fbpx

 


വല്ലപ്പോഴും വീണു കിട്ടുന്ന ഒഴിവു സമയങ്ങളിൽ കുടുംബത്തിനൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ സൊറ പറഞ്ഞിരിക്കാനും തലച്ചോറിലും മനസിലും കുത്തി തിരുകി കയറ്റേണ്ടി വരുന്ന വീർപ്പു മുട്ടിക്കുന്ന ചാനൽ സംബന്ധമായ

ടെൻഷനുകളിൽ നിന്ന് ഒരാശ്വാസം കിട്ടാനും വേണ്ടിയായിരുന്നു ഇതുവരെയും കടപ്പുറത്തേക്ക് വന്നിരുന്നത്. ഇതിപ്പോ ചാനൽ റേറ്റിംഗ് കുറഞ്ഞതിന് എംഡിയുടെ വായിൽ നിന്ന് കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് ചീത്തകൾ കേട്ട്നിൽക്കക്കള്ളിയില്ലാതെ താൻ തന്നെ നേരിട്ട് ക്യാമറയും തൂക്കി ഒരു എക്സ്ക്ലൂസീവ് സ്റ്റോറിക് വേണ്ടി ഇറങ്ങിയിരിക്കുകയാണ് അതും വെളുപ്പിനു തന്നെ. ഏതു സ്റ്റോറി സെലക്ട് ചെയ്യണമെന്ന് അധികം ചിന്തിക്കേണ്ടി വന്നില്ല.ഈ സമയത്തു പ്രേക്ഷകരെ കയ്യിലെടുക്കാൻ അവരുടെ വികാരത്തെ മുതലെടുക്കാൻ ഓഖി ചുഴലി കാറ്റിന്റെ സംഹാര താണ്ഡവം നേരിൽ കണ്ടു ഭീതി മാറാതെ ചത്തതിൽ ഒക്കുമെ ജീവിച്ചിരിക്കലും എന്ന രീതിയിൽ കഴിയുന്ന കുറെ സാധുക്കൾ ഉള്ള കടപ്പുറം തന്നെയാണ് ഏറ്റവും ഉചിതം ! അവർക്കിടയിൽ നിന്ന് ആരെയും പിടിച്ചിരുത്തുന്ന തരത്തിൽ 

കരളലിയിക്കുന്ന ഒരു കഥ കണ്ട് പിടിക്കണമല്ലോ എന്നോർത്തപ്പോൾ ആദ്യം മനസിലേക്ക് ഓടി വന്നത് നിലവിലുള്ള വ്യവസ്ഥിതികളോട് കലഹിച്ചു സീനിയർ പത്രപ്രവർത്തക എന്ന ലേബൽ ദൂരെ വലിച്ചെറിഞ്ഞു സ്വന്തം ചിറകിൽ പാറി നടക്കുന്ന കോളേജിൽ സീനിയർ ആയി പഠിച്ചുപോയി എന്ന തെറ്റിന്റെ പേരിൽ മാത്രം താൻ നിരന്തരം ശല്യപ്പെടുത്തുന്ന പ്രീതയുടെ മുഖമാണ്. ഇത്തരം അവസരങ്ങളിൽ അവൾ കയ്യൊഴിയില്ല എന്ന വിശ്വാസം കൊണ്ട് തന്നെയാണ് അവളുടെ സ്വഭാവം നന്നായി അറിയാമെങ്കിലും സഹായം ചോദിച്ചു വിളിച്ചത്. വിഷയം അവതരിപ്പിച്ചപ്പോൾ പ്രതീക്ഷിച്ചതിനേക്കാൾ എറെ പുച്ഛം കലർത്തിയ മറുപടിയും കിട്ടി. ആദ്യമാദ്യം പതിഞ്ഞ സ്വരത്തിൽ തുടങ്ങിയ കുത്തു വാക്കുകൾ അവസാനം ലാവ പോലെ തിളച്ചു മറിഞ്ഞു ഹൃദയത്തിന്റെ നാല് അറകളെയും പൊള്ളിയടർത്തി ഒഴുകാൻ തുടങ്ങി. ഒടുവിൽ ശബ്ദത്തിലെ നിസഹായത തിരിച്ചറിഞ്ഞിട്ടാകും മനസില്ലാ മനസോടെയാണെങ്കിലും അയാളെ കുറിച്ചു പറഞ്ഞതും മേൽവിലാസം തന്നതും. 

കൂറ്റൻ തിരമാലകളിൽ പെട്ട് നിലയില്ലാക്കയത്തിൽ രണ്ടും രാവും പകലും ജീവന് വേണ്ടി പിടഞ്ഞു ഒടുവിൽ  
നോഹയുടെ പേടകം പോൽ അവതരിച്ച ചരക്കു കപ്പലിൽ പിടിച്ചു മരണത്തിന്റെ തണുത്ത ദ്വീപിൽ നിന്ന് ചൂടും ചൂരും നിറഞ്ഞ ജീവിതത്തിന്റെ മറുകരയിലേക്കു നീന്തി കയറിയവരിൽ ഒരാൾ. സ്ഥിതി അത്രമേൽ ദയനീയമായതിനാലാൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ച അയാളെ ഇന്നു കാലത്തു അധികൃതർ സ്വന്തം തുറയിൽ എത്തിക്കുന്നുണ്ട്. ഇതിനേക്കാൾ മികച്ച അവസരം തനിക്കിനി കിട്ടാൻ പോകുന്നില്ല!ഇതുവരെ ആർക്കും കിട്ടാത്ത അയാളുടെ എക്സ്ക്ലൂസീവ് ഇന്റർവ്യൂ തനിക്ക് സ്വന്തമാക്കണമെങ്കിൽ മറ്റുള്ള ചാനൽ ചാരന്മാർ മണത്തെത്തും മുൻപേ അവിടെ എത്തിയേ മതിയാവൂ. ചിന്തകളെ പുറകിലാക്കി പഴകി ജീർണ്ണിച്ചു് തുടങ്ങിയ തീരക്കുടിയുടെ കോലായിലേക്ക് കയറി. 

"മര്യദാസിന്റെ വീടല്ലേ?"
" ഉം"
"നിങ്ങളാണോ "
"ഉം"

മരണത്തെ മുഖാമുഖം കണ്ടവന്റെ അന്ധാളിപ്പും മരവിപ്പും നാല്പതുകളുടെ മധ്യത്തിലുള്ള കാഴ്ച്ചയിൽ അവശനായ ആ മനുഷ്യന്റെ ക്ഷൗരം ചെയാത്ത മുഖത്തു നിന്നു വായിച്ചെടുക്കാൻ ജേർണലിസത്തിലെ ബിരുദമൊന്നും വേണ്ടിയിരുന്നില്ല. 

ചാനലിൽ നിന്നാണെന്ന് അറിയിച്ചു, ദുരന്തങ്ങളിലെ ഇരകൾ എപ്പോഴും ഞങ്ങളുടെ അവകാശമാണ് എന്ന അലിഖിത നിയമത്തിന്റെ പുറത്തു അനുവാദത്തിനു കാത്തു നിൽക്കാതെ കടലാക്രമണത്തിൽ ബോണസ് ആയി കിട്ടിയ രക്തക്കറ ഇനിയും ഉണങ്ങിയിട്ടില്ലാത്ത കെട്ടി വച്ചിരുന്ന മുറിവുകളുടെ വിഷ്വൽസ് ക്യാമറാ കണ്ണിൽ പകർത്താൻ തുടങ്ങി. 

"ഈ മുറിവുകൾ വേഗം ഉണങ്ങുമായിരിക്കാം പക്ഷെ ഉണങ്ങാത്ത ചില മുറിവുകളുമായി ഇവിടെ ഇങ്ങനെ ചില മനുഷ്യർ"

സാഹചര്യത്തിനനുസരിച്ചു അനായാസേന ഒഴുകി വരുന്ന എന്റെ വാക്ചാതുര്യത്തിൽ സ്വയം പുളകിതയായി ഒരു നിമിഷം നിന്ന് പോയെങ്കിലും സമചിത്തതയോടെ, ക്യാമറയിൽ ദൃശ്യങ്ങൾ ഒപ്പുന്നതിനിടയിൽ, പശ്ചാത്തലത്തിൽ നിന്നും പരമാവധി സെന്റിമെന്റൽ വാചകങ്ങൾ പുറത്തേയ്ക്കു തള്ളാൻ ശ്രദ്ധയെ ക്ഷണിച്ചു.

"നമസ്കാരം.ചന്ദ്രാ ചാനൽ എക്സ്ക്ലൂസീവ്! ഇത് മര്യദാസ്.ജനിച്ച നാൾ മുതൽ താൻ കടലിന്റെ ഭാഗമാണോ അതോ കടൽ തന്റെ തന്നെ ഭാഗമാണോ എന്ന് തിരിച്ചറിയാത്ത തരത്തിൽ ജീവിക്കുന്ന കടലോര നിവാസി.വീട് പട്ടിണി ആകാതെ ഇരിക്കാൻ മഴയും കാറ്റും വകവയ്ക്കാതെ വട്ടിപലിശക്കെടുത്ത വള്ളവും വലയുമായി കൂറ്റൻ തിരമാലകളെ കീറിമുറിച്ചു ചങ്കുറപ്പോടെ കടലിൽ പോകുന്ന അടിയൊഴുക്കും ഉൾവലിവും പോലും കൃത്യമായി പ്രവചിക്കാൻ പോന്നവിധം കടലനുഭവനങ്ങൾ സ്വന്തമായി ഉള്ളവൻ!

ഒറ്റ മോനെ ഒരിക്കലും കുല തൊഴിലിലേക്കു ഇറക്കില്ലെന്നും പഠിപ്പിച്ചു വലിയ ഉദ്യോഗസ്ഥൻ ആക്കണമെന്നും 
ആഗ്രഹിച്ചതൊരിക്കലും അന്നം തരുന്ന കടലിനെ തള്ളിപ്പറയുന്നതായിരുന്നില്ല മറിച്ചു ആർക്കും ഒരുറപ്പില്ലാത്ത ഈ തൊഴിലിലെ മരണക്കെണിയിൽ നിന്ന് അവനെങ്കിലും  രക്ഷപെട്ടോട്ടെ എന്ന് കരുതിയാണ്. പഠിക്കാൻ മിടുക്കനായിരുന്ന മകൻ ചിലവകുരിശിന്റെ കോളേജ് ഫീസ് അടയ്ക്കാനുള്ള തീയതി അടുത്തതു കൊണ്ടാണ് സംഭവ ദിവസം രാത്രി കാറും കോളും കണ്ടു പിന്നോക്കം പാഞ്ഞ മനസിനെ പാകപ്പെടുത്തി വള്ളമിറക്കിയത്.

മകന്റെ സ്നേഹശാസനയ്ക്ക് മുൻപിൽ തോറ്റാണ് ഒടുവിൽ മനസില്ലാമനസോടെ കരൾരോഗം ബാധിച്ച ഭാര്യയെ വീട്ടിൽ തനിച്ചാക്കി ചിലവകുരിശിനെയും ഒപ്പം കൂട്ടി വള്ളമിറക്കിയത്.

നിനച്ചിരിക്കാതെ പാഞ്ഞെത്തിയ ചുഴലി കാറ്റു ഇവരുടെ വള്ളത്തെ എടുത്തെറിഞ്ഞു അമ്മാനമാടി.കിട്ടിയ മണ്ണെണ്ണ പാട്ടയിൽ പിടിമുറുക്കി ജീവനു വേണ്ടി പിടയുമ്പോഴും മര്യാദാസിന്റെ കണ്ണുകൾ തിരഞ്ഞത് മകനെയായിരുന്നു. ഉപ്പിരുട്ടിൽ കുറച്ചകലെയായി ഉപ്പുവെള്ളം കുടിക്കുന്ന മകനെ കണ്ടു നെഞ്ച് പൊട്ടി സർവ്വ ശക്തിയുമെടുത്തു അവന്റെ അടുത്തേക്ക് നീന്തിയ ഈ അച്ഛൻ ആണ്ടവൻ തുണയ്‌ക്കെത്തുമെന്നു പറഞ്ഞു അവനെ ചേർത്ത് പിടിച്ചു. മരണവുമായുള്ള മൽപിടിത്തത്തിനിടയിൽ എപ്പോഴോ ആണ് ദൈവദൂതനെ പോലെ ഒരു ചരക്കുകപ്പൽ ഇവരെ തേടി എത്തുന്നത്. കിട്ടിയ കച്ചിത്തുരുമ്പിൽ ഏന്തിവലിഞ്ഞു കയറിയ ഉടനെ ഉറങ്ങണമെന്നു പറഞ്ഞു കരഞ്ഞ ചിലവകുരിശിനോട് കരയിലെത്തി ശരീരമൊന്നു പാകപ്പെട്ടിട്ട് ഉറങ്ങിയാൽ മതി എന്ന് പറഞ്ഞെങ്കിലും കൂട്ടാക്കാതെ ഉറങ്ങുകയായിരുന്നു.രക്ഷാപ്രവർത്തനങ്ങൾ നടത്തി വിജയശ്രീലാളിതനായി കപ്പൽ കരയിൽ എത്തുമ്പോഴും ചിലവകുരിശ് നല്ല ഉറക്കത്തിലായിരുന്നു.തട്ടിവിളിച്ചിട്ടും ഉണരാതെ വന്നപ്പോഴാണ് 

എന്നന്നേക്കുമായുള്ള ഉറക്കമായിരുന്നു അതെന്നു മര്യദാസ് ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞത്.ദേഹം കുഴഞ്ഞു വീണ മര്യദാസിനെ അധികൃതർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് ചികിത്സക്ക് ശേഷം ഇന്ന് രാവിലെ സ്വന്തം തുറയിൽ എത്തിക്കുകയുമായിരുന്നു.

ചന്ദ്രാ ചാനൽ എക്സ്ക്ലൂസീവ്!

"പ്രേക്ഷകരോട് താങ്കൾക്കു എന്താണ് പറയാൻ ഉഉള്ളത് ?

"അപ്പാ"

"ചൊല്ലപ്പാ"

"നമ്മ രെച്ചപ്പെടുമേ"

"ഓമോനേ"

പ്രേക്ഷകർ ക്ഷമിക്കണം.ഏക മകന്റെ മരണം കണ്മുൻപിൽ കണ്ടത് ഉൾക്കൊള്ളാനാകാത്ത ഇദ്ദേഹം എന്തൊക്കെയോ പുലമ്പുകയാണ്‌.

ചിലവകുരിശിന്റെ സ്വപ്‌ങ്ങളുടെ ആയുസു കേവലം ഇരുപത് നോട്ടിക്കൽ മൈലിനുള്ളിൽ ഒതുങ്ങി പോയത് വിധിയുടെ വിളയാട്ടമോ അതോ അധികൃതരുടെ അനാസ്ഥയോ?നിങ്ങൾ പ്രേക്ഷകർ വിരൽ ചൂണ്ടേണ്ടത് അവരിലേക്കാണ് ഇതൊക്കെ കോമാളിയായ മരണത്തിന്റെ ആർക്കും തടുക്കാനാകാത്ത കെടുതികൾ എന്ന് വികാരരഹിതരായി അപലപിക്കുന്ന രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന വിദ്വാന്മാർക്കു നേരെ. ന്യൂസ് അവർ ചർച്ച ചെയ്യുന്നു ഇന്ന് രാത്രി എട്ടു മണിക്കു.നിങ്ങളുടെ അഭിപ്രായങ്ങൾ ഇപ്പോ തന്നെ എസ് എം എസുകളായി ചന്ദ്ര സ്‌പേസ് ഓഖി എന്ന് ടൈപ്പ് ചെയ്തു 343434 എന്ന നമ്പറിലേക്ക് അയക്കാവുന്നതാണ്. 

ചന്ദ്രാ ടീവിക്കു വേണ്ടി പൂന്തുറയിൽ നിന്നും അന്നാ മറിയം ജോസ്. ഉടനെ തന്നെ മാറ്റർ ചാനലിലേക്കു മെയിൽ ചെയ്തു.ഹാവൂ ആശ്വാസമായി.

ഇന്നലെ വരെ കാല്പനികതയുടെ പ്രതീകമായ കടൽ ഇന്നു വെറും ഉപ്പുവെള്ളമായി മുന്നിൽ കിടക്കുന്നു.കലിയടങ്ങിയ കടൽ മരണം ഘനീഭവിച്ച കടൽത്തീരം നോക്കി തന്റെ സംഹാരതാണ്ഡവത്തിൽ ഊറ്റം കൊള്ളുകയാണോ?ദുരന്തം അവശേഷിപ്പിച്ചു പോയ തീരക്കുടികൾ നോക്കി നെടുവീർപ്പിട്ടു കൊണ്ടു ഒരു ഐസ്ക്രീം വിൽപ്പനക്കാരൻ എന്നെ കടന്നു പോയി. കടലല്ലാതെ ജീവിതമാർഗം ഇല്ലാത്ത ഇവർ വളരെ പെട്ടന്ന് എല്ലാം മറക്കും.മരണത്തെയും...ഇനിയും കടലിൽ വള്ളമിറക്കും.പ്രതീക്ഷിക്കാതെ വരുന്ന ദുരന്തങ്ങളിൽ ഇനിയുമനേകം ചിലവകുരിശും മര്യദാസും 

കടലോർമയായി ഒടുങ്ങും.ഞങ്ങളെ പോലുള്ളവർ എക്സ്ക്ലൂസിവിനായി വന്നുകൊണ്ടുമിരിക്കും.പുറത്തു വരാതെ തൊണ്ടയിൽ കുടുങ്ങിയ ശബ്ദം ഒന്നുറക്കെ കരയണമെന്ന തോന്നലിനെ തണുത്ത ഉപ്പുകാറ്റിൽ അലിയിച്ചു കളഞ്ഞു."നിന്റെ സെന്റിമെന്റ്സ് ഒക്കെ വീട്ടിൽ വച്ചിട്ടു വേണം ഈ പണിക്കു ഇറങ്ങാൻ."പ്രീതയുടെ പുച്ഛം കലർന്ന വാക്കുകൾ സൂചി പോലെ കുത്തിയിറങ്ങുന്നു.വൈബ്രേറ്റ് ചെയ്ത ഫോൺ എടുത്തതും അങ്ങേത്തലയ്ക്കൽ സോജുവിന്റെ ശബ്ദം "നീ വേഗം കൊച്ചുവേളിയിലേക്ക് വന്നേ.ഒരു 

എക്സ്ക്ലൂസീവ് സ്റ്റോറി വീണു കിട്ടീട്ടൊണ്ട്!"

ആലോചിച്ചു നില്ക്കാൻ സമയമില്ല!

"ദാ വരുന്നു!''


Facebook Login Google Login

Jump from your Mobile

മൊബൈൽ ഫോണിൽ നിന്നും മൊഴിയിലേക്ക് വളരെ എളുപ്പം പോകാം

എങ്ങനെ?

എഴുത്തുകാരോട്

ലോഗിൻ ചെയ്ത ശേഷം, രചനകൾ സൈറ്റിൽ സമർപ്പിക്കുക. പരിശോധിച്ച ശേഷം  പ്രസിദ്ധം ചെയ്യുന്നതാണ്. പ്രസിദ്ധീകരിക്കുന്ന ഓരോ രചനയ്ക്കും 50 points. മികച്ച രചനയ്ക്ക് അധികമായി 100 Bonus points. 500 points തികയുമ്പോൾ, സമ്മാനത്തുക കൈപ്പറ്റാം. ഈ സൈറ്റിൽ പ്രസിദ്ധം ചെയ്യുന്ന എല്ലാ രചനകളും മൊഴിയുടെ ഇമെയിൽ, സോഷ്യൽ മീഡിയ തുടങ്ങി എല്ലാ ഡിജിറ്റൽ മാധ്യമങ്ങളിലും,  അച്ചടി മാധ്യമങ്ങളിലും കൂടുതൽ പ്രചാരണത്തിനായി പ്രസിദ്ധീകരിക്കുന്നതായിരിക്കും. *T&C Apply
View Tutorials
എഴുത്തിനുള്ള പ്രതിഫലം