പൊട്ടിച്ചു വായിക്കാത്ത അഞ്ചോളം കത്തുകൾ മേശയുടെ ഒരറ്റത്ത് അലക്ഷ്യമായി ഇട്ടിരിക്കുകയാണ്. കത്തുണ്ടെന്ന് പോസ്റ്റ്മാൻ പറയുമ്പോഴുണ്ടാകുന്ന ആ പഴയ ആവേശമൊന്നും ഇപ്പോഴവൾക്കില്ല. വെറുതെയെടുത്ത് തിരിച്ചും മറിച്ചും

നോക്കിയപ്പോൾ ഒരെണ്ണം മാസികയിൽ കഥ അയച്ചു കൊടുത്തതിന്റെ പ്രതിഫലമാണ്. ഒരെണ്ണത്തിൽ ഒരു ചിത്രവും ഒപ്പം ഒരു പുസ്തകവും. ചിത്രം നന്നായിട്ടുണ്ട്, മലഞ്ചെരുവിൽ ആകാശം നോക്കി നിൽക്കുന്ന ഒരു കൊച്ചു പെൺകുട്ടി. ചിത്രകാരന്റെ ഭാവനയിൽ ഒരുപക്ഷേ അതിരുകളില്ലാതെ സ്വപ്നങ്ങള എത്തിപ്പിടിക്കാൻ ഒരുങ്ങുന്ന പെൺകുട്ടിയായിരിക്കുമവൾ, ആവോ ആർക്കറിയാം. ജീവിതം തന്നെ യാത്രകൾക്കു വേണ്ടി മാറ്റി വച്ച സുഹൃത്ത് അയച്ചു തന്നത്. യാത്രകളോടുള്ള അടങ്ങാത്ത പ്രണയം മനസിൽ സൂക്ഷിച്ച് എന്നെങ്കിലും നടക്കുമെന്ന വ്യാമോഹത്തിൽ വീട്ടിലിരിക്കുന്ന എന്നെ സമാധാനിപ്പിക്കാൻ ഇടയ്ക്കിടയ്ക്ക് യാത്രകളിലെ പ്രത്യേകതയുള്ള സ്ഥലങ്ങളിലെത്തുമ്പോൾ അവിടത്തെ ഓർമ്മയ്ക്കായി എന്തെങ്കിലും ഇതു പോലെ അയച്ചു തരാറുണ്ട്. ഒരു പുസ്തകമോ സ്റ്റാമ്പോ നാണയത്തുട്ടോ ചിത്രമോ അങ്ങനെയെന്തെങ്കിലും. ഇതിപ്പോ രാജസ്ഥാനിലെ അജ്മീറിൽ നിന്നെത്തിയതാണ്. ബാക്കിയുള്ളവയിൽ മേൽവിലാസത്തിൽ നിന്നു തന്നെ കൈയ്യക്ഷരം മനസിലാക്കിയതിനാൽ പൊട്ടിച്ചു വായിക്കാനുള്ള ശ്രമം അവിടെ തന്നെ ഉപേക്ഷിച്ചു, വെറുതെ പേരിനു വേണ്ടി എഴുതിയിരിക്കുന്ന കത്തുകൾ. അവയുടെ സ്ഥാനം പതിവു പോലെ ചവറ്റു കുട്ട ഏറ്റെടുത്തു. പിന്നെ അവസാനത്തേത്, അപരിചിതമെങ്കിലും ആ കൈയ്യക്ഷരം കണ്ടപ്പോൾ പൊട്ടിച്ചു വായിക്കാതെയിരിക്കാൻ തോന്നിയില്ല.

'പ്രിയപ്പെട്ട നിനക്ക്.......' 

തുടക്കത്തിൽ തന്നെ ആളെ തിരിച്ചറിഞ്ഞുണ്ടായപ്പോഴുള്ള സന്തോഷവും ഉത്സാഹവും വായിച്ചു തീർന്നപ്പോഴേയ്ക്ക് കെട്ടടങ്ങി. എത്രയോ വർഷമായി യാതൊരു വിവരവും ഇല്ലാതിരുന്ന 'അവൾ' പണ്ടത്തെ ഓട്ടോഗ്രാഫ് തപ്പിയെടുത്ത്, കിട്ടുമെന്ന് തീർച്ചയില്ലാതെ തന്നെയും കത്തയച്ച സ്ഥിതിക്ക് മറുപടി അയക്കാതെയിരിക്കാൻ കഴിയില്ലല്ലോ.

ഈയിടെയായി നൊസ്റ്റാൾജിയയും ഓർമ്മകളും വല്ലാതെ ദുസഹമായി തീർന്നിരിക്കുന്നു. അതു കൊണ്ട് തന്നെ അവയ്ക്ക് കഴിവതും പിടി കൊടുക്കാതെ വഴുതി മാറാറുണ്ട്.വെറുതെയിരിക്കുന്നു എന്നു കാണുമ്പോഴാണ് അവ പിടി മുറുക്കുക. എപ്പോഴും എന്തിലെങ്കിലും വ്യാപൃതയായി കാണുമ്പോൾ അതൃപ്തിയോടെ വന്ന വഴി തിരിച്ചു പോകുകയല്ലേ തരമുള്ളു. ഭൂത- ഭാവി കാലത്തെക്കുറിച്ച് ആകുലപ്പെടാതെ വർത്തമാന കാലത്തിൽ ജീവിക്കണം എന്നാണല്ലോ പ്രമാണം!

എന്തെഴുതി തുടങ്ങണം? കുറച്ചു കാലങ്ങളായി അക്ഷരങ്ങൾ എന്നോട് പിണങ്ങി നിൽക്കുകയാണോ അതോ ഞാനവയിൽ നിന്ന് അകലം പാലിക്കുകയാണോ എന്ന് ഇടയ്ക്ക് സ്വയം ചോദിക്കുമായിരുന്നു. ഉത്തരമില്ലാത്തതു കൊണ്ട് ഇപ്പോഴതു നിർത്തി. ഉത്തരവാദിത്വങ്ങളിൽ നിന്നും യാഥാർത്ഥ്യങ്ങളിൽ നിന്നുമുള്ള ഒളിച്ചോട്ടമല്ലേ നിന്റെ യാത്രകൾ എന്ന് ചോദിക്കുന്നവർക്ക് മറുപടി കൊടുക്കുന്നത് നിർത്തിയതു പോലെ. അവരോടെന്തിനു മറുപടി പറയണം? അനാവശ്യ സംസാരത്തിലൂടെ ഊർജം കളയുന്ന ഏർപ്പാട് നിയന്ത്രിക്കാൻ പഠിച്ചു.അങ്ങനെ ചെറുതും വലുതുമായ എന്തൊക്കെ പാഠങ്ങളാണ് ജീവിതം പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്.!

അവളെക്കുറിച്ച് തനിക്കറിയാവുന്നതും ഇപ്പോൾ കത്തിൽ വായിച്ചതുമായിട്ടുള്ള കാര്യങ്ങൾ, അവൾ കടന്നു പോയ സാഹചര്യങ്ങൾ, നേരിടേണ്ടി വന്ന പ്രതിസന്ധികൾ ഇതൊക്കെ വച്ച് താരതമ്യം ചെയ്യാൻ പോലും തക്ക പ്രശ്നങ്ങൾ തന്റെ ജീവിതത്തിലുണ്ടായിട്ടില്ല.

രാവിലെ മുതൽ പോയ കറന്റ് പെട്ടെന്നു വന്നതും റേഡിയോയുo ടിവിയും ഒന്നിച്ചു നിലവിളിച്ചു.കറന്റ് പോയാൽ പിന്നെ ഇവിടെയുള്ള കൊച്ചും ആ വഴിക്കങ്ങ് പൊയ്ക്കോളും, ഓഫ് ചെയ്യാനുള്ള ക്ഷമ പോലും കാണിക്കാതെ. അമ്മ ആരോടെന്നില്ലാതെ ഉച്ചത്തിൽ പറയുന്നത് കേട്ടു.

വഴക്കിനുള്ള അവസരമൊഴിവാക്കാൻ ടി വി ഓഫാക്കാൻ ചെല്ലുമ്പോഴുണ്ട് സ്ക്രീനിൽ IAS ഓഫീസറാകാൻ കൊതിക്കുന്ന ഒരു പതിനഞ്ചു വയസുകാരി പെൺകുട്ടി, മജ്ജയിൽ ക്യാൻസർ ബാധിച്ച് ചികിത്സാ സഹായം തേടുന്ന കാഴ്ച..... പ്രതീക്ഷ അസ്തമിച്ചിട്ടില്ലാത്ത ആ കണ്ണുകൾ....... ദൈന്യതയ്ക്കു പകരം ധൈര്യമാണ് ആ കണ്ണുകളിൽ.....

റേഡിയോ ഓഫ് ചെയ്യാൻ ചെല്ലുമ്പോൾ കൈലാഷ് ഖേറിന്റെ തേരീ ദീവാനീ അങ്ങനെ മുഴങ്ങി കേൾക്കുകയാണ്. സൂഫി സംഗീതം. എന്തൊരു ശബ്ദമാണ് ആ മനുഷ്യന്റേത്. അത്രയും ആഴത്തിൽ പിടിച്ചിരുത്തുന്ന ശബ്ദം.

'തേരേ നാമ് സേ ജീലും
തേരേ നാമ് സേ മർ ജാവും'

സ്വരസ്ഥാനം അറിയില്ലങ്കിലും പാട്ട് മൂളാലോ.പാടാൻ കഴിവുണ്ടായിരുന്നെങ്കിൽ തകർത്തേനേ എന്ന എന്റെ അഹംഭാവത്തെ ഓ പിന്നേ ഉള്ള കഴിവ് നേരേ ചൊവ്വേ ഉപയോഗിക്കാത്ത നീയാണോ എന്ന മുഖഭാവത്തിൽ തളയ്ക്കാറുണ്ട് അമ്മ.

കത്തെഴുതാനുള്ള പശ്ചാത്തലം ഒരുക്കാനെന്നോണം മഴ തുടങ്ങി. മുൻപ് സംഭവച്ചിട്ടുള്ള പല കഥകളും മഴയുടെ പശ്ചാത്തലത്തിലായിരുന്നു. അന്നൊക്കെ പേനയും പേപ്പറും എടുക്കേണ്ട താമസം അക്ഷരങ്ങളങ്ങനെ ഒഴുകി വരുമായിരുന്നു. അതൊക്കെ ഒരു കാലം എന്ന അർത്ഥത്തിൽ നെടുവീർപ്പിട്ടിട്ട് മറുപടി കത്തെഴുതാനിരുന്നു.

'എത്രയും പ്രിയപ്പെട്ട നിനക്ക്,

ഒട്ടും പ്രതീക്ഷിക്കാതെ കത്ത് കിട്ടിയപ്പോൾ സന്തോഷം തോന്നി, ഒരുപാടൊരുപാട്. മനസു നിറഞ്ഞു.. നീ എവിടെയായിരുന്നു ഇത്രയും നാൾ?വിളിക്കാൻ നമ്പറോ കത്തയക്കാൻ വിലാസമോ ഇല്ലാത്ത എത്ര വർഷങ്ങൾ? ആരോടൊക്കെ തിരക്കി എന്നറിയാമോ? ഓർക്കുന്ന ദിവസങ്ങളിലൊക്കെ ഡയറിയിൽ എന്തെങ്കിലും കുത്തിക്കുറിക്കും.ജോലി നേടി സ്വന്തം കാലിൽ നിന്നു എന്ന് വായിച്ചറിഞ്ഞപ്പോഴുണ്ടായ സന്തോഷം ഒരു പക്ഷേ നേരിട്ടായിരുന്നുവെങ്കിൽ ഒരു പരിധി വരെ പ്രകടിപ്പിക്കാൻ കഴിയുമായിരുന്നുയിരുന്നു. നിന്നെയോർത്ത് അഭിമാനം തോന്നുന്നു. ഒറ്റപ്പെടുത്തിയവരുടേയും അവഗണിച്ചവരുടേയും മുൻപിൽ തലയുയർത്തി ജീവിച്ചു കാണിച്ചു കൊടുക്കു കൂട്ടി.. ജീവിതം ഇനിയും നിന്നെ ഒരുപാട് പഠിപ്പിക്കും. ജീവിക്കണം എന്ന തോന്നലുണ്ടായത് സ്വന്തം അനുഭവങ്ങളിൽ നിന്നാണ് എന്ന് എഴുതിയില്ലേ, ശരിയാണ്. സ്വന്തം അനുഭവങ്ങൾ തന്നെയാണ് നമ്മളെ നമ്മളാക്കുന്നത്. എല്ലാർക്കുമുണ്ടന്നേ ഇത്തരം അനുഭവങ്ങൾ. അതിന്റെ തീവ്രത പലരിലും കുറഞ്ഞും കൂടിയും വ്യത്യാസപ്പെട്ടിരിക്കുമെന്നു മാത്രം. 

ഓർമ്മ വയ്ക്കും മുൻപ് അപകടം തട്ടിയെടുത്ത ആ അമ്മയുടെ ഈ മകളെ കുറിച്ചോർക്കുമ്പോൾ അഭിമാനം തന്നെയാണ്. ജീവിതം ഒന്നേയുള്ളു, ഒരിക്കലും പ്രതിസന്ധികളിൽ തളരരുത് തുടങ്ങിയ ക്ലീഷേ ഉപദേശങ്ങളും പൊള്ളയായ ആശ്വാസവചനങ്ങളും സരളമധുരമായി പൊഴിക്കാൻ ചുറ്റും ഒരുപാടു പേരുണ്ടാകും .എന്നും കൂടെയുണ്ടാകും എന്നു പറഞ്ഞ ആത്മാർത്ഥ സ്നേഹിതർ പലരും ഇന്നു കൂടെയില്ല എന്ന വസ്തുത തന്നെ അതിനു തെളിവല്ലേ? ഇങ്ങനെയൊരു മകളില്ലെന്നു നിഷ്കരുണം പറഞ്ഞ് പണത്തിനു പിന്നാലെ പോയ, സ്വന്തം ജീവിതം മാത്രം നോക്കിപ്പോയ ആ മനുഷ്യനെ, നിന്നെ വേണ്ടെങ്കിൽ നിനക്കെന്തിനാ എന്നു ചോദിക്കുമ്പോൾ എത്ര എളുപ്പം കഴിഞ്ഞു,അല്ലേ? അനാഥത്വം എന്നൊന്നില്ലെടോ. ജീവിതത്തിൽ എല്ലാരും ഒറ്റയ്ക്കു തന്നെയാണ്.സ്വന്തം നിഴൽ പോലും ചിലപ്പോൾ കൂടെ കാണണം എന്നില്ലെന്നു നീ കേട്ടിട്ടില്ലേ? എന്തൊരു ലോകമാണിത്.? മാറ്റങ്ങൾക്കൊപ്പം മനുഷ്യത്വവും സ്നേഹവും ആത്മാർത്ഥയും മറ്റുള്ളവരെ അംഗീകരിക്കാനുള്ള ഒരു മനസും എന്തിനേറെ പറയുന്നു സ്വത്വം തന്നെയും പലർക്കും കൈമോശം വന്നിരിക്കുന്നു. കഥ എഴുതാറുള്ളപ്പോഴൊക്കെ ഓർക്കാറുണ്ടെന്നും നീയാണെന്റെ ഇൻസ്പിറേഷൻ എന്നും വായിച്ചപ്പോൾ സന്തോഷം കൊണ്ടാകും കണ്ണ് ചെറുതായി നനഞ്ഞു. സ്വർത്ഥ താൽപ്പര്യങ്ങൾക്കു വേണ്ടി മാത്രം എന്നെ സമീപിച്ച ഒരുപാടു പേരിൽ ഒരാളാകാതെ പോയതിന്റെ സന്തോഷം.

നിന്റെ കത്തിൽ വിശേഷങ്ങളെക്കാൾ കൂടുതൽ എന്നോടുള്ള ചോദ്യങ്ങളാണല്ലോ! പക്ഷേ ആദ്യത്തേതും പ്രസക്തവുമായ ഒരു ചോദ്യത്തിനു മാത്രം ഇപ്പോൾ വ്യക്തമായ മറുപടി തരാം. 'നീ ഇപ്പോൾ എഴുതാറില്ലേ?'ഒറ്റവാക്കിൽ പറഞ്ഞാൽ ഇല്ല. കാരണങ്ങൾ അഥവാ ഒഴിവു കഴിവുകൾ പലതാണ്.

അനുഭവങ്ങൾ കുറവായതുകൊണ്ട് എഴുത്തിനു പക്വത വരില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് എഴുതാത്തതെന്നാണ് ആദ്യമാദ്യം പറഞ്ഞിരുന്ന മറുപടി. ചുറ്റുമൊന്ന് കണ്ണോടിച്ചാൽ മതി അനുഭവങ്ങൾ താനേ വന്നോളും എന്നു അവർ പറയാൻ തുടങ്ങിയപ്പോൾ മറ്റുള്ളവർ പ്രതീക്ഷിക്കുന്ന നിലവാരം ഇല്ലാതെ വരുമോ സ്വയം പരിഹാസ്യയായി മാറുമോ എന്നുള്ള ആത്മ സംശയത്തിൽ നിന്നാണ് എഴുതാത്തത് എന്നായി ഞാൻ. എഴുത്തുകാരിയെന്ന ലേബലും ബുദ്ധിജീവി പട്ടവുമൊക്ക പോകുന്നെങ്കിലങ്ങ് പൊയ്ക്കോട്ടെ ഇയാൾ എഴുതെടോ. സ്വന്തം കഥകൾക്ക് നിലവാരമില്ലെന്ന് തീരുമാനിക്കുന്നത് താനല്ല വായിക്കൂന്നവരാണ് എന്നൊരിക്കൽ ആത്മ സുഹൃത്ത് പൊട്ടിത്തെറിച്ചതിൽ പിന്നെ അതും നിർത്തി. മടിയെന്നു പറഞ്ഞാൽ അടിയുടെ കുറവെന്ന ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടി തിരികെ കിട്ടുമെന്നതിനാൽ മൗനം പാലിച്ചുവരുന്നു!

'കലാപങ്ങളെക്കാൾ...... യുദ്ധങ്ങളെക്കാൾ... പുറം ലോകത്ത് പതിയിരിക്കുന്ന ഏതൊരപകടത്തെക്കാൾ മനുഷ്യൻ അവനവന്റെ ചിന്തകളെ ഭയക്കുന്ന ചില സന്ദർഭങ്ങളുണ്ട്' എന്നെവിടെയോ വായിച്ചതോർക്കുന്നു. ആ ചിന്തകളെ മുഴുവൻ അതേപടി ക്യാൻവാസിൽ പകർത്തിയാൽ,നിറങ്ങൾ കൂടിച്ചേർന്ന ജീവനില്ലാത്ത ചിത്രങ്ങൾ കാഴ്ചക്കാരനുമായി മൗനമായി സംവദിക്കുന്നതിൽ ഒതുങ്ങുമത്. പക്ഷേ അത്തരം ചിന്തകളെ പേപ്പറിലേയ്ക്കു പകർത്തിയാൽ, അവയ്ക്കു ജീവനുണ്ടാകില്ലേ? ജീവനുള്ള അക്ഷരങ്ങൾ പലരുടേയും ഉറക്കം കെടുത്തും.പ്രതിപക്ഷ ബഹുമാനം എന്ന വാക്കിന്റെ അർത്ഥമറിയാത്തവർ ഉൾപ്പെടെ പലരും ആശയങ്ങളെ ഭയക്കും, ഗൗരി ലങ്കേഷിനെ ഭയന്നതുപോലെ........ അല്ലെങ്കിലും നിലപാടുകൾ ഉള്ള മനുഷ്യരെ പലർക്കും ഭയമാണ്...

കാടുകയറി എങ്ങോട്ടൊക്കെയോ പോയി അല്ലേ... 'എഴുതിയെഴുതി സമൂഹത്തിലെ പല തട്ടുകളിലായി ചിതറി കിടക്കുന്ന ഒന്നു പ്രതികരിക്കാനോ ശബ്ദം ഉയർത്താനോ കഴിയാതെ പോകുന്ന ഒരു കൂട്ടം സാധാരണ മനുഷ്യരുടെ ശബ്ദമായി മാറണമെനിക്ക്. അവരുടെ പ്രശ്നങ്ങളെ ഈ ലോകത്തോട് ഉറക്കെ വിളിച്ചു പറഞ്ഞ് അവരിലൊരാളായി ജീവിക്കണം......' ഞാൻ പോലും മറന്നു തുടങ്ങിയ എന്റെയീ ഭ്രാന്തൻ സ്വപ്നം നീ ഇപ്പോഴും ഓർത്തിരിക്കുന്നു എന്നറിഞ്ഞപ്പോഴും സന്തോഷം.

കൂടുതൽ ദീർഘിപ്പിക്കുന്നില്ല. നിന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ നിനക്ക് കഴിയുമെന്ന് എനിക്കുറപ്പുണ്ട്. ഇത്രയും വർഷം ജീവിതത്തോടു ഒറ്റയ്ക്ക് പൊരുതിയ നിനക്ക്, ഇനിയുള്ള കാലം പൊരുതാൻ നിന്റെ അനുഭവങ്ങൾ തന്ന ഊർജം മതിയാകും.

ഇനി ഒരിക്കലും കരയരുത്, നിന്റെ കണ്ണുനീരു പോലും അർഹിക്കാത്ത മനുഷ്യർക്കു വേണ്ടി.

ഓരോ വീഴ്ചയിൽ നിന്നു കൂടുതൽ പഠിച്ചു കൊണ്ട് എഴുന്നേൽക്കുക, കൂടുതൽ ധൈര്യത്തോടെ മുന്നോട്ടു പോകുക...

സ്നേഹത്തോടെ
ഞാൻ

പുറത്തപ്പോഴും മഴ തകൃതിയായി പെയ്യുന്നുണ്ടായിരുന്നെങ്കിലും മനസിൽ പെരുമഴ പെയ്തു തോർന്നരാശ്വാസം. കത്തു മടക്കി കവറിലിട്ട് സ്റ്റാമ്പൊട്ടിച്ച് മേൽവിലാസമെഴുതി മാറ്റിവച്ചു.ആനന്ദിന്റെ 'ആൾക്കൂട്ടം' കൈയ്യിലെടുത്ത് കട്ടിലിലിരുന്ന് വായന തുടങ്ങി. പതിയെപ്പതിയെ അവളും ആൾക്കൂട്ടത്തിന്റെ തിരക്കിലെവിടെയോ മറഞ്ഞു....

കൂടുതൽ വായനയ്ക്ക്