രണ്ടുപേർ ഒരേപോലെ ചിന്തിക്കുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ?
"ഇല്ല".


ഒരേപോലെ ചിന്തിക്കുന്ന രണ്ടു പേരും എഴുത്തുകാരായാൽ  എന്തെങ്കിലും കുഴപ്പമുണ്ടോ?
"ഇല്ലേ ഇല്ല".
പിന്നെന്താണ് പ്രശ്നം?
"പ്രശ്നമോ?"

ഇനി മറ്റൊരു കാര്യം. ഇത്രയും കാലം കൊണ്ട് 100 ൽ താഴെ ഗൗരവമായ സർഗ്ഗരചനകൾ മാത്രമേ ഞാൻ നടത്തിയിട്ടൊള്ളു. കഴിഞ്ഞ ദിവസങ്ങളിൽ അവയിലൂടെ ഒരു മടക്കയാത്ര നടത്തിയപ്പോൾ വിചിത്രമായ ഒരു കണ്ടെത്തലിൽ ഞാൻ എത്തിച്ചേർന്നു. എഴുതിയതെല്ലാം ഒരു വിഷയം മാത്രമാണ്. എനിക്കെഴുതാൻ ഇതല്ലാതെ മറ്റൊന്നില്ല എന്നും. ഒടുവിൽ എഴുതിയ കവിത (അതോ പദ്യമോ?) ആദികവിയുടെ സമക്ഷത്തിൽ  മോഷണത്തിനുള്ള കുമ്പസാരവും.

"എഴുതിയതൊക്കെയും 'സ്നേഹം', ഒരിക്കലും
എഴുതാതിരുന്നതും 'സ്നേഹം'."

സ്നേഹത്തെക്കുറിച്ചല്ലാതെ മറ്റെന്താണ് എഴുതാനുള്ളത്? സ്നേഹമുള്ള അവസ്ഥ, അല്ലെങ്കിൽ അതിന്റെ ഏറ്റക്കുറച്ചിൽ. കഥാപാത്രങ്ങൾ മാത്രം മാറിവരുന്നു. വിഷയം എപ്പോഴും സ്നേഹം മാത്രം. മനുഷ്യനു മനുഷ്യനോടുള്ള സ്നേഹം, മനുഷ്യനു പ്രകൃതിയോടും തിരിച്ചുമുള്ള സ്നേഹം. താനുൾപ്പടെ എല്ലാം പ്രകൃതിയിൽ ഉൾക്കൊള്ളുന്നുവെങ്കിലും, ഇവിടെ താനൊഴിച്ചുള്ള ഗണത്തെ പ്രകൃതിയായി വിവക്ഷിക്കുന്നു. ഷഡ് ദോഷങ്ങളായി കരുതുന്ന കാമ, ക്രോധ, ലോഭ, മോഹ, മദ, മാത്സര്യാദികൾ സ്നേഹത്തിന്റെ ഏറ്റക്കുറച്ചിലിൽ മാത്രമല്ലേ? തന്നോടുള്ള സ്നേഹം കൂടുമ്പോളല്ലേ മറ്റുള്ളവരോടു ക്രോധവും, മാത്സര്യവും, ചൂഷണവും ഒക്കെ ഉണ്ടാകുന്നത്. സംഘർഷങ്ങൾ എല്ലാം ഇതിൽ നിന്നല്ലേ ഉദയംകൊള്ളുന്നത്? അമൂർത്തകലാസൃഷ്ഠി പോലും ഇതിനൊരപവാദമല്ല എന്നിരിക്കെ, സർഗ്ഗസൃഷ്ഠിക്കു വിഷയം സ്നേഹമല്ലാതെ മറ്റെന്താണുള്ളത്?

ഏതോ ഒരു മുത്തച്ഛൻ കുരങ്ങൻ, ഗുഹാ ഭിത്തിയിൽ കല്ലെടുത്തു കോറിയിട്ടതിൽ നിന്നും വ്യത്യസ്തമായി   ആദികവി പാടിയിട്ടില്ല. അതിനപ്പുറം ഞാനും പോയിട്ടില്ല. ആ വരയെ, ആ നാദത്തെ, ആ ചുവടുകളെ,  ആ ചലനത്തെ പൊലിപ്പിക്കുക മാത്രമേ ഞാനും ചെയ്തിട്ടൊള്ളു.

ഇനിയും പറയു,  രണ്ടുപേർ ഒരേപോലെ ചിന്തിക്കുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ?
"ഇല്ല".
എങ്കിലും... സാഹിത്യ ചോരണം, ബൗദ്ധികമായ പാപ്പരത്തമാണ്. അതു ചെയ്യുന്നവരോടു നമുക്കു ക്ഷമിക്കാം.

കൂടുതൽ വായനയ്ക്ക്