fbpx

 

വാരാണസി റെയിൽ വേ സ്റ്റേഷനിൽ പ്ലാറ് ഫോം നമ്പർ 2 ഇൽ നിൽക്കുകയാണ് ഗോപാൽ. അന്ന് സ്റ്റേഷനിൽ പതിവിലധികം തിരക്കുള്ളതായി ഗോപാലിന്‌ അനുഭവപ്പെട്ടു . ട്രെയിൻ വരാൻ ഇനിയും പതിനഞ്ച് മിനിറ്റ് സമയമുണ്ട്. കാത്തു നിന്ന് ബോറടിച്ചപ്പോൾ ഒരു ചായ കുടിക്കാം എന്ന് കരുതി സമീപത്തു കണ്ട ഒരു ചായക്കടയിലേക്ക് അയാൾ നടന്നു.

വാരണാസിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജരാണ് ഗോപാൽ. 32 വയസ്സ്. ഭാര്യ രേഖയോടും 4 വയസ്സുള്ള മകൾ കീർത്തനയോടും ഒപ്പം 5 വർഷം ആയി വാരണാസിയിൽ താമസിച്ചു വരുന്നു. ഇന്ന് ഒരു വെള്ളിയാഴ്ച ദിവസമാണ് കൂടാതെ മാസാവസാനവും. ജോലി സംബന്ധമായ ഒരുപാട് തിരക്കുകൾ ഉണ്ടായിട്ടും അവധി എടുത്തു ഇന്ന് ഇവിടെ റെയിൽ വേ സ്റ്റേഷനിൽ വന്നു കാത്തു നിൽക്കുന്നത് ഒരാളെ പ്രതീക്ഷിച്ചാണ്. ഗോപാലിന്‌ നാട്ടിൽ അതായത് ഇങ്ങു കേരളത്തിൽ ഒരു കസിൻ ഉണ്ട് ശ്യാം. ശ്യാമിന്റെ ഒരു സുഹൃത്ത് ഒരാവശ്യത്തിനായി വാരാണസിയിലേക്കു വരുന്നുണ്ട്, അവനു വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കണം എന്നും പറഞ്ഞു ശ്യാം കഴിഞ്ഞ ആഴ്ച ഗോപാലിനെ വിളിച്ചിരുന്നു. ആ സുഹൃത്തിന്റെ വരവും കാത്തു നിൽക്കുകയാണ് ഗോപാൽ.

ട്രെയിൻ കൃത്യ സമയത്തു തന്നെ വന്നു. രാഹുലിനെ കണ്ടെത്താൻ ഗോപാലിന്‌ ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല. ഫോട്ടോ സഹിതം എല്ലാ വിവരങ്ങളും ശ്യാം ഗോപാലിന്‌ അയച്ചു കൊടുത്തിരുന്നു. സ്വന്തം കാറിൽ തന്നെയാണ് ഗോപാൽ രാഹുലിനെ പിക്ക് ചെയ്യാൻ വന്നിരുന്നത്. പോകുന്ന വഴിയിൽ കെട്ടിടങ്ങളും മറ്റുമെല്ലാം തെല്ല് അത്ഭുദത്തോടു കൂടിയാണ് രാഹുൽ നോക്കി കണ്ടത്. രാഹുലിന്റെ ഭാവ മാറ്റം ഗോപാലും ശ്രദ്ധിച്ചു. അൽപ്പം നർമ്മ ഭാവത്തോടെ ഗോപാൽ ചോദിച്ചു

"എന്താ രാഹുൽ , കോൺക്രീറ് കെട്ടിടങ്ങൾ ഒക്കെ ആദ്യമായിട്ട് കാണുകയാണോ?"

രാഹുലും ചിരിച്ചു

" അതല്ല, ഞാൻ ഇതിനുമുൻപ് വാരണാസിയിൽ വന്നിട്ടുണ്ട് ഫാമിലി ആയിട്ട്, ഏകദേശം നാല് വര്ഷം മുൻപ് . അന്ന് കണ്ട വാരാണാസിയേ അല്ലെന്നു തോന്നും ഇത് . നല്ല വിത്യാസം വന്നിട്ടുണ്ട്. "
"ഹ ഹ , വരണാസിക്ക് മാറ്റമൊന്നും വന്നിട്ടില്ല. വിനോദയാത്രക്കും തീർത്ഥാടനത്തിനു ഒക്കെ കാശിക്കു വരുന്നവർ ഇവിടുത്തെ അമ്പലങ്ങളും ആശ്രമങ്ങളും ഒക്കെയാണ് സന്ദർശിക്കുന്നത്. അവിടങ്ങളിൽ ഒന്നും ഇത്തരം കെട്ടിടങ്ങൾ ഒന്നും ഉണ്ടാകില്ല , വഴിയിൽ മുഴുവൻ കാവി പുതച്ച സന്ന്യാസി ശ്രേഷ്ഠൻമാരെ ആയിരിക്കും നിങ്ങൾ കാണുക. പക്ഷെ അത് മാത്രമല്ല കാശി. ഇത് കാശിയുടെ മറ്റൊരു മുഖം ആണ്. ഇവിടെ സ്ഥിരമായി താമസിക്കുന്ന ഞങ്ങളെപ്പോലുള്ളവരും ഉണ്ട്. സ്‌കൂളുകൾ, സൂപ്പർ മാർക്കെറ്റുകൾ, ഫ്ലാറ്റുകൾ തുടങ്ങി മറ്റേതു നഗരത്തിലെയും സ്ഥിരം കാഴ്ചകളൊക്കെ ഇവിടെയും ഉണ്ട്. നിങ്ങളെ ഇവിടേയ്ക്ക് കൊണ്ട് വരുന്നവർ ഇത്തരം സ്ഥലങ്ങളിലേക്ക് നിങ്ങളെ കൊണ്ട് കൊണ്ട് വരില്ലെന്ന് മാത്രം. അല്ലെങ്കിലും സ്‌കൂളുകളും ഫ്‌ളാറ്റുകളും ഒന്നും കാണാനല്ലല്ലോ പുറം നാട്ടുകാർ കാശിയിലേക്കു വരുന്നത് "

"അത് പോട്ടെ, രാഹുൽ ഇവിടെ ആരെയോ കാണാൻ വന്നതാണെന്നല്ലേ പറഞ്ഞത് ?"
"അതെ"
"ആരെയാണ്?"
"ഒരു സുഹൃത്തിനെ"
"പെൺ സുഹൃത്തിനെ..... അല്ലെ ?" ഗോപാലിന്റെ മുഖത്തു ഒരു പുഞ്ചിരി തെളിഞ്ഞു. രാഹുൽ ഒന്നമ്പരന്നു
"ശ്യാം പറഞ്ഞിരുന്നോ ?"
"അവൻ ഒരു സൂചന തന്നിരുന്നു , അല്ല...... ഈ വരാണസിക്കാരിയുമായി നീ എങ്ങനെ പരിചയപ്പെട്ടു?"

“ഏകദേശം രണ്ട് മാസം മുൻപാണത് . ഞങ്ങളുടെ കോളേജ് ലൈഫിലെ അവസാനത്തെ വിനോദയാത്ര . ഗോവയിലേക്ക്. ആ ദിവസങ്ങൾ ആഘോഷിക്കാൻ മാത്രമുള്ളതായിരുന്നു. 4 വർഷത്തെ തിരക്കുപിടിച്ച എഞ്ചിനീയറിംഗ് പഠന കാലത്തിനിടക്ക് ആഘോഷത്തിനായി മാത്രം ലഭിച്ച ചില സുവർണ ദിനങ്ങൾ. ഗോവ - ആഘോഷിക്കാനും അൽപ്പം വഴി വിട്ട ജീവിതം നയിക്കാനും ലക്ഷ്യമിട്ടു വരുന്ന സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് ഗോവൻ നഗരം. രാജ്യത്തെ ഏറ്റവും മനോഹരമായ കടൽത്തീരങ്ങൾ, നൈറ്റ് ക്ലബ്ബ്കൾ, കാസിനോകൾ, ഗോവൻ കാർണിവൽ എന്നിങ്ങനെ ഏതൊരു സഞ്ചാരിയെയും ആകർഷിക്കുന്ന നിരവധി ഇടങ്ങൾ ഉണ്ട് ഇവിടെ. ചപോര എന്ന് പേരായ ഒരു കോട്ടയും ആരമ്പോൾ ബീച്ചും ആയിരുന്നു ആദ്യ ദിനം ഞങ്ങൾ സന്ദർശിച്ചത്. ചപോര നദിക്കു സമീപം സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ഒരു കോട്ടയാണ് ചപോര ഫോർട്ട്. ആദിൽ ഷാ എന്ന ഒരു സുൽത്താൻ ആണ് അത് പണി കഴിപ്പിച്ചത്. അദ്ദേഹം അതിനെ ഷാ പുര എന്നാണു വിളിച്ചിരുന്നത്. പിന്നീട് പോർട്ടുഗീസുകാർ ഈ പ്രദേശം കയ്യടക്കുകയും ഷാ പുര അവർ വിളിച്ചു വന്നപ്പോൾ ചപോര എന്നാവുകയും ചെയ്തു."

"അവർ അതിനെ എന്ത് വേണമെങ്കിലും വിളിച്ചോട്ടെ , നീ കാര്യത്തിലേക്കു കടക്ക്." ഗോപാലിന്‌ ക്ഷമ കെട്ടു.

"രണ്ടാം ദിവസം ഞങ്ങൾ പ്രധാനമായും ചിലവഴിച്ചത് ബാഗ ബീച്ചിൽ ആയിരുന്നു. ഗോവയിൽ ഏറ്റവും അധികം സഞ്ചാരികൾ വന്നെത്തുന്ന തീരമാണ് ബാഗ.ബാഗ പട്ടണത്തോടു ചേർന്ന് പതിനഞ്ച് കിലോമീറ്ററോളം നീളത്തിൽ പരന്നു കിടക്കുന്ന തീരം . മുൻപ് സൂചിപ്പിച്ചതു പോലെ ആഘോഷിക്കാനും വഴി വിട്ട ജീവിതം ആസ്വദിക്കാനും മാത്രം ഗോവയിലേക്ക് വരുന്നവരുടെ പ്രധാന താവളം. കൂടാതെ വാട്ടർ സ്പോർട്സ് , ഡോൾഫിൻ വാച്ചിങ് തുടങ്ങിയവയ്ക്കും പ്രസിദ്ധമാണ് ബാഗ. ബീച്ചിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ഒരു ഹോട്ടലിൽ ആണ് ഞങ്ങൾ താമസിച്ചിരുന്നത് . വൈകീട്ടോടെ അവിടെ നിന്ന് ഞങ്ങൾ ബീച്ചിലേക്ക് തിരിച്ചു. കൂടെ വന്നിരുന്ന പെൺകുട്ടികളുടെയും അധ്യാപകരുടെയും കണ്ണുവെട്ടിച്ചു ഞങ്ങൾ ആൺകുട്ടികൾ മാത്രമായിട്ടാണ് ബീച്ചിലേക്ക് പോയത് . അല്ലെങ്കിലും ഒന്നാലോചിച്ചു നോക്കിയേ ,ഇവരൊക്കെ കൂടെയുള്ളപ്പോൾ ഗോവയുടെ യഥാർത്ഥ സൗന്ദര്യത്തെ അതിന്റേതായ രീതിയിൽ ആസ്വദിക്കുന്നതെങ്ങിനെ? സ്വസ്ഥമായി ഒന്ന് വായ നോക്കാനൊക്കുമോ ? ഒന്ന് മദ്യപിക്കാനോ മദ്യപിച്ചു ലക്കില്ലാതെ ഡാൻസ് കളിക്കാനോ അതിനു ശേഷം വാളും വച്ച് സ്വസ്ഥമായി ബീച്ചിൽ കിടന്നുറങ്ങാനോ ഒക്കെ ബുദ്ധിമുട്ടായിരിക്കും ഇവർ കൂടെയുള്ളപ്പോൾ . എന്തായാലും ഞങ്ങൾ ബീച്ചിലെത്തി. ജന സാഗരമായിരുന്നു അവിടെ.എല്ലാ തരത്തിലുള്ള ആളുകളും ഉണ്ട് ബാഗ തീരത്തു . തിരകൾക്കിടയിലൂടെ കളിച്ചു ചിരിച്ചുല്ലസിക്കുന്ന കുട്ടികൾ, തീരത്തു പരസ്പരം കൈ ചേർത്ത് പിടിച്ചു വിദൂരതയിലേക്ക് നോക്കി ഇരിക്കുന്ന കാമുകീ കാമുകന്മാർ, കഞ്ചാവടിച്ചു ലക്കില്ലാതെ മണലിൽ തല പൂഴ്ത്തി കിടക്കുന്ന സായിപ്പുമാർ , തീരത്തിട്ടിരിക്കുന്ന ബഞ്ചുകളിൽ വിശ്രമിക്കുന്ന ബിക്കിനി ധരിച്ച വിദേശ വനിതകൾ , കൂടാതെ ഇതൊക്കെ ആസ്വദിച്ചു നടക്കുന്ന ഇന്ത്യക്കാരും . ബീച്ചിനോട് ചേർന്ന് നിര നിരയായി ഒരുപാട് റെറ്റോറന്റുകൾ പ്രവർത്തിക്കുന്നുണ്ട്. മദ്യവും സുലഭമാണ് അവിടങ്ങളിൽ. റെസ്റ്റോറന്റിന് മുന്നിലായി ബീച്ചിൽ ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സൗകര്യവും അവർ ഒരുക്കിയിട്ടുണ്ട്. നേരം ഇരുട്ടുന്നതോടെ ആണ് ബാഗ അതിന്റെ യഥാർത്ഥ രൂപം വെളിപ്പെടുത്തുന്നത് വർണ്ണങ്ങളുടെ ഒരു ഉത്സവം തന്നെയാണ് അവിടെ. രാത്രി ആയതോടെ റെസ്റ്റോറന്റുകളിൽ ആളുകൾ നിറഞ്ഞു ഇനി ഭക്ഷണവും മദ്യപാനവും ആണ് പ്രധാന പരിപാടികൾ. അവിടെ നിരവധി ഗാനങ്ങൾ മാറി മാറി പ്ളേ ചെയ്യുന്നുണ്ട്. നിരവധി പേര് അതിനൊത്തു താളം വക്കുന്നുമുണ്ട്.

അന്ന് അവിടെ എന്നെ പിടിച്ചു കുലുക്കിയ മറ്റൊരു സംഭവം ഉണ്ടായി. ബാഗ ബീച്ചിൽ നിന്ന് പ്രധാന റോഡിലേക്ക് കടക്കുന്ന പാതക്കിരുവശത്തും ആയി നിരവധി കച്ചവക്കാരെ കാണാം അക്കൂട്ടത്തിൽ ഒരാൾ അന്ന് എന്നെ സമീപിച്ചു. ഗോവയിൽ ഒരുപാട് നൈറ്റ് ക്ലബ്ബ്കൾ ഉണ്ട് ഒരു രാത്രി സകലതും മതിമറന്നാഘോഷിക്കാൻ വേണ്ടതെല്ലാം അവിടെ കിട്ടും. കള്ള്, കഞ്ചാവ്, പെണ്ണ്, തുടങ്ങി എല്ലാം. കൂടാതെ നിരവധി ഗെയിമുകളും അവിടെ സന്ദർശകർക്കായി ഏർപ്പെടുത്തിയിട്ടുണ്ടാകും. അത്തരത്തിൽ ഒരു ക്ലബ്ബിലേക്ക് എന്നെ ക്യാൻവാസ് ചെയ്തു കൊണ്ടുപോകാൻ ആണ് കക്ഷി വന്നിരിക്കുന്നത് ഒരാൾക്ക് ആയിരത്തി ഇരുനൂറു രൂപ , ഒരു രാത്രി അടിച്ചു പൊളിക്കാം. കൂടെ സുഹൃത്തുക്കൾ ഉണ്ട് അവരോടു ചോദിച്ചിട്ടു ആലോചിച്ചേക്കാം എന്ന് പറഞ്ഞു ഞാൻ ഒഴിയാൻ ശ്രമിച്ചു. പക്ഷെ പുള്ളിക്കാരൻ വിട്ടില്ല.

"ആദ്യം സർ ഒന്ന് വന്നു കാണൂ, അതിനു പണം വേണ്ട, എന്നിട്ടു കൂട്ടുകാരെയും കൂട്ടി വന്നാൽ മതി "

ആദ്യം ഒന്ന് സംശയിച്ചെങ്കിലും പോയി നോക്കാം എന്ന് തന്നെ ഞാൻ തീരുമാനിച്ചു. അയാളുടെ ബൈക്കിൽ ആണ് ഞങ്ങൾ പോയത് . ഏതൊക്കെയോ വീതി കുറഞ്ഞ , കഷ്ട്ടിച്ചു ഒരു വണ്ടിക്കു മാത്രം കടന്നു പോകാൻ കഴിയുന്ന ചില ഇടവഴികളിലൂടെ ബൈക് മുന്നോട്ടു നീങ്ങി .ഒടുവിൽ അവിടുത്തെ ഒരു ക്ലബ്ബിന്റെ പിന് ഭാഗത്തു ഞങ്ങൾ എത്തി. ഞാൻ ബൈക്കിൽ നിന്നിറങ്ങി . അകത്തേക്ക് പ്രവേശിക്കുന്നതിന് തൊട്ടു മുൻപ്, ഒരാൾ വാതിൽ തുറന്നു പുറത്തേക്കു വരുന്നത് ഞാൻ കണ്ടു. കൂടെ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. അയാൾ അവളോടൊപ്പം സമീപത്തു നിർത്തിയിട്ടിരുന്ന ഒരു കാറിൽ കയറി. ആ പെൺകുട്ടിക്ക് ഒരു പതിനഞ്ച് വയസ്സിൽ കൂടുതൽ പ്രായം തോന്നിച്ചിരുന്നില്ല. എന്റെ മനസ്സ് ഒരൽപം അസ്വസ്ഥമായി. പിന്നീട് ഞങ്ങൾ അകത്തേക്ക് കയറി. നിറയെ പെട്ടികൾ അടുക്കി വച്ചിരുന്ന ഒരു സ്റ്റോർ റൂമിലൂടെയാണ് ഞങ്ങൾ ആദ്യം നടന്നത്. അവിടെ നിന്ന് ക്ലബ്ബിന്റെ പല ഭാഗത്തേക്കും അയാൾ എന്നെ കൊണ്ട് പോയി. വില കൂടിയ വിദേശ മദ്യങ്ങൾ, കൊക്കെയ്ൻ, LSD തുടങ്ങിയ ലഹരി വസ്തുക്കൾ എല്ലാം വിശദമായി കാണിച്ചു തന്നു . 1200 രൂപ കൊടുത്താൽ ഒരു രാത്രി മുഴുവൻ ആ ക്ലബ്ബിൽ ആഘോഷിക്കാം , 5 ഗ്ലാസ് ബിയർ, unlimited ഫുഡ് .ഇത്രയും ആണ് ഓഫർ. ഇതിനു പുറമെ എന്ത് വേണമെങ്കിലും കൂടുതൽ പൈസ കൊടുക്കണം. പിന്നീട് എന്നെ മറ്റൊരു റൂമിലേക്കാണ് അയാൾ കൊണ്ട് പോയത്. അവിടെ കണ്ട കാഴ്ച ആണ് എന്നെ ഏറ്റവും അധികം അസ്വസ്ഥനാക്കിയത്. സാധാരണ ഹോട്ടലുകളിൽ കാണുന്ന ലിഫ്റ്റിന്റെ വലിപ്പത്തിൽ ഉള്ള ചില്ലിന്റെ കൂടുകൾ ഒരു വരിയായി നിരത്തി വച്ചിരിക്കുന്നു എല്ലാത്തിനും ഉള്ളിൽ ഓരോ യുവതികളും നിൽക്കുന്നുണ്ട്. ആവശ്യക്കാർക്ക് ഇഷ്ട്ടപ്പെടുന്ന പെൺകുട്ടിയെ ഇതിൽ നിന്ന് തിരഞ്ഞെടുക്കാം. ഇന്ത്യക്കാർ മാത്രമല്ല വിദേശ ഛായ തോന്നിക്കുന്ന യുവതികളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു .വാതിൽക്കൽ മടിച്ചു നിന്ന എന്നെയും വലിച്ചു കൊണ്ട് അയാൾ അതിൽ ഒരു കൂട്ടിനുള്ളിലേക്കു കയറി. ശരിക്കു നോക്കിക്കൊള്ളാൻ പറഞ്ഞു .വേണമെങ്കിൽ തൊട്ടു നോക്കിക്കോളൂ എന്ന് പറഞ്ഞു കൊണ്ട് എന്റെ കൈ പിടിച്ചു അവളുടെ മാറിൽ തൊടുവിച്ചു. ഞാൻ ഞെട്ടി കൈ പിൻവലിച്ചു. അവളിൽ യാതൊരു ഭാവ മാറ്റവും കണ്ടില്ല . പക്ഷെ ഞാൻ വിയർത്തു കുളിച്ചിരുന്നു. ഉടനെ തന്നെ ഞാൻ അവിടെ നിന്ന് പുറത്തിറങ്ങി. ഇനിയും എന്നെക്കൊണ്ട് അവിടെ നില്ക്കാൻ സാധിക്കില്ലായിരുന്നു. അതിനുശേഷം ഞങ്ങൾ കണ്ടുമുട്ടിയ ഇടതു തന്നെ അയാൾ എന്നെ തിരിച്ചു കൊണ്ടാക്കി. സുഹൃത്തുക്കളെ കൂട്ടി വരാം എന്ന് പറഞ്ഞു ഞാൻ നടന്നു . അതിനുശേഷം വളരെ നേരം കഴിഞ്ഞിട്ടും എന്റെ മനസ്സ് ശാന്തമായില്ല . അവിടെ കണ്ട കാഴ്ചകൾ പിന്നെയും പിന്നെയും മനസ്സിലേക്ക് തികട്ടി വന്നുകൊണ്ടിരുന്നു. പിന്നീട് ഞാനും സുഹൃത്തുക്കളും ബീച്ചിന്റെ മുൻ വശത്തു തന്നെ കണ്ട ഒരു റെസ്റ്റോറന്റിൽ കയറി. ഇനി ഇവിടെ നിന്ന് ഭക്ഷണം. പിന്നെ അൽപ്പം ആഘോഷവും. മറ്റൊന്നും ഇന്ന് ചെയ്യാനില്ല. ഞാനും ഒരു ബിയർ ഓർഡർ ചെയ്തു. മദ്യപിക്കാറില്ല. പക്ഷെ അങ്ങനെയെങ്കിലും മനസ്സ് ഒന്ന് ശാന്തമാകട്ടെ എന്ന് വിചാരിച്ചിട്ടാണ്. കഴിഞ്ഞ രണ്ട് ദിവസമായി എന്നെ മദ്യപിപ്പിക്കാൻ കഠിനമായി ശ്രമിച്ചു കൊണ്ടിരുന്ന എന്റെ സുഹൃത്തുക്കൾ, ഒറ്റയടിക്ക് ഒരു ഫുൾ ബോട്ടിൽ ബിയറും, എന്റെ തൊട്ടടുത്ത് ഇരുന്ന അരുൺ ഗ്ലാസിൽ ഒഴിച്ച വച്ചിരുന്ന മദ്യവും ( ബ്രാൻഡ് ഏതാണെന്നു അറിയില്ല ) ഞാൻ അകത്താക്കിയത് കണ്ട് അന്തം വിട്ടു പോയി. പിന്നെ അവിടെ ആഘോഷമായിരുന്നു. നിരവധി അടിച്ചു പൊളി ഗാനങ്ങൾ മാറി മാറി പ്ളേ ചെയ്തുകൊണ്ടിരുന്നു . എല്ലാവരും മതി മറന്നു നൃത്തം ചെയ്യുന്നു. ഞാനൊഴികെ. എനിക്കതിനു സാധിക്കുമായിരുന്നില്ല. നടന്നതെല്ലാം ആരോടെങ്കിലും പറഞ്ഞാൽ ഒരൽപം ആശ്വാസം ലഭിക്കും എന്ന് തോന്നി .പക്ഷെ ഈ അവസരത്തിൽ ആര് കേൾക്കാൻ ?ഞാൻ അവിടെ നിന്ന് പുറത്തിറങ്ങി. നേരം ഇരുട്ടിയെങ്കിലും ബീച്ചിൽ ഇപ്പോഴും അങ്ങിങ്ങായി ചില ആളുകൾ ഉണ്ട്. ബാഗ ബീച്ച് ഇരുപത്തിനാലു മണിക്കൂറും ഉണർന്നിരിക്കും. ഞാൻ ബീച്ചിലൂടെ തന്നെ അൽപ്പം നടക്കാം എന്ന് തീരുമാനിച്ചു. നല്ല നിലാവുള്ള രാത്രിയായിരുന്നു അത്. ഞാൻ നടത്തം തുടർന്നു. റെസ്റ്റോറന്റിൽ നിന്നുള്ള ബഹളം കുറഞ്ഞു കുറഞ്ഞു വന്നു. കൂടുതൽ നിശ്ശബ്ദതയിലേക്കു ഞാൻ വീണ്ടും നടന്നു.

അവിടെ വച്ചാണ് ഞാൻ അവളെ കണ്ടത്. ബീച്ചിൽ കടലിലേക്ക് നോക്കി ഒരാൾ ഇരിക്കുന്നു. അൽപ്പം കൂടി അടുത്തേക്ക് ചെന്നപ്പോൾ അതൊരു സ്ത്രീ ആണെന്ന് മനസ്സിലായി .മുഖം അപ്പോഴും വ്യക്തമായിരുന്നില്ല . അൽപ്പ നേരം ഞാൻ ഇവിടെ ഇരിക്കുന്നതിൽ വിരോധമുണ്ടോ എന്ന് ചോദിച്ചു കൊണ്ടാണ് ഞാൻ അവിടേക്കു ചെല്ലുന്നതു. മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും അതിൽ എതിർപ്പുള്ളതായി തോന്നിയില്ല. ഞാൻ അവിടെ ഇരുന്നു. ജീൻസും കടും നീല ടോപ്പും ആണ് അവൾ ധരിച്ചിരുന്നത്. വെളുത്ത നിറം കാഴ്ചയിൽ ഒരു ഇരുപതു വയസ്സ് തോന്നിച്ചു. എന്ത് സംസാരിച്ചു തുടങ്ങണം എന്ന് എനിക്ക് അറിയില്ലായിരുന്നു. അവളും ഇങ്ങോട്ടു ഒന്നും ചോദിച്ചില്ല. കാറ്റിൽ അവളുടെ മുടിയിഴകൾ ഒതുക്കമില്ലാതെ പാറിക്കളിക്കുന്ന കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു .എങ്കിലും ഒരുപാട് നേരം അവളെ തന്നെ നോക്കി ഇരിക്കുന്നത് മര്യാദ കേടല്ലേ എന്ന് വിചാരിച്ചു ഞാനും കടലിലേക്ക് തന്നെ നോക്കിയിരുന്നു .അൽപ്പ നേരം ഒന്നും സംസാരിക്കാതെ തന്നെ കടന്നു പോയി . അകലെ റെസ്റ്റോറന്റുകളിൽ നിന്നുള്ള പാട്ട് ഇപ്പോളും ചെറുതായി കേൾക്കാം . ഒടുവിൽ ആ നിശബ്ദതയെ ഭേദിച്ച് കൊണ്ട് ഞാൻ തന്നെ ചോദിച്ചു

"എന്താണ് ഇവിടെ ഒറ്റക്കിരിക്കുന്നതു ?"

എന്തോ കാര്യമായ ആലോചനയിൽ ആയിരുന്നു അവൾ .ഞാൻ അവിടെ ഇരിക്കുന്ന കാര്യം പോലും അവൾ മറന്നു എന്ന് തോന്നി. ആദ്യം ഒന്ന് അമ്പരന്നു. പിന്നീട് രണ്ട് നിമിഷങ്ങൾക്ക് ശേഷം ഒരു പുഞ്ചിരിയോടെ മറുപടി

"കൂടെ വന്നവർ ഒക്കെ അവിടെ (റെസ്റ്റോറന്റിലേക്കു നോക്കിക്കൊണ്ട് ) ആഘോഷിക്കുകയാണ്. എനിക്ക് എന്തോ അവിടെ നിൽക്കാൻ താൽപ്പര്യം തോന്നിയില്ല."

"ആളുകൾ ഗോവയിൽ വരുന്നത് ഇതിനൊക്കെ വേണ്ടി തന്നെയാണ്. ഒറ്റക്കിരുന്നു ധ്യാനിക്കാനാണെങ്കിൽ വല്ല കാശിക്കും പോകുന്നതായിരിക്കും നല്ലതു." ഞാൻ തമാശ രൂപേണ പറഞ്ഞു .അവളും ചിരിച്ചു , എന്നിട്ടു പറഞ്ഞു

"ഐ നോ മൈ ഫ്രണ്ട്, ഐ ആം ഫ്രം കാശി "
അവളുടെ സ്വദേശം കാശി ആയിരുന്നു എന്ന് ഞാൻ അപ്പോളാണ് അറിയുന്നത്. അപ്പോൾ ഞാനും ചിരിച്ചു. ഒരുപാട് സമയത്തിന് ശേഷം മനസ്സ് അൽപ്പം ശാന്തമായി എന്ന് തോന്നി. പിന്നീട് ഞങ്ങൾ വളരെ നേരം സംസാരിച്ചു . ഉഷ എന്നായിരുന്നു അവളുടെ പേര് MBA അവസാന വർഷ വിദ്യാർത്ഥിനി ആണ്.സുഹൃത്തുക്കൾക്കൊപ്പം വാരണാസിയിൽ നിന്ന് മൂന്നു ദിവസത്തെ ഗോവൻ യാത്രക്കായി വന്നതാണ്. സംസാരത്തിനിടക്ക് അവൾ എന്നോട് ചോദിച്ചു

"ഗോവയിൽ വരുന്നത് ആഘോഷിക്കാൻ ആണെന്നല്ല പറഞ്ഞത് ? then why u r not there ? with your friends ."

ആദ്യം പറയണോ എന്ന് ഞാൻ സംശയിച്ചു .പിന്നെ പറഞ്ഞു . അൽപ്പം മുൻപ് ക്ലബ്ബിൽ പോയതും അവിടെ കണ്ടതും എല്ലാം, വിശദമായി തന്നെ. ഞാൻ പറഞ്ഞതെല്ലാം അവൾ നിശബ്ദം കേട്ടിരുന്നു. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ എന്റെ മനസ്സ് പൂർണമായും ശാന്തമായി . പിന്നെയും ഞങ്ങൾ കുറെ നേരം സംസാരിച്ചിരുന്നു . എനിക്ക് പറയാനുള്ളതെല്ലാം അവളും അവൾക്കു പറയാനുള്ളതെല്ലാം ഞാനും കേട്ടു. ഒടുവിൽ പോകാൻ സമയമായി എന്ന് പറഞ്ഞു അവൾ എഴുന്നേറ്റു .എനിക്ക് അപ്പോഴും സംസാരിച്ചു മതിയായിരുന്നില്ല . അൽപ്പ നേരം കൂടി ഇരിക്കൂ എന്ന് അവളോട് പറയണം എന്നുണ്ടായിരുന്നു, പറഞ്ഞില്ല . പിന്നീട് കാണാം എന്ന് പറഞ്ഞു അവൾ നടന്നു. ഞാൻ വീണ്ടും തനിച്ചായി . ഇനി സംസാരിക്കാൻ തീരത്തു വന്നടിക്കുന്ന തിരമാലകളും ബീച്ചിലെ മണല്തരികളും മാത്രമാണുള്ളത്. അത്തരം പ്രാന്ത് കാണിക്കാൻ താൽപ്പര്യം ഇല്ലാത്തതു കൊണ്ട് തിരിച്ചു സുഹൃത്തുക്കളുടെ അടുത്തേക്ക് തന്നെ പോകാം എന്ന് തീരുമാനിച്ചു . അവിടെ മിക്കവാറും എല്ലാ അവന്മാരും അടിച്ചു പൂസായിക്കിടക്കുന്നുണ്ടാകും. ഇനി അവന്മാരെ മുഴുവൻ താങ്ങി ഹോട്ടലിൽ എത്തിക്കേണ്ടി വരും എന്നൊക്കെ ചിന്തിച്ചു നിൽക്കുമ്പോൾ ആണ് പിന്നിൽ നിന്ന് ഒരലർച്ച കേൾക്കുന്നത് . അത് അവളുടെ ശബ്ദം ആയിരുന്നു . ഞാൻ വേഗം അവിടേക്കു ഓടിച്ചെന്നു . അവൾ അവിടെ നിൽക്കുന്നുണ്ട് തൊട്ടു മുന്നിൽ ഒരു മൊട്ടത്തലയനും. ഞാൻ ചെന്നപ്പോളേക്കും അയാൾ ഹിന്ദിയിൽ എന്തോ പിറുപിറുത്തുകൊണ്ട് അവിടെ നിന്ന് നടന്നു പോയി. കാര്യമന്ന്വേഷിച്ചപ്പോൾ എന്തോ ആലോചിച്ചു കൊണ്ട് നടന്നപ്പോൾ ഇയാൾ നേരെ വരുന്നത് ശ്രദ്ധിച്ചില്ല, വെളിച്ചവും കുറവായിരുന്നല്ലോ, പിന്നെ പെട്ടെന്ന് അയാളെ മുന്നിൽ കണ്ടപ്പോൾ പേടിച്ചു പോയി എന്ന് അവൾ പറഞ്ഞു. എന്തായാലും അവിടെ നിന്ന് അവൾ താമസിക്കുന്ന ഹോട്ടൽ വരെ ഞാനും അവളുടെ കൂടെ ചെന്നു. അവിടെ എത്തുന്നത് വരെ ഞങ്ങൾ ഒന്നും സംസാരിച്ചില്ല. എനിക്കൊരുപാട് കാര്യങ്ങൾ പറയണം എന്നുണ്ടായിരുന്നു. അവളും എന്നോടെന്തോ പറയാൻ ആഗ്രഹിക്കുന്നത് പോലെ എനിക്ക് തോന്നി . ചിലപ്പോൾ എന്റെ തോന്നൽ ആകാം. സത്യം പറയാമല്ലോ , ഞാൻ അപ്പോൾ തന്നെ അവളുമായി പ്രണയത്തിലായിക്കഴിഞ്ഞു . പക്ഷെ അവളോടൊന്നും പറഞ്ഞില്ല . പരിചയപ്പെട്ടു രണ്ടോ മൂന്നോ മണിക്കൂർ ആകുന്നുള്ളൂ . ഇത്ര പെട്ടെന്ന് ഒരു പ്രൊപോസിംഗ് ..അത് വേണ്ട . അന്ന് അവളുടെ മൊബൈൽ നമ്പർ പോലും ഞാൻ ചോദിച്ചില്ല എന്നതാണ് സത്യം . ചോദിച്ചാൽ ഇഷ്ട്ടപ്പെട്ടില്ലെങ്കിലോ എന്നാണ് തോന്നിയത് . ഒടുവിൽ അവൾ താമസിച്ചിരുന്ന ഹോട്ടലിൽ ഞങ്ങൾ എത്തി. നാളെയാണ് ഞങ്ങളുടെ ഇവിടുത്തെ അവസാന ദിവസം അത് കഴിഞ്ഞാൽ ഞങ്ങൾ മടങ്ങും എന്ന് മാത്രം യാത്ര പറഞ്ഞു പിരിയാൻ നേരം അവൾ പറഞ്ഞു. തിരിച്ചു ബീച്ചിലേക്ക് നടക്കുമ്പോളും അവൾ പറഞ്ഞ കാര്യം എന്റെ മനസ്സിൽ ഉണ്ടായിരുന്നു. നാളെ ഞാൻ ഇവിടെ കാത്തിരിക്കും. നമുക്ക് വീണ്ടും കാണണം എന്നാണു അവൾ പറയാതെ പറഞ്ഞതെന്ന് എനിക്ക് തോന്നി. അതും എന്റെ മാത്രം തോന്നൽ ആയിരിക്കാം. പ്രണയം കൊടുമ്പിരികൊണ്ടിരിക്കുമ്പോൾ അങ്ങനെയൊക്കെ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ . എങ്കിലും അടുത്ത ദിവസം അവളെ കാണുമെന്നു തന്നെ ഞാൻ ഉറപ്പിച്ചു . പക്ഷെ എനിക്കതിനു സാധിച്ചില്ല. ഗോവയുടെ മറ്റൊരു ഭാഗത്തേക്കായിരുന്നു ഞങ്ങളുടെ അന്നത്തെ യാത്ര പ്ലാൻ ചെയ്തിരുന്നത്. രാവിലെ തന്നെ ഞങ്ങൾ ബാഗയിൽ നിന്ന് തിരിക്കുകയും ചെയ്തു.

"നീ പുറത്തിറങ്ങി ആ ഗെയ്റ്റൊന്നു തുറക്ക് " ഗോപാൽ ആണ് പറഞ്ഞത്.

ഗോപാൽ വാരണാസിയിൽ ഇത്രയും സൗകര്യത്തിൽ ആണ് ജീവിക്കുന്നതെന്ന് രാഹുൽ പ്രതീക്ഷിച്ചിരുന്നില്ല. വാരാണസി റെയിൽ വേ സ്റ്റേഷനിൽ നിന്ന് അധികം ദൂരെ അല്ലാതെ സ്ഥിതി ചെയ്യുന്ന വിദ്യ നഗർ കോളനിയിൽ ആണ് ഗോപാലിന്റെ വീട് . ധനികരായ ആളുകൾ താമസിക്കുന്ന ഒരിടമാണ് അത് . രാഹുലിന്റെ അമ്പരപ്പ് ഗോപാലും ശ്രദ്ധിച്ചു .

"ഈ വീടൊന്നും കാര്യമാക്കണ്ട , ഞാൻ ഇവിടെ വാടകയ്ക്ക് ആണ് താമസിക്കുന്നത്. ഇതിന്റെ ഉടമസ്ഥർ US ഇൽ ആണ്. എന്റെ ഇവിടെ ഉള്ള ഒരു സുഹൃത്ത് വഴി തരക്കേടില്ലാത്ത ഒരു വാടകക്ക് കിട്ടി "

"രേഖ ചേച്ചിയും മോളും ഇവിടെ ഇല്ലേ ?"

"ഇപ്പൊ വരും, ലഞ്ചിന്‌ എന്തൊക്കെയോ വാങ്ങിക്കാൻ പോയിരിക്കുകയാ , നീ വരുന്നത് പ്രമാണിച്ചു."

ഗോപാൽ രാഹുലിന് മുറി കാണിച്ചു കൊടുത്തു . രാഹുൽ ഒന്ന് ഫ്രഷ് ആയി വന്നപ്പോളേക്കും രേഖയും എത്തിയിരുന്നു . ഉച്ച ഭക്ഷണത്തിനു വിഭവ സമൃദ്ധമായ സദ്യ തന്നെയാണ് അവൾ രാഹുലിന് വേണ്ടി ഒരുക്കിയത്.

അപ്പോഴും ഗോപാലിന്റെ സംശയം മാറിയിരുന്നില്ല

"ഗോവയിൽ വച്ച് രണ്ട് മണിക്കൂർ സംസാരിച്ച ബന്ധം വച്ചാണോ നീ ഇപ്പൊ ഇങ്ങോട്ടു ട്രെയിൻ കേറി വന്നിരിക്കുന്നെ? അവൾ നിന്നെ തിരിച്ചറിയും എന്ന് പോലും ഉറപ്പുണ്ടോ?”

രാഹുൽ ഒന്ന് ചിരിച്ചു.

"ഞങ്ങളുടെ പരിചയം അവിടെ വച്ച് അവസാനിച്ചിരുന്നില്ല , ഞങ്ങൾ തമ്മിൽ പിന്നെയും സംസാരിച്ചു "

"അതെങ്ങനെ? നിന്റെ കയ്യിൽ അവളുടെ നമ്പർ ഒന്നും ഉണ്ടായിരുന്നില്ലെന്നല്ലേ പറഞ്ഞത് ?" കേൾക്കാൻ രേഖക്കും താൽപ്പര്യം ആയി .

"അന്ന് ഗോവൻ യാത്ര കഴിഞ്ഞു നാട്ടിൽ മടങ്ങിയെത്തിയപ്പോളും എന്റെ മനസ്സിൽ അവൾ മാത്രമായിരുന്നു . അവളെ വീണ്ടും കാണണമെന്നും കുറഞ്ഞ പക്ഷം അവളുടെ ശബ്ദം എങ്കിലും ഒരു തവണ കേൾക്കണമെന്ന് എനിക്ക് തോന്നി. വിഷയം ഞാൻ എന്റെ സുഹൃത്തുക്കളോട് അവതരിപ്പിച്ചു .ഒരു പെൺകുട്ടിയുടെ നമ്പർ ഒപ്പിക്കാനല്ലേ... എല്ലാവരും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഉഷ എന്ന പേരിൽ ഫേസ്‌ബുക്ക്, ട്വിറ്റെർ, ഇൻസ്റ്റ അക്കൗണ്ടുകൾ തിരഞ്ഞു തുടങ്ങി എല്ലാവരും. പലർക്കും മെസ്സേജ് അയച്ചു . ചിലർ റിപ്ലൈ ചെയ്തില്ല , ചിലർ ബ്ലോക്കും ചെയ്തു. അവസാനം എന്റെ ഒരു സുഹൃത്തായ വിമലിനെ, അവൻ ബാംഗ്ലൂർ ഉള്ള ഒരു ഉഷക്ക് മെസ്സേജ് അയച്ചതിനു മറുപടിയായി അവളുടെ അച്ഛൻ, അവിടുത്തെ ഒരു ഐജി വിളിച്ചു താക്കീതു ചെയ്തതോടെ, അത്തരം കലാപരിപാടികൾ എല്ലാവരും അവസാനിപ്പിച്ചു. ഗോപാലേട്ടനു ഓർമയുണ്ടോ? അന്ന് ശ്യാം ചേട്ടനെയും വിളിച്ചിരുന്നു, ഒരു പെൺകുട്ടിയുടെ നമ്പർ ഒപ്പിക്കാൻ പറ്റുമോ എന്ന് ചോദിച്ച്. അന്ന് ചേട്ടൻ വിളിച്ച തെറി അവൻ റെക്കോർഡ് ചെയ്തു എന്നെ കേൾപ്പിച്ചു ഇത് നിനക്കുള്ളതാണെന്നും പറഞ്ഞു.ഒടുവിൽ എല്ലാവരും പതുക്കെ ആ വിഷയം മറന്നു തുടങ്ങി, ഞാനൊഴികെ .പിന്നീട് ഒന്നും ഞാൻ ആലോചിച്ചില്ല. ഒരു വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ഗോവക്കുള്ള ഒരു ട്രെയിനിൽ ഞാൻ കയറി. ഞങ്ങളുടെ ആദ്യ ഗോവൻ യാത്രക്ക് കൃത്യം പതിനഞ്ചു ദിവസങ്ങൾക്കു ശേഷം ആയിരുന്നു അത്ഞ. ങ്ങളുടെ ഫൈനൽ ഇയർ പ്രൊജക്റ്റ് സംബന്ധമായി ഒരു ആവശ്യത്തിന് ബാംഗ്ലൂർ പോകുന്നു എന്നാണ് വീട്ടിൽ പറഞ്ഞത്. ശനിയാഴ്ച പുലർച്ചെ ഗോവയിലെത്തിയ ഞാൻ നേരെ പോയത് ബാഗ ബീച്ചിലേക്കാണ് .അവിടെ അവളെ ആദ്യമായി കണ്ട് മുട്ടിയ സ്ഥലത്തു .അവിടെ നിന്ന് ഒരു ഊഹം വച്ച് നടന്നു. ഭാഗ്യത്തിന് അധികം ബുദ്ധിമുട്ടാതെ തന്നെ അവൾ അന്ന് താമസിച്ചിരുന്ന ഹോട്ടൽ കണ്ടുപിടിക്കാൻ സാധിച്ചു. എന്ത് പറയണം എന്നൊന്നും മുൻകൂട്ടി തിരുമാനിച്ചിരുന്നില്ല. എങ്കിലും ഞാൻ റിസപ്‌ഷനിലേക്കു കയറിച്ചെന്നു. അവിടെ ഉണ്ടായിരുന്ന പെൺകുട്ടിയോട് കാര്യം അവതരിപ്പിച്ചു. വളരെ മാന്യമായ ഭാഷയിൽ തന്നെ അവൾ എന്റെ ആവശ്യം നിരസിച്ചു. കസ്റ്റമേഴ്‌സിനെ വിവരങ്ങൾ അവരുടെ അനുവാദമില്ലാതെ കൈമാറാൻ ഞങ്ങൾക്ക് സാധിക്കില്ല എന്നാണവർ പറഞ്ഞത്. തികച്ചും ന്യായമായ കാര്യം. അത് ഞാൻ പ്രതീക്ഷിച്ച മറുപടി തന്നെ ആയിരുന്നു. എങ്കിലും ഞാൻ പ്രതീക്ഷ കൈവിട്ടിരുന്നില്ല. ചുമ്മാതങ്ങു തിരിച്ചു പോകാൻ അല്ലല്ലോ നാട്ടിൽ നിന്ന് ട്രെയിൻ കയറി ഇവിടെ വരെ വന്നത് .പെട്ടെന്ന് മനസ്സിൽ തോന്നിയ ഒരു ഉപായം അനുസരിച്ചു എന്റെ കയ്യിൽ ഉണ്ടായിരുന്ന കാമറ ഉയർത്തിക്കാണിച്ചു ഞാൻ പറഞ്ഞു

"മാഡം, രണ്ടാഴ്ച മുൻപ് ഞങ്ങൾ തമ്മിൽ ഇവിടെ വച്ച് പരിചയപ്പെട്ടിരുന്നു .അന്ന് അബദ്ധവശാൽ ഞങ്ങളുടെ ക്യാമെറകൾ തമ്മിൽ മാറിപ്പോയി. ഇപ്പോൾ എന്റെ കയ്യിൽ ഇരിക്കുന്നത് അവളുടെ കാമറ ആണ്.ഇത് തിരിച്ചു കൊടുത്തു അവരുടെ കയ്യിൽ നിന്ന് എന്റെ ക്യാമറ തിരിച്ചു വാങ്ങുവാൻ വേണ്ടിയിട്ടാണ് അവരുടെ കോൺടാക്ട് നമ്പർ ഞാൻ ചോദിച്ചത്. അല്ലാതെ ഒരു പെൺകുട്ടിയുടെ നമ്പർ ഒപ്പിക്കുവാൻ വേണ്ടി മാത്രം ഒരാൾ കേരളത്തിൽ നിന്ന് ഗോവയിലേക്ക് ട്രെയിൻ കയറി വരുമെന്ന് നിങ്ങള്ക്ക് തോന്നുന്നുണ്ടോ ?"

ആ ഡയലോഗിൽ അവർ വീണു എന്ന് എനിക്ക് മനസ്സിലായി. എങ്കിലും അവർ നമ്പർ തരുവാൻ മടിച്ചു .ഒടുവിൽ അവർ എന്നിൽ നിന്ന് ആ കാമറ വാങ്ങി പരിശോധിച്ച്. ഭാഗ്യം ശരിക്കു എന്റെ തുണക്കെത്തിയത് അവിടെ ആണ്. ഞാൻ മുൻപൊരിക്കൽ ഇവിടെ വാരണാസിയിൽ കുടുംബത്തോടൊപ്പം വന്നിട്ടുണ്ടെന്ന് പറഞ്ഞത് ഓർക്കുന്നില്ലേ ? അന്ന് ഞാൻ അവിടെ നിന്ന് പകർത്തിയ നിരവധി ചിത്രങ്ങൾ അപ്പോഴും ആ ക്യാമെറയിൽ ഉണ്ടായിരുന്നു. അവരുടെ അഡ്രസ് രജിസ്റ്ററിൽ നിന്ന് ഉഷ വാരണാസി സ്വദേശി ആണെന്ന് അവർ മനസ്സിലാക്കിയിരിക്കണം. കാമറ യിലെ ചിത്രങ്ങൾ കണ്ടപ്പോൾ അത് വാരണാസിയിൽ നിന്നുള്ള ഒരു ഒരാളുടെ കാമറ ആണെന്ന് അവർ കരുതി. അതിൽ അവർക്കു തൃപ്തി വന്നു. അങ്ങനെ അവിടുത്തെ മാനേജരുമായി ഒന്ന് സംസാരിച്ച ശേഷം അവളുടെ കോൺടാക്ട് നമ്പർ അവർ എനിക്ക് നൽക . ഞാൻ ഒട്ടും താമസിച്ചില്ല .കാത്തു നിൽക്കാൻ ഉള്ള ക്ഷമ എനിക്കില്ലായിരുന്നു ഹോട്ടലിൽ നിന്ന് പുറത്തു കടന്നയുടനെ ഞാൻ ആ നമ്പർ ദയാൽ ചെയ്തു. മൂന്നോ നാലോ റിങ്ങുകൾക്കു ശേഷം മറുതലക്കൽ നിന്ന് അവളുടെ ശബ്ദം ഞാൻ ഒരിക്കൽ കൂടി കേട്ടു

"എന്നിട്ടു നീ എന്താ അവളോട് സംസാരിച്ചത്" രേഖക്ക് ആകാംഷ അടക്കാൻ ആയില്ല.

"ഹ ഹ ഹ .... അപ്പോൾ ഞാൻ പറഞ്ഞതെല്ലാം നിങ്ങള്ക്ക് വിശ്വാസമായി അല്ലെ ?" പൊട്ടിച്ചിരിച്ചു കൊണ്ട് രാഹുൽ പറഞ്ഞു.

"ഇതൊന്നും അവിടെ സംഭവിച്ചില്ല. റിസപ്‌ഷനിസ്റ് എന്റെ കാമറ വാങ്ങി പരിശോധിച്ചു എന്ന് പറഞ്ഞിരുന്നില്ലേ . ആ ക്യാമെറയിൽ മുഴുവൻ എന്റെ ഫോട്ടോസ് തന്നെയായിരുന്നു. അതോടുകൂടി കാമറ എന്റെ തന്നെയാണെന്ന് അവർക്കു ബോധ്യമായി. ഇനി ഇവിടെ നിന്നാൽ പോലീസിൽ അറിയിക്കും എന്നായി അവർ. ക്യാമറയും എടുത്തു ഞാൻ അവിടെ നിന്നിറങ്ങി ഓടി .

ഗോപാലിനും രേഖക്കും ചിരി അടക്കാൻ കഴിഞ്ഞില്ല അവർ പൊട്ടിച്ചിരിച്ചു. ഒടുവിൽ ചിരി അടക്കാൻ നന്നേ പാട് പെട്ടുകൊണ്ട് ഗോപാൽ ചോദിച്ചു . "പിന്നെ എന്തുണ്ടായി? "

"എന്തുണ്ടാവാൻ ? അവിടെ നിന്ന് അവളെപ്പറ്റി ഒരു വിവരവും കണ്ടെത്താൻ സാധിച്ചില്ല . പക്ഷെ അങ്ങനെ വിട്ടുകളയാൻ ഞാനും തയ്യാറായിരുന്നില്ല. അതാണ് ഇങ്ങോട്ടു തന്നെ വന്നത്."

"അപ്പോൾ അതിനു ശേഷം നീ അവളോട് സംസാരിച്ചിട്ടേ ഇല്ല അല്ലെ?

"ഇല്ല"

"അവളുടെ നമ്പറോ അഡ്രസോ നിന്റെ കയ്യിൽ ഇല്ല , പക്ഷെ നിനക്കവളെ കണ്ടുപിടിക്കണം , അതിനെന്റെ സഹായം വേണം അല്ലെ ?"

"വേണം"രാഹുൽ ചിരിച്ചു കൊണ്ട് പറഞ്ഞു

"ഇതേ കാര്യം പറഞ്ഞു അന്ന് ശ്യാം എന്നെ വിളിച്ചപ്പോൾ, ഞാൻ അവനെ വിളിച്ച തെറി അവൻ നിന്നെ റെക്കോർഡ് ചെയ്തു കേൾപ്പിച്ചു എന്നല്ലേ നീ പറഞ്ഞത് ?"

"അതെ"

"അത് വീണ്ടും ലൈവ് ആയി കേൾക്കാനാണോ നീ ഇവിടേയ്ക്ക് വന്നത് ?"

അതിനിടയിൽ രേഖ എന്തോ പറയാൻ ഭാവിച്ചു . അപ്പോളേക്കും അവളെ തടഞ്ഞു കൊണ്ട് , വളരെ ശാന്തമായി ഗൗരവത്തോടെ ഗോപാൽ പറഞ്ഞു.

"നീ ഞാൻ പറയുന്നത് കേൾക്കു , ഇതൊക്കെ ഈ പ്രായത്തിൽ സാധാരണം ആണ്, തുടക്കത്തിൽ ഉള്ള ഒരു ആവേശത്തിൽ പലതും തോന്നും. പക്ഷെ തൽക്കാലം നീ ഇപ്പൊ പഠിത്തത്തിൽ മാത്രം ശ്രദ്ധിക്കുക, ആദ്യം നല്ലൊരു കരിയർ ഡെവലപ് ചെയ്യണം, എന്നിട്ടു..........."

അപ്പോളേക്കും രേഖ ഇടപെട്ടു

"പറ്റിയ ആളാ അവനെ ഉപദേശിക്കുന്നെ , ഇതൊക്കെ അറിഞ്ഞിട്ടാണോ കോളേജിൽ പഠിക്കുമ്പോ നിങ്ങൾ എന്റെ പിറകെ നടന്നത് ?"

രാഹുൽ ചിരിയടക്കാൻ പാടുപെട്ടു

"എന്നോട് ശ്യാം പറഞ്ഞിട്ടുണ്ട്, നിങ്ങൾ പ്രണയിച്ചു വിവാഹം കഴിച്ചതാണെന്നു ."

"കാര്യമൊക്കെ ശരി തന്നെ , പക്ഷെ ഇത് കേരളം അല്ല.ഞാൻ എന്റേതായ രീതിയിൽ ഒന്ന് ശ്രമിക്കാം. നീ പക്ഷെ ആവേശം മൂത്തു ഗോവയിലെ ഹോട്ടലിൽ ചെന്ന് കയറിയത് പോലെ ഇവിടെ അവളെയും അന്വേഷിച്ചു നടക്കരുത്. നിന്റെ നല്ലതിന് വേണ്ടി ആണ് പറയുന്നത് . അവൾ ഏതെങ്കിലും വലിയ വീട്ടിലെ പെണ്ണാണെങ്കിൽ നീ അവളെ കണ്ടെത്തുന്നതിന് മുൻപ് തന്നെ അവളുടെ വീട്ടുകാർ നിന്നെ കണ്ടെത്തും . ഇനി നീ അവളുടെ മുന്നിൽ ചെന്നാൽ തന്നെ ........നിനക്ക് അവളോടുള്ള സ്നേഹം അവൾക്കു നിന്നോടുണ്ടെന്നു എന്താ ഉറപ്പു ?മറ്റുള്ളവർ പറയുന്നത് പോലെ വാരാണസി അത്ര ഹോളി സിറ്റി ഒന്നും അല്ല . ഇവിടുത്തു കാരുടെ കയ്യിൽ കിട്ടിയാൽ കൂടുതൽ ചോദ്യവും പറച്ചിലും ഒന്നും ഉണ്ടാകില്ല .എടുത്തു പുഴയിലേക്കെറിയും .ഗംഗ നദിയിൽ മുങ്ങി മരിക്കുന്നതു പുണ്ണ്യമാണെന്നു വരെ വിശ്വസിക്കുന്നവർ ഉണ്ട് ഇവിടെ , ഒരുപാടു . അതുകൊണ്ട് തന്നെ ആരും രക്ഷപ്പെടുത്താൻ ശ്രമിക്കും എന്ന് പോലും കരുതേണ്ട "

ഗോപാൽ ഇത്രയൊക്കെ പറഞ്ഞെങ്കിലും തന്റേതായ രീതിയിൽ ഒരന്വേഷണം നടത്തും എന്ന് രാഹുൽ മനസ്സിൽ ഉറപ്പിച്ചിരുന്നു . എല്ലാ ദിവസവും നേരം പുലരുമ്പോൾ തന്നെ അവൻ തെരുവിലേക്കിറങ്ങും .നഗരത്തിന്റെ പല ഭാഗങ്ങളിലൂടെ നടക്കും ,ഏതെങ്കിലും ഒരു വീടിന്റെ മുൻപിൽ അല്ലെങ്കിൽ ഒരു കടയിൽ അവൾ നിൽക്കുന്നതും പ്രതീക്ഷിച്. അവർ തമ്മിൽ നടന്ന സംഭാഷണത്തിൽ എവിടെ എങ്കിലും അവളുടെ വീടിനെപ്പറ്റി എന്തെങ്കിലും ഒരു സൂചന ഉണ്ടായിരുന്നോ എന്ന് കണ്ടെത്താൻ അവൻ ഒരുപാട് ശ്രമിച്ചു. പക്ഷെ സാധിച്ചില്ല . വൈകുന്നേരങ്ങളിൽ പഠനം കഴിഞ്ഞു പോകുന്നവരിൽ പരിചയമുള്ള ഒരു മുഖവും പ്രതീക്ഷിച് ഏതെങ്കിലും കോളേജിന് മുൻപിൽ അവൻ ചെന്ന് നിൽക്കും. ദിവസങ്ങൾ അങ്ങനെ കടന്നു പോയി . ഒരാഴ്ച കഴിഞ്ഞു . വാരണാസിയിലെ ഇടവഴികൾ പോലും അവനു പരിചിതമായി . ഇതിനിടയിൽ ചില സുഹൃത്തുക്കളെ അവനവിടെ ലഭിച്ചു . നാട്ടിൽ വന്ന ചില പരിചയക്കാരെയും അവിടെ വച്ച് അവൻ കണ്ടുമുട്ടി . പക്ഷെ അവൻ അന്വേഷിച്ചു നടന്ന ആ മുഖം മാത്രം അവന്റെ മുൻപിൽ പ്രത്യക്ഷപ്പെട്ടില്ല . ഒടുവിൽ ,നിരാശയോടെ ,അവൻ തിരിച്ചു പോകാൻ തന്നെ തീരുമാനിച്ചു . ഇനിയും അവിടെ തുടരാൻ അവനു സാധിക്കുമായിരുന്നില്ല . ഒരിക്കൽ കൂടി അവന്റെ യാത്ര വിഫലമായി , എല്ലാ പ്രതീക്ഷകളെയും അസ്തമിപ്പിച്ചു കൊണ്ട്.

രണ്ട് മാസങ്ങൾക്കു ശേഷം ഗോപാലിന്റെ ഒരു സന്ദേശം രാഹുലിന് ലഭിച്ചു

"രാഹുൽ, രണ്ട് മാസങ്ങൾക്കു മുൻപ് നീ ആ പെൺകുട്ടിയെ അന്വേഷിച്ചു എവിടെയെല്ലാം അലഞ്ഞു എന്ന് നിനക്കോര്മയുണ്ടോ? എനിക്കറിയാം ...നീ വാരണാസി മുഴുവനും അവളെത്തേടി അലഞ്ഞിട്ടുണ്ടെന്നു. പക്ഷെ നീ അന്വേഷിക്കാൻ വിട്ടു പോയ ഒരു സ്ഥലമുണ്ട്. ഏതാണെന്നറിയാമോ?വിദ്യാ നഗർ കോളനി. അതെ ....... നമ്മൾ താമസിച്ചിരുന്ന കോളനി തന്നെ. അവിടെ എന്റെ വീടിനു നേരെ എതിർ വശത്തു താമസിക്കുന്ന നിരഞ്ജൻ ശർമയുടെ മകളാണ് ഉഷ. വാരണാസിയിൽ നീ വന്ന ആദ്യ ദിവസം തന്നെ നിന്റെ കഥയിലൂടെ ഞങ്ങൾ മനസ്സിലാക്കിയിരുന്നു, അത് അവൾ തന്നെ ആണെന്ന്. പക്ഷെ നിന്നോട് അക്കാര്യം പറയേണ്ട എന്ന് ഞാൻ തീരുമാനിച്ചു. രേഖ നിന്നോട് അത് പറയാൻ തുടങ്ങിയപ്പോൾ അവളെ തടഞ്ഞതും ഞാൻ തന്നെ ആണ്. നിന്റെ പ്രണയം എത്രത്തോളം തീവ്രമാണെന്നു ഞങ്ങൾക്കറിയാമായിരുന്നിട്ടും നിന്നോട് അവളെക്കുറിച്ചു പറയാതിരുന്നത് നിന്റെ സുരക്ഷിതത്വം കരുതി ആണ്. പക്ഷെ , ഇപ്പോൾ അവൾക്കു നിന്നോടുള്ള പ്രണയം മനസ്സിലാക്കിയിട്ടും ഞാനിതു പറയാതിരുന്നാൽ അത് വലിയ തെറ്റായിരിക്കും എന്ന് എനിക്ക് തോന്നിയതുകൊണ്ടാണ് ഞാൻ ഇത് എഴുതുന്നത്. അതെ...............വായിച്ചത് തെറ്റിപ്പോയിട്ടൊന്നുമില്ല . നീ അവളെ ഓർത്തിരിക്കുന്നതു പോലെ, അവൾ ഇപ്പോഴും നിന്നെയും ഓർത്തിരിക്കുന്നു. നിന്നെ ഒന്ന് കാണാനും സംസാരിക്കാനും അവൾക്കും ആഗ്രഹം ഉണ്ട്. കഴിഞ്ഞ ദിവസം ഉഷ ഞങ്ങളുടെ വീട്ടിൽ വന്നിരുന്നു. അവളുടെ ജന്മദിനത്തിൽ വീട്ടിൽ വച്ച് നടത്തുന്ന ആഘോഷത്തിലേക്ക് ക്ഷണിക്കാൻ. രേഖയും അവളും തമ്മിൽ സംസാരിച്ചിരിക്കുന്നതിനിടയിൽ ഇടക്കെപ്പോഴോ ചർച്ച ഞങ്ങളുടെ പ്രണയത്തെക്കുറിച്ചായി. അപ്പോഴാണ് യാദൃശ്ചികമായി അവൾ നിന്നെക്കുറിച്ചു പറഞ്ഞത്. ഗോവയിൽ വച്ച് കണ്ടുമുട്ടിയ ഒരു മലയാളിപ്പയ്യനെക്കുറിച്ചു. നിങ്ങൾ കണ്ട് പിരിഞ്ഞതിന്റെ പിറ്റേ ദിവസം നിന്നെയും പ്രതീക്ഷിച്ച് അവൾ ബാഗ ബീച്ചിൽ തന്നെ ഉണ്ടായിരുന്നു. അവളോട് പറഞ്ഞിട്ടില്ല , ഒരാഴ്ചയോളം തൊട്ടടുത്ത വീടുകളിൽ പരസ്പരം കണ്ടുമുട്ടാതെ നിങ്ങൾ താമസിച്ചിരുന്ന കാര്യം. കൂടുതൽ ദീർഘിപ്പിക്കുന്നില്ല. ചുവടെ അവളുടെ മൊബൈൽ നമ്പർ ചേർത്തിട്ടുണ്ട് .ഇന്ന് അവളുടെ ജന്മദിനമാണ് . വിളിക്കുക , ജന്മദിനാശംസകൾ നേരുക . All The Best.


Facebook Login Google Login

Jump from your Mobile

മൊബൈൽ ഫോണിൽ നിന്നും മൊഴിയിലേക്ക് വളരെ എളുപ്പം പോകാം

എങ്ങനെ?

എഴുത്തുകാരോട്

ലോഗിൻ ചെയ്ത ശേഷം, രചനകൾ സൈറ്റിൽ സമർപ്പിക്കുക. പരിശോധിച്ച ശേഷം  പ്രസിദ്ധം ചെയ്യുന്നതാണ്. പ്രസിദ്ധീകരിക്കുന്ന ഓരോ രചനയ്ക്കും 50 points. മികച്ച രചനയ്ക്ക് അധികമായി 100 Bonus points. 500 points തികയുമ്പോൾ, സമ്മാനത്തുക കൈപ്പറ്റാം. ഈ സൈറ്റിൽ പ്രസിദ്ധം ചെയ്യുന്ന എല്ലാ രചനകളും മൊഴിയുടെ ഇമെയിൽ, സോഷ്യൽ മീഡിയ തുടങ്ങി എല്ലാ ഡിജിറ്റൽ മാധ്യമങ്ങളിലും,  അച്ചടി മാധ്യമങ്ങളിലും കൂടുതൽ പ്രചാരണത്തിനായി പ്രസിദ്ധീകരിക്കുന്നതായിരിക്കും. *T&C Apply
View Tutorials
എഴുത്തിനുള്ള പ്രതിഫലം