fbpx

 

 

 

പുറത്ത് സൂര്യൻ്റെ നേരിയ ചുമപ്പ് രാശി ഇരുണ്ട് പടരാൻ തുടങ്ങിയത് കണ്ടതോടെ  തോമസ്സൂട്ടി ഡ്യൂട്ടി കൈമാറി വീട്ടിലേക്ക് പോകാനൊരുങ്ങി. നാളെ താൻ അവധിയിലാണ്. ഇന്നു കൂടെ അവധി വേണമെന്ന് 

അപേക്ഷിച്ചിരുന്നെങ്കിലും കടയിലെ വർദ്ധിച്ച  തിരക്ക് പ്രമാണിച്ച് അനുവദിച്ചു കിട്ടിയില്ല. താനങ്ങനെ അവധിയെടുക്കാറില്ല.  തീർത്തും ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിലെ  അവധിയെടുക്കാറുള്ളൂ. എന്തായാലും നാളെ താൻ ജോലിക്കില്ല. മറ്റൊന്നുമല്ല ,നാളെ ക്രിസ്മസ് ആണ് ! 

പതിവുപോലെ കടയിലെ ജോലിക്കാർക്കെല്ലാം നല്കുന്ന   ഒരു   ചെറിയ  പ്ലം കേക്കും ഒരു പെട്ടി മാല ബൾബും     അടങ്ങിയ       സഞ്ചിയുടെ    മുകൾ ഭാഗം   മടക്കി നെഞ്ചിലണച്ച് തോമസ്സൂട്ടി കടയിൽ നിന്നിറങ്ങി.ജനമിരമ്പുന്ന     വഴിത്താരയിലിറങ്ങിയതും     അയാൾ   തെല്ലിട ചിന്തയിലാണ്ടു നിന്നു. മാനേജരെ ഒന്നു കൂടെ പോയി കാണണോ? രാവിലെ ഒന്നു  പോയിക്കണ്ടതാണ്. തന്നെക്കണ്ടതും അയാളൊന്നും മിണ്ടാതെ പുച്ഛഭാവത്തിൽ കംപ്യൂട്ടറിൽ നിന്നൊരു പ്രിൻ്റ് എടുത്തു നീട്ടി. ക്രിസ്മസിനും കൊടുക്കുന്ന ചില്ലറ ബോണസ്സടക്കം  അടുത്ത രണ്ടു  മാസങ്ങളിലെ ശമ്പളം  എന്നേ താൻ അഡ്വാൻസായി  കൈ  പറ്റിക്കഴിഞ്ഞതിൻ്റെ രേഖ. ക്രിസ്മസ് കാലമാണ്. അതിൻ്റെ  ദയാദാക്ഷിണ്യമൊന്നും അയാളിൽ നിന്നും പ്രതീക്ഷിക്കാനാവാത്തതിനാൽ ഒന്നും പറയാതെ, ഒന്നും ആവശ്യപ്പെടാതെ  തിരിച്ച് ഡ്യൂട്ടിക്ക് കയറുകയായിരുന്നു. അതു കൊണ്ടിനി നിന്നിട്ട് കാര്യമില്ല. വേഗം വീടു പറ്റുന്നതാണ് നല്ലത്.ഈ സമയത്ത് കടം കിട്ടാനും പ്രയാസം തന്നെ. >

ഷോപ്പിനെതിരുള്ള തിരക്കുപിടിച്ച ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടയിൽ അയാളൊന്നു തിരിഞ്ഞു നോക്കി. അപ്പോഴാണത് കണ്ണിൽ പെട്ടത്.'സാന്തോ' എന്നു പേരുള്ള താൻ ജോലി ചെയ്യുന്ന ഷോപ്പിനു  മുകളിലെ 'ന്തോ' എന്ന് എഴുതിയിരിക്കുന്ന എന്ന ഭാഗത്തെ വർണ്ണബൾബുകൾ അണഞ്ഞു കിടക്കുന്നു. . ആ ഭാഗത്തേക്കുള്ള വയറെന്തെങ്കിലും കരിഞ്ഞുപോയികാണണം. എല്ലായിടത്തും മനോഹരങ്ങളായ ദീപങ്ങൾ മിഴി തുറന്നു പ്രഭ ചൊരിയുന്ന  ഈ വേളയിൽ  അതൊരു ഭംഗികേടായി അയാൾക്കു തോന്നി. ഉടനെ അയാൾ ഇലക്ട്രീഷ്യനെ വിളിച്ച് വിവരം പറഞ്ഞു. പിന്നെ ബസ്സ് സ്റ്റോപ്പിൽ തെല്ലിട നിന്നു. ബസ്സു  കയറുന്നതിനു മുൻപ് ഒന്നുകൂടി കടയിലേക്ക്  തിരിഞ്ഞു നോക്കി. അയാളുടെ മുഖം പ്രകാശിച്ചു. ഷോപ്പിനു  മുകളിലെ സാന്തോ അക്ഷരങ്ങൾ പ്രകാശം പൊഴിച്ചു കൊണ്ട് നിൽക്കുന്നു......                          

ബസ്സിൽ സാമാന്യം തിരക്കുണ്ട്. സാധാരണ ഒരു പാട് വൈകി ആളൊഴിഞ്ഞ ബസ്സിലാണ് വീടു പറ്റാറ്. തിരക്കുണ്ടെങ്കിലും സമീപത്തുള്ള ഒരാളെണീറ്റതോടെ ഇരിക്കാൻ സീറ്റു ലഭിച്ചു.ഇരുന്നു. ബസ്സ് നീങ്ങിക്കഴിഞ്ഞപ്പോഴാണ് ഒരമ്മയും കുഞ്ഞും ബസ്സിൻ്റെ ചലനത്തൊടൊപ്പം  നിന്നാടുന്നത് കണ്ടത്. ആരും അവരെ ശ്രദ്ധിക്കുന്നുമില്ല. അവരെ വിളിച്ച് എഴുന്നേറ്റ് ഇരിപ്പിടം കൊടുത്ത്   ബസ്സിലെ കമ്പി ഒരു താങ്ങാക്കി  എഴുന്നേറ്റു നിന്നു.ബസ്സിൻ്റെ കുലുക്കത്തൊടൊപ്പം അയാളുടെ പോക്കറ്റിലെ ചില്ലറക്കൂട്ടവും  കുലുങ്ങി ഒച്ചവച്ചു. ഇക്കുറിയും  കൃസ്തുമസ്  മേരിക്കുട്ടിയെ ഏൽപ്പിക്കേണ്ടി വരും. ക്രിസ്മസിനു വേണ്ടുന്ന  അത്യാവശ്യം സാധനങ്ങൾ അവർ തയ്യാറാക്കിക്കാണണം. അയാൾക്ക് കഠിനമായ വൃഥ തോന്നി. ഒരു മനുഷ്യായുസ്സ് മുഴുവൻ പണിയെടുത്തിട്ടും.... ഇന്നും...        ഇന്നു മാത്രമല്ല എന്നും തൻ്റെ അവസ്ഥ ഇതൊക്കെത്തന്നെ ആയിരുന്നല്ലോ?

അഞ്ചു സഹോദരങ്ങളെയും വയ്യാത്ത അമ്മയെയും ഏൽപ്പിച്ച് പടിയിറങ്ങിപ്പോയതാണപ്പൻ.ആറിലോ ഏഴിലോ പഠിക്കുമ്പോൾ. പിന്നെ സ്കൂളു കണ്ടിട്ടില്ല. അതിനു ശേഷം  ഒന്നു ശ്വാസം വിടാൻ പോലും കഴിഞ്ഞിട്ടില്ല. എല്ലാരേം ഒരു  കരക്കെത്തിച്ചു.  ഒടുവിൽ നമുക്കൊരു കുടുംബമായപ്പോൾ കരിമ്പിൻചണ്ടി പരുവമായി. പോരാത്തതിന് നൂറു കൂട്ടം അസുഖങ്ങളും. കമ്പനിയിൽ നിന്നും പിരിഞ്ഞതിനു ശേഷവും പണിക്കു പോകുന്നതെന്തിന്?  വിശ്രമിച്ചു കൂടെന്ന് പലരും ചോദിക്കും.  വെറുതെയിരുന്നാൽ അസുഖങ്ങൾ വന്നുകേറുമെന്നു പറയും . തൻ്റെ അവസ്ഥ ചോദിക്കുന്നവർക്ക് അറിയില്ലല്ലോ? കരക്കെത്തിയവർ കരക്കെത്തിച്ചവരെ മറന്നു. അല്ല... താനൊന്നും പ്രതീക്ഷിച്ചിട്ടല്ല.  കരക്കെത്തിയവർക്ക്  വൻകരകളിലേക്ക് പോകാനാണ് പൂതി .

മകളുണ്ട് .അതുകൊണ്ടുതന്നെ നേരത്തെത്തന്നെ കുടുംബത്തിനു താങ്ങാവട്ടെ  എന്നു കരുതി മകനെ ഒരു  കൈത്തൊഴിലു പഠിപ്പിച്ചു. വെൽഡിംഗ്.ഗൾഫ് സ്വപ്നവുമായി മുംബൈയിൽ പോയി വിസാ തട്ടിപ്പിൽ കുടുങ്ങി വീട്ടിൽ വന്നിരിപ്പാണ്. അതവനെ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്. തൻ്റെ  മുഖത്തോട്ടു നോക്കാറില്ല. പ്രതീക്ഷയറ്റ പോലെ ഒരിരുപ്പാണ്. മുടി വെട്ടാനുള്ള പണത്തിനു പോലും തന്നെ ആശ്രയിക്കേണ്ടതിൻ്റെ ജാള്യതയും വേദനയും ......മകളാകട്ടെ വീട്ടിൽ വന്നു നിൽക്കുന്നു. മരുമകൻ നല്ലവനാണ് മനുഷ്യപ്പറ്റുള്ളവനാണ്. അവൻ്റപ്പനാണ് പിടിവാശിക്കാരൻ . മറ്റുള്ളവർക്കു നല്ലതു ചെയ്യുന്നവരുടെ അനുഭവം ഇതാണ്. നൻമക്കും ധാർമ്മികതക്കും ഒരു വിലയുമില്ലെന്നാണ് ഇതുവരെ ജീവിതം പഠിപ്പിച്ച പാഠം .അപ്പൻ പടിയിറങ്ങിയതിനു പിന്നാലെ താനും തൻകാര്യം നോക്കി പോയിരുന്നെങ്കിലോ? പെങ്ങൻമാരുടെ കെട്ടിന് കടം വാങ്ങിയ പണം ഈയടുത്ത കാലത്താണ് കനത്ത പലിശ സഹിതം അടച്ചു തീർത്തത്. ഇല്ല.. അതിലൊന്നും വിഷമമില്ല. അതെല്ലാം തൻ്റെ കടമ ആയി മാത്രമേ കണ്ടിട്ടുള്ളൂ.       എന്തിനും       ഏതിനും         ഞാൻ വേണമായിരുന്നവർക്ക്   ഇന്ന് കരിമ്പിൻ ചണ്ടി ആയിക്കഴിഞ്ഞ  തന്നെ ആവശ്യമില്ല. അതാണ് തന്നെ ഏറെ  മുറിവേൽപ്പിക്കുന്നത്.                                                          

എൻ്റെ      മകൾ....      മകൻ......  അവരെ ഒരു കരക്കെത്തിക്കണം  ഇനി അതേ ഉള്ളൂ, ഈ ജീവിതത്തിന്റെ ലക്‌ഷ്യം! അമ്മച്ചിയെ അവർക്കു   ജീവനാണ് താനില്ലെങ്കിലും പൊന്നുപോലെ       നോക്കിക്കൊള്ളും     പിന്നെ നിന്ന നിൽപ്പിൽ വീണു മണ്ണടിഞ്ഞാലും വിരോധമില്ല.                   

ബസ്സിറങ്ങുമ്പോൾ      തോമസ്സു കുട്ടിയുടെ        കണ്ണിമ     നനഞ്ഞു   തുളുമ്പിയിരുന്നു. വഴിത്താരയിലുള്ളവർ അതു       കാണാതിരിക്കാൻ   അയാൾ     കണ്ണു തുടച്ചു . വീട്ടിലേക്കു നടക്കവേ വഴിയരികിലെ കന്യാമറിയത്തിൻ്റെ   തിരുരൂപത്തിന മുൻപിൽ  മെഴുകുതിരി കത്തിച്ചു. രൂപത്തിൽ നിന്നും   കാരുണ്യം തന്നിലേക്ക്‌ നിറയുന്നതായും  സങ്കടങ്ങൾ മഞ്ഞുപോലെ  അലിഞ്ഞൊഴുകാൻ തുടങ്ങുന്നതായും അയാൾക്കു തോന്നി.

വീടെത്തിയതും അയാൾ ഇറയത്തിട്ടിരുന്ന ചാരുകസേരയിൽ  വന്നു കിടന്നു. ക്ഷീണമുണ്ട്. മകളുടെ മകൻ സമീപത്തുള്ള കൂട്ടുകാരെ കൂട്ടി  പുൽക്കൂടും നക്ഷത്രവുമൊക്കെ തയ്യാറാക്കാനുള്ള തിരക്കിലാണ്.  തിരക്കുള്ള ബസ്സിലെ യാത്രയും,തീ പിടിച്ച ചിന്തകളും അയാളെ തീർത്തും  പരിക്ഷീണനാക്കിയിരുന്നു. ഭാര്യ മേരിക്കുട്ടി ഒരു കട്ടൻ ചായയുമായി വന്ന് തട്ടി വിളിച്ചപ്പോഴാണയാൾ കണ്ണു തുറന്നത്. അൽപനേരം അയാൾക്കൊന്നും കാണാൻ കഴിഞ്ഞില്ലതെല്ലിട കഴിഞ്ഞ് കണ്ണിലെ  മൂടൽ  മാറിയപ്പോഴാണ്  മുന്നിലിരിക്കുന്ന ആളെ കണ്ടത്.  നല്ല പരിചയമുള്ള മുഖം. അയാൾ ചിരിച്ചു കൊണ്ട് ഭാര്യയോട്  പറയുകയാണ്                                     

 'അഞ്ചു മിനിറ്റായിട്ടോ ഇവടെ  ഇരിക്കാൻ തുടങ്ങിട്ട്. അച്ചായൻ ക്ഷീണിച്ചങ്ങനെ മയക്കത്തിലും . അതു കൊണ്ട് ഉണർത്തിയില്ല.'        

ഒരു കവിൾ കട്ടൻ ചായ കുടിച്ചയാൾ പൊട്ടിച്ചിരിച്ചപ്പോൾ നിരയൊത്ത വെൺമയാർന്ന ദന്തപ്പരലുകൾ  തോമസ്സൂട്ടി കണ്ടു. തന്റെ ബന്ധക്കാരിൽ ഇങ്ങിനെ ഒരാളെ കണ്ടു പരിചയമില്ല.ഒരു പാട് ബന്ധുകൾ ഭാര്യക്കുണ്ട്. അവരിലാരെങ്കിലുമാകണം. ഭാര്യയും ചിരിച്ചു കൊണ്ട് അയാളോട് സംസാരിക്കുന്നുണ്ട്. ഇനിയിപ്പൊ ആരാന്ന് ചോദിക്കുന്നത് ഭംഗികേടല്ലേ? തൻ്റെ ചിന്ത മനസ്സിലാക്കിയ പോലെ അയാൾ സംസാരം തുടർന്നു.

'കണ്ടോ മേരിയമ്മച്ചി ചാച്ചന് ഞാനാരെന്ന് മനസ്സിലായിട്ടില്ല'

ചാച്ചനെന്ന് ! തന്നോട് നല്ല അടുപ്പമുള്ളവരെ ചാച്ചനെന്ന് വിളിക്കാറുള്ളൂ. എന്നാലും ആരാണെന്ന് പിടികിട്ടുന്നില്ലല്ലോ? തോമസ്സൂട്ടി  സംശയത്തിലായി

 'അമ്മച്ചീടെ നേരെ  താഴെയുള്ള പെങ്ങളെ കെട്ടിച്ചു വിട്ടതെങ്ങോട്ടാ?

'ഭരണങ്ങാനത്തോട്ട് '                             

 ‘അവരുടെ മകൾ  മഠത്തിച്ചേർന്നതറിയില്ലേ?           

“പിന്നെ അറിയാതെ” ?

ഭാര്യ അല്പം ഗൗരവത്തിലാണ് പറഞ്ഞത്.

'അവരുടെ വല്ല്യപ്പന്റെ  മകൻ.....'

‘അതെ ഗൾഫിലുണ്ടായിരുന്ന ലാസറേട്ടന്റെ മോൻ സാജനല്ലേ സാജൻ? .                    

 “ങ്ങാ ഇപ്പം മനസ്സിലായി വരുന്നല്ലോ ഞാനവിടുന്നാ വരുന്നത്. മൂന്നു ദിവസമായി നാട്ടിലെത്തീട്ട്.   തിരക്കുണ്ടായിരുന്നു. ഇന്നേ വരാൻ തരപ്പെട്ടുള്ളൂ.'

അതും പറഞ്ഞ് അയാൾ വലിയ രണ്ടു  കവറെടുത്ത് തിണ്ണമേൽ ഇരിക്കുകയായിരുന്ന ഭാര്യക്കരികിലേക്ക് നീക്കി വച്ചു. അയാൾ ആ  കവറനക്കിയതും ഫോറിൻ സാധനങ്ങളുടെ ഗന്ധം അവിടമാകെ പ്രസരിച്ചു.പിന്നെ ഇതു കുട്ട്യോൾക്ക് എന്നു പറഞ്ഞ് ഒരു ചോക്കലേറ്റിൻ്റെ മുഖപടമുള്ള കവർ കൂടി ഭാര്യയെ ഏൽപ്പിച്ചു. കസേരയിൽ വന്നിരുന്ന്  പറഞ്ഞു തുടങ്ങി 

'മോൻ പുറത്തു പോയല്ലെ? ശരി. ഒരു പ്രധാന കാര്യണ്ട്. അത്  മോനറിയാം.'

ഒരു ഫയലെടുത്തു നീട്ടിക്കൊണ്ടയാൾ  പറഞ്ഞു

“ദാ ഇത് നേരിട്ട് മകന് നൽകി ഒപ്പിട്ടുവാങ്ങേണ്ട പേപ്പേഴ്സ് ആണ് അതേകുറിച്ചെല്ലാം ഞാൻ പിന്നീട് പറഞ്ഞോളാം… ഇത്  വിസ ,ഫ്ലൈറ്റ്   ടിക്കറ്റ് പിന്നെ ദുബായി പോകാനുള്ള മറ്റു പേപ്പേഴ്സും. അടുത്താഴ്ച തന്നെ  പോകേണ്ടി വരും. അവിടുത്തെ സർക്കാരിന്റെ  നേരിട്ട് നിയന്ത്രണത്തിലുള്ള  എണ്ണക്കമ്പനിയാണ്. ആറു മാസം ജോലി. ആറു മാസം ശമ്പളത്തോടെ ലീവ്. അപ്പൊ പിന്നെ മകനെക്കാണാഞ്ഞിട്ടുള്ള പ്രയാസം ഇണ്ടാവില്ലാല്ലോ? അല്ലേ അമ്മച്ചി ?

 അത്ഭുതത്തോടെ  ആ ഫയൽ വാങ്ങി ഓടിച്ചു നോക്കുമ്പോൾ  അയാൾ ചിരിച്ചുകൊണ്ടിരുന്നു. പിന്നെയും ഓരോ ബന്ധുക്കളുടെ വിവരങ്ങൾ ചോദിച്ചും പറഞ്ഞും അയാൾ കളം നിറഞ്ഞുകൊണ്ടിരുന്നു അത്ഭുതം വിട്ടൊഴിയാത്ത മനസ്സോടെ എല്ലാം കേട്ടിരുന്നു. പലരുടേയും പേരുകൾ തനിക്ക് മാറിപ്പോയിരുന്നു. എല്ലാം അയാൾ തിരുത്തിത്തന്നു.  തുടർന്ന് തെല്ലിട ചിന്തയിലാണ്ടിരുന്ന ശേഷം അയാൾ എഴുന്നേറ്റ് എല്ലാവർക്കും ആശംസകൾ നേർന്നു. അല്പം കേക്കു കഴിക്കാമെന്ന് പറഞ്ഞു നിർബന്ധിച്ചെങ്കിലും പിന്നീട് വരാമെന്ന് പറഞ്ഞ് ഇറങ്ങി. പുൽക്കൂടൊരുക്കുന്ന കുട്ടികളോട് എന്തോ കുശലം പറഞ്ഞു കൈ വീശിക്കൊണ്ട് അയാൾ നടന്നു പോകുന്നത്       തോമസൂട്ടിയും ഭാര്യയും നോക്കിനിന്നു.

അടുക്കളയിൽ നിന്ന്  കരച്ചില് ഉയരുന്നതു കേട്ട് വേവലാതിയോടെ ചെന്നപ്പോൾ മകൾ നിന്നു കരയുന്നു. തന്നെക്കണ്ടതും അപ്പായെന്നു വിളിച്ച് അരികത്തു വന്നു. അവളുടെ മുഖം കണ്ടപ്പോൾ മനസ്സിലായി .. ഇക്കരച്ചിൽ സങ്കടത്തിന്റേതല്ല സന്തോഷത്തിന്റേതാണെന്ന് അവൾ ഗദ്ഗധത്തോടെ ഒരു വിധം പറഞ്ഞൊപ്പിച്ചു .അവളുടെ  കുട്ടീടപ്പൻ നാളെ കൂട്ടിക്കൊണ്ടുപോകാൻ വരുന്നുണ്ടെന്ന്..... ..               

ഇറയത്ത് മകനെ കാത്തിരിക്കുമ്പോൾ മേരിക്കുട്ടീ ചോദിച്ചു...                       

'അല്ലാന്നേ ഇപ്പൊ വന്നതാരാ?                           

 'നിനക്കറിയുംന്നല്ലെ ഞാൻ കരുതീത് ! സാജൻറെ .....?                         

'സാജനോ നന്നായിട്ടുണ്ട്. മ്മടെ പിള്ളാരുടെ കല്യാണത്തിനു പോലും തിരിഞ്ഞു നോക്കാത്തയാളാ സാജൻ. ഗൾഫീന്നു വന്നിട്ട് ഏഴെട്ടു കൊല്ലമായി .ഇപ്പൊ കൃഷിപ്പണിയുമായി നടക്കുന്നു.... '

'പിന്നെ ആരാ ഇയാൾ. നമുക്കു പോലും അറിയാത്ത നമ്മടെ എല്ലാ കാര്യങ്ങളും അയാൾക്കറിയാം. നല്ല മുഖ പരിചയവും..... കഷ്ടം പേരുപോലും ചോദിച്ചില്ലല്ലോ?    

'അതെ ഞാനും അതന്നെ ആലോചിക്കണത്.. ആരാ ഇയാൾ?'

അങ്ങിനെയിരിക്കുമ്പോഴാണ് മഞ്ഞ് ഒരു വെളുത്ത കമ്പിളിയായി  അയാളുടെ വീടിനെ പുണരാൻ തുടങ്ങിയിയത്.

 


Jump from your Mobile

മൊബൈൽ ഫോണിൽ നിന്നും മൊഴിയിലേക്ക് വളരെ എളുപ്പം പോകാം

എങ്ങനെ?

എഴുത്തുകാരോട്

ലോഗിൻ ചെയ്ത ശേഷം, രചനകൾ സൈറ്റിൽ സമർപ്പിക്കുക. പരിശോധിച്ച ശേഷം  പ്രസിദ്ധം ചെയ്യുന്നതാണ്. പ്രസിദ്ധീകരിക്കുന്ന ഓരോ രചനയ്ക്കും 50 points. മികച്ച രചനയ്ക്ക് അധികമായി 100 Bonus points. 500 points തികയുമ്പോൾ, സമ്മാനത്തുക കൈപ്പറ്റാം. ഈ സൈറ്റിൽ പ്രസിദ്ധം ചെയ്യുന്ന എല്ലാ രചനകളും മൊഴിയുടെ ഇമെയിൽ, സോഷ്യൽ മീഡിയ തുടങ്ങി എല്ലാ ഡിജിറ്റൽ മാധ്യമങ്ങളിലും,  അച്ചടി മാധ്യമങ്ങളിലും കൂടുതൽ പ്രചാരണത്തിനായി പ്രസിദ്ധീകരിക്കുന്നതായിരിക്കും. *T&C Apply
View Tutorials
എഴുത്തിനുള്ള പ്രതിഫലം