കുന്നിന്‍ മുകളിലൊറ്റ മരത്തില്‍
മഴയിടവേളയില്‍ സുഖദമാം
വെയില്‍ കാഞ്ഞൊരു നിമിഷം
വിശ്രമിക്കും ഞാനൊരു
ദേശാടനപ്പക്ഷി

ദൂരമേറെയുണ്ടിനി പോകാന്‍
അലസം മുകിലുകളൊത്ത്
കാറ്റിന്‍ ചിറകുകളിലേറി
പഞ്ഞിത്തുണ്ടു പോല്‍
പറന്നുയരണം.
കുങ്കുമവര്‍ണ്ണപൂപ്പാടങ്ങള്‍
മഞ്ഞ് മൂടും താഴ്വരകള്‍
നിബിഡവിപിനതമസ്സുകള്‍
താണ്ടണം

അകലെയൊരു നീലത്തടാകം
ധ്യാനനിമീലിതം മാമലകള്‍ക്കിടയില്‍
പതിച്ച മനോഹരവൈഡ്യൂര്യരത്നം.
ശാന്തസുന്ദരമാം നിശ്ശബ്ദത
ചെറുതിരകളായ് തീരത്തണയും
ഒാളങ്ങളുടെ സംഗീതം.

ആയിരം കാതമകലെയെങ്കിലും
ആ മനോഹരതീരത്തെത്താനായ്
‍ചിറകുകള്‍ വിരിച്ചിതാ
വാനിലുയര്‍ന്നു പൊങ്ങിയൊഴുകുന്നു.
വീണ്ടുമീ വിദൂരസഞ്ചാരം തുടരുന്നു.
മനസ്സൊരേകാഗ്രബിന്ദുവില്‍ ലയിക്കുന്നു.
ഞാനെന്നെത്തന്നെ മറന്നലയുന്നു.

കൂടുതൽ വായനയ്ക്ക്