എല്ലാ രചനകളും പൂർണ്ണമായി വായിക്കാൻ
മൊഴിയുടെ വരിക്കാരാവുക.
നിങ്ങളുടെ വരിസംഖ്യ എഴുത്തുകാർക്കു പ്രതിഫലമായി നൽകപ്പെടുന്നു.
Subscribe

Mozhi Rewards Club

നേടുക: ശ്രേഷ്ഠ രചനയ്ക്കു Rs.250
മികച്ച രചനയ്ക്ക് Rs.100

Login / Register

Google Login

സ്നേഹസൗഹൃദമെത്ര മധുരം!. സൗഹൃദമെന്നു പറയാനേറെപ്പേരൊന്നുമില്ലെങ്കിലും ഉള്ളവരെ മനസ്സുനിറയെ സ്നേഹിച്ച് ചേർത്തുനിർത്തിയിട്ടുണ്ട്. ഒറ്റക്കുട്ടിയായ ബാല്യകൗമാരങ്ങളിൽ കൂട്ടായി നിന്ന് സ്നേഹം

പകർന്നത് അമ്മയുടെ കുഞ്ഞനിയത്തി .. അവരോടൊപ്പം ഒരു വർഷം മുഴുവനും സ്ക്കൂളിൽപ്പോയി ഒരേ ബഞ്ചിൽ അടുത്തിരുന്നു. ഞങ്ങൾക്കു പരസ്പരം കാണാതിരിക്കുന്നതു കൂടി വിഷമം തന്ന നാളുകൾ.

പിന്നീട് ഒന്നാം ക്ലാസ്സിലെത്തിയപ്പോൾ കഴുത്തറ്റം മുടി ഭംഗിയിൽ വെട്ടി നിർത്തി വാസന പൗഡറിട്ടു ,പൊട്ടു തൊട്ടു കണ്ണെഴുതിയ സുന്ദരിക്കുട്ടിയായിരുന്നു ഏറ്റവുമടുത്ത കൂട്ടുകാരി. നാലാം ക്ലാസ്സു വരെ നീണ്ടു നിന്ന ആർദ്രമായ സൗഹൃദം. 

നാലാം ക്ലാസ്സുകഴിഞ്ഞ് അഞ്ചിലേയ്ക്കെത്തിയപ്പോഴേയ്ക്കും അഭിമാനത്തോടെയും സ്നേഹവാത്സല്യത്തോടെയും ചേർത്തു നിർത്താൻ ഒരു കുഞ്ഞനിയത്തിയുണ്ടായത് ഏറെ സന്തോഷിപ്പിച്ചു. പിന്നെ കുറെക്കഴിഞ്ഞ് രണ്ട് അനിയന്മാരും... അവരും ഏറ്റവുമടുത്ത കൂട്ടുകാർ തന്നെ...

നാലാംക്ലാസ്സു കഴിഞ്ഞ് മറ്റൊരു വിദ്യാലയത്തിയപ്പോൾ അവളെപ്പോലെ എന്നെ ചേർത്തു പിടിക്കുന്ന ഒരു കൂട്ടില്ലാത്തത് ഏറെ സങ്കടപ്പെടുത്തി. ആവിഷാദമലതല്ലുന്ന മുഖഭാവം കണ്ടതുകൊണ്ടാവാം ഇപ്പോ കരയും എന്നു തോന്നിയ്ക്കും വിധം കണ്ണുകളിൽ ദു:ഖം ഘനീഭവിച്ച മെലിഞ്ഞ ഒരു കുട്ടി എൻ്റെയടുത്തെത്തിയതും സംസാരിച്ചു തുടങ്ങിയതും. അങ്ങനെ ഞങ്ങൾ അടുത്ത കൂട്ടുകാരായി.അവളുടെ അച്ഛൻ ഹോമിയോ ഡോക്ടർ ആയിരുന്നു. മധുരമുള്ള കുഞ്ഞു മുത്തു പോലുള്ള ഗുളിക ഇടക്കൊക്കെ എനിക്കു തന്ന് ഞങ്ങളുടെ സ്നേഹം ഊട്ടിയുറപ്പിച്ചു. അങ്ങനെയിരിക്കെ ഒരിക്കൽ അവളെന്നോടു പറഞ്ഞത് 'ഇനി മുതൽ ചിലപ്പോ സ്ക്കൂളിൽ വരില്ലാട്ടൊ 'എന്നാണ്. കാരണമായിപ്പറഞ്ഞത് കേട്ടപ്പോൾ എനിക്ക് അവളോടസൂയ തോന്നിയെന്നതാണ് സത്യം. അവൾടെഅച്ഛൻ്റെ കല്യാണമാണ് നാളെ എന്ന് നിസ്സംഗതയോടെ പറഞ്ഞതു കേട്ട് എന്നിട്ടിവൾക്കെന്താ ഒരു സന്തോഷവുമില്ലാത്തത് എന്നാണ് ഞാൻ ചിന്തിച്ചത്.

വീട്ടിലൊരു കല്യാണം നടക്കുന്നത് രസമുള്ള കാര്യമല്ലേ എന്നു മാത്രമേ ഞാനന്നു ചിന്തിച്ചുള്ളൂ... കല്യാണം എന്നു കേട്ടപ്പോൾ മനസ്സിലോടിയെത്തിയത് അലങ്കരിച്ച പന്തലും വിഭവസമൃദ്ധമായ സദ്യയും അയൽവക്കത്തെയും കുടുംബങ്ങളിലെയും കുട്ടികളുമൊക്കെയായുള്ള തകർത്തുല്ലസിക്കലാണ്. എൻ്റെ അച്ഛന്ക എന്തേ ഈ കല്യാണം കഴിക്കാനുള്ള ബുദ്ധി തോന്നാത്തതാവോ? അമ്മക്കൊന്നു പറഞ്ഞു കൊടുത്തൂടേ... രണ്ടാളോടും ഇത്തിരിയൊന്നുമല്ല അന്നേരം ദേഷ്യം തോന്നിയത്.

പിന്നീടാണവൾ സ്വന്തം കഥ വിവരിച്ചു പറഞ്ഞത്.ഒരു വർഷമായത്രേ അവളും അച്ഛനും അച്ചമ്മയും അമ്മായിയും മാത്രമായി ആ വീട്ടിൽ കഴിയാൻ തുടങ്ങിയിട്ട്. അമ്മ പിണങ്ങിപ്പോയതാണത്രേ. അമ്മയുടെവീട്ടിൽ നിന്നും ഒരിക്കൽ അച്ഛൻ വന്നു വിളിച്ചപ്പോൾ അവൾ കരുതിയത് വേഗം തിരിച്ച് അമ്മയുടെയടുത്തേയ്ക്കു തന്നെ കൊണ്ടു പോയാക്കും എന്നു കരുതിയത്രേ. പിറ്റേന്ന് തിരിച്ചു പോവാൻ വാശി പിടിച്ചു കരഞ്ഞപ്പോൾ അച്ചമ്മ വഴക്കു പറഞ്ഞു എന്നും അതു കേട്ട് എത്തിയ അച്ചൻ പൊതിരെ തല്ലുകയും ചെയ്തു എന്നു പറയുമ്പോഴും ആ കണ്ണുകളിൽ നിർവികാരത മാത്രമായിരുന്നു...
ഇനിയും അമ്മ എന്നൊരു വാക്കു മിണ്ടിപ്പോകരുതെന്നും അടങ്ങിയൊതുങ്ങിക്കഴിയണമെന്നുമൊക്കെപ്പറഞ്ഞ് അമ്മായിയും വഴക്കു പറഞ്ഞു എന്നു പറയുമ്പോഴും വല്ലാത്തൊരു നിർവികാരതയായിരുന്നു ആ കുഞ്ഞിക്കണ്ണുകളിൽ...

അന്നു വൈകുന്നേരം സ്ക്കൂൾ വിട്ട് പോവുമ്പോൾ രണ്ടു മൂന്നു വട്ടം തിരിഞ്ഞു നോക്കിയാണവൾ നടന്നകന്നത്... പിന്നീടവൾ സ്കൂളിൽ വന്നില്ല. അതോടെ പഠിത്തം നിർത്തിയോ മറ്റേതെങ്കിലും സ്ക്കൂളിൽ ചേർന്നോ എന്നൊന്നും അറിഞ്ഞില്ല. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴുണ്ടായ സംഭവമാണെങ്കിലും ഇന്നും അവളെക്കുറിച്ചോർക്കുമ്പോൾ മനസ്സിനൊരു വല്ലാത്ത നീറ്റലാണ്. 
ഏകദേശം രണ്ടു മാസത്തോളമേ ഞങ്ങളുടെ സൗഹൃദത്തിന് ദൈർഘ്യമുണ്ടായിരുന്നുള്ളൂ. എങ്കിലും ഒരായുസ്സു മുഴുവൻ പ്രിയ കൂട്ടുകാരീ. നീയെൻ്റെ മനസ്സിൽ പാകി വളർത്തിയ ഒരു പാടോർ മകൾ തളിരിട്ടു കതിരണിഞ്ഞു നിൽക്കും. നീയിന്ന് എവിടെയെന്നറിയില്ല. നിൻ്റെ ജീവിതം പിന്നീട് ഏതെല്ലാം ഘട്ടങ്ങളിലൂടെ കടന്നുപോയെന്നുമറിയില്ല. എങ്കിലും ഒന്നറിയാം... അച്ഛനുമമ്മയുമെല്ലാമൊരുമിച്ച് ഉണ്ടായിട്ടും ജീവിതത്തിൻ്റെ വിവിധ ഘട്ടങ്ങളിൽ വന്നു ചേർന്ന പ്രതിസന്ധികൾ എത്രമാത്രം പ്രയാസപ്പെട്ടാണ് തരണം ചെയ്തത് എന്നോർത്തു പോകുന്നു. അപ്പോൾ അമ്മയിൽ നിന്നും കുഞ്ഞുന്നാളിലേ അടർത്തിമാറ്റിയ നിൻ്റെ അവസ്ഥ എത്രമാത്രം വിഷമമുളവാക്കിയിരിക്കും.. നിന്നെെക്കുറിച്ചുള്ള ഓർമകൾ കർക്കിടകപ്പേമാരി പോലെ നിന്നു പെയ്യുകയാണ്.

നിനക്കു വേണ്ടി പ്രാർത്ഥിയ്ക്കുകയാണ്ആത്മാർത്ഥമായി !ഇനിഒരിക്കൽക്കൂടി ഈജന്മം നമുക്കു കാണാാൻ കഴിയുമോ ?വല്ലാത്തൊരാഗ്രഹം നിന്നെയൊന്നു കാണാൻ.നടക്കുുമോ എന്നറിയില്ല. എങ്കിലും വെറുതെ മോഹിക്കുവാൻ മോഹം.

 

No comments

നോവലുകൾ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter