മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

 ഡിഗ്രി അവസാന വർഷ പരീക്ഷ കഴിഞ്ഞ ദിവസമാണ് ഞങ്ങൾ മറ്റൊരു ഗ്രാമത്തിലേക്ക് സ്ഥലം വാങ്ങിപ്പോകുന്നത്. പുതിയ സ്ഥലം വളരെ മനോഹരമായിരുന്നു. നിറയെ കുന്നുകളും, താഴ്വാരങ്ങളും

അരുവിയും ഒക്കെയുള്ള ഗ്രാമം. ഗ്രാമത്തിന് ചുറ്റും റിസർവ്വ് ഫോറസ്റ്റ്‌ ഏരിയയാണ്. മദ്ധ്യവേനലവധിക്കാലം തുടങ്ങുന്നതേയുള്ളു . തൊട്ടടുത്ത വീട്ടിലെ ചേച്ചി പരിചയപ്പെട്ടപ്പോൾ ഒരു കാര്യം പറഞ്ഞു
'മോനേ വീട്ടിലെ രണ്ട് പിള്ളേര് വെറുതെ ചാടിക്കളിച്ച് നടപ്പാ, മോനോരു ട്യൂഷൻ സെന്റർ തുടങ്ങിക്കൂടെ'?
'ധാരാളം പിള്ളേര് വരും, കുന്നിൻമോളിലെ ശേഖരന്റെ വീട് ഒഴിഞ്ഞ് കിടപ്പാ' ചേച്ചി പറഞ്ഞു. ആശയം നല്ലതാന്ന് എനിക്കും തോന്നി. അങ്ങനെ ആദ്യമായി ശേഖരൻ ചേട്ടന്റെ കുന്നിൻ മുകളിലെ ഒഴിഞ്ഞ് കിടന്ന വലിയ വീട് വൃത്തിയാക്കി ട്യൂഷൻ സെന്റർ ആരംഭിച്ചു.

നിറയെ പൂത്തു നിന്ന ഇലവു മരത്തിൽ 'നളന്ദ ട്യൂഷൻ സെന്റർ' എന്ന ബോർഡും തൂക്കി. അഞ്ചാം ക്ലാസ്സുമുതലുള്ള പതിനഞ്ച് പിള്ളേർ പഠിക്കാൻ എത്തിയിരുന്നു. വനത്തിന്റെ ഓരത്തുള്ള ആ വലിയ വീട്ടിൽ ഒച്ചയും ബഹളവും നിറഞ്ഞു. രണ്ടാഴ്ച കഴിഞ്ഞു കാണും അഞ്ചുമണിയോടെ ക്ലാസ്സ് തീർന്ന് ഇറങ്ങാൻ തുടങ്ങുമ്പോഴായിരുന്നു ഒരു പെൺകുട്ടിയും അവളടെ അമ്മയും കുന്നുകയറി എത്തിയത്.
ആ അമ്മ എന്നോട് പറഞ്ഞു.
'മാഷേ ഇവള് പ്രിഡിഗ്രി തോറ്റ് വീട്ടിലിരിക്കാൻ തുടങ്ങീട്ട് ഒരു വർഷമായി
ഒന്ന് രണ്ട് വിഷയം കൂടിയേ കിട്ടാനുള്ളു. മോനാന്നു സഹായിക്കണം, ചേച്ചീടെ മക്കളൊക്കെ വല്യ പഠിത്തക്കാരാ, ഇവൾ ഒന്നേലും ഡിഗ്രി വരെ പോയില്ലേൽ എന്തോരു നാണക്കേടാ '

അമ്മ പറഞ്ഞു. "നാളെ മുതൽ അവളേം വിടാം"

ഞാനൊന്നും പറയാനാവാതെ നിന്നു . ആദ്യമായാണ് ഇത്രവലിയ ഒരു കുട്ടിയെ പഠിപ്പിക്കാൻ പോകുന്നത്.
അവൾ എന്നെ നോക്കി ചിരിച്ചു. പാദസരക്കിലുക്കം കുന്നിറങ്ങിപ്പോകുന്നത് ഞാൻ നോക്കി നിന്നു.
പിറ്റേ ദിവസം മുതൽ അവളും വന്നു തുടങ്ങി. തേഡ് ഗ്രൂപ്പ് പഠിച്ച അവൾക്ക് ഇക്കണോമിക്സായിരുന്നു ബുദ്ധിമൂട്ടുള്ള വിഷയം.

'മാഷേ ഈ 'സീമന്തോപയുക്തത 'എന്നൊക്കെ കേൾക്കുമ്പോഴെ ഉറക്കം വരും' അവൾ പറയും .
അവൾക്ക് വേഗം പഠിക്കാൻ ഞാൻ സൂത്രവാക്യങ്ങൾ ഉണ്ടാക്കി,
പതിയെ അവൾ പഠിച്ചു തുടങ്ങി,
ഒരു മാസത്തിന് ശേഷം അവർക്ക് തോറ്റ വിഷയത്തിന് സപ്ലിമെന്റ്റി പരീക്ഷയായിരുന്നു .
ദിവസങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു .
അവൾ പരീക്ഷക്ക്, പഠിച്ച കോളജിലേക്ക് പോയിരുന്നു .

മനസ്സിൽ വല്ലാത്തൊരു ശൂന്യത തളം കെട്ടി.
'എന്താ മാഷേ ഒരു മ്ലാനത'? പിള്ളേർ ചോദിച്ചു തുടങ്ങി
'ഏയ് ഒന്നുമില്ല'
ഞാൻ പറഞ്ഞു.
ഒരു ദിവസം ഉച്ച കഴിഞ്ഞ്
കുന്നുകയറി വരുന്ന അവളെ കണ്ട് എനിക്ക് സന്തോഷമടക്കാനായില്ല
'മാഷേ പരീക്ഷ കഴിഞ്ഞ് എത്തിയ പാടെ ഓടിപ്പോരുവാരുന്നു. എന്തോ.. മാഷേം , ഇവിടോം പിള്ളേരേം ഒക്കെ വല്ലാണ്ട് മിസ്സ് ചെയ്തു'

'നീ പരീക്ഷ എങ്ങനൊണ്ടാരുന്നെന്ന് ആദ്യം പറയ് ' ഞാൻ പറഞ്ഞു.
'സൂപ്പറാരുന്നു മാഷേ, മാഷ്ടെ സൂത്ര വാക്യങ്ങൾ വച്ച് തകർത്തു', അവൾ പറഞ്ഞു.

മാഷേ ഒരു കാര്യം ചോദിക്കാനും കൂടെയാ ഞാൻ വന്നത്, ഞാൻ കൂടെ ഇവടെ നിന്നോട്ടെ കൊച്ചു പിള്ളാരെ ഞാൻ മാനേജ് ചെയ്യാം മാഷേ എല്ലാം കൂടെ മാഷക്ക് ബുദ്ധിമുട്ടാവില്ലേ ?'
അവൾ ദയനീയമായ് എന്നെ നോക്കി.

നെഞ്ചിൽ ഒരു മഴ പെയ്തു നിറയുന്നത് ഞാനറിഞ്ഞു. ചെറിയ ക്ലാസ്സിലെ കുട്ടികളെ അവൾ പഠിപ്പിച്ചു തുടങ്ങി.
സന്തോഷത്തിന്റെ ദിവസങ്ങൾ...
മാസങ്ങൾ കഴിഞ്ഞ് എന്റെ ഫൈനൽ ഇയർ റിസൾട്ട് വന്നു. ക്ലാസ്സോടെ ജയിച്ചിരിക്കുന്നു.
ഞാൻ കൊച്ചിയിൽ ലോ കോളജിൽ നിയമപഠനത്തിന് അഡ്മിഷനായി അപേക്ഷ അയച്ചതിന് ഇന്റർവ്യം കാർഡ് വന്നിരുന്നു.

ട്യുഷൻ സെന്റെറിന്റെ അവസാന ദിവസം. ഞാനവളെ എനിക്കു കോളജിൽനിന്ന് വന്ന ഇന്റെർവ്യു കാർഡ് കാണിച്ചു.
ഒറ്റക്കരച്ചിലായിരുന്നു മറുപടി ..
ഏങ്ങലടിച്ച് അവൾ കരഞ്ഞുകൊണ്ടേയിരുന്നു
'ദൂരെയൊക്കെപ്പോയാൽ മാഷ് എന്നെ മറക്കുവോ?'
അവൾ വിതുമ്പലോടെ ചോദിച്ചു .
എന്തു പറയണമെന്നറിയാതെ എന്റെ കണ്ണു നിറഞ്ഞു.

കോളജിലേക്ക് പോകുന്ന ദിവസം ഞാനവൾക്ക് അഡ്രസ്സ് എഴുതിക്കൊടുത്തു. ബസ്സ് പോകുന്ന റോഡിൽ വന്നു നിന്ന് അവൾ ബസ്സ് മറയുവോളം എന്നെ നോക്കി കൈവീശിക്കൊണ്ടിരുന്നു .
കോളജിൽ എത്തി ഒരാഴ്ചക്കകം അവളുടെ കത്ത് കിട്ടി.
നിറയെ ആശങ്കളും അക്ഷരതെറ്റുകളും നിറച്ച അവളുടെ കത്ത് സീനിയേഴ്സിന്റെ കയ്യിലാരിക്കും മിക്കപ്പോഴും കിട്ടുന്നത്. തെറിയും കളിയാക്കലും അകമ്പടിയായ് വന്നു .
'മാഷേ നളന്ദക്ക് മുന്നിലൂടെ പോകുമ്പോൾ എനിക്ക് കരച്ചിൽ വരും, ങ്ങളെ ഓർക്കും, അപ്പത്തന്നെ ഇല്ലന്റും വാങ്ങി ഒറ്റയിരുപ്പാ' അവളുടെ വളഞ്ഞ് പുളഞ്ഞ അക്ഷരങ്ങളിൽ അവൾ എഴുതി.
നാട്ടിൽ വരുമ്പോൾ ഇടക്കൊക്കെ കാണുമായിരുന്നു.
നാട്ടിൻ പ്രദേശമാണ്, ചുറ്റിനും കണ്ണുകളാണ് ,
ഉള്ളിൽ ഒരു വാക്ക് മിണ്ടാൻ പേടിയാണ് സംശയം തോന്നിയാൽ ആൾക്കാർ കഥയിറക്കും.
പരാതിയും, പരിഭവവുമൊന്നുമില്ലാതെ അവൾ ചിരിച്ച് നടന്നു മറയും.

നിയമപഠനം അവസാനിച്ചതോടെ എന്റെ വിലാസം മാറി. മൊബൈൽ പ്രചാരത്തിൽ വന്നിട്ടുമില്ലാത്ത കാലം . എഴുത്തുകൂടി വരാതായിട്ട് വർഷങ്ങൾക്കഴിഞ്ഞു. നാട്ടിലെത്തിയപ്പോൾ അവൾ ദൂരെ ബന്ധുവീട്ടിലാണെന്നറിഞ്ഞു. ബസ്സിൽ പോകുമ്പോഴെല്ലാം അവളെപ്പോലെയുള്ള കുട്ടികളെക്കാണുമ്പോൾ ആധിപിടിച്ചു നോക്കും, ഒന്നു രണ്ട് തവണ അവളാന്ന് കരുതി പല സ്ഥലത്തും ബസ്സിൽ നിന്നും ചാടിയിറങ്ങി
അടുത്തെത്തുമ്പോൾ മറ്റേതെങ്കിലും കുട്ടികളായിരിക്കും.

അങ്ങനെയിരിക്കെ നാട്ടിൽ വന്നിട്ട് മടങ്ങുമ്പോൾ ബസിൽ എന്റെ തൊട്ടുമുമ്പിലെ സീറ്റിൽ അവളും അമ്മയും. നെഞ്ചിൽ തിരയടിക്കും പോലെ, അവൾ എന്നെ നോക്കിച്ചിരിച്ചു. അടുത്തയിടെ മാത്രം കിട്ടിയ റിലയൻസ് മൊബൈൽ ഫോൺ നമ്പർ ഞാനവൾക്ക് ടിക്കറ്റിന്റെ പുറകിൽ എഴുതി സീറ്റിന് സൈഡിലൂടെ കൊടുത്തു.

ഒരോ ദിവസവും അവൾ വിളിക്കുവോന്ന് നോക്കിയിരുന്നു , ഫോൺ റിംഗ് ചെയ്യുമ്പോൾ വളായിരിക്കുമെന്ന് ഓർത്ത് ഓടിച്ചെല്ലും പക്ഷേ അവളായിരുന്നില്ല. അങ്ങനെയിരിക്കെ അപ്രതീക്ഷിതമായി ഒരു കോൾ. 'മാഷേ ഇത് ഞാനാ ഈ നമ്പരിലേക്ക് തിരിച്ചുവിളിക്കല്ലേ. ഒരു ബന്ധുവീട്ടിൽ വന്നപ്പം അവരുടെ ഫോണിൽ നിന്നും വിളിക്കുന്നതാ. നമ്മുടെ നാട്ടിൽ ആർക്കും മൊബൈലില്ല അതാ വിളിക്കാഞ്ഞെ...
മാഷെ എനിക്ക് ആലോചനകൾ വരുന്നുണ്ട്. ഇനിയെന്നാ നമ്മൾ കാണുക?'

നീണ്ട നിശബ്ദതയെക്കാടുവിൽ അവളുടെ കോൾ കട്ടായി, ചുറ്റും ഇരുട്ടു പരന്നു. വർഷങ്ങൾ കഴിഞ്ഞു പിന്നവൾ വിളിച്ചതേയില്ല. ഒരു ദിവസം രാവിലെ പതിവുപോലെ അസ്സോസ്സിയേഷനിൽ മംഗളം പത്രം ഓടിച്ചു നോക്കുമ്പോൾ ഒരു മുഖം കണ്ണിലുടക്കി സ്തബ്ദനായി ഞാനിരുന്നു പോയി. അവളുടെ ഫോട്ടോയും, വാർത്തയുമായിരുന്നു.

നക്ഷത്രങ്ങളുടെ ലോകത്തേക്ക് അവൾ പോയിരിക്കുന്നു. ഞാനത് വായിക്കുന്ന സമയം അവൾ മണ്ണിലേക്ക് മടങ്ങിയിരിക്കുന്നു. നാട്ടിലെ ഒരു സുഹൃത്തിനെ വിളിച്ചപ്പോഴാണറിഞ്ഞത് അവൾക്ക് കിഡ്ണി ഫെയിലറായിരുന്നു. അമ്മയുടെ കിഡ്ണി അവൾക്ക് നൽകുന്നതിനുള്ള ചികിത്സ തുടരുന്നതിനിടെയായിരുന്നു അവളുടെ യാത്ര.

'മാഷേ മരിച്ചവരൊക്കെയാ നക്ഷത്രങ്ങളായ് വരുന്നതെന്ന് അച്ചമ്മ പറയും നേരാരിക്കുവാ?'
അവൾ ഒരിക്കൽ ട്യൂഷൻ സെന്ററിൽ വച്ച് ചോദിച്ചതോർക്കുന്നു. ശരിയായിരിക്കും. പ്രകാശവർഷമകലെ ചിരിച്ചൊരു നക്ഷത്രമായ് അവളും ഉണ്ടാകാതിരിക്കില്ല.

കൂടുതൽ വായനയ്ക്ക്

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter