fbpx

 

അങ്ങനെ നമ്മുടെ കുട്ടിരാമൻ‍ മരിച്ചു. ബന്ധുമിത്രാദികളെല്ലാം കൈകാലിട്ടടിച്ചു. പാവം കുട്ടിരാമൻ‍ ; ആചാര മര്യാതകളോടെ കത്തിച്ച് ചാമ്പലാക്കി, കിട്ടിയ ചാരം ഭാരതപ്പുഴ ഉണ്ടായിരുന്നിടത്ത്‌ ഒരു കുഴിവെട്ടി അതിൽ‍ കലക്കിക്കളഞ്ഞതിനാൽ‍, ഖബറോ* അവിടുത്തെ ഓറൽ‍ എക്സാമിനേഷനോ, ദണ്ഡടിയോ മൂപ്പർക്ക് ഉണ്ടായില്ല. 


ആരും, കുഴിച്ച ഖബർ‍ വിശാലമാക്കാൻ‍ ദുആ* ഇരക്കുകയോ, അതിന്റെഫലമായി, രണ്ടറ്റവും അകന്ന് ഖബർ‍ വിശാലമായപ്പോൾ നടുവിലുള്ള കല്ലുകൾ നെഞ്ചിലേക്ക് വീണു അതിനടിയിൽ‍ കിടന്ന് ശ്വാസം മുട്ടേണ്ടിവരികയോ വന്നില്ല. 'അടുത്ത് കിടക്കുന്നവരെയൊക്കെ ഇറുക്കിക്കളഞ്ഞല്ലോ പഹയാ’- എന്ന പരിഭവവും ഉണ്ടായില്ല. മൂപ്പർ‍ നേരിട്ട് ദൈവസന്നിധിയിൽ‍ ഹാജർ‍.
അവിടെ തിരിഞ്ഞു കളിച്ച കുട്ടിരാമനെ മാലാഖമാർ‍ ഒരു നീണ്ട ക്യൂവിന്‍റെ പിന്നിൽ‍ കൊണ്ടു നിർ‍ത്തി. ആയകാലത്ത് ബിവറേജ് ക്യൂവിൽ‍ അച്ചടക്കത്തോടെ നിന്ന കുട്ടിരാമനു യാതൊരുവിധ മുഷിപ്പും തോന്നിയില്ല. (അല്ലെങ്കിലും, നമ്മൾ‍ അച്ചടക്കവും ക്ഷമയും ഒക്കെ കണ്ടു പഠിക്കേണ്ടത് ബിവറേജ് ക്യൂവിൽ നിന്ന് തന്നെയല്ലേ?). 
ദൈവം വളരെ അലസമായി വിചാരണ തുടരുകയാണ്. (പാവം, ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലല്ലോ!!)
മാലാഖമാർ‍ ഓരോരുത്തരെയായി ഉന്തിത്തള്ളി ദൈവത്തിന്‍റെ മുന്നിലേക്ക് കയറ്റി നിർ‍ത്തി. ദൈവം അവരോട് ചോദ്യങ്ങൾ‍ ചോദിക്കുന്നു. കുട്ടിരാമൻ ചെവികൂർ‍പ്പിച്ച് കേട്ടു.

: പേര്‍?

: നാരായണൻ‍.

: കളിച്ച കളിതന്നെയായിരുന്നു അല്ലെ?

: അങ്ങിനെയൊന്നും ഇല്ല. (നാരായണൻ തല ചൊറിയുന്നു)

: ഓ പിന്നെ.. കളവ് അതികം വേണ്ട, കണക്കുണ്ടിവിടെ. എന്തായാലും ഒരു കാര്യം ചെയ്യ്‌, സ്വർഗ്ഗത്തിലേക്ക് വിട്ടോ. പക്ഷെ ഒരു കാര്യം, പോകുമ്പോൾ‍ റൂംനമ്പര്‍ 7നും 9നും മുന്നിൽ‍ എത്തിയാൽ, അവർക്ക് നിന്നെ കാണാൻപറ്റാത്തവിധം കുനിഞ്ഞ് വേണം പോകാൻ‍.

:ഓ ശെരി.
നാരായണൻ‍ താണു വണങ്ങി കുനിഞ്ഞു മണങ്ങി വിട്ടു, സ്വർഗ്ഗത്തിലേക്ക്.
മാലാഖ അടുത്ത മനുഷ്യനെ കയറ്റി നിർ‍ത്തി. ദൈവം കോട്ടുവായിട്ടു.. വിചാരണ തുടർ‍ന്നു....

: പേര്‍?

: ഭാർ‍ഗവൻ‍.

: ഉം.., ആവശ്യത്തിനുണ്ട് അല്ലെ.? എന്തായാലും ഓക്കെ. വിട്ടോ, സ്വർഗ്ഗം നമ്പര്‍ 12. പിന്നൊരു കാര്യം, പോകുമ്പോൾ‍ 7നും 9നും മുന്നിൽ എത്തിയാൽ‍ കുനിയണം.

:ഓഹ്..

ഭാർഗവനും സ്വർഗ്ഗത്തിൽ‍.
വിചാരണ തുടർ‍ന്നുകൊണ്ടേയിരുന്നു.

അങ്ങനെ, ഒടുവിൽ‍ നമ്മുടെ കുട്ടിരാമന്‍റെ ഊഴംവന്നു. കുട്ടിരാമൻ‍ നല്ല വെളുക്കെ ചിരിയൊക്കെ ചിരിച്ച് ദൈവത്തിന്‍റെ മുന്നിൽ‍ വിനയാന്വിതനായി നിന്നു.

: പേര്‍?
: പേര് രാമൻ‍. പക്ഷെ, കിളുന്തു കുട്ടികൾ‍ മുതൽ‍ നരച്ച തൊണ്ടൻമാർ‍ വരെ കുട്ടിരാമാ എന്ന് വിളിക്കും. നാട് അതാന്നേയ്. നമ്മ പാവം.

: ഓഹോ! അതികം ഷോ ഒന്നും വേണ്ട. പാവത്തരങ്ങളൊക്കെ ഞാൻ കൊറേ കണ്ടതാ. ഒക്കെത്തിനും തെളിവുണ്ട് ഇവിടെ. എന്തായാലും വിട്ടോ, സ്വര്ഗ്ഗം നമ്പർ 13ലേക്ക്. പിന്നെ, പ്രത്യേകിച്ച് പറയേണ്ടല്ലോ, 7നും 9നും അടുത്ത് എത്തിയാൽ കുനിഞ്ഞോളണം.

എന്നാൽ‍, നമ്മുടെ കുട്ടിരാമൻ‍ ആളു പണ്ടേ എന്തും എവിടെയും ഇടിച്ചു കയറി ചോദിക്കുന്ന ധീരൻ ആയിരുന്നല്ലോ, അതുകൊണ്ട്തന്നെ മൂപ്പർ‍ക്കങ്ങ് സഹികെട്ടു.

“അല്ല ദൈവേ, നിങ്ങ കൊറേ സമയമായല്ലോ പറയുന്നു, റൂം നമ്പർ‍ 7നും 9നും മുന്നിൽ‍ എത്തിയാൽ‍ കുനിയണം എന്ന്. അതെന്താ? ഓർക്കെന്താ കൊമ്പുണ്ടാ?"

ദൈവം ഒന്ന് മെല്ലെ ചിരിച്ചു. എന്നിട്ട് കുട്ടിരാമനോടായി ചെവിയിൽ‍ മെല്ലെ പറഞ്ഞു:

"അത് കുട്ടിരാമാ.., ഈ റൂം നമ്പർ‍ 7ൽ‍ ക്രിസ്ത്യാനികളും 9ൽ‍ മുസ്ലിംകളും ആണ്. അവരുടെ വിചാരം അവർ‍ മാത്രമേ സ്വർഗ്ഗത്തിൽപോകു എന്നാ.”

"ഹ... ഹ... ഹാ......" കുട്ടിരാമൻ ഉറക്കെ ചിരിച്ചു•


 *ഖബർ: കുഴിയെടുത്ത് മൃതദേഹങ്ങൾ സംസ്കരിക്കുന്ന ഒരു രീതി. (ആ കുഴിയിലേക്ക്‌ മാലാഖമാർ വന്ന് ശവശരീരത്തെ ചോദ്യം ചെയ്ത്‌, മോശം വ്യക്തികളെ ദണ്ഡുകൾ കൊണ്ട്‌ തല്ലുകയും, നല്ല വ്യക്തികളുടെ ഖബർ നോക്കെത്താ ദൂരത്തോളം വിശാലമാക്കി കൊടുക്കുകയും ചെയ്യും എന്ന് മുസ്ലിമീങ്ങൾ വിശ്വസിച്ച്‌ പോരുന്നു)

*ദുആ: പ്രാർത്ഥന


Facebook Login Google Login

Jump from your Mobile

മൊബൈൽ ഫോണിൽ നിന്നും മൊഴിയിലേക്ക് വളരെ എളുപ്പം പോകാം

എങ്ങനെ?

എഴുത്തുകാരോട്

ലോഗിൻ ചെയ്ത ശേഷം, രചനകൾ സൈറ്റിൽ സമർപ്പിക്കുക. പരിശോധിച്ച ശേഷം  പ്രസിദ്ധം ചെയ്യുന്നതാണ്. പ്രസിദ്ധീകരിക്കുന്ന ഓരോ രചനയ്ക്കും 50 points. മികച്ച രചനയ്ക്ക് അധികമായി 100 Bonus points. 500 points തികയുമ്പോൾ, സമ്മാനത്തുക കൈപ്പറ്റാം. ഈ സൈറ്റിൽ പ്രസിദ്ധം ചെയ്യുന്ന എല്ലാ രചനകളും മൊഴിയുടെ ഇമെയിൽ, സോഷ്യൽ മീഡിയ തുടങ്ങി എല്ലാ ഡിജിറ്റൽ മാധ്യമങ്ങളിലും,  അച്ചടി മാധ്യമങ്ങളിലും കൂടുതൽ പ്രചാരണത്തിനായി പ്രസിദ്ധീകരിക്കുന്നതായിരിക്കും. *T&C Apply
View Tutorials
എഴുത്തിനുള്ള പ്രതിഫലം