പ്രേത്യക താല്‍പര്യമെടുത്തു ഇടവകയില്‍ കൊണ്ട് വന്നതാണ് വിധവാ പെന്ഷേന്‍ . ഇതിനിടയില്‍ ക്യൂവില്‍ നിന്നിരുന്ന വടക്കേ വീട്ടിലെ മേരി കുട്ടി കത്രീന ചേടത്തിയെ നോക്കി തമാശക്ക് ചോദിച്ചു "എടിയെ നിനക്കും മേടിക്കണ്ടേ ഒരു വിധവാ പെന്ഷേനോക്കെ".. കത്രീന ചേടത്തിയുടെ മറുപടി ഉടനെ എത്തി ,"എടി മേരി ,നിന്റെ അടിയന്തിരം കൂടി കൂടിയിട്ടെ ഈ കത്രീന വിധവാ പെന്ഷേ വാങ്ങൂ "ക്യൂവില്‍ നിന്നവരൊക്കെ അതുകേട്ടു ഉച്ചത്തില്‍ ചിരിച്ചു .പുരാണിച്ചു നിന്നാല്‍ നേരം പോകും എന്നും പറഞ്ഞു .കത്രീന ചേടത്തി വേഗം വീട്ടിലേക്കു വച്ച് പിടിച്ചു .

വീട്ടിലെത്തിയപ്പോള്‍ പതിവിനു വിപരീതമായി വാതില്‍ അടഞ്ഞു കിടക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്,സാധാരണ ഈ സമയത്ത് പുറത്തു ഒരു കാജാ ബീഡിയും പുകച്ചു പത്രവും വായിച്ചിരിക്കേണ്ട ആളാണ് .ഇന്നെന്തു പറ്റിയോ ആവോ ?.ഇന്നലെത്തെ ക്ഷീണം കാരണം ഇനി എഴുന്നേറ്റില്ലയോ ആവോ . ഊഹം ശരിയായിരുന്നു .പോയപ്പോള്‍ കണ്ടതുപോലെ തന്നെ ഉടുത്തിരുന്ന വെള്ളമുണ്ടും പുതച്ചു സുഖ നിദ്രയിലാണ് കക്ഷി .താന്‍ വന്നത് അറിഞ്ഞിട്ടെന്നോണം കാലൊന്നു അനക്കിയോ എന്നൊരു സംശയം . ശബ്ദമുണ്ടാക്കാതെ രാവിലെ പായുടെ അരികില്‍ വച്ചിരുന്ന ചായ ഒന്ന് കൂടെ ചൂടാക്കിയിട്ടു കത്രീന ചേടത്തി പിള്ളച്ചായനെ കുലുക്കി വിളിച്ചു ....

കരിക്കുന്നം മേരിമാതാ പള്ളിയിലെ മരണ മണി മുഴങ്ങി കൊണ്ടിരുന്നു ......

വടക്കെവീട്ടിലെ മേരി കുട്ടി അമ്മ തന്റ്റെ വാക്കുകള്‍ അറം പറ്റിയല്ലോ എന്നോര്‍ത്ത് നെഞ്ചത്തടിച്ചു കരഞ്ഞു ....... ഇടവകയിലെ വിധവാ പെന്ഷേന്‍ ലിസ്റ്റില്‍ വികാരിയച്ചന്‍ ഒരു പേര് കൂടി എഴുതി ചേര്‍ത്തു.

കല്ലുപാലത്തില്‍ കരിമ്പടം പുതച്ചിരുന്ന വര്‍ക്കി ചേട്ടന്റ്റെ ഉണങ്ങി കരിവാളിച്ച കവിള്‍ തടത്തില്‍

നിന്നും ഒഴുകിയിറങ്ങിയ ഒരു തുള്ളി കണ്ണുനീര്‍

കല്ലുപാലത്തില്‍ വീണുടഞ്ഞുവോ ............

വെള്ള പുതച്ചു കിടന്നിരുന്ന പിള്ളച്ചായന്റെ ചെവിയില്‍ കത്രീന ചേടത്തി കണ്ടമിടറി പതിയെ പറഞ്ഞു."ദേ ,നിങ്ങള്‍ അറിഞ്ഞോ ,നമ്മുടെ പൗലോസ്‌ അപ്പോസ്തലന്‍ കുറെ ഇന്ത്യക്കാര്‍ക്കും ലേഖനങ്ങള്‍ എഴുതിയിട്ടുണ്ടെന്ന്" ....


Jump from your Mobile

മൊബൈൽ ഫോണിൽ നിന്നും മൊഴിയിലേക്ക് വളരെ എളുപ്പം പോകാം

എങ്ങനെ?

എഴുത്തുകാരോട്

ലോഗിൻ ചെയ്ത ശേഷം, രചനകൾ സൈറ്റിൽ സമർപ്പിക്കുക. പരിശോധിച്ച ശേഷം  പ്രസിദ്ധം ചെയ്യുന്നതാണ്. പ്രസിദ്ധീകരിക്കുന്ന ഓരോ രചനയ്ക്കും 50 points. മികച്ച രചനയ്ക്ക് അധികമായി 100 Bonus points. 500 points തികയുമ്പോൾ, സമ്മാനത്തുക കൈപ്പറ്റാം. ഈ സൈറ്റിൽ പ്രസിദ്ധം ചെയ്യുന്ന എല്ലാ രചനകളും മൊഴിയുടെ ഇമെയിൽ, സോഷ്യൽ മീഡിയ തുടങ്ങി എല്ലാ ഡിജിറ്റൽ മാധ്യമങ്ങളിലും,  അച്ചടി മാധ്യമങ്ങളിലും കൂടുതൽ പ്രചാരണത്തിനായി പ്രസിദ്ധീകരിക്കുന്നതായിരിക്കും. *T&C Apply
View Tutorials
എഴുത്തിനുള്ള പ്രതിഫലം