മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

Dooram Arike - Malayalam film

Binoby

ദൂരം അരികെ  (1980)

1980ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ദൂരം അരികെ. സുന്ദര രാജന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ആലപ്പി ഷെരീഫ്  ആണ്.  ഈ ചിത്രത്തിൽ എടുത്തു പറയേണ്ടത് ഇതിലെ മനോഹര ഗാനങ്ങൾ ആണ്. അതുതന്നെയാണ് ഈ ചിത്രം കാണാൻ എന്നെ പ്രേരിപ്പിച്ചതും. 

 ഒഎൻവിയുടെ രചനയിൽ ഇളയരാജ സംഗീതം പകർന്ന മൂന്നു ഗാനങ്ങൾ ഉണ്ട് ഈ ചിത്രത്തിൽ.

"മലർത്തോപ്പിതിൽ കിളികൊഞ്ചൽ ആയി മണി തെന്നലായി വാ.... "

"അരികെ എന്നാകിലും ഇനി എത്ര ദൂരം... "

"മാൻകിടാവേ എന്നെന്നും ഒരു അമ്പേറ്റ് മുറിഞ്ഞെന്നോ...... "

എന്നിവയാണ് ഇതിലെ ശ്രദ്ധേയമായ മൂന്നു ഗാനങ്ങൾ. രചന വൈഭവം കൊണ്ടും സംഗീതം കൊണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഇമ്പമേറിയ ഗാനങ്ങളാണ് ഇവ. ഇളയരാജ എന്ന തമിഴ് സംഗീത സംവിധായകൻ മലയാളത്തിന് നൽകിയ ഒരു പിടി നല്ല ഗാനങ്ങളിൽ മികച്ചവയാണ് ഇതെന്ന് അടിവരയിട്ട് പറയാം..

 ഇനി ചിത്രത്തിലേക്ക് വരികയാണെങ്കിൽ ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ജേസി ആണ്.

ഫാദർ മൈക്കിളിന്റെ ഓർമ്മകളിലൂടെയാണ് ഈ കഥ തുടങ്ങുന്നത്. അദ്ദേഹം തന്റെ പഴയ സഹപാഠി  ഷേർളിയെ മദ്യപിച്ച് സമനില തെറ്റിയവളെ പോലെ മറ്റുള്ളവർക്ക് ഒപ്പം കാണുന്നു. ഈ രംഗം അദ്ദേഹത്തെ പഴയ ഓർമ്മകളിലേക്ക് കൊണ്ടുപോകുന്നു.

വേണുവും ജെയിംസും ഷെർലിയും ഒരേ കോളേജിലെ സഹപാഠികൾ ആണ്. വേണുവിന് ഷേർലിയോട് തോന്നുന്ന ഇഷ്ടം അയാൾ തുറന്നു പറയുന്നു. എന്നാൽ ഒരു അന്യമതക്കാരനായ വേണുവിന്റെ പ്രണയം അവൾ നിരസിക്കുന്നു. അവൾക്ക് ഇഷ്ടം ജെയിംസിനെ ആയിരുന്നു. ഷെർലിക്ക് വേണ്ടി വേണു ക്രിസ്ത്യാനിയായി മാറുന്നു. അവിടെയും വേണുവിന്റെ പ്രണയം പരാജയപ്പെടുകയാണ്. അങ്ങനെയാണ് അയാൾ ഫാദർ മൈക്കിൾ ആയി മാറുന്നത്.

കോളേജ് ജീവിതത്തിനുശേഷം ഓരോരുത്തരായി ഓരോ വഴിക്ക് തിരിയുന്നു. പക്ഷേ ഇവിടെ ഷേർളിയുടെയും ജെയിംസിന്റെയും പ്രണയവും പരാജയപ്പെടുകയാണ്. ജെയിംസ് മറ്റൊരു വിവാഹം കഴിക്കുന്നു. എല്ലാം മറക്കാൻ എന്നപോലെ ഷെർലി മദ്യത്തിന് അടിമയാകുന്നു.

ഇന്ന് ഫാദർ മൈക്കിൾ അനാഥരായ കുട്ടികൾക്ക് വേണ്ടി ഒരു അനാഥമന്ദിരം നടത്തുകയാണ്. ഇതിനിടെ ജെയിംസിന്റെ ഒരു കാല് നഷ്ടപ്പെടുന്നു. അവസാനം അയാളുടെ ഭാര്യ അയാളെ ഉപേക്ഷിച്ചു പോകുന്നു. ഈ ചിത്രത്തിന്റെ അവസാനത്തോട് അടുക്കുമ്പോൾ ഇവരെല്ലാം വന്നുചേരുന്നത് ഫാദർ മൈക്കിളിന്റെ അടുത്താണ്.

ജെയിംസിന്റെയും ഷെർലിയുടെയും പുനഃ സമാഗമത്തോടെ ഈ ചിത്രം പൂർത്തിയാകുമെന്ന് നാം കരുതുന്നുണ്ടെങ്കിലും അവസാനം ഫാദർ മൈക്കിളിന്റെ മരണത്തോടെയാണ് ചിത്രം അവസാനിക്കുന്നത്.

നല്ല രീതിയിൽ അവസാനിക്കേണ്ട ഒരു ചിത്രം, അതിനാടകീയ രംഗങ്ങൾ കുത്തിനിറച്ച് അവസാനിപ്പിക്കേണ്ടി വരുന്നതിന്റെ കാരണത്തെപ്പറ്റി നാം പരിശോധിക്കുമ്പോൾ, തീർച്ചയായും സംവിധായകൻ സ്ത്രീ പ്രേക്ഷകരുടെ കണ്ണുനീർ തന്നെയായിരിക്കും ഉദ്ദേശിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള രംഗങ്ങൾ പഴയകാല ഒട്ടുമിക്ക ചിത്രങ്ങളിലും നമുക്ക് കാണാൻ സാധിക്കും.

ഷെർലിയുടെ കുടുംബാന്തരീക്ഷത്തിലൂടെയും ഈ ചിത്രം കടന്നു പോകുന്നുണ്ട്. അഭിനേതാക്കളുടെ കാര്യത്തിൽ മുന്നിട്ടുനിൽക്കുന്നത് സോമന്റെയും സുകുമാരന്റെയും അഭിനയമാണ്.

തങ്ങൾക്ക് കിട്ടിയ കഥാപാത്രം മനോഹരമായി തന്നെ രണ്ടുപേരും അവതരിപ്പിച്ചിട്ടുണ്ട്.ഈ സമയത്ത് ഇറങ്ങിയ ഇവരുടെ ചിത്രങ്ങൾ പരിശോധിക്കുകയാണെങ്കിൽ ഇവർക്ക് കിട്ടിയ ഭൂരിഭാഗം കഥാപാത്രങ്ങളും ജ്യേഷ്ഠൻ അനുജന്മാരോ കവല ചട്ടമ്പി മാരോ ഒക്കെ ആയിരിക്കും. അതിൽനിന്ന് വിഭിന്നമാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങൾ.

ഷേർളി എന്ന കഥാപാത്രം അംബികയുടെ കയ്യിൽ ഭദ്രമായിരുന്നോ എന്ന് സംശയം തോന്നാം. മദ്യപിച്ചതിനുശേഷം ഉള്ള അവരുടെ അഭിനയം ഇടയ്ക്കിടെ കൈവിട്ടത് പോലെ തോന്നുമായിരുന്നു.

കെ പി ഉമ്മർ, ബഹദൂർ, പപ്പു, ആലംമൂടൻ, ശങ്കരാടി, ശ്രീവിദ്യ കെപിഎസി ലളിത അങ്ങനെ നല്ലൊരു താരനിരയുണ്ട് ഈ ചിത്രത്തിൽ.

ജേസി എന്ന സംവിധായകനെ കുറിച്ച് ഓർക്കുമ്പോൾ അദ്ദേഹം കുറേ നല്ല ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും സാമ്പത്തികമായി വിജയം വരിച്ച ചിത്രങ്ങൾ കുറവാണ്. ആ കുറവ് പരിഹരിക്കാൻ ഈ ചിത്രത്തിന് ആയോ എന്നറിയില്ല.

ഞാൻ ആദ്യം പറഞ്ഞതുപോലെ ഇതിലെ മനോഹരമായ ഗാനങ്ങളെ പറ്റി കേട്ടതുകൊണ്ടാണ്  ഞാൻ ഈ ചിത്രം കാണാൻ ആഗ്രഹിച്ചത് തന്നെ. പിന്നെ ഇളയരാജ എന്ന സംഗീത സംവിധായകന്റെ  പേരുകൂടി കേട്ടപ്പോൾ ആ ആഗ്രഹം ഒരു പടി കൂടി വർദ്ധിച്ചു. ഗാനങ്ങളെ മാറ്റി നിർത്തിയാൽ ഈ ചിത്രം പൂർണ്ണ സംതൃപ്തി നൽകിയോ എന്ന് ചോദിച്ചാൽ, ഒരു കൊച്ചു കഥയെ അധികം വിരസത ഒന്നും തോന്നാത്ത വിധത്തിൽ അവതരിപ്പിക്കാൻ ജേസി എന്ന സംവിധായകന് ഈ ചിത്രത്തിലൂടെ കഴിഞ്ഞിട്ടുണ്ട്.


ഒരു വാക്ക്,

ബാല്യത്തിൽ സിനിമ എനിക്ക് ഒരു അത്ഭുത ലോകമായിരുന്നു. ഓലമേഞ്ഞ സിനിമ കൊട്ടകക്കുള്ളിൽ വെള്ളത്തുണിയിൽ മാറിമറിയുന്ന രൂപങ്ങളെ ആരാധനയോടെ കണ്ടിരുന്ന കാലം. പണ്ട് സിനിമ കൊട്ടകയിൽ നിന്ന്  പുറത്തേക്ക് ഒഴുകിയെത്തിയിരുന്ന സിനിമാഗാനങ്ങൾക്ക് വേണ്ടി കാതോർത്ത് ഇരുന്നിട്ടുണ്ട്. ഒരു ഗ്രാമത്തിലുള്ളവരുടെ  ഒത്തുചേരൽ ഒക്കെ ഈ സിനിമാ ടാക്കീസുകളിലൂടെ ആയിരുന്നു.

നിലത്തിരുന്ന് സിനിമ കണ്ടിരുന്ന സ്ഥാനത്ത് ബെഞ്ചും കസേരയും പിന്നീട് സ്ഥാനം പിടിച്ചു. സത്യനും നസീറും മധുവും മാറി സുകുമാരനും സോമനും ജയനും കടന്നു വന്നു. അവരെ മറികടന്ന് മമ്മൂട്ടിയും മോഹൻലാലും റഹ്മാനും ഒക്കെ വന്നു... പണ്ട് സ്കൂളിൽ ധന ശേഖരണാർത്ഥം  സിനിമ കാണിച്ചിരുന്നത് ഇന്നും എന്റെ ഓർമ്മയിൽ ഉണ്ട്. അങ്ങനെ കണ്ട സിനിമയായിരുന്നു " ഭൂമിദേവി പുഷ്പിണിയായി ".

കറുപ്പും വെളുപ്പും കടന്ന് കളറിന്റെ ലോകത്തിലായി സിനിമ. കാലങ്ങൾ മാറിമറിഞ്ഞപ്പോൾ സിനിമയും ഇന്ന് ഒത്തിരിയേറെ വളർന്നു. ഗ്രാഫിക്സ് കൊണ്ട് മായാജാലങ്ങൾ കാണിക്കുന്ന ലോകത്താണ് ഇന്ന് സിനിമ. പക്ഷേ ഈ വളർച്ചയിലും ജീവിത മൂല്യങ്ങൾ നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. കുടുംബ ബന്ധങ്ങളുടെ ആഴം മനസ്സിലാക്കാൻ പഴമ തേടി പോകണം.

ഇന്നലെകളിലെ നന്മകൾ അന്യമായ ലോകത്ത് ഇന്നിന്റെ പേക്കൂത്തുകൾ തിരശ്ശീലയിൽ നിറഞ്ഞാടുകയാണ്. ഒരു ചിത്രം റിലീസായി കഴിഞ്ഞാൽ ആ സിനിമയെ വിജയിപ്പിക്കുന്നതും നശിപ്പിക്കുന്നതും ഇന്ന് പ്രേക്ഷകർ അല്ല... മറിച്ച് ഇവിടത്തെ യൂട്യൂബ് കാരാണ്. എല്ലാവർക്കും അവരവരുടെ വഴറ്റിപ്പിഴപ്പാണല്ലോ വലുത്.

ആഘോഷങ്ങളോ ആർഭാടങ്ങളോ ഒന്നുമില്ലാതെ ജീവിതബന്ധങ്ങളുടെ ആഴം മനസ്സിലാക്കാനും,കെട്ടുകാഴ്ചകളുടെ ഭാരമില്ലാതെ മനസ്സ് തുറന്ന് ചിരിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് പഴയ ചിത്രങ്ങൾ തിരഞ്ഞെടുക്കാം. ചിലപ്പോൾ ആ തിരഞ്ഞെടുക്കൽ ഇന്നലകളുടെ ഓർമ്മയിലേക്കുള്ള ഒരു മടങ്ങി പോകാലാവും.

പഴയകാല കുറച്ചു ചിത്രങ്ങളെ ഞാനിവിടെ നിങ്ങൾക്ക് പരിചയപ്പെടുത്തി. തെറ്റുകൾ ചൂണ്ടിക്കാണിച്ചു തന്നതിനും, ഒപ്പം തന്നെ നൽകിയ പ്രോത്സാഹനത്തിനും നന്ദി... ഇനിയും നല്ല കുറച്ചു ചിത്രങ്ങളുമായി പിന്നീട് നമുക്ക് കാണാം. അതുവരെ ചെറിയൊരു ഇടവേള.

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter