fbpx

 

 

 


മനോജേട്ടന്റെ തയ്യൽ കടയുടെയും ബാവുക്കാന്റെ ഹോട്ടലിന്റെയും ഇടയിലുള്ള ഇരുണ്ട  ഇടനാഴിയിൽ വെച്ചാണ് കാലങ്ങൾക്ക് ശേഷം ഇരുട്ടും വെളിച്ചവും കണ്ടു മുട്ടിയത്. ഹോട്ടലിന്റെ പുക മൂടിയ

പിന്നാമ്പുറത്തെ കറുത്ത മാറാലകളിൽ ഇരുൾ വന്ന് പറ്റിപ്പിടിക്കുന്ന ഒരു വൈകുന്നേരം. വെളിച്ചമാകട്ടെ ആകാശത്തെ ചുവന്ന ശോഭയിൽ അലിയാൻ തയ്യാറായി നിൽക്കുന്നു." നീ എന്തിനാണ് പകൽ സമയം നിഴലുകളായി വന്ന് എന്നെ അലോസരപ്പെടുത്തുന്നത്". വെളിച്ചം ഇരുട്ടിനോട് ചോദിച്ചു. പെട്ടന്നായിരുന്നു ഇരുട്ടിന്റെ മറുപടി. " നീ എന്തിനാണ് നിലാവെളിച്ചമായ് വന്നു രാത്രിയിൽ എന്നെ ശല്യം ചെയ്യുന്നത്". വെളിച്ചം പറഞ്ഞു "നീ ഒരു ശാപം ആണ്. മനുഷ്യർക്ക് തെറ്റുകൾ ചെയ്തു കൂട്ടാനുള്ള ഒരു മറ മാത്രമാണ് നീ. അല്ലാത്ത സമയങ്ങളിൽ അവർക്ക് നിന്നെ വെറുപ്പാണ്.അതു കൊണ്ടാണവർ രാത്രിയിൽ കൃത്രിമ വെളിച്ചം സൃഷ്ടിക്കുന്നത്. ഞാനാണ് എപ്പോഴും സത്യത്തെ വഹിച്ചു കൊണ്ടു വരുന്നത്". മറുപടിയൊന്നും പറയാൻ ആവാതെ ഇരുട്ട് കുറച്ചു നേരം മൂകനായി. പിന്നെ ഒരു അനിവാര്യത പോലെ വെളിച്ചത്തിനു മേൽ ചാഞ്ഞു വീണു  

പിറ്റേന്ന്‌, പെരുമഴയുള്ള ദിവസം, വെളിച്ചം ഇരുട്ടിനെ തേടി ഇറങ്ങി. തലേന്നു പറഞ്ഞതിന്റെ ബാക്കി പറയാൻ വെളിച്ചത്തിനു വ്യഗ്രത കൂടി. എന്നാൽ കിഴക്കൻ ചരുവിൽ വവ്വാലുകൾ പാർക്കുന്ന,  ഇടിഞ്ഞു വീഴാറായ ആ പുരയ്ക്കുള്ളിലോ, പാടത്ത് ചീഞ്ഞ അടയ്ക്കയുടെ മണമുള്ള ചാലിന്റെ മൂലയിലെ പൊത്തുകളിലോ എത്ര തിരഞ്ഞിട്ടും ഇരുട്ടിനെ കണ്ടെത്താൻ വെളിച്ചത്തിനു കഴിഞ്ഞില്ല. അവസാനം മഴ മാറിയ വൈകുന്നേരം,  മനോജേട്ടന്റെ തലയ്ക്കുള്ളിൽ ചുരുണ്ടു കൂടി കിടക്കുന്ന ഇരുട്ടിനെ അപ്രതീക്ഷിതമായി വെളിച്ചം  കാണാൻ ഇടയായി. "നീയെന്താണ് ഇവിടെ ഇരിക്കുന്നത്". ഇരുട്ട് മൗനിയായിരുന്നു. പെട്ടന്നാണ് മനോജേട്ടന്റെ അഞ്ചു മക്കളിൽ ഇളയ ആൾ പാരീസിൽ നിന്നും ഒരു മെസ്സേജ് അയച്ചത് " അച്ഛാ ഞാൻ 4 മണിക്കൂർ മുൻപ് എത്തി, കുഴപ്പം ഒന്നും ഇല്ല. പിന്നെ അച്ഛന് ഒറ്റക്ക് കിടക്കാൻ പേടി ആണെങ്കിൽ ദിവാകരേട്ടന്റെ വീട്ടിലേക്ക് പൊയ്ക്കോളൂ". ഞരമ്പുകൾ ചീർത്ത കൈകളും രോമം ചാഞ്ഞു കിടക്കുന്ന കാലുകളും അനക്കാതെ നിർവികാരനായി ഇരിക്കുന്ന മനോജേട്ടന്റെ തലയ്ക്കുള്ളിൽ ഇരുട്ട്  ശാന്തനായി ഇരിക്കുന്നത് വെളിച്ചം അല്പ നേരം നോക്കി നിന്നു. പിന്നെ ഒരു ജാള്യതയോടെ മനോജേട്ടന്റെ ഫോണിന്റെ ഡിസ്പ്ലേയിലേക്ക് ഊളിയിട്ട് ഒളിച്ചിരുന്നു.


Jump from your Mobile

മൊബൈൽ ഫോണിൽ നിന്നും മൊഴിയിലേക്ക് വളരെ എളുപ്പം പോകാം

എങ്ങനെ?

എഴുത്തുകാരോട്

ലോഗിൻ ചെയ്ത ശേഷം, രചനകൾ സൈറ്റിൽ സമർപ്പിക്കുക. പരിശോധിച്ച ശേഷം  പ്രസിദ്ധം ചെയ്യുന്നതാണ്. പ്രസിദ്ധീകരിക്കുന്ന ഓരോ രചനയ്ക്കും 50 points. മികച്ച രചനയ്ക്ക് അധികമായി 100 Bonus points. 500 points തികയുമ്പോൾ, സമ്മാനത്തുക കൈപ്പറ്റാം. ഈ സൈറ്റിൽ പ്രസിദ്ധം ചെയ്യുന്ന എല്ലാ രചനകളും മൊഴിയുടെ ഇമെയിൽ, സോഷ്യൽ മീഡിയ തുടങ്ങി എല്ലാ ഡിജിറ്റൽ മാധ്യമങ്ങളിലും,  അച്ചടി മാധ്യമങ്ങളിലും കൂടുതൽ പ്രചാരണത്തിനായി പ്രസിദ്ധീകരിക്കുന്നതായിരിക്കും. *T&C Apply
View Tutorials
എഴുത്തിനുള്ള പ്രതിഫലം