മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

(Satheesh Kumar)

യൂത്ത്ഫെസ്റ്റിവല്ലിൽ നിന്നും കുറ്റിയും പിഴുത് ഓടിയ മുള്ളുഷാജി കൂട്ടായിയെ ചാക്കിട്ടു പിടിച്ചു. കുട്ടായിയും മഞ്ജുവും അയൽക്കാരും പരസ്പരം കാണുമ്പോൾ "ടീ മഞ്ജു നിനക്ക് ഇന്ന് ട്യൂഷൻ ഇല്ലേ, നീ

ഹോംവർക് ചെയ്തോ " എടാ കൂട്ടായീ നീ പെൺപിള്ളേരെ വായിനോക്കുന്നത് ഞാൻ മത്തായി ചേട്ടനോട് പറയും" എന്നിങ്ങനെ നർമ്മ സല്ലാപങ്ങളിൽ ഏർപ്പെടുന്നവരുമാണ്.

മീശയുടെ ചായക്കടയിൽ നിന്നും വാങ്ങിക്കൊടുത്ത ഒരു പ്ളേറ്റ് പൊറോട്ടയിലും ബീഫ് കറിയിലും കുട്ടായി തലയും കുത്തി വീണു.

"മഞ്ജുവല്ല അവളുടെ അമ്മക്ക് വരെ വേണമെങ്കിൽ താൻ ലവ് ലെറ്റർ കൊടുക്കും" എന്ന് കുട്ടായി ആവേശം മൂത്ത് പറഞ്ഞത് മുള്ളിന്റെ ഉള്ളിൽ ആനന്ദപ്പെരുമഴ തന്നെ ഉണ്ടാക്കിക്കളഞ്ഞു.
മുള്ളിന്റെ കയ്യിൽ നിന്നും ലവ് ലെറ്റർ വാങ്ങി ഷർട്ട്‌ ന്റെ പോക്കെറ്റിൽ തിരുകിക്കൊണ്ട് കുട്ടായി പറഞ്ഞു "ഷാജിയണ്ണാ അണ്ണന് ലൈൻ വീണിരിക്കുന്നു. അണ്ണൻ അങ്ങോട്ട് പൂത്തു വിളയാടിയാട്ടെ." മുള്ളിന്റ മനസ്സിൽ ഉഗ്രൻ ഒരു ലഡു പൊട്ടിത്തകർന്നു.

യൂത്ത് ഫെസ്റ്റിവൽ കഴിഞ്ഞു കുട്ടികൾ പോകുന്നു. ചായക്കടയുടെ മുന്നിൽ മുള്ളും ഞാനും മൂന്നാമനായി കുട്ടായിയും പ്രകമ്പനം കൊള്ളുന്ന മനസുമായി നിന്നു. മുള്ളിന്റ ഹൃദയമിടിപ്പ് ആ പഞ്ചായത്ത്‌ മുഴുവൻ "ഠപ്പേ ഠപ്പേ "എന്ന് മുഴങ്ങി കേൾക്കാൻ തുടങ്ങി.

ഒടുവിൽ മഞ്ജു വന്നു. കൂടെ മാന്തുകക്കാരി ലിസമ്മയും ഉണ്ട്. വ്യവസായികമായി അമോണിയ ഉണ്ടാക്കിയിട്ടുള്ള വരവാണ് ലിസാമ്മ. അതിന്റെ ക്ഷീണം മുഖത്തുണ്ട്. മുള്ളിനെ കണ്ടതും പത്തു ബി യുടെ നാടകം ഓർത്ത് മഞ്ജു പൊട്ടിച്ചിരിക്കാൻ തുടങ്ങി.

"കണ്ടോ ഷാജിയണ്ണാ അവൾക്ക് ചിരി. ഇത് പ്രേമചിരി തന്നെയാണ്, കുട്ടായി നീ ഒന്നും നോക്കണ്ട കൊണ്ടു കൊടുക്ക്‌ അവൾ വീണു." ഞാൻ ഉഗ്രൻ ഒരു തള്ള് തള്ളി. ആ തള്ളിൽ കുട്ടായി മുന്നും പിന്നും നോക്കാതെ ലവ് ലെറ്ററുമായി മഞ്ജുവിന് പുറകെ പാഞ്ഞു. മുള്ളിന്റെ ഹെർക്കുലീസ് സൈക്കിളിൽ ഞങ്ങൾ പുറകെ പാഞ്ഞു.
തുണ്ടിപ്പീടിക എത്തിയപ്പോൾ കുട്ടായി മുള്ള് ലെറ്റർ റോഡിൽ വെച്ചു തന്നെ മഞ്ജുവിന് കൊടുത്തു.

"ഇതെന്താ കുട്ടായി " മഞ്ജു സംശയത്തോടെ ചോദിച്ചു.
"ഇത് ഷാജിയണ്ണന്റെ ഹൃദയമാണ് " കുട്ടായി ഇത്തിരി സാഹിത്യം കലർത്തി ഒരു കാച്ചു കാച്ചി.
"പിന്നേ ഈ പേപ്പർ ആണോ ഹൃദയം " മഞ്ജു ചിരിയോടെ പറഞ്ഞു.
പുറകിന് കട്ടക്ക് വന്ന മുള്ള് BSA യുടെ സഡൻ ബ്രേക്ക് ഇട്ട് ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന മുഖഭാവത്തോടെ റോഡ് സൈഡിലുള്ള ചെന്തെങ്ങിൽ " അയ്യോടാ ദേ ഒരു തത്ത കൂട് " എന്നൊരു വളിച്ച ഡയലോഗും അടിച്ച് എന്നെ തത്തക്കൂട് കാണിക്കുന്ന ജോലിയിൽ വ്യാപ്രിതനായത് പോലെ അഭിനയിച്ചു.

ഒരു ചെറു പുഞ്ചിരിയോടെ മഞ്ജു കത്തു വാങ്ങി പൊട്ടിച്ചു റോഡിലൂടെ അതും വായിച്ചു രസിച്ചങ്ങനെ നീങ്ങി. വീട്ടിൽ എത്തിയാൽ അനുകൂല സാഹചര്യം കിട്ടാൻ സാധ്യത വളരെ കുറവായത് കാരണമാണ് റോഡിലൂടെയുള്ള ഈ കത്ത് വായന. മഞ്ജു കത്തു വായിക്കുന്നത് കണ്ട മുള്ള് റോഡ് സൈഡിലുള്ള തെങ്ങിനെ കൂടാതെ പ്ലാവ് മാവ് എന്തിനേറെ കമുകിൻ മരത്തിൽ വരെ കിളിക്കൂട് അന്വേഷിക്കുന്ന തിരക്ക് അഭിനയിക്കാൻ തുടങ്ങി. കൂടെ ഞാനും.

പെട്ടന്നാണ് അതു സംഭവിച്ചത് മഞ്ജുവിനെ വളക്കാൻ നോക്കുകയും പുറകിനു നടന്ന് നാല് പാരഗൺ ചെരുപ്പുകൾ തേച്ചു കളഞ്ഞതും അവസാനം മഞ്ജുവിന്റെ അമ്മാവൻ പുഷ്ക്കരൻ കൊച്ചാട്ടന്റെ ഭീകര താണ്ഡവത്തിന് ഇരയായതുമായ ശ്രീമാൻ ഗോപികുട്ടൻ തന്റെ BSA സൈക്കിളിൽ പാഞ്ഞു വന്ന് കോഴികുഞ്ഞിനെ പരുന്ത് റാഞ്ചുന്നത് പോലെ മഞ്ജുവിന്റെ കയ്യിൽ നിന്നും ലവ് ലെറ്റർ റാഞ്ചിക്കൊണ്ട് ഒറ്റ പറക്കൽ.

മഞ്ജു കയ്യിൽ നിന്നും മഞ്ചു പോയ കുഞ്ഞിനെപ്പോലെ കരഞ്ഞു. കുട്ടായി ഞെട്ടിത്തരിച്ചു. കിളിക്കൂട് നോക്കി വിയർത്ത മുള്ളും ഞാനും കൂടെ ഞെട്ടി.

"ഷാജിയണ്ണാ അണ്ണന്റെ ലെറ്ററും കൊണ്ട് ഗോപികുട്ടൻ പോയി " കുട്ടായി അലറി. ലെറ്ററുമായി ഗോപികുട്ടൻ നൂറിൽ പാഞ്ഞു. പെട്ടന്നുള്ള വെപ്രാളത്തിൽ മൊത്തം കിളിയും പറന്നുപോയ മുള്ള് പരിസര ബോധം വീണ്ടെടുത്ത് തന്റെ ഹെർക്കുലീസിൽ ഗോപികുട്ടന്റെ പുറകിന് നൂറിൽ പാഞ്ഞു. പക്ഷേ കട്ട സൈക്കോ ആയ സൈക്കിൾ ചെയിൻ ഇട്ടുകൊടുത്ത ഓയിലുകളുടെയും തേച്ചു കൊടുത്ത ഗ്രീസിന്റെയും യാതൊരു നന്ദിയും കാണിക്കാതെ പുറകിലത്തെ വീലിന്റെ ചക്രപല്ലിൽ നിന്നും എടുത്തു ചാടി. ഗതിക്കോർജത്തിൽ നിന്നും സ്ഥിതിക്കോർജമായ മുള്ള് റോഡിൽ അറഞ്ഞു തല്ലി വീണു. ഇതുകണ്ട മഞ്ജുവിന്റെ ഹൃദയം ഗദ്ഗദങ്ങൾ കൊണ്ട് നിറഞ്ഞു.

ഊടുവഴികളിൽ കൂടി പാഞ്ഞ ഗോപികുട്ടൻ ചെന്നുനിന്നത് പുഷ്കരന്റെ ബന്ധുവായ താമരാക്ഷന്റെ ചായക്കടയുടെ മുന്നിലാണ്. താമരാക്ഷന്റെ മൂത്ത സന്താനം ഡിങ്കൻ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന പ്രകാശൻ പി പി ഗോപികുട്ടന്റെ റൈറ്റ് ഹാൻഡാണ്. കൂടുതൽ ഒന്നും പറയണ്ട. പുഷ്കരന്റെ സന്നിധിയിൽ മുള്ളിന്റെ ഹൃദയരക്തത്തിൽ ചാലിച്ചെഴുതിയ പ്രേമലേഖനം യാതൊരു പരിക്കുകളും പറ്റാതെ സേഫ് ആയി എത്തിച്ചേർന്നു.

"എന്റെ മഞ്ജുവിന് " പുഷ്കരനും താമരാക്ഷനും സംഘം ചേർന്ന് കത്തു വായിച്ചു. ഭവ്യതയോടെ ഗോപികുട്ടൻ കയ്യും കെട്ടി നിന്നു.
"എവിടെ ഉണ്ടെടാ ഈ കുരുത്തം കെട്ടവന്മാർ ഇപ്പോൾ " പുഷ്ക്കരൻ അലറി അലർച്ചയിൽ പ്രകമ്പനം കൊണ്ട താമരാക്ഷന്റെ കണ്ണാടി അലമാരയിൽ അന്ത്യ വിശ്രമം കൊള്ളുകയായിരുന്ന ബോണ്ടകളും പരിപ്പുവടകളും വരെ ഇളകി വീണു.
"ഇപ്പോൾ പോയാൽ തുണ്ടിപ്പീടികയിൽ ഇട്ട് അവന്മാരെ പിടിക്കാം" ഗോപികുട്ടൻ മൊഴിഞ്ഞു
ലോഡിങ് സൈക്കിളിന്റെ കാരിയർ ഉള്ള പുഷ്കരന്റെ സൈക്കിളിൽ താമരാക്ഷനും പുഷ്കരനും തുണ്ടിപ്പീടികയിലേക്ക് പാഞ്ഞു.
സൈക്കോ ചെയിനിനെ നേരെയാക്കി സൈക്കിളും എടുത്തു ഞാനും മുള്ളും കുട്ടായിയും വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയുമ്പോഴാണ് ആ അപകടം കാണുന്നത്.
"ഓടിക്കോടാ പുഷ്ക്കരൻ" കുട്ടായി വലിയ വായിൽ നിലവിളിച്ചു.
മുള്ള് ഹെർക്കുലീസ് എടുത്തു റോഡിൽ വെച്ച് ഒറ്റ ചവിട്ട്. ഞാൻ ചാടി പുറകിൽ കയറി അള്ളിപ്പിടിച്ച് ഇരുന്നു. വാഴപ്പള്ളിമൂട്ട വളവിൽ വെച്ച് ഞാനൊന്നു തിരിഞ്ഞു നോക്കി. ഹൃദയമിടിപ്പ് കൂട്ടിക്കൊണ്ട് പുഷ്ക്കരൻ പുറകിലുണ്ട്.

"ഷാജിയണ്ണാ ഒന്ന് വേഗം" ഞാൻ കരയാറായിക്കൊണ്ട് പറഞ്ഞു" മുള്ള് എഴുനേറ്റു നിന്ന് സൈക്കിൾ പറത്തി.
"ഠിഷ്ക്യൂ " ഒരു ശബ്ദം.പുഷ്കരന്റെ കയ്യിൽ ഇനി തോക്ക് വല്ലതും ഉണ്ടൊ. ഞങ്ങളെ വെടിവെച്ചതാണോ ഞാൻ ഭയത്തോടെ തിരിഞ്ഞു നോക്കി.

പുഷ്കരനും താമരാക്ഷനും സൈക്കിളുമായി റബ്ബറും തോട്ടത്തിലേക്ക് മറിയുന്ന നയന മനോഹരമായ കാഴ്ചയാണ് കാണുന്നത്. താമരാക്ഷന്റെ എൺപത് കിലോ താങ്ങാൻ കഴിയാതെ പുഷ്കരന്റെ ഹീറോ സൈക്കിളിന്റെ പുറകിലെ ടയറും ട്യൂബും പൊട്ടിത്തകർന്നു. നിയന്ത്രണം വിട്ട പുഷ്കര ട്രാവെൽസ് റോഡിൽ നിന്നും റബറും തോട്ടത്തിൽ ചെന്നു ലാൻഡ് ചെയ്തു.

"നിന്നെ ഞാൻ എടുത്തോളാമെടാ @@#₹%%₹₹₹₹₹₹₹₹@@@@ പുഷ്ക്കരൻ റബറും തോട്ടത്തിൽ നിന്നും ഉയർത്തെഴുനേറ്റു വന്നുകൊണ്ട് പറഞ്ഞു. അപ്പോഴേക്കും ഞങ്ങൾ ഇടയിലപറമ്പ് വളവും കഴിഞ്ഞു പാഞ്ഞു.
വയറു വേദന ആണെന്നും പറഞ്ഞു മുള്ള് രണ്ടു ദിവസം സ്കൂളിൽ പോയില്ല.

"പിന്നേ അവനിങ്ങു വരട്ടെ എന്നെ പ്രേമിക്കാൻ. എക്സാമിനു വരാനുള്ള ചോദ്യങ്ങൾ ആണെന്നും ട്യൂഷൻ സെന്ററിൽ നിന്നും തന്നതാണ് എന്നു പറഞ്ഞതുകൊണ്ടാണ് ഞാൻ ആ പേപ്പർ വാങ്ങിയത്". പോട്ടെ മാമാ ഇനിയെങ്ങാനും ആ പരട്ട എന്റെ പുറകിനു വന്നാൽ അപ്പോൾ തന്നെ ഞാൻ മാമനോട് വന്നു പറയാം."
ചോദ്യം ചെയ്യലിൽ മഞ്ജുവിന്റെ മൊഴികൾ പുഷ്‌കരനെ ഒന്ന് തണുപ്പിച്ചു.

മുള്ള് റൂട്ട് ഒന്ന് മാറ്റിപിടിച്ചു. മാന്തുക വഴിയുള്ള പോക്ക് നിർത്തി ഒന്ന് വളഞ്ഞു ചുറ്റി അരീക്കര വഴി റൂട്ട് തിരിച്ചു വിട്ടു. തടി രക്ഷിക്കണമല്ലോ ആദ്യം. ഒരു വൈകുന്നേരം സ്കൂൾ വിട്ടു വരുന്ന വഴിയാണ് മുള്ളിന് ഗോപികുട്ടനെ കയ്യിൽ കിട്ടുന്നത്. അന്ന് കയ്യാലയിൽ ചാരി നിർത്തി ഗോപികുട്ടനെ "ക്ഷ ണ്ണ റ" എണ്ണിപ്പിച്ചാണ് മുള്ളും കുട്ടായിയും ഗോപികുട്ടനെ വിട്ടത്. ഇടി കൊണ്ട് പതയിളകിയ ഗോപികുട്ടൻ കയ്യാലയിൽ ചാരി ഇരുന്ന് വിശ്രമിച്ചു പോയി.
മഞ്ജുവിന്റെ പുറകെയുള്ള യാത്ര മുള്ള് താൽക്കാലത്തേക്ക് ഒന്ന് നിർത്തി. പക്ഷേ ഒരു ദിവസം കുട്ടായി മൂത്രപ്പുരയുടെ പുറകിൽ വെച്ച് ഒരു ബാലരമ മുള്ളിനു കൊടുത്തു.

"ഈ ആഴ്ചയിലെ ആണോടാ " മുള്ള് ചോദിച്ചു
"അതെന്തെങ്കിലും ആയിക്കോട്ടെ ആദ്യം തുറന്നു നോക്ക് " കുട്ടായി പറഞ്ഞു
മുള്ള് അതിശയത്തോടെ ബാലരമ തുറന്നു. രണ്ടായി മടക്കിയ ഒരു പേപ്പർ അതിനുള്ളിൽ. പേപ്പർ വിടർത്തി നോക്കിയ മുള്ളിന്റെ ഉള്ളിൽ പ്രേമത്തിന്റെ സുനാമി ഇളക്കുന്ന പോലുള്ള രണ്ടു വരികൾ
"വളരെ വളരെ ഇഷ്ടമാണ് "
എന്ന്
സ്വന്തം മഞ്ജു.

സന്തോഷം സഹിക്ക വയ്യാതെ മുള്ള് കൂട്ടായിയെ പൊക്കിയെടുത്തു വാനിലേക്ക് ഉയർത്തി.......എന്നിട്ട് ഒൻപത് സി ലക്ഷ്യമാക്കി പാഞ്ഞു. അതെ ഒൻപത് സി യിൽ രണ്ടാമത്തെ ബഞ്ചിൽ ഒന്നാമത് ഇരിക്കുന്ന തന്റെ മഞ്ജുവിനെ കാണാൻ....

ശുഭം

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter