fbpx

 

മഴ..കോരിച്ചൊരിയുന്ന ഈ മഴ അവൾക്കു വേണ്ടിയാണ്.ഇത് പോലൊന്ന് പെയ്തൊഴിയാൻ വെമ്പുകയാണ് പ്രക്ഷുബ്ദമായ അവളുടെ മനസ്.ഇടിയോ മിന്നലോ അവളെ ചകിതയാക്കുന്നില്ല.മഴയുടെ മാസ്മരികത അവളെ ആകർഷിക്കുന്നുമില്ല.കണ്ണട നിലത്തെറിഞ്ഞു പൊട്ടി ചിതറുന്നത്‌ നോക്കി നിന്നിട്ടും അടുക്കി വച്ചിരുന്ന പുസ്തകങ്ങൾ അലങ്കോലപ്പെടുത്തിയിട്ടും ശന്തമാക്കാത്ത മനസ്സിൽ ഇപ്പോഴെന്താണ് ഉണ്ടാകുക?

വിഷാദം?അമർഷം ?ഇതിനിടയില് എപ്പോഴോ ആണ് മരവിച്ച മനസുമായി മരുഭുമിയിൽ ജീവിക്കേണ്ടി വന്ന "കുന്ദൻ" അവളുടെ മനസിലേക്ക് കടന്നു വന്നത്.മുന്നിലതാ "രംഭാഘട്ട് കോട്ട" പതിയെ തെളിഞ്ഞു വരുന്നു.കോട്ടയുടെ വാതിലുകളിൽ ഒന്ന് തുറന്നു തന്റെ നേരെ തനിയെ നടന്നടുത്ത മനുഷ്യ രൂപം അത് കുന്ദൻ ആയിരുന്നു.കൂടെ "റൂത്ത് " ഇല്ലാത്ത ദുഖം മുഖത്ത് തെളിഞ്ഞു കാണുന്നുവോ?ഹൃദയത്തിൽ തറയ്ക്കുന്ന തീക്ഷ്ണമായ നോട്ടം. 

"റൂത്തെവിടെ"?

പുച്ഛം കലർന്ന ചിരി.

"ഹേ കുട്ടി..കൗമാരം ഇനിയും പിന്നിട്ടിട്ടില്ലാത്ത നീ റൂത്തിനെക്കുറിച്ച് എന്തിനു അന്വേഷിക്കണം? അവളെ കാണാഞ്ഞു നീ എന്തിനു അസ്വസ്ഥയാകണം?"

നോട്ടം പോലെ തന്നെ തറയ്ക്കുന്ന ചോദ്യങ്ങൾക്കൊന്നും മറുപടി ഇല്ലാത്തതിനാൽ അവൾ മൗനം പാലിച്ചു.അവളുടെ മൗനം കുന്ദനെ കൂടുതൽ ചൊടിപ്പിച്ചതെയുള്ളു.

"നീ ആരാണ്? റൂത്ത് നിനക്കാരാണ് ? 

"അവൾ എന്റെ സഹോദരിയല്ലേ?"

"സഹോദരി?നിന്റെ അമ്മ അവൾക്കു ജന്മം നല്കിയിട്ടില്ല!"

"സുഹൃത്തേ ദയവായി സംശയം നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കാതിരിക്കു.റൂത്തെവിടെ?"

"അവളെ തിരഞ്ഞു നടക്കുകയാണ് ഞാനും ..വിശാലമായ ഈ മണലാരണ്ണ്യത്തിലൂടെ..കുറെ ദിവസങ്ങളായി!"മരു പച്ച പോലെ ഇടയ്ക്കിടയ്ക്ക് തെളിയുന്ന അവളുടെ മുഖം അതെന്നെ ഭ്രാന്തനാക്കുന്നു.വരൂ ഇനി നമുക്ക് ഒരുമിച്ച് അവളെ അന്വേഷിക്കാം." 

അവളും തന്റെ ദാഹവും വിശപ്പും മാറ്റി വച്ച് കൊണ്ട് അവനോടൊപ്പം ആ യാത്രയിൽ ചേർന്നു.പൊരി വെയിലിൽ വിയർപ്പു കണങ്ങൾ തമ്മിൽ മത്സരിച്ചു ഒലിച്ചിറങ്ങി കൊണ്ടിരുന്നു.ഉമി നീർ ഗ്രന്ഥി വറ്റി വരണ്ടിരിക്കുന്നു.ചുടു നിശ്വാസവും ഇടറുന്ന കാലടികളുമായി അവർ വേച്ചു വേച്ചു നടന്നു.പൊടുന്നനെ വന്ന മണൽ കാറ്റിൽ കുന്ദൻ അവളുടെ കൈ മുറുകെ പിടിച്ചു. കാറ്റടങ്ങിയപ്പോൾ ദേഹത്തു പറ്റിയ മണൽ തരികൾ തൂത്ത് കളഞ്ഞു അവർ യാത്ര തുടർന്നു.

"കുന്ദൻ..നോക്കു റൂത്തിന്റെ അമ്മയും അച്ഛനും.അവർ ഇങ്ങോട്ടാണല്ലോ വരുന്നത്.റൂത്തെവിടെ ഉണ്ടാകുമെന്ന് തീർച്ചയായും അവർക്ക് അറിവുണ്ടാകും. തിരക്കു പിടിച്ച പത്ര പ്രവർത്തക ആണെങ്കിലും അവൾ തന്റെ അച്ഛനേയും അമ്മയെയും കാണാൻ ചെല്ലാറുണ്ട്. 

പക്ഷെ അവരെ വിലങ്ങു വച്ചിട്ടുണ്ടല്ലോ!ചുറ്റും നിയമപാലകരും ! എന്തായിരിക്കും അവർ ചെയ്ത കുറ്റം?"

അവൾ പറഞ്ഞതൊന്നും അവൻ കേട്ടിരിക്കാൻ വഴിയില്ല.അവൻ ഓടുകയായിരുന്നു നിയമപാലകരിലെ പരിചിത മുഖങ്ങളുടെ അടുത്തേക്ക്.നിയമ പാലകരോടൊപ്പം നിർവികാരമായി കടന്നു പോകുന്ന റൂത്തിന്റെ മാതാപിതാക്കൾ . പറഞ്ഞറിയിക്കാൻ ആകാത്ത ദുഖത്തോടെ കുന്ദൻ അവളുടെ അടുത്തേക്ക് വന്നു.

"ഹേ റൂത്തിന്റെ സഹോദരി, അവർ ഒരു കുറ്റവും ചെയ്തിട്ടില്ല ..അവർ അവളുടെ മകളെ, എന്റെ റൂത്തിനെ തീ വച്ചു കൊന്നു!അല്ല അവർ തെറ്റുകാരല്ല.റൂത്ത് ചെയ്തതും തെറ്റല്ല.അവൾ എന്നെ പ്രണയിച്ചിരുന്നു!ഞാൻ അവളെയും.പ്രണയം തെറ്റാണോ?അല്ല..ഇവിടെ തെറ്റുകാരൻ ഞാൻ ആണ് ഞാൻ മാത്രം ആണ് ..ഞാൻ ഒരു ദളിത് യുവാവായി ജനിച്ചു പോയി!റൂത്ത് ഒരിക്കലും ഒരു ദളിത് യുവാവിനെ പ്രണയിക്കാൻ പാടിലായിരുന്നുവത്രെ.. സമുദായം..മനുഷ്യനെ മനുഷ്യനായി കാണാൻ, സ്നേഹിക്കാൻ കഴിയാതെ പോകുന്ന ഒരു കൂട്ടം കാപാലികർ.ജാതീയത..വർഗീയത..നിരന്തരം വേട്ടയാട പെടുന്നവന്റെ ആത്മ രോദനം..ഈ ലോകത്ത് രണ്ടേ രണ്ടു ജാതികളേയുള്ളൂ.സ്ത്രീയും പുരുഷനും.സവർണ്ണ മേധാവിത്വത്തിന്റെ വെറി പിടിച്ച സമീപനത്തിനിതാ മറ്റൊരു രക്തസാക്ഷി കൂടി.ആദ്യത്തെ മലയാള സിനിമയിൽ അഭിനയിച്ചു പോയതിന്റെ പേരിൽ ജീവിതം ഹോമിക്കപെട്ട റോസിയും മാസങ്ങൾക്ക് മുൻപ് ഒരു കൂട്ടം നീചന്മാർ പിച്ചി ചീന്തി മരക്കൊമ്പിൽ കെട്ടി തൂക്കിയ പെണ്‍കുട്ടിയും എന്റെ സഹോദരങ്ങളായിരുന്നു!വണ്ണിയാർ-ദളിത്‌ വിജാതീയ പ്രണയ വിവാഹത്തിന്റെ പേരിൽ പൊട്ടിപുറ പ്പെട്ട ധർമപുരി കലാപം നീ ഓർക്കുന്നില്ലേ?അവിടെ ക്രൂശിക്കപെട്ട ദിവ്യ -ഇളവരശൻ ദമ്പതികൾ.ദിവ്യയെ നഷ്ട്ടപെട്ടതിൽ മനം നൊന്തു റെയിൽവേ ട്രാക്കിൽ ജീവിതം അവസാനിപ്പിച്ച ഇളവരശൻ,അവൻ എന്റെ സഹോദരൻ ആയിരുന്നു.ഇനിയും ഉണ്ട് ഏറെ..എന്ന് മുതലാണ്‌ സമാധാനമായി ജീവിക്കുവാനുള്ള ഞങ്ങളുടെ അവകാശം നിഷിദമായി തീർന്നത് ?ഞങ്ങൾക്കുമുണ്ട് നിങ്ങളെ പോലെ സ്വപ്നം കാണാനും സ്നേഹിക്കുവാനുമുള്ള അവകാശം.എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നിന്റെ പക്കൽ ഇല്ലെന്നെനിക്കറിയാം.ഹേ കൂട്ടുകാരി, എന്നോടൊപ്പമുള്ള നിന്റെ യാത്ര ഇവിടെ അവസാനിക്കുന്നു.ഇനി നിനക്ക് പോകാം..എനിക്കിനിയും യാത്ര തുടരേണ്ടിയിരിക്കുന്നു!അല്ലെയോ പ്രിയപെട്ടവളെ നീ എത്രയും വേഗം ഇവിടെ നിന്ന് പോകു..അല്ലെങ്കിൽ ഒരു ദളിത് യുവാവിനെ സഹായിച്ചു എന്ന കുറ്റത്താൽ നാളെ നിന്നെയും അവർ തൂകക്കിലേറ്റും."ഇത്രയും പറഞ്ഞു കൊണ്ട് ഒരു ഭ്രാന്തനെ പോലെ കുന്ദൻ മണലാരണ്യത്തിൽ ഓടി മറഞ്ഞു. ഭീതിയോടെ നഗ്ന പാദയായി ചുട്ടു പഴുത്ത മണലിലൂടെ അവൾ ഓടി. പിന്നിൽ പൊടി പറത്തികൊണ്ട് ശിക്ഷ വിധിക്കാൻ നടപ്പാക്കാൻ പാഞ്ഞു വരുന്ന ഒരു കൂട്ടം ആളുകളുടെ ആക്രോശം.തീപ്പന്തങ്ങൾ..പച്ച മാംസം കത്തികരിയുന്ന ഗന്ധം നാസികയിൽ തുളച്ചു കയറി.ആദ്യമാദ്യം അകലെ ആയിരുന്ന ആക്രോശങ്ങൾ ഇപ്പോൾ അടുത്തടുത്ത്.പ്രാണനു വേണ്ടിയുള്ള ഓട്ടത്തിനിടയിൽ പിന്നിൽ രംഭാഘട്ട് കോട്ടപതിയെപതിയെ മറയുന്നത് ആശ്വാസത്തോടെ അവൾ തിരിച്ചറിഞ്ഞു.കോരി ചൊരിയുന്ന മഴയിലും അവൾ വിയർത്തു.സിരകളിൽ രക്തം തിളയ്ക്കുന്നുണ്ടായിരുന്നു.അവളുടെ മനസ് ശൂന്യമായി.ശൂന്യമായ മനസിലേക്ക് പൊടുന്നനെ കുന്ദനും റൂത്തും കത്തിയെരിയുന്ന മനുഷ്യ കോലവും തീപ്പന്തങ്ങളും ഒന്നിന് പുറകെ ഒന്നായി വീണ്ടും കടന്നു വന്നു.നിദ്ര അവളുടെ കണ്ണുകളെ വലം വയ്ക്കാൻ തുടങ്ങി.നിദ്രയില കടന്നു വന്നേക്കാവുന്ന സ്വപ്നങ്ങളിൽ ഒക്കെയും അവൾ ഒരു പക്ഷേ 

റൂത്തിനേയും കുന്ദനെയും ഇപ്പോഴും തിരയുന്നുണ്ടാകും....!

കടപ്പാട് :ആനന്ദിന്റെ "മരുഭൂമികൾ ഉണ്ടാകുന്നത് " എന്ന പുസ്തകത്തിലെ കഥാ പാത്രങ്ങളായ കുന്ദനും റൂത്തും ഒപ്പം രംഭാഘട്ട് കോട്ടയും..


Facebook Login Google Login

Jump from your Mobile

മൊബൈൽ ഫോണിൽ നിന്നും മൊഴിയിലേക്ക് വളരെ എളുപ്പം പോകാം

എങ്ങനെ?

എഴുത്തുകാരോട്

ലോഗിൻ ചെയ്ത ശേഷം, രചനകൾ സൈറ്റിൽ സമർപ്പിക്കുക. പരിശോധിച്ച ശേഷം  പ്രസിദ്ധം ചെയ്യുന്നതാണ്. പ്രസിദ്ധീകരിക്കുന്ന ഓരോ രചനയ്ക്കും 50 points. മികച്ച രചനയ്ക്ക് അധികമായി 100 Bonus points. 500 points തികയുമ്പോൾ, സമ്മാനത്തുക കൈപ്പറ്റാം. ഈ സൈറ്റിൽ പ്രസിദ്ധം ചെയ്യുന്ന എല്ലാ രചനകളും മൊഴിയുടെ ഇമെയിൽ, സോഷ്യൽ മീഡിയ തുടങ്ങി എല്ലാ ഡിജിറ്റൽ മാധ്യമങ്ങളിലും,  അച്ചടി മാധ്യമങ്ങളിലും കൂടുതൽ പ്രചാരണത്തിനായി പ്രസിദ്ധീകരിക്കുന്നതായിരിക്കും. *T&C Apply
View Tutorials
എഴുത്തിനുള്ള പ്രതിഫലം