fbpx

 

 

 

സർ എന്തിനാണ് വിളിപ്പിച്ചത്? " എഡിറ്ററുടെ ക്യാബിൻ ഡോർ തുറന്നു അകത്തേക്ക് കയറുമ്പോൾ അയാൾ ചോദിച്ചു. 
"ആ.. ജീവൻ. നമ്മുടെ ചിന്നപ്പെട്ടി മലയോര ആദിവാസി കോളനി ഒഴിപ്പിക്കാൻ സർക്കാർ നീക്കം നടക്കുന്നുണ്ടല്ലോ. അത് സംബന്ധിച്ച് ഒരു സ്റ്റോറി ഉടൻ റെഡിയാക്കണം. ബ്രിങ് അപ്പ്‌ സംതിങ് സെൻസേഷണൽ." 
 
പിറ്റേന്ന് തന്നെ അയാളും സംഘവും ചിന്നപ്പെട്ടിക്ക് തിരിച്ചു.ചുറ്റുമുള്ള  പ്രകൃതിയുടെ വശ്യ വിസ്മയം അയാളെ ഉന്മേഷവാനാക്കി. "സർ,  ഇനി വണ്ടി പോവുന്നു തോന്നണില്ല. ഇറങ്ങി നടക്കുന്നതാവും നല്ലത്. " ഡ്രൈവർ പറഞ്ഞതു  കേട്ട് എല്ലാവരും ഇറങ്ങി.  ഊരിലെത്താൻ ഒരു സഹായിയെ കൂടെ കൂട്ടിയിരുന്നു. ചതുപ്പ് നിലത്തു നിൽക്കുന്ന ഇടിഞ്ഞു വീഴാറായ കൂരകൾ. അവയ്ക്ക് മുന്നിൽ സ്ത്രീകൾ കൂട്ടം കൂടി  നിന്ന് സൊറ പറയുന്നു. ചിലർ കൈക്കുഞ്ഞുങ്ങളുമായി 
ജോലികളിലാണ്. ആണുങ്ങൾ കിലോമീറ്ററുകൾ അപ്പുറം ടൗണിൽ പോയി ജോലി ചെയ്ത് ആഹാരത്തിനുള്ള വക കണ്ടെത്തുന്നു. കോർപ്പറേറ്റ് കമ്പനികളുമായി ചേർന്ന് സർക്കാർ നടത്തുന്ന പുതിയ സംരംഭം യാഥാർഥ്യമായാൽ ഇവർക്ക് കിടപ്പാടവും നഷ്ടമാവും. പത്രത്തിൽ നിന്നാണെന്നു അറിഞ്ഞപ്പോൾ അവർ കൗതുകത്തോടെ അടുത്ത് കൂടി. ചിലർ പരാതികളുടെ കെട്ടഴിച്ചു. 
"സാറെ ഞങ്ങള്ക്ക് വീട് വെച്ച് തരാന്ന് പറഞ്ഞിട്ട് പിന്നെ ആരും തിരിഞ്ഞു നോക്കിട്ടില്ല. "
"കമ്പനി വന്നാൽ ഞങ്ങൾ പോകേണ്ടി വരും. ഈ കുഞ്ഞുങ്ങൾടെ അച്ഛൻ അകത്തു തളർന്നു കിടപ്പാ.ഞാൻ എന്ത് ചെയ്യും. "
ക്യാമറക്കണ്ണുകൾ എല്ലാം ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. 
"എസ്ക്യൂസ്‌ മി അങ്കിൾ " അയാൾ ഒട്ടും പ്രതീക്ഷിക്കാത്ത ആ സംബോധന കേട്ട് ഞെട്ടി തിരിഞ്ഞു നോക്കി. കുഞ്ഞിപ്പല്ലുകൾ കാട്ടി നിഷ്കളങ്കമായി ചിരിച്ചു നിൽക്കുന്ന ഒരാൺകുട്ടി. 4 വയസ് തോന്നും. കൈക്കുഞ്ഞുമായി നിൽക്കുന്ന ഒരു സ്ത്രീ അവനെ ആംഗ്യ ഭാഷയിൽ വിലക്കുന്നുണ്ടായിരുന്നു. അയാൾ കൗതുകത്തോടെ കുഞ്ഞിന്റെ നേർക്കു  തിരിഞ്ഞു പറഞ്ഞു " യെസ് ". അത് കേട്ടതും അവൻ ഓടി ആ  സ്ത്രീയുടെ പിന്നിലൊളിച്ചു. 
മെലിഞ്ഞു പ്രാകൃതയായൊരു സ്ത്രീ. മുപ്പതിനോടടുത്തു പ്രായം. പഴകി മുഷിഞ്ഞ ഒരു സാരി വലിച്ചു വാരി ഉടുത്തിരിക്കുന്നു. കൈയിലിരിക്കുന്ന കുഞ്ഞു നല്ല ഉറക്കമാണ്. 
" ഞാൻ പട്ടണത്തിൽ വീട്ടുവേലക്ക് പോവാർന്നു സാറെ. അപ്പോ ഇവനേം കൊണ്ടു പോവും. അവിടത്തെ സാർ പഠിപ്പിച്ചതാ.  ഇവളുണ്ടായേ പിന്നെ പോയിട്ടില്ല. " തോളിലുറങ്ങുന്ന കുട്ടിയെ നോക്കി അവർ പറഞ്ഞു. " എന്താ മോന്റെ പേര് "  "ദേവൻ " നാണത്തോടെ അവൻ പറഞ്ഞു. 
അവരുടെ പ്രശ്നങ്ങളും,  രാഷ്ട്രീയ ചൂഷണങ്ങളും എല്ലാം കൂടെ ചേർത്തൊരു എ സ്‌ക്ലൂസിവ് തട്ടി കൂട്ടി ഇറങ്ങാൻ നേരം ദേവന്റെ ചിരി അയാളെ പുറകോട്ടു വലിച്ചു. 
ആ ഒറ്റ മുറി കൂരക്ക് മുന്നിൽ നിന്നപ്പോൾ അയാളുടെ മനസ്സ് വല്ലാതെ പിടക്കുന്നുണ്ടായിരുന്നു. 
"ദേവനെവിടെ "
"അവൻ അകത്തു എന്തോ എഴുതിയിരുപ്പുണ്ട്. സാറുമ്മാരു പോയില്ലാരുന്നോ. ഞങ്ങൾ ഇവിടുന്ന് എറങ്ങണ്ടി വരൊ സാറെ. " ആ സ്ത്രീ ഒറ്റ ശ്വാസത്തിൽ ചോദിച്ചു. അയാൾ മറുപടി പറയും മുമ്പ് അവൻ ഓടി വന്നു. അമ്മയുടെ പിന്നിലൊളിച്ചു. ഒളി കണ്ണിട്ട് അയാളെ നോക്കി. 
"പഠിക്കാൻ വല്യ ഇഷ്ട.പട്ടണതീന്നു സാദനം പൊതിഞ്ഞു വരുന്ന പേപ്പർ എല്ലാം അവനു വേണം. " അയാൾ അവന്റെ കൈകളിൽ പിടിച്ചു തന്നോടടുപ്പിച്ചു. മടിച്ചു മടിച്ചു അവൻ അയാളുടെ അടുത്തേക്ക് വന്നു. അവന്റെ കൈയിൽ ഒരു കടലാസ്സ് കണ്ടു. അയാൾ അത് വാങ്ങി നിവർത്തി. ഒരു ചെറിയ വീട്‌. അതിനു മുന്നിൽ കൈകോർത്തു നിൽക്കുന്ന നാല് പേർ. 
"ഇതെന്താ വരച്ചേക്കണേ "
"ങ്ങടെ പുതിയ വീട്. "
"അങ്കിളിനെ കൊണ്ടുപോവില്ലേ "
"പോവാല്ലോ. " അവൻ ചിരിച്ചു. 
ആ പടം അവൻ അയാൾക്ക് സമ്മാനിച്ചു. 
 
"കൺഗ്രാറ്റ്‌സ് ജീവൻ. നമ്മുടെ ചിന്നപ്പെട്ടി സ്റ്റോറിക്ക് ഇമ്പാക്ട് ഉണ്ടായി. അവരെ തല്ക്കാലം സെയ്താർ മലയിടുക്കിലുള്ള ആ പഴേ ക്വാർട്ടർസിലേക്ക് മാറ്റാൻ സർക്കാർ തീരുമാനമായി. ഉടനെ അവർക്ക് വേറെ ഭൂമി നൽകും. വീടും. ദിസ് ഈസ്‌ ആൻ അച്ചീവ്‌മെന്റ്"എഡിറ്ററുടെ വാക്കുകൾ അയാളുടെ മനസ്സിൽ ദേവനെക്കുറിച്ചുള്ള ഓർമ്മകൾ ഉണർത്തി. 
 
ഇടക്കൊരു ദിവസം സെയ്താർ മലയിലേക്കു അയാൾ യാത്ര പോയി. സുരക്ഷ ഭീഷണി മൂലം ഒഴിഞ്ഞു കിടക്കുകയായിരുന്ന ക്വാർട്ടേഴ്‌സ്. മൂന്നു തവണയാണ് ഉരുൾ പൊട്ടലുണ്ടായതവിടെ. ദേവൻ പുതിയ വീട്ടിൽ സന്തോഷവാനായിരുന്നു. " അങ്കിൾ,  ഞാൻ എബിസിഡി പഠിച്ചല്ലോ "
"അവൻ ഇപ്പോ അടുത്തൊരു സ്കൂളിൽ പോണുണ്ട് " ദേവന്റെ അമ്മ പറഞ്ഞു 
"സാറെ ഞങ്ങടെ ഭൂമിടെ കാര്യം ഒന്നുമായില്ലല്ലോ. മരണം മുന്നിൽ കണ്ടാ ജീവിക്കണേ. "
 
"സർ,  നമുക്ക് എന്തെങ്കിലും ചെയ്യണ്ടേ. ഇത്ര നാളായിട്ടും അവരെ മാറ്റിപാർപ്പിച്ചോ. മരണഭീതിയിലാ അവരുടെ ജീവിതം. നമ്മൾ ചെയ്ത സ്റ്റോറി അപ്പോളല്ലേ കംപ്ലീറ്റ് ആവൂ "
"ജീവൻ.,  ഇതൊരു ചാരിറ്റി ഓർഗനൈസഷൻ അല്ല. ഇനിം ഇതിൽ ഇടപെട്ടാൽ നമുക്ക് അത് പ്രശ്‌നാവും. നമുക്ക് കിട്ടാനുള്ള മൈലേജ് കിട്ടിയാൽ പിന്നെ വിട്ടേക്കണം. ഗോ ഫോർ ദി നെക്സ്റ്റ്. താൻ ജൂനിയർ ആയോണ്ടാ ഈ വക കൺഫ്യൂഷൻസ്. സൊ ലീവ് ഇറ്റ് "
 
മഴക്കെടുതിയിലുണ്ടായ ഉരുൾപൊട്ടലിൽ മണ്ണിലമർന്നവരുടെ ശ്വാസത്തിന്റെ കണക്കെടുക്കാനാണ് പിന്നീട് സെയ്താർമലക്ക് അയാൾ പോയത്. എങ്ങും ചിതറിയ സ്വപ്‌നങ്ങളുടെ അവശേഷിപ്പുകൾ മാത്രം. കണ്ണുകളും മനസ്സും അവനെ പരതുന്നുണ്ടായിരുന്നു. അവന്റെ പഠിക്കാനുള്ള ആഗ്രഹം,  പുതിയ വീട്ടിലേക്ക് പോവാനുള്ള ഉത്സാഹം എല്ലാം അയാളെ നോവിച്ചു കൊണ്ടിരുന്നു. പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരുന്ന ആശുപത്രിയിൽ ദേവനെ അയാൾ കണ്ടെത്തി. ആ ദുരന്തം അവനെ അനാഥനാക്കിയെന്ന് ഞെട്ടലോടെ അയാൾ തിരിച്ചറിഞ്ഞു. 
 
വീട്ടിലെത്തിയ അയാൾ അവൻ വരച്ച കടലാസ്സ് കഷ്ണം ഒരിക്കൽ കൂടി കയ്യിലെടുത്തു. ആശുപത്രിയിൽ വെച്ച് ചലനമറ്റ ശരീരവുമായി കിടന്ന അവന്റെ വാക്കുകൾ അയാളെ വേട്ടയാടി. 
 
"അങ്കിൾ ഇനി എനിക് എബിസിഡി എഴുതാൻ പറ്റുവോ "
"കുഞ്ഞാവേടെ കൂടെ കളിക്കാൻ പറ്റുവോ "
"പുതിയ വീട്‌ ചീത്തയാ. പഴേ വീട് മതിയാരുന്നു അല്ലെ അങ്കിൾ "
 
അപ്പോഴും ആ കടലാസ്സ് അയാളുടെ കയ്യിലിരുന്നു വിറക്കുന്നുണ്ടായിരുന്നു.

Jump from your Mobile

മൊബൈൽ ഫോണിൽ നിന്നും മൊഴിയിലേക്ക് വളരെ എളുപ്പം പോകാം

എങ്ങനെ?

എഴുത്തുകാരോട്

ലോഗിൻ ചെയ്ത ശേഷം, രചനകൾ സൈറ്റിൽ സമർപ്പിക്കുക. പരിശോധിച്ച ശേഷം  പ്രസിദ്ധം ചെയ്യുന്നതാണ്. പ്രസിദ്ധീകരിക്കുന്ന ഓരോ രചനയ്ക്കും 50 points. മികച്ച രചനയ്ക്ക് അധികമായി 100 Bonus points. 500 points തികയുമ്പോൾ, സമ്മാനത്തുക കൈപ്പറ്റാം. ഈ സൈറ്റിൽ പ്രസിദ്ധം ചെയ്യുന്ന എല്ലാ രചനകളും മൊഴിയുടെ ഇമെയിൽ, സോഷ്യൽ മീഡിയ തുടങ്ങി എല്ലാ ഡിജിറ്റൽ മാധ്യമങ്ങളിലും,  അച്ചടി മാധ്യമങ്ങളിലും കൂടുതൽ പ്രചാരണത്തിനായി പ്രസിദ്ധീകരിക്കുന്നതായിരിക്കും. *T&C Apply
View Tutorials
എഴുത്തിനുള്ള പ്രതിഫലം