മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

ഇന്ന് നവംബർ 13. ഒരുപാടു മനോഹരമായ സിനിമാഗാനങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന പി.സുശീലയുടെ ജന്മദിനം. സീത എന്ന സിനിമയിൽ ദക്ഷിണാമൂർത്തി സ്വാമി സംഗീതസംവിധാനം നിർവഹിച്ച

ഗാനത്തിലൂടെയാണ് അവർ മലയാളത്തിലെത്തുന്നത്. എത്രയെത്ര അമ്മമാരുടെ ചുണ്ടിലൂടൊഴുകി വന്ന പാട്ടാണ് താമരപ്പൂം പൈതലിനെ പാടിയുറക്കാനുള്ള ആ താരാട്ടുപാട്ട്.

പാട്ടു പാടിയുറക്കാം ഞാൻ താമരപ്പൂം പൈതലേ ...
കേട്ടു കേട്ടു നീയുറങ്ങെൻ കരളിൻ്റെ കാതലേ...
എന്ന പാട്ടിൻ്റെ ആദ്യ വരി മൂളുമ്പോഴേയ്ക്കും കുഞ്ഞുങ്ങൾ ഉറക്കത്തിൻ്റെ മൃദുലതല്ലത്തിൽ മയങ്ങിയിട്ടുണ്ടാവും.

പ്രായഭേദമില്ലാതെ എല്ലാരും കേൾക്കാനും ആസ്വദിക്കാനും ഇഷ്ടപ്പെടുന്ന ഒത്തിരിയൊത്തിരി ഗാനങ്ങൾ അവരുടേതായുണ്ട്.

കുളിരും കൊണ്ടു കുണുങ്ങി നടക്കുന്ന മലയാളിപ്പെണ്ണായ പെരിയാറിനോട് എത്ര സൗമ്യമായാണ് കുശലമന്വേഷിക്കുന്നത്. അതിനുള്ള മറുപടിയാണെങ്കിലോ.. അതിമധുരം എന്നല്ല മധുരതരം എന്നു പറയുന്നതാവും ശരി.

ഇളം കാറ്റിൽ ഒഴുകി വരുന്ന കാണാക്കുയിൽ പാടുന്ന ഗാനം ... കളമുരളീഗാനം എത്രകേട്ടാലാണ് മതിയാവുന്നത്?


ദേവദാസിയുടെ ആത്മ ദുഃഖങ്ങൾ മുഴുവൻ അലിയിച്ചെഴുതിയ ഒരു ഗാനമുണ്ട്.
ചിലർക്ക് എന്നും വിധി സമ്മാനിക്കുന്നത് ദുർഭാഗ്യങ്ങളുടെ പരമ്പര തന്നെയായിരിക്കും. അങ്ങനെയാവുമ്പോൾ ജീവസ്സുറ്റ വിഗ്രഹക്കാഴ്ച അവരിൽ കാണാൻ കഴിയില്ല തന്നെ.കളിമൺ പ്രതിമകൾ മാത്രമായിട്ടേ അവർക്ക് വിഗ്രഹങ്ങളെ കാണാൻ കഴിയൂ..

തൻ്റെ വിഷമങ്ങൾ കാണാത്ത ,തൻ്റെ പ്രാർത്ഥന കേൾക്കാത്ത ദൈവങ്ങളോട് ഇനി തന്നെ മറന്നേക്കൂ എന്നവൾ പറഞ്ഞു പോകുന്നത് അത്രമാത്രം നിസ്സഹായതകൊണ്ട് നിർവികാരമായ മനസ്സോടെയാണ്.
കണ്ണുതുറക്കാത്ത ദൈവങ്ങളേ... കരയാനറിയാത്ത .. ചിരിക്കാനറിയാത്ത കളിമൺ പ്രതിമകളേ... എന്ന ഗാനം നമ്മുടെ മനസ്സിലും ഒരിറ്റു കണ്ണീർ വീഴ്ത്താതിരിക്കില്ല.

പുപ്പാഞ്ജലിയിൽ പൊതിയാനായി തനിക്കൊരു പൂജാ വിഗ്രഹം തരാനായി രാജശില്പിയോട് ആവശ്യപ്പെടുന്ന ഗാനം ഏറെ പ്രണയനിർഭരമായ ഒരു മനസ്സിൽ നിന്നുമുണരുന്നതാണ്.

രാജശില്ലീ ... നീയെനിക്കൊരു പൂജാവിഗ്രഹം തരുമോ...
പുഷ്പാഞ്ജലിയിൽ പൊതിയാനെനിക്കൊരു പൂജാ വിഗ്രഹം തരുമോ...
എന്ന ഗാനം വീണ്ടും വീണ്ടും നമ്മുടെ മനസ്സിൽ അലയടിച്ചു കൊണ്ടേയിരിക്കും.

ശ്രാവണ ചന്ദ്രിക പൂ ചൂടിച്ചതും ഭൂമികന്യക പുഞ്ചിരിച്ചതും അവളുടെ ലജ്ജയിൽ മയങ്ങും ചൊടികളിൽ അനുരാഗ കവിത വിരിഞ്ഞതും മധുരാലാപനത്തിലൂടെ പകർന്നു തരുമ്പോൾ ആസ്വാദകർ ലയിച്ചിരുന്നു പോവുകതന്നെ ചെയ്യും.

സ്വർഗസ്ഥനായ പിതാവിനോട് ഈ മുൾക്കിരീടം എന്തിനു തന്നൂ എന്ന് എത്രമാത്രം ദയനീയമായാണ് ചോദിക്കുന്നത്.. സഹനത്തിൻ്റെ പാരമ്യത്തിൽ നിന്നുള്ള ആ ചോദ്യം നമ്മുടെ മനസ്സിലും അതേ അളവിൽ വേദന പകരുമെന്ന് ഉറപ്പാണ്.

ഒരു താഴ്വരയിൽ ജനിച്ചു വളർന്ന് പൂനിലാവലക്കിയ പുളിയിലക്കരയുള്ള പുടവയുടുത്തു നടന്ന കൂട്ടുകാരിയോട് കുശലം പറയുന്നത് എത്ര സ്വാഭാവികമായാണ് അവതരിപ്പിക്കുന്നത് ..

പൂന്തേനരുവീ ..പൂന്തേനരുവീ..പൊന്മുടിപ്പുഴയുടെ അനുജത്തീ...
എന്നിങ്ങനെ സമപ്രായക്കാരായ കൂട്ടുകാരികളുടെ മോഹവുമൊന്നത്രേ.

മുനികുമാരിയായ തനിക്ക് പ്രണയലേഖനം എഴുതാനറിഞ്ഞുകൂടെന്നും ചമത മുറിക്കുന്ന വിരലുകളാൽ പ്രണയ തംബുരു മീട്ടുന്നത് എങ്ങനെയാണെന്നും മറ്റൊരു ഗാനം ..

പ്രിയതമാ... പ്രിയതമാ... പ്രണയലേഖനം എങ്ങനെയെഴുതണം മുനികുമാരികയല്ലേ ഞാനൊരു മുനികുമാരിക യല്ലേ...
എന്ന ഗാനവും മികച്ചതു തന്നെ.

കല്യാണ വില്ലു കുലച്ചു സ്വന്തമാക്കാനായി ശ്രീവല്ലഭനെന്നു വരുമെന്നു സീതപ്പക്ഷിയോടു ചോദിക്കുന്നതെത്ര നാടകീയമായാണ്!

സീതപ്പക്ഷീ... നിൻ്റെ ശ്രീവല്ലഭനെന്നു വരും ശ്രീ തിലകപ്പക്ഷീ..എന്ന ഗാനവും ആലാപന മികവിനാൽ ഏറെ ശ്രദ്ധിക്കപ്പെട്ടതു തന്നെ.

പാടത്തു സ്വപ്നം വിതച്ചുകൊയ്തത് 100 മേനി തന്നെ. എല്ലാരും സ്വർണം വിതച്ചപ്പോൾ അവൾ വിതച്ചുകൊയ്തെടുത്തത് സ്വപ്നമാണ് ..

എല്ലാരും പാടത്തു സ്വർണം വിതച്ചു... ഏനെൻ്റെ പാടത്ത് സ്വപ്നം വിതച്ചു...

എന്നു തുടങ്ങുന്ന ഗാനവും പകരം വെയ്ക്കാനില്ലാത്തതു തന്നെ.

നളചരിതത്തിലെ നായകനോ
നന്ദന വനത്തിലെ ഗായകനോ
എന്നിങ്ങനെ അഞ്ചിതൾ പൂക്കളെ അമ്പാക്കിയ കാമദേവൻ തന്നെയാണു തൻ്റെ നായകൻ എന്നു ദ്ഘോഷിക്കുന്ന ഗാനവും ഏറെ ഹൃദ്യം തന്നെ..

മലയാളികൾ പോലും ഇത്രക്ക് അനായാസമായി മലയാള വരികൾ മൂളുമോ എന്ന് സ്വാഭാവികമായും സംശയം തോന്നിയാൽ ഒട്ടും അതിശയമില്ല.

കൈരളീ ഗാന ശാഖയിലെ സുന്ദരസൂനങ്ങൾക്ക് വർണപ്പകിട്ടേക്കിയ സുശീലാമ്മയ്ക്ക് പിറന്നാളാശംസകൾ നേരുന്നു.

കൂടുതൽ വായനയ്ക്ക്

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter