എയർപോർട്ടിലെത്തിയ മനു, തനിക്കുവേണ്ടി വല്ല മുഖങ്ങളും കാത്തുനിൽക്കുന്നുണ്ടോയെന്നു വെറുതെയൊന്നുനോക്കി. മൂന്നു വർഷങ്ങൾക്കു ശേഷം നാട്ടിലേക്കുള്ള ആദ്യത്തെ വരവാണ്. വരുന്ന വിവരം ആരേയും അവൻ അറിയിച്ചിട്ടില്ല. പക്ഷേ, തന്റെ സുഹൃത്തുക്കൾ അവിടെയുണ്ടായിരുന്നുവെങ്കിലെന്നു അവൻ മോഹിച്ചുപോയി.

അവൻ വീട്ടിലേക്കൊരു ടാക്സി പിടിച്ചു.  വീടും കൂട്ടുകാരും അവന്റെ മനസ്സിൽ തെളിഞ്ഞു. പാലത്തിന്റെ മുകളിലിരുന്നു കാറ്റുകൊള്ളുന്നതും ചായക്കടയിലെ കുശലം പറച്ചിലും അവന്റെ മനസ്സിലേക്കോടി വന്നു. നല്ല തണുത്ത കാറ്റവനെ പൊതിഞ്ഞു. അവന്റെ കണ്ണുകൾ ഒരു മയക്കത്തിനു കൊതിച്ചു. ഇന്നത്തെ ചിന്തകൾക്ക് അല്പനേരത്തേക്ക് അവൻ വിശ്രമം കൊടുത്തു. അവന്റെ മനസ്സ്, അവനറിയാതെ ഇന്നലെകളിലേക്കൊരു യാത്രപോയി.

നല്ല പച്ചപ്പ് നിറഞ്ഞ ഗ്രാമം, കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പാടങ്ങളും,  തെങ്ങിൻത്തോപ്പുകളും,  കുന്നുകളും,  കാണുന്ന ഏതൊരുവന്റെയുള്ളിലും കുളിരു നിറയ്ക്കുന്ന സുന്ദരമായ ഗ്രാമം. എല്ലാ ഗ്രാമങ്ങളിലും കണ്ണാടിപ്പോലെയുള്ള ഒരു ചായക്കടയുണ്ടാകും. ഈ നാട്ടിലുമുണ്ട് അതുപോലെയൊരെണ്ണം. രാവിലെ പണിക്കു പോകുന്നതിനു മുൻപ് എല്ലാവരും അവിടെയെത്തുമായിരുന്നു. നാട്ടിലുള്ള ഒട്ടുമിക്ക വിശേഷങ്ങളും ചായക്കടയിൽനിന്നും അറിയാം. പണിയില്ലെങ്കിൽ എല്ലാവരും അവിടെത്തന്നെ കാണും.

മനു,  അന്നു രാവിലെ എഴുന്നേറ്റപ്പോൾ കേട്ടത്, രാഹുലിന്റേയും കേശവന്റേയും അതിരിനെ ചൊല്ലിയുള്ള തർക്കമായിരുന്നു. നാട്ടുകാർക്കു അതൊരു പുതിയ സംഭവമായിരുന്നില്ല. പക്ഷേ, ഇക്കുറി സംഭവം കാര്യമായി. കേശവൻ രാഹുലിനെ കയ്യേറ്റം ചെയ്യുവാൻ വന്നു. അയാളുടെ കയ്യിൽ വെട്ടുകത്തിയുണ്ടായിരുന്നു. നാട്ടുകാരെല്ലാവരും എത്തിയപ്പോൾ കേശവൻ സ്ഥലം വിട്ടു. 

കേശവനെ വെറുതെ വിടാൻ നാട്ടുകാർ തയ്യാറായില്ല. അവർ, അയാൾക്കെതിരെ പോലീസിൽ പരാതി കൊടുത്തു. പരാതിയെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി. അവനെവിടെയെന്ന ചോദ്യത്തിന് വീട്ടുകാർ വ്യക്തമല്ലാത്ത മറുപടി നൽകുകയും ചെയ്തു.

അന്നു രാത്രി ചായക്കടയിലെ സംസാര വിഷയം ഇതുതന്നെയായിരുന്നു. നടക്കുമ്പോൾ ചുറ്റിലുമൊരു കണ്ണു വേണമെന്ന് കൂട്ടുകാരെല്ലാവരും ഒരേ ശബ്ദത്തിൽ രാഹുലിനോട് പറഞ്ഞു. അയാൾ മറ്റുള്ളവരെപ്പോലെയല്ല,  വൈരാഗ്യം വച്ചു പുലർത്തുന്ന സ്വഭാവമുള്ളയാളാണ്. 

ദിവസങ്ങൾ കഴിഞ്ഞപ്പോൾ,  എല്ലാവരും അക്കാര്യം മറന്നു. പഴയപോലെ കളിയും ആഘോഷങ്ങളുമായി അവർ മുന്നോട്ടു നീങ്ങി. ഉത്സവകാലത്തിനു നാട്ടിൽ തുടക്കമായി. എവിടെയെങ്കിലും ഗാനമേളയുണ്ടെന്നു കേട്ടാൽ മതി,  പിന്നെയെല്ലാവരും അവിടേക്കൊരു പോക്കാണ്. 

നാട്ടിൽ നിന്നും കുറച്ചകലെയുള്ള ക്ഷേത്രത്തിലേക്ക് മനുവും,  രാഹുലും കൂട്ടുകാരോടൊപ്പം  ഗാനമേള കാണുവാനായി പോയി. പരിപാടി തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ, അവരുടെ ദേഹത്തിലേക്കാരോ കല്ലെടുത്തെറിയുവാൻ തുടങ്ങി. തിരിഞ്ഞുനോക്കിയപ്പോൾ എല്ലാവരും ഡാൻസ് കളിക്കുകയാണ്. അക്കൂട്ടത്തിൽ,  എവിടെയോ കണ്ടുമറന്ന ചില മുഖങ്ങളുള്ളതായി അവർക്കു തോന്നി. അതു മറ്റാരുമായിരുന്നില്ല, കേശവന്റെ ചങ്ങാതിമാരായിരുന്നു. അവർ മന:പൂർവം രാഹുലിനേയും കൂട്ടുകാരേയും ഒരു വഴക്കിനു ക്ഷണിക്കുകയായിരുന്നു. പക്ഷേ, കൂട്ടുകാർ രാഹുലിനെ വഴക്കിൽ നിന്നും പിൻതിരിപ്പിച്ചു. ശാന്തരായിത്തന്നെ അവരവിടെനിന്നും വീട്ടിലേക്കു തിരിച്ചു.

പ്രശ്നങ്ങൾ പെട്ടന്നു തീരാനുള്ളതല്ലെന്ന് അവർക്കു മനസ്സിലായി. തൽക്കാലം രാഹുലിനെ എവിടേക്കെങ്കിലും മാറ്റി നിർത്തുന്നതാണ് നല്ലതെന്നു വീട്ടുകാർക്കും കൂട്ടുകാർക്കും ഒരുപോലെ തോന്നി. അതിനായി അവന്റെ അമ്മാവനോട്,  അവനു പറ്റിയ ഒരു ജോലി ശരിയാക്കാൻ പറഞ്ഞു. രാഹുലിന്റെ അമ്മാവൻ ദുബായിലാണ്. ആൾക്ക്  തരക്കേടില്ലാത്ത ഒരു ജോലിയുണ്ട്. രാഹുലിനെ ദുബായിലേക്കു കൊണ്ടുപോകുന്നതിനുള്ള കാര്യങ്ങൾ ശരിയാക്കാമെന്നു അയാൾ ഉറപ്പു പറഞ്ഞു.

എന്നാൽ, രാഹുലിന് നാട്ടിൽ നിന്നും മാറിനിൽക്കുവാൻ തീരെ താൽപര്യമില്ലായിരുന്നു. എല്ലാവരുടേയും നിർബന്ധത്തിനു വഴങ്ങി, അവസാനം അവൻ ദുബായിലേക്കു പോകാമെന്നു സമ്മതിച്ചു.

രാഹുലിന് ഈയിടെയായി എഴുത്തിലൊരൽപ്പം ഇഷ്ടം തോന്നിത്തുടങ്ങിയിട്ടുണ്ട്. കുറച്ചു കവിതകളും ചെറുകഥകളും അവൻ രചിച്ചിട്ടുണ്ട്. അതിൽ ചിലതെല്ലാം വെളിച്ചം കണ്ടിട്ടുമുണ്ട്. പോകുന്നതിനു മുൻപ് അവയെല്ലാം ഒരു പുസ്തകമാക്കണമെന്നൊരു മോഹവും അവന്റെയുള്ളിലുണ്ട്. എന്നാൽ, എഴുത്തിനോടുള്ള അവന്റെയിഷ്ടം എല്ലാവർക്കും അറിവുള്ള കാര്യമായിരുന്നില്ല. 

പോകുവാനുള്ള ദിവസങ്ങളടുത്തു വന്നപ്പോൾ, അവന്റെയുള്ളിലെ ദുഃഖങ്ങളും വർദ്ധിച്ചുവന്നു. എല്ലാ ദിവസങ്ങളിലും പാടത്തു ക്രിക്കറ്റ് കളിയുണ്ടാകും. അന്നത്തെ കളി കഴിഞ്ഞു പാടത്തിരിക്കുമ്പോൾ,  രാഹുൽ മാത്രം ദുഃഖിതനായി കാണപ്പെട്ടു! 

മനു: "എന്തുപറ്റിയെടാ, കുറച്ചു ദിവസങ്ങളായി നീ വല്ലാത്ത ചിന്തയിലാണല്ലോ? 

രാഹുൽ: "ഇവിടെനിന്നും പോകുന്നതിനെക്കുറിച്ചോർക്കുമ്പോൾ സഹിക്കാൻ കഴിയുന്നില്ല. എല്ലാവരേയും കാണാതിരിക്കാനൊന്നും എന്നെക്കൊണ്ടു കഴിയുമെന്നു തോന്നുന്നില്ല."

മനു: "നിന്നെ പിരിയുന്നതിൽ ഞങ്ങൾക്കും വിഷമമുണ്ട്. പക്ഷേ, ഒന്നുമില്ലെങ്കിലും നിന്റെ ഭാവിക്കുവേണ്ടിയല്ലേ! എത്രനാൾ,  ഒരു ലക്ഷ്യവുമില്ലാതെ ഈ നാട്ടിൽ അലഞ്ഞുനടക്കും? എല്ലാത്തിനും നല്ലത് ഇതുതന്നെയാണ്. അവിടെയെത്തി ഒരുമാസമൊക്കെ കഴിയുമ്പോൾ,  നിനക്കെല്ലാം ബോധ്യമാകും."

രാഹുൽ: "നമ്മളുടെ എക്കാലത്തേയും സ്വപ്നമായ സാംസ്കാരിക നിലയം എന്നെങ്കിലും നടപ്പിലാകുമോ? എല്ലാവർക്കും വന്നിരുന്നു വായിക്കുവാനും ചിന്തകൾ പങ്കുവയ്ക്കാനും ഒരിടമുണ്ടെങ്കിൽ അതു നല്ലതല്ലേ?" 

മനു: "പലരോടും യാജിക്കുവാൻ തുടങ്ങിയിട്ട് നാളുകൾ കുറേയായി. തിരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനങ്ങൾ ലഭിക്കുന്നതല്ലാതെ ഒന്നും നടക്കുന്നതില്ലയെന്നതാണു സത്യം."

രാഹുൽ: "നാളെ രാത്രി നമുക്കൊന്നു കൂടിയാലോ? പാലത്തിലിരിക്കാം. രാത്രിയിൽ അതിലൂടെ ആരും നടക്കാറില്ലല്ലോ!"

മനു: "ഉം..."


പിറ്റേദിവസം രാത്രി അവർ പാലത്തിലൊത്തുകൂടി. ബിയറും ഭക്ഷണവും അവർ കരുതിയിരുന്നു. അവിടുത്തെ കാറ്റേറ്റിരിക്കുവാൻ ഒരു പ്രത്യേക സുഖമാണ്. ഈയൊരു സുഖം മറ്റെവിടെനിന്നു കിട്ടുമെന്ന ചിന്ത രാഹുലിന്റെ മനസ്സിനെ വരിഞ്ഞുമുറുക്കി.

രണ്ടു കുപ്പികൾ വീതം ഓരോരുത്തരും അകത്താക്കി.  അതിന്റെ ഫലമായി ഓരോരുത്തരിലും പലവിധത്തിലുള്ള ചിന്തകൾ പൊട്ടിമുളച്ചു. ചിലർക്കു പാലത്തിലൂടെ ഓടണമെന്നു തോന്നി. മറ്റു ചിലർക്കാകട്ടെ അതിന്റെ അഴിയിൽ തൂങ്ങിക്കിടക്കാനായിരുന്നു ആശ! 

എന്നാൽ,  മനു മറ്റൊന്നായിരുന്നു ചെയ്തത്. ഒരു പാദത്തിന്റെ മാത്രം വീതിയുള്ള, പാത്തിയോടു ചേർന്നുള്ള ഭാഗത്തിലൂടെ അവൻ നടക്കുവാൻ തുടങ്ങി. എന്നാലിതുമാത്രം ആരും ശ്രദ്ധിച്ചില്ല. മൂന്നാമത്തെ ചുവടു വച്ചതും മനു കാൽവഴുതി താഴേക്കു വീഴാറായി. ഒരുവിധത്തിൽ അവനതിൻമേൽ പിടിച്ചുനിന്നു. ഇതുകണ്ടതും രാഹുൽ അവനെ രക്ഷിക്കുവാനായി കൈകൾ നീട്ടി. ഏറെ പണിപ്പെട്ടു രാഹുൽ മനുവിനെ പിടിച്ചുകയറ്റി. പക്ഷേ, ആ ശ്രമത്തിനിടയിൽ രാഹുൽ ബാലൻസു തെറ്റി താഴേക്കു വീണു. വീണയുടൻ തന്നെ എല്ലാവരും രാഹുലിന്റെ അരികിലേക്കോടിച്ചെന്നു. എന്നാൽ, അവരെത്തുന്നതിനു മുൻപുതന്നെ രാഹുൽ മണ്ണിൽനിന്നും വിടവാങ്ങിയിരുന്നു.


പെട്ടെന്നുള്ളൊരു ശബ്ദം മനുവിനെ മയക്കത്തിൽനിന്നും ഉണർത്തി. 

"സാറേ, സ്ഥലമെത്തി." 

ഡ്രൈവറുടെ വാക്കിനു മറുപടിയെന്നപോലെ മനു പുറത്തേക്കു നോക്കി. ഒരു രോഗിയെപ്പോലെ ശോഷിച്ചുനിൽക്കുന്ന രാഹുലിന്റെ വീട് അവനു കാണുവാൻ കഴിഞ്ഞു. അവിടെയാരും താമസിക്കുന്നില്ലെന്ന കാര്യവും വിഷമത്തോടെയവൻ മനസ്സിലാക്കി. 

തന്റെ ജീവൻ രക്ഷിക്കുന്നതിനു വേണ്ടിയാണ് രാഹുൽ മരണത്തെ പുൽകിയതെന്ന ദുഃഖം, ഇന്നുമവന്റെ മനസ്സിൽനിന്നും മാഞ്ഞിട്ടില്ല. ഇനിയുളള തന്റെ ജീവിതം അവനുവേണ്ടി ചിലവഴിക്കാനുള്ളതാണെന്നു അവൻ മനസ്സിൽ കുറിച്ചു. 

 അവന്റെ എക്കാലത്തേയും സ്വപ്നമായ സാംസ്കാരിക നിലയത്തിന്റെ നിർമ്മാണം മനു മുന്നിട്ടിറങ്ങി നടത്തി. അവന്റെ രചനകളെല്ലാം മനു പുസ്തകമാക്കുകയും ചെയ്തു. എല്ലാ വർഷവും രാഹുലിന്റെ പേരിൽ എഴുത്തു മത്സരങ്ങൾ അവൻ സംഘടിപ്പിക്കുകയും  ചെയ്തു.