fbpx

 

 

 


അരസികനായ മലയാളം മാഷ് റിട്ടയർ ആയത് തെല്ലൊന്നുമല്ല കുട്ടികളെ സന്തോഷിപ്പിച്ചത്. നാരായണൻ മാഷിനു പകരം ആരായിരിക്കും? കുട്ടികൾക്കു വേവലാതിയായി. ആരു  വന്നാലും നാരായണൻ മാഷെക്കാളും


ഭേദമെന്ന് സ്ഥിരമായി മാഷുടെ ശകാരം കേൾക്കാറുള്ള ബാബൂട്ടൻ പറഞ്ഞു. ഏതായാലും കുട്ടികളുടെ ജിജ്ഞാസക്കും കാത്തിരിപ്പിനും വിരാമമിട്ട്  അടുത്ത ദിവസം മാഷിനു പകരം ആളെത്തി. ശാരദ ടീച്ചർ. ടീച്ചർ വന്നയുടൻ എല്ലാരെയും പരിചയപ്പെട്ടു. ഇടക്ക് കളിവാക്കൊക്കെ  പറയുന്ന  ടീച്ചറെ പൊതുവെ എല്ലാ കുട്ടികൾക്കും ഇഷ്ടമായി. ശോഭനൊഴിച്ച്!പരിചയപ്പെടാനായി വിളിച്ചപ്പോൾ ശ്രദ്ധിക്കുക പോലും ചെയ്യാതെ ജനലഴികളിലൂടെ പുറത്തേക്കു നോക്കി തലേന്നു പെയ്ത മഴയിൽ പൊടിഞ്ഞു പൊന്തിയ മഴപ്പാറ്റകൾ പറന്നലയുന്നതു നോക്കിയിരിക്കുകയായിരുന്നു ശോഭൻ.     

ക്ലാസ്സിൽ എന്നും പുറകു ബഞ്ചിലായിരുന്നു ശോഭന്റെ സ്ഥാനം. രണ്ടും മൂന്നും കൊല്ലം ഒരേ ക്ലാസ്സിലിരുത്തിയ ശേഷം  ഒടുവിൽ നിവൃത്തികേടുകൊണ്ട്  അടുത്ത ക്ലാസ്സിലേക്കവനെ  ജയിപ്പിക്കും. അവിടെയും മുൻ ബഞ്ചിലിരുത്തിയാലും  പിൻബഞ്ചിലേക്കവൻ നീങ്ങും.ഒരിക്കൽ  ശോഭൻ തന്റെ പഞ്ഞിത്തുണ്ട് തിരുകിയ  ചെവി പിടിച്ചു തിരിച്ച ബാലൻ മാഷുടെ കൈ തട്ടിമാറ്റി .ആ ഊക്കിൽ മാഷ് നിലത്തു വീണു. നെറ്റിയിൽ പോറലേറ്റ് രക്തം പൊടിഞ്ഞു സ്റ്റാഫ് റൂമിൽ അതു വലിയ ചർച്ചയായി .  പ്യൂൺ ശിവരാമൻ ക്ലാസ്സിലെത്തി ശോഭനെ  കൂട്ടിക്കൊണ്ടുപോയി. പ്യൂണിനൊപ്പം കൂസാതെ ശോഭൻ നടന്നു പോകുന്നത് കുട്ടികൾ ഭയന്ന മിഴികളോടെ നോക്കി നിന്നു.  ആ സംഭവത്തിനുശേഷം അധ്യാപകരും അല്പം ഭയപ്പാടോടെയാണ് ശോഭനെ കണ്ടിരുന്നത്.  ക്ലാസ്സിലെ പിൻബഞ്ചിൽ ഒറ്റക്ക് തന്റെതായ ലോകത്ത് ശോഭൻ വ്യാപൃതനായി. ശോഭൻ ആരെയും ശല്യപ്പെടുത്തിയില്ല.ആരും അവനെ  ശല്യപ്പെടുത്തുന്നത്  ഇഷ്ടപ്പെട്ടുമില്ല. ഇളവെയിലിൽ പറന്നലയുന്ന തുമ്പികളെയും  മഴപ്പാറ്റകളെയും മൈനയേയും  ജനലഴികളിലൂടെ  നോക്കിക്കൊണ്ട് ശോഭനിരുന്നു. ചിലപ്പോൾ ഒരു പച്ചത്തുമ്പിയായി ഇവിടെയൊക്കെ പറന്നു നടക്കുവാനായി അവൻ മോഹിച്ചു.  അവനെ അറിയാവുന്ന കുട്ടികൾ കൂട്ടുകൂടാൻ പോയില്ല. അവനെ അറിയാവുന്ന അധ്യാപകർ അവനോട് ചോദ്യങ്ങളും ചോദിച്ചില്ല.

ദീർഘമായ ഒരു മലയാളം പദ്യം നന്നാലുവരി വച്ച് ചൊല്ലിക്കുകയായിരുന്നു ശാരദ ടീച്ചർ. തലേന്ന് കുട്ടികളെക്കൊണ്ട് നോട്ടുബുക്കിലെഴുതിച്ച ശേഷം പഠിച്ചു വരാൻ പറഞ്ഞിരുന്നതാണാ പദ്യം.ഒന്നാം ബഞ്ചിലെ ഒന്നാമൻ തൊട്ട് പദ്യം ചൊല്ലൽ ആരംഭിച്ചു. കുട്ടികൾ അനായാസമായി ടീച്ചറെ പദ്യം ചൊല്ലി കേൾപ്പിച്ചു. പുതിയ ടീച്ചറാണ്! മോശമാകാൻ പാടില്ല. അടുത്ത ഊഴം ശോഭന്റേതാണ്. ശോഭനാകട്ടെ ഒരനക്കവുമില്ല. തന്നോടല്ലെന്ന മട്ടിൽ ഇരിക്കുന്നു. ടീച്ചർ അവനടുത്തെത്തി. അപകടം മണത്ത  കുട്ടികൾ പറഞ്ഞു.

'ടീച്ചർ അവനോടൊന്നും ചോദിക്കണ്ട. അവനറിയില്ല'.

പദ്യം ചൊല്ലൽ മുറിഞ്ഞ നീരസത്തിൽ ടീച്ചർ ഇരിപ്പിടത്തിൽ അല്പനേരം വന്നിരുന്നു.പിന്നെ എല്ലാവരോടുമായി പറഞ്ഞു.' ആരാ പറഞ്ഞത് ശോഭന് അറിയില്ലെന്ന്. ശോഭന് മുഴുവൻ പദ്യവും അറിയാം. വെറുതെ ചൊല്ലലല്ല. യേശുദാസിന്റെ ശബ്ദം കേട്ടിട്ടില്ലേ. അതുപോലത്തെ ശബ്ദമാണ് ശോഭന്റേത്. കുട്ടികൾ ഒന്നടങ്കം അത്ഭുതം കേട്ട പോലെ നിശബ്ദരായി..

 'അല്ലേ ശോഭാ ? പദ്യം ചൊല്ലൂ കേൾക്കട്ടെ", ടീച്ചർ തുടർന്നു.

ശോഭന്റെ മുഖത്തു നിന്നും പ്രകാശം പ്രസരിച്ചു. ശോഭൻ എഴുന്നേറ്റു. പദ്യം ചൊല്ലാനാരംഭിച്ചു. അനർഗളമായ തെളിനീരുറവ പോലെ  ശബ്ദ സൗന്ദര്യത്തോടെ, കവിത പ്രവഹിച്ചു. കുട്ടികൾ അത്ഭുതത്തോടെ ശോഭനെ നോക്കി. പിന്നെ ടീച്ചറേയും...  കവിത മുഴുവൻ ചൊല്ലിത്തീരുന്നതുവരെ ക്ലാസ്സ് നിശ്ശബ്ദമായിരുന്നു. പദ്യം ചൊല്ലി ക്കഴിഞ്ഞ് മുഖം താഴ്ത്തി  നിന്ന ശോഭൻ്റെ അരികിൽ  ടീച്ചർ വന്നു നിന്നു. കുനിഞ്ഞ  മുഖം തെല്ലുയർത്തിയപ്പോൾ  ശോഭന്റെ കണ്ണിമ നനഞ്ഞു കുതിർന്നിരുന്നു.

 

 


Jump from your Mobile

മൊബൈൽ ഫോണിൽ നിന്നും മൊഴിയിലേക്ക് വളരെ എളുപ്പം പോകാം

എങ്ങനെ?

എഴുത്തുകാരോട്

ലോഗിൻ ചെയ്ത ശേഷം, രചനകൾ സൈറ്റിൽ സമർപ്പിക്കുക. പരിശോധിച്ച ശേഷം  പ്രസിദ്ധം ചെയ്യുന്നതാണ്. പ്രസിദ്ധീകരിക്കുന്ന ഓരോ രചനയ്ക്കും 50 points. മികച്ച രചനയ്ക്ക് അധികമായി 100 Bonus points. 500 points തികയുമ്പോൾ, സമ്മാനത്തുക കൈപ്പറ്റാം. ഈ സൈറ്റിൽ പ്രസിദ്ധം ചെയ്യുന്ന എല്ലാ രചനകളും മൊഴിയുടെ ഇമെയിൽ, സോഷ്യൽ മീഡിയ തുടങ്ങി എല്ലാ ഡിജിറ്റൽ മാധ്യമങ്ങളിലും,  അച്ചടി മാധ്യമങ്ങളിലും കൂടുതൽ പ്രചാരണത്തിനായി പ്രസിദ്ധീകരിക്കുന്നതായിരിക്കും. *T&C Apply
View Tutorials
എഴുത്തിനുള്ള പ്രതിഫലം