മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

Pearke Chenam

(ഭൗമദിന മത്സരത്തിനു സമർപ്പിച്ച രചന - എന്റെ ഗ്രാമം)

എന്റെ മിഴികളില്‍ ഞാന്‍ ജനിച്ചു വളര്‍ന്ന ചേനം ഗ്രാമം തെളിഞ്ഞു വരുന്നത് അമ്മയുടെ കൈ പിടിച്ച് നടക്കാന്‍ തുടങ്ങിയ നാള്‍ മുതലാണ്. കര്‍ക്കിടകത്തിലെ തിമിര്‍ത്തു പെയ്യുന്ന മഴയത്ത് പൊക്കിള്‍കൊടി ബന്ധം പോലെ ചേര്‍പ്പിലേയ്ക്ക് നീളുന്ന കോള്‍പടവിനു നടുവിലൂടെയുള്ള ഒരു കിലോമീറ്റര്‍ നീളമുള്ള റോഡ്, വെള്ളം വന്നു നിറയും. പാലം മാത്രം രണ്ടു കരയില്‍ നിന്നും കാണാന്‍ കഴിയും വിധം ഉയര്‍ന്നുനില്‍ക്കും. റോഡില്‍ നെഞ്ചിനൊപ്പം വെള്ളം ഉയരും. അപ്പോള്‍ ചേനം സെന്ററില്‍ നിന്നും പാടത്തേയ്ക്ക് ഇറങ്ങിപോകുന്ന റോഡിലൂടെ വെള്ളം കരയിലേയ്ക്ക് കയറാന്‍ തുടങ്ങും. കടവില്‍ അവസാനത്തെ വീട് വാവുക്കയുടേയാണ്. ചായക്കടയോടുകൂടിയ ആ വീട്ടിലേയ്ക്ക് ആര്‍ക്കും എത്തിചേരാനാകാത്ത വിധം വെള്ളം ഉയരുമ്പോഴേയ്ക്കും ആളുകള്‍ക്ക് മറുകരയ്ക്കുപോകുന്നതിന് പഞ്ചായത്ത് കടത്തുവഞ്ചി സര്‍വ്വീസ് ആരംഭിച്ചിരിക്കും.

എല്ലാവരും വീടുകളില്‍ ഒതുങ്ങിക്കൂടുന്ന കാലമാണ് കര്‍ക്കിടകം. ആര്‍ക്കും തൊഴിലില്ലാത്ത ദിനങ്ങള്‍. ഓലമേഞ്ഞവീടിന്റെ ചുറ്റിറയത്ത് ഓലകൊണ്ട് ഉണ്ടാക്കിയ തട്ടിയുടെ മറവിലിരുന്നത് കക്കതൊണ്ടുപയോഗിച്ച് കവടി കളിച്ചും കളം വരച്ച് കല്ലും ഈര്‍ക്കിലിയുമുപയോഗിച്ച് പടവെട്ടുകളിച്ചും നേരം പോക്കും. ഉച്ചയ്ക്ക് മഴ ഒന്നു ശമിച്ച് ഒരു ചെറിയ തെളിച്ചം വരുമ്പോള്‍ അമ്മ പുറത്തിറങ്ങി മുറ്റമടിച്ചു വൃത്തിയാക്കും. ആ പണി പൂര്‍ത്തിയാക്കുമ്പോഴേയ്ക്കും അടുത്ത മഴയുടെ വരവായി. പിന്നെ അത് രാത്രിയും കടന്ന് അടുത്ത പ്രഭാതം വരെ തുടരും.

കടയില്‍ നിന്നും കടമായി വാങ്ങിയ അരിയില്‍ നിന്നും വെള്ളം കൂടുതല്‍ ചേര്‍ത്ത് അല്പമാത്ര അരിയിട്ട് കഞ്ഞി വെച്ച് മേടമാസത്തില്‍ കേടുകൂടാതെ മണ്ണിനടിയില്‍ കരുതിവെച്ച ചക്കക്കുരു കറിവെച്ച് കഞ്ഞി കുടിക്കും. ചിങ്ങം പിറന്ന് മഴ ശമിച്ച് പറമ്പില്‍ ചെറിയ ചെറിയ പണികള്‍ തുടങ്ങുവോളം കൂലിയും വേലയുമില്ലാത്ത കാലമാണ്. പണി തുടങ്ങുന്നതോടെ കടയിലെ കടങ്ങള്‍ തീര്‍ക്കാനും നിത്യജീവിതം മുന്നോട്ടു നീക്കാനും തുടങ്ങും.

അമ്മായിയുടെ കല്യാണം കഴിഞ്ഞ് കൂട്ടികൊണ്ടുപോകുവാന്‍ വെള്ളം മൂടി കിടക്കുന്ന കടവിലെത്തിയപ്പോഴാണ് ആദ്യമായി വെള്ളം കയറി കിടക്കുന്ന കോള്‍പാടവും റോഡും കാണുന്നത്. അടുത്ത കരയിലുള്ള ചെറുക്കന്റെ വീട്ടുകാര്‍ കല്യാണം വന്നത്. കടത്തുവഞ്ചിയിലായിരുന്നു. വാവുക്കയുടെ കടവില്‍ വഞ്ചിയിറങ്ങി കൊട്ടുംമേളവുമായാണ് അവര്‍ വന്നത്. തിരിച്ച് കടവുവരെ അവരെ അമ്മയോടൊപ്പം അനുഗമിച്ചു. അവര്‍ വഞ്ചിയില്‍ വള്ളത്തിലൂടെ തെന്നിനീങ്ങുന്നത് അത്ഭുതത്തോടെയാണ് കണ്ടു നിന്നത്. ഇന്നുമാകാഴ്ച മനസ്സില്‍ ഒരു നന്മപോലെ തെളിഞ്ഞു നില്‍ക്കുന്നു.

വര്‍ഷത്തില്‍ ചുറ്റിലും വെള്ളം കയറി കിടക്കുന്ന ഒരു ദ്വീപാണ് ചേനം. കൃഷിപ്പണിയാണ് അതിന്റെ ചലനങ്ങള്‍ തീര്‍ത്തിരുന്നത്. വെള്ളമിറങ്ങി കൃഷിപ്പണി തുടങ്ങുന്നതോടെ എല്ലാവരും കര്‍മ്മനിരതരാകുന്നു. നാട് ഐശ്വര്യവത്താകുന്നു. കൃഷിപണി തുടങ്ങുന്നതോടെ സജീവമാകുന്നവയാണ് കടവിലെ വാവുക്കയുടെ ചായക്കട. ആലുക്കലെ കുട്ടേട്ടന്റെ ചായക്കടയും സെന്ററിലെ കുഞ്ഞുമോനിക്കയുടെയും ശ്രീധരേട്ടന്റേയും ചായക്കടകള്‍ എന്നുമുണ്ടാകും.

പുലര്‍ച്ചെ നാലേമുക്കാലിന് പള്ളിയില്‍ നിന്നും ബാങ്കുവിളിയുയരുമ്പോള്‍ നാട്ടിലെല്ലാവരും ഉണരും. കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരായതിനാല്‍ എല്ലാ വീടുകളിലും കാലികളുണ്ടാവും. എരുമയും പശുവും ആടും കോഴിയും തുടങ്ങി സര്‍വ്വവിധ ജീവജാലങ്ങളും ഓരോ വീട്ടിലുമുണ്ടാകും. ആദ്യത്തെ ജോലി കാലികളെ കറക്കലും പാല്‍സൊസൈറ്റിയില്‍ അതിന്റെ പാലുകൊണ്ടുപോയി അളന്നു നല്‍കലുമാണ്. മാസിലൊരിക്കലാണ് അതിന്റെ കണക്കു തീര്‍ത്തുകൊടുക്കുക. പകുതി മാസമെത്തുമ്പോള്‍ ആവശ്യക്കാര്‍ക്ക് അഡ്വാന്‍സ് കൈപ്പറ്റാനുള്ള സൗകര്യമുണ്ട്. എല്ലാവരും ആ സൗകര്യം സ്വീകരിക്കുന്നവരുമാണ്.

പാലളന്നുനല്‍കി ആളുകള്‍ തിരിച്ചുവരാന്‍ തുടങ്ങുന്നതോടെ സെന്ററിലെ ചായക്കടകള്‍ തുറക്കാന്‍ തുടങ്ങും. പ്രായമായവരും നേരം വെളുപ്പിക്കാന്‍ പ്രയാസപ്പെട്ട് കഴിയുന്നവരും സൊസൈറ്റിയില്‍ നിന്നും മടങ്ങി വരുന്നവരും ചായക്കടയിലെത്തും. സാമവോറില്‍ കിടന്ന് ചായക്കുള്ള വെള്ളം തിളക്കുന്നതും നോക്കി ബീഡിയും വലിച്ച് അവര്‍ കാത്തിരിക്കും. സാമവോറില്‍ ഇട്ടിട്ടുള്ള നാണയത്തുട്ട് പിടയ്ക്കാന്‍ തുടങ്ങുമ്പോള്‍ കട്ടന്‍ചായയ്ക്കായി തിരക്കടിക്കും. പിന്നെ നാട്ടിലെ ആകാശവാണി തുറക്കുകയായി. നാട്ടിലുള്ള മുഴുവന്‍ വീട്ടുകാരെപ്പറ്റിയും അവിടെ ചര്‍ച്ചയ്‌ക്കെടുക്കും. അതിനിടെ പലതരത്തിലുള്ള തമാശകള്‍, അത്ഭുതകഥകളെ വെല്ലുന്ന അവിശ്വസനീയസംഭവങ്ങള്‍, നാട്ടുവിശേഷങ്ങള്‍, കിംവദന്തികള്‍, തുടങ്ങി ചര്‍ച്ചകള്‍ പൊടിപൊടിക്കുമ്പോഴേയ്ക്കും നേരം വെളുത്തു വരാന്‍ തുടങ്ങും.

ചിങ്ങം പിറന്നാല്‍ മഴയുടെ ശക്തി കുറയും. ഇടയ്ക്കിടെ അന്തരീക്ഷത്തിന് തെളിച്ചം വരും. മലവെള്ളത്തിന്റെ വരവിന് ശമനം ഉണ്ടാകും. എരുമകള്‍ക്ക് പുല്ലിനായി പറമ്പുകളെല്ലാം തെണ്ടിനടക്കും. വഞ്ചി സൗകര്യമുള്ളവര്‍ കോള്‍പടവില്‍ നിറഞ്ഞു നില്‍ക്കുന്ന വെള്ളത്തില്‍ പൊന്തിക്കിടക്കുന്ന തൊണ്ടിപ്പുല്ല് അരിയാന്‍ പോകും. വഞ്ചി നിറയെ തൊണ്ടിപ്പുല്ലുമായി കരയ്‌ക്കെത്തുമ്പോള്‍ കുട്ടികള്‍ ആര്‍ത്തുവിളിച്ച് ഓടിയെത്തും. അതില്‍നിന്നും അവര്‍ പുല്ലുകള്‍ വലിച്ചെടുത്ത് പീപ്പിയുണ്ടാക്കി ഊതി രസിക്കും.

ചിങ്ങം പാതിയാകുമ്പോഴേയ്ക്കും റോഡില്‍ നിന്നെല്ലാം വെള്ളം ഇറങ്ങാന്‍ തുടങ്ങും. പിന്നെ മലംമുളകളുമായെത്തുന്ന ലോറികളുടെ കാലമാണ്. ആലുക്കല്‍ ഭഗവതി ക്ഷേത്രത്തിന്റെ നടയിലുള്ള പാറകളുള്ള ഗ്രൗണ്ടില്‍ മുളകളെല്ലാം അട്ടിയിട്ടുവെയ്ക്കും. ഭൂമദ്ധ്യം പോലെ ആകാശത്തേയ്ക്കുയര്‍ന്ന് ചുറ്റിലുമായി മുന്നൂറ്റിഅറുപത് ഡിഗ്രിയില്‍ ഭൂമിയ്ക്കു സമാന്തരമായി ശാഖകള്‍ പടര്‍ത്തി നില്‍ക്കുന്ന മുത്തശ്ശി പേരാലിന്റെ കീഴില്‍ ഒതുങ്ങുന്നതാണ് ആലുക്കല്‍ മൈതാനം. കിഴക്കുവശത്ത് വേലികെട്ടി തിരിച്ച മേല്‍ക്കൂരയില്ലാത്ത പടിഞ്ഞാറോട്ട് ദര്‍ശനമായിരിക്കുന്ന കൊളങ്ങര ഭഗവതി. പുറകിലായി ക്ഷേത്രക്കുളവും. കുളമെന്ന് അതിനെ പറയാനാകില്ല. കൊക്കൊര്‍ണി എന്നേ പറയാനാകൂ. ആരും അതിലിറങ്ങാറില്ല. ഭഗവതിയുടെ നിധിയെല്ലാം അതിലാണ് കരുതിവെച്ചിരിക്കുന്നതെന്നാണ് പ്രമാണം. ഒരു ചെമ്പില്‍ നിറച്ച് മറ്റൊരു ചെമ്പുകൊണ്ട് കമഴ്ത്തി ഭദ്രമായി ആ കുളത്തിനടിയില്‍ സൂക്ഷിച്ചിരിക്കുന്നുവെന്നാണ് നാട്ടിലെ കഥകള്‍. ക്ഷേത്രത്തിന് പടിഞ്ഞാറ് മൈതാനം. അതിന്റെ ഒരറ്റത്ത് വടുവൃക്ഷമായി പേരാല്‍. അതിനും താഴെ പൊതുകുളം. പിന്നെ കോള്‍പടവ് ആരംഭിക്കുകയായി.

തെക്കെ അമേരിക്കന്‍ വന്‍കരയുടെ ആകൃതിയാണ് ചേനത്തിനെന്ന് ഗൂഗിള്‍ മാപ്പിലൂടെ നോക്കുമ്പോള്‍ തോന്നാറുള്ള ഒരു ഒറ്റപ്പെട്ട ഗ്രാമമാണ് എന്റെ ചേനം. എനിക്ക് ലോകത്തിലേയ്ക്ക് മിഴിതുറക്കുന്നതിന് സഹായിച്ച എന്റെ ഗ്രാമം. അതിന്റെ സ്മരണപോലും എന്നെ ത്രസിപ്പിക്കുന്ന ഓര്‍മ്മകള്‍ സമ്മാനിച്ച ഗ്രാമം. എന്റെ പേരിനോടൊപ്പം എന്റെ നാടും ഉണ്ടാവണം എന്നത് എനിക്ക് ഒരു വാശിയായിരുന്നു. ഞാനിന്ന് ആ നാട്ടിലല്ല ജീവിക്കുന്നതെങ്കില്‍പോലും എഴുത്ത് സീരിയസ് ആകാന്‍ തുടങ്ങിയപ്പോള്‍ ഞാനെന്റെ പേര് പിയാര്‍കെ ചേനം എന്ന് നാമകരണം ചെയ്തതും ഈ വേര്‍പ്പെടുത്താനാകാത്ത ആത്മബന്ധം ഒന്നുകൊണ്ടുമാത്രമാണ്.

വര്‍ഷത്തിന്റെ ദുര്‍ഘടം കഴിഞ്ഞ് മാനം തെളിയുന്നതോടെ കരയിലുള്ള കൃഷികളെല്ലാം വിളവുതരാന്‍ തുടങ്ങും. ഞാറ്റടി കണ്ടങ്ങളില്‍ നാടിനുവേണ്ട ഞാറുകള്‍ക്കായി വിത്തുവിതക്കാന്‍ തുടങ്ങും. ചുറ്റിലും വിഷം വെച്ചിട്ടുണ്ട് എന്ന ബോര്‍ഡും സ്ഥാപിക്കും. അല്ലെങ്കില്‍ വീടുകളില്‍ വളര്‍ത്തുന്ന കോഴികള്‍ വിത്തുകളെല്ലാം കൊത്തി തിന്നും. മുന്നറിയിപ്പ് ബോര്‍ഡ് കണ്ടാല്‍ മൂന്നാലുദിവസത്തേയ്ക്ക് ആരും കോഴികളെ തുറന്നു വിടാറില്ല. അപ്പോഴേയ്ക്കും ഞാറ് ഉയര്‍ന്നു പൊന്തിയിരിക്കും.

ഓണക്കാലമാകുന്നതോടെ പറമ്പുകളില്‍ വാഴകളെല്ലാം കുലമൂത്ത് വെട്ടാറായിട്ടുണ്ടാകും. ഓണത്തുമ്പികള്‍ നാട്ടിന്‍പുറങ്ങളിലെല്ലാം പാറിപറക്കും. കുട്ടികള്‍ പൂക്കളം തീര്‍ക്കാന്‍ നാട്ടിലെ പറമ്പായ പറമ്പെല്ലാം പൂക്കള്‍ തേടിയലയും. ഓണം അടുക്കുന്താറും പണികളും കൂടും. ഇത്തിള്‍ചൂളയില്‍ പോയി ഇത്തിള്‍ വാങ്ങിവന്ന് അതുനീറ്റി കുമ്മായമാക്കി. നീലവും കഞ്ഞിവെള്ളവും കലര്‍ത്തി വടിയില്‍ ചകിരിനാര് വെച്ചുകെട്ടിയുണ്ടാക്കിയ ബ്രഷ് ഉപയോഗിച്ച് ചുമരുകള്‍ വെള്ള പൂശും. മുറ്റത്ത് ഓണത്തപ്പനെ ആനയിച്ചിരുത്താന്‍ അഞ്ചുപടിയുള്ള പൂത്തറ തീര്‍ത്ത് അതിന് പന്തലിട്ട് ഓരോ പടിയിലും പലനിറത്തിലുള്ള കളറുകളടിച്ച് കുരുത്തോലകൊണ്ട് തോരണം ചാര്‍ത്തി വേദിയൊരുക്കും. അതിലേയ്ക്കുള്ള തൃക്കാക്കരയപ്പനെ പുറ്റുമണ്ണുകൊണ്ട് കുഴച്ചുണ്ടാക്കി ഉണക്കിയെടുത്ത്, ഓടിന്‍ കഷണങ്ങളരച്ച് ചുവപ്പ് നിറം കൊടുത്ത് അരിച്ചാന്ത്‌കൊണ്ട് പുള്ളി കുത്തിയലങ്കരിച്ച് നാക്കിലയില്‍ തുമ്പപ്പൂവിട്ട് പൂവടവെച്ച് ഓണം കൊണ്ടു കഴിയമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ ആര്‍ത്തു വിളിക്കും. ആറാപ്പേ...ആര്‍പ്പേ...ആര്‍പ്പേ.... അന്ന് രാത്രി ഞങ്ങള്‍ കുട്ടികള്‍ക്ക് ഉറക്കമില്ലാത്ത രാത്രിയാണ്. നാളെ ഓണമാണ്. പുതിയ വസ്ത്രങ്ങളണിഞ്ഞ് അതിന്റെ മോടി അയാല്‍ക്കാരെ കാണിക്കണം. അമ്മ ഉണ്ടാക്കുന്ന സദ്യ ആവോളം കഴിക്കണം. വയറു നിറച്ച് ഭക്ഷണം കഴിയ്ക്കാന്‍ കിട്ടുന്ന അപൂര്‍വ്വം ദിനങ്ങളില്‍ ഒന്നാണ് ഓണം.

ആലുക്കല്‍ പറമ്പില്‍ അട്ടിയിട്ടിരിക്കുന്ന മുളകളെല്ലാം ഓണം കഴിയുന്നതോടെ കുറ്റികളായും തൈതലായും രൂപം മാറാന്‍ തുടങ്ങും. നാട്ടിലെല്ലാവര്‍ക്കും വരുമാനം കിട്ടാന്‍ തുടങ്ങുന്നത് അപ്പോഴാണ്. കുട്ടികള്‍ വരെ അത്തരം ജോലികളില്‍ വ്യാപൃതരാകും. മുളകളെല്ലാം രൂപം മാറി ബണ്ടുനിര്‍മ്മാണത്തിന് തയ്യാറാകുമ്പോള്‍ ഭഗവതിയ്ക്ക് വിളക്കു തെളിയിച്ച് പാലത്തറയില്‍ കുടിയിരിക്കുന്ന ഈശന് കോഴിവെട്ടി കലശം നടത്തും. കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന മുഴുവന്‍ കോള്‍പാടത്തിന്റേയും അവകാശിയായിരുന്നു ഈശന്‍. പുറംനാട്ടില്‍ നിന്നും പടനയിച്ചുവന്ന മനക്കാര്‍ ആക്രമിച്ചുകയ്യേറി ഈശനെകൊന്ന് സ്ഥലമെല്ലാം കയ്ക്കലാക്കിയെന്നാണ് പ്രമാണം. പാടത്ത് പണിയ്ക്കിറങ്ങുമ്പോള്‍ ദുര്‍ഘടങ്ങള്‍ പതിവായപ്പോള്‍ തന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പാലച്ചുവട്ടില്‍ കോള്‍പടവ് കണ്ടിരിയ്ക്കാന്‍ പാകത്തില്‍ ഈശനെ കുടിയിരുത്തി. കൃഷിപ്പണി തുടങ്ങുന്നതിന് മുമ്പ് ഈശനെ തൃപ്തിപ്പെടുത്തി മാത്രമേ വയലിലേയ്ക്കിറങ്ങൂ.

വീട്ടില്‍ നിന്നും കുണ്ടുകുഴിയും തോടുമായി കിടക്കുന്ന നാട്ടുവഴിയിലൂടെ കുറച്ചുദൂരം പിന്നിട്ടാല്‍ ആദ്യത്തെ വളവില്‍ സെയ്തുവിന്റെ സൈക്കിള്‍ ഷോപ്പ് കാണാം. അവിടെ നിരനിരയായി നിറയെ സൈക്കിളുകളും. മുന്നു കിലോമീറ്റര്‍ ദുരെയുള്ള ചന്തയിലേയ്ക്ക് അവിടെനിന്നും സൈക്കിള്‍ വാടകക്കെടുത്താണ് ചേട്ടന്മാര്‍ വീട്ടുസാമാനങ്ങള്‍ വാങ്ങാന്‍ പോകാറ്. സൈക്കിള്‍ ചവുട്ടാനറിയാത്തവര്‍ക്ക് പഠിക്കുന്നതിനായി വലിയ സൈക്കിളിന്റെ പകുതിവലുപ്പം വരുന്ന അരസൈക്കിളുകളും അതിനേക്കാള്‍ ചെറിയ കാല്‍സൈക്കിളുകളും വാടകയ്ക്ക് കൊടുത്തിരുന്നു. കുട്ടികള്‍ അച്ഛന്മാരില്‍ നിന്നും കരഞ്ഞു വാങ്ങുന്ന നാണയത്തുട്ടുകളും വിരുന്നു വന്നുപോകുന്ന ബന്ധുക്കള്‍ സ്‌നേഹപൂര്‍വ്വം നല്‍കുന്ന നാണയത്തുട്ടുകളും ഒരുക്കൂട്ടി വെച്ച് അരസൈക്കിളോ കാല്‍സൈക്കിളോ വാടകക്കെടുത്ത് സൈക്കിള്‍ ചവുട്ട് പഠിക്കാനിറങ്ങും. സെയ്തുവിന്റെ സൈക്കിള്‍ കടയുടെ മറ്റൊരു പ്രത്യേകത അവിടെ ഉച്ചത്തില്‍ പാട്ടും വാര്‍ത്തയും സിനിമാശബ്ദരേഖകളും കേള്‍ക്കാന്‍ പാകത്തില്‍ ഒരു വലിയ റേഡിയോ വെച്ചിരുന്നു എന്നതാണ്. നാട്ടില്‍ ചുറ്റുവട്ടത്തുള്ള ആരുടെ വീട്ടിലും റേഡിയോ ഇല്ലാത്ത കാലമായതിനാല്‍ അവിടെ നിന്നും ഒഴുകിയെത്തുന്ന ഉച്ചത്തിലുള്ള ഗാനങ്ങള്‍ വിടുകളിലിരുന്നും കേള്‍ക്കാം. സൈക്കിള്‍ അറിയാത്തവര്‍ ചന്തയിലേയ്ക്ക് നിത്യവും നടന്നാണ് പോകുക. ഓരോ തവണ ചന്തയില്‍ പോകുമ്പോഴും ഒന്നോ രണ്ടോ ദിവസത്തേയ്ക്കുള്ള സാധനങ്ങളാണ് വാങ്ങുക. പണിയെടുത്തുകിട്ടുന്ന തുക കൊണ്ട് അതിനേ തികയൂ. അതിനാല്‍ ജോലി ചെയ്ത് കൂലി വാങ്ങിയാല്‍ നിത്യവും ചന്തയിലേയ്ക്ക് പോകേണ്ട അവസ്ഥയിലാണ് മിക്കവരും. സാധനങ്ങളെല്ലാം വാങ്ങിക്കഴിഞ്ഞാല്‍ സൈക്കിള്‍ വാടകക്കെടുത്ത് പോകുന്നവര്‍ അതിന്റെ കാരിയറില്‍ വെച്ചു കെട്ടി തിരിച്ചു ചവുട്ടും. അല്ലാത്തവര്‍ അവ കെട്ടി ചുമലിലോ തലയിലോ വെച്ച് തിരിച്ചു നടക്കും.

വൃശ്ചികം കഴിയാറാകുമ്പോഴേയ്ക്കും കൊയ്ത്തുതുടങ്ങിയിരിക്കും. അതൊരു ഉത്സവമാണ്. വീട്ടിലെ പത്തായങ്ങളെല്ലാം ഒഴിഞ്ഞ് ദാരിദ്ര്യം തിരതല്ലിത്തുടങ്ങുമ്പോഴാണ് കൊയ്ത്ത് വിരുന്നെത്തുന്നത്. വീട്ടിലെ മുതിര്‍ന്നവരും കുട്ടികളും എല്ലാം കൊയ്ത്തിന് പാടത്തുപോയി നിരക്കും. ഓരോരുത്തര്‍ക്കും നിരമുറിച്ച് നെല്ലുകൊയ്യാന്‍ കര്‍ഷകര്‍ നല്‍കും. കൂടുതല്‍ പേര്‍ നിരന്നു നില്‍ക്കാനുണ്ടായാല്‍ കൂടുതല്‍ നിര കൊയ്യാനാന്‍ കിട്ടും. കൂടുതല്‍ കൊയ്യാന്‍ കിട്ടിയാലേ കൂടുതല്‍ പത്തായത്തില്‍ കരുതാനാകൂ. എങ്കിലേ അടുത്ത വര്‍ഷം വരെ കഞ്ഞി കുടിയ്ക്കാന്‍ അരിയുണ്ടാവൂ. കൊയ്ത്തുതുടങ്ങിയാല്‍ രാത്രിയും പകലുമില്ല. പകല്‍ കൊയ്ത്തും കറ്റ കെട്ടലും കഴിയുമ്പോഴേയ്ക്കും സന്ധ്യയായിട്ടുണ്ടാകും. സന്ധ്യകഴിഞ്ഞും കറ്റ ചുമക്കാന്‍ ബാക്കിയുള്ളവരും കാണും. രാത്രിയില്‍ ഉറക്കം വരുവോളം കൊയ്ത് കളത്തില്‍ കൊണ്ടുവെച്ചിരിക്കുന്ന കറ്റകള്‍ മെതിയ്ക്കാന്‍ പോകും. മെതിയും പൊലി കാറ്റത്തിടലും കഴിഞ്ഞ് പതമ്പ് അളന്ന് വാങ്ങി ബാക്കിയുള്ള നെല്ലെല്ലാം മുതലാളിയുടെ പത്തായപ്പുരയില്‍ കോരിക്കൊണ്ടിട്ട് കഴിയുമ്പോഴേയ്ക്കും പാതിര കഴിഞ്ഞിരിക്കും. വീട്ടില്‍ വന്ന് നടുനിവര്‍ക്കുമ്പോഴേയ്ക്കും പുലര്‍ച്ചക്കോഴി കൂവാന്‍ തുടങ്ങും. പിന്നാലെ പള്ളിയിലെ ബാങ്കുവിളിയും. വീണ്ടും അടുത്ത പ്രഭാതം തുടങ്ങുകയായി. കഞ്ഞിയും കറിയും തയ്യാറാക്കി വരുമ്പോഴേയ്ക്കും നേരം വെളുത്തു കഴിഞ്ഞിരിക്കും. വീണ്ടും കൊയ്ത്തുപാടത്തേയ്ക്കുള്ള കുതിപ്പാണ്. ഒരു മാസം നീണ്ടു നില്‍ക്കുന്ന കൊയ്ത്തുത്സവം കഴിഞ്ഞു വരുമ്പോഴേയ്ക്കും എല്ലാവരും ക്ഷീണിതരായിട്ടുണ്ടാവും.

ധനുമാസം കഴിയാറാവുമ്പോഴേയ്ക്കും മുണ്ടകന്‍ കൃഷിക്കുള്ള സമയമാകും. കാളപൂട്ടി ഞവര്‍ത്ത് നിലമൊരുക്കി വിത്ത് നേരെ നിലങ്ങളില്‍ വിതയ്ക്കുകയാണ് പതിവ്. ഈ കാലം കരുതല്‍ ആവശ്യമായ കാലമാണ്. ഉത്തരധ്രുവത്തില്‍പെട്ട സൈബീരിയയില്‍ നിന്നുപോലും വിരുന്നെത്തുന്ന എരണ്ടകള്‍ വിതച്ച വിത്തെല്ലാം കോരിയെടുത്ത് കൊണ്ടുപോകാനെത്തും. രാത്രികളില്‍ വിത്തു വിതച്ച വയലുകള്‍ക്ക് ചുറ്റിലും വെള്ളകൊടികള്‍ നാട്ടും. അകലക്കാഴ്ചയില്‍ ആളുകള്‍ നില്‍ക്കുകയാണെന്ന് കരുതി എരണ്ടകള്‍ വഴി മാറി പോകുന്നതിനുള്ള വിദ്യകളാണതെല്ലാം. അതുകൊണ്ടൊന്നും ഗുണം കിട്ടാറില്ല. അതിനാല്‍ വയല്‍ വരമ്പുകളില്‍പോയി കാവലിലിരിക്കും. ഇടയ്ക്കിടെ പടക്കങ്ങള്‍ പൊട്ടിച്ച് ശബ്ദമുണ്ടാക്കികൊണ്ടിരിക്കും. എപ്പോഴെങ്കിലും കാവലിരിക്കുന്ന ആള്‍ ഉറങ്ങിപ്പോയാല്‍ ആ നിലത്തിലെ വിത്തുകള്‍ ഒന്നുപോലും അവശേഷിപ്പിക്കാതെ കോരിയെടുത്ത് കൊണ്ടുപോയിരിക്കും. കര്‍ഷകര്‍ ആതീവ ജാഗ്രത പാലിക്കേണ്ട സമയമാണിത്.

മേടത്തിലെ വിഷുവിന് മുമ്പ് മുണ്ടകന്‍ കൊയ്ത്ത് തുടങ്ങും. വിഷു കഴിയുന്നതിനുമുമ്പായി കൊയ്ത്തു കഴിയും. പിന്നെ ഉത്സവങ്ങളുടെ ദിനങ്ങളാണ്. മേടത്തിലെ ഭരണി കുളങ്ങര ഭഗവതിയുടെ ഉത്സവദിനമാണ്. കൊയ്ത്തു കഴിഞ്ഞ് പത്തായങ്ങളെല്ലാം നിറഞ്ഞതിന്റെ സന്തോഷം ആ ഉത്സവത്തിന്റെ മാറ്റു കൂട്ടും. ഭരണിയുത്സവം കഴിഞ്ഞാല്‍ കുട്ടികളുടെ ഉത്സവം തുടങ്ങുകയായി.

കൊയ്ത്തുകഴിഞ്ഞ് ഒഴിഞ്ഞ പാടങ്ങളില്‍ കൊയ്‌തെടുത്ത കടയ്ക്കല്‍ നിന്നും നെല്‍ചെടി തഴച്ചുവളരാന്‍ തുടങ്ങും. എല്ലാ വീടുകളിലുമുള്ള കാലികളെ പാടത്തേയ്ക്ക് അഴിച്ചുവിടും. കുട്ടികളാണ് അവരുടെ നോട്ടക്കാര്‍. കാലികള്‍ വിശാലമായ പാടത്ത് പുല്ലുമേഞ്ഞ് നടക്കുമ്പോള്‍ കുട്ടികള്‍ കളിച്ചു നടക്കും. വയല്‍ ബണ്ടുകളിലെ ചോറക്കാടുകളില്‍ കിളിയെ പിടിച്ചും തോടുകളില്‍ നിന്നും പാടത്തേയ്ക്ക് കയറുന്ന വെള്ളത്തിനോടൊപ്പം കയറുന്ന മീനിനെ പിടിച്ചും അവര്‍ സമയം കളയും. ഇടവപ്പാതി വരെ ഇതെല്ലാം തുടരും.

ഇടവപ്പാതിയില്‍ മഴ കനക്കാന്‍ തുടങ്ങുമ്പോള്‍ ഏറ്റുമീന്‍ പിടിയ്ക്കാനിറങ്ങും. ഒരു കയ്യില്‍ കത്തിച്ചു പിടിച്ച ടോര്‍ച്ചും സഞ്ചിയും മറ്റേകയ്യില്‍ ഒരു വെട്ടുകത്തിയുമായി തോടുകളില്‍ നിന്നും വയലിലേയ്ക്ക് വെള്ളം കയറുന്ന കഴകളില്‍ കാവലിരിക്കും. വരാലും മുശിയും കടുവും മുണ്ടത്തിയും അങ്ങനെ പലതരം മീനുകള്‍ സഞ്ചിയില്‍ നിറയും. പിന്നെ നിര്‍ത്താത്ത മഴയില്‍ മലവെള്ളം വയലില്‍ വന്നു നിറയാന്‍ തുടങ്ങും. പതുക്കെപ്പതുക്കെ വയല്‍വരമ്പുകള്‍ മാഞ്ഞുപോകുകയും വെള്ളം ഇരമ്പിയിരമ്പി കരയിലേയ്ക്ക് കയറുകയും ചെയ്യും.

വാവുക്കയുടെ കടവില്‍ നിന്നും പെരുമ്പിള്ളി കടവിലേയ്ക്ക് വയലിലൂടെ നീളുന്ന റോഡിലേയ്ക്ക് വെള്ളം കയറാന്‍ തുടങ്ങുമ്പോള്‍ പഞ്ചായത്ത് തോണി സഞ്ചാരത്തിനായി കടവില്‍ കാത്തുകിടക്കും. സന്ധ്യയോടെ കടത്തുകാരന്‍ തോണിയടുപ്പിച്ച് കരയില്‍ കെട്ടി ജോലിയവസാനിപ്പിച്ച് പോകും. അതോടെ തടവറയിലാക്കപ്പെട്ടവരായി തീരും അവിടത്തെ ജനത. എന്ത് അത്യാഹിതം വന്നാലും നേരം വെളുത്ത് കടത്ത് തുടങ്ങുന്നതുവരെ കാത്തിരിക്കാന്‍ വിധിക്കപ്പെട്ടവരായിത്തീരും.

ഏതൊരു ഗ്രാമത്തിലേതുംപോലെ ചില ഭീതിപ്പടുത്തുന്ന സ്ഥലങ്ങള്‍ എന്റെ ഗ്രാമത്തിലുമുണ്ടായിരുന്നു. വിജനമായ പാറപ്പുറവും അതിനപ്പുറത്തെ ഉപ്പാവാന്റെ കാവും ആശാരികടവും ശാസ്താംകടവും പൊട്ടക്കുളവും ശവക്കോട്ടയും പകല്‍പോലും ഒറ്റയ്ക്കു കടന്നുപോകാന്‍ കഴിയാത്ത നിഗൂഢതകളുടെ പ്രദേശമായിരുന്നു. അതുവഴി കടന്നുപോകേണ്ടി വരുമ്പോഴെല്ലാം ആരെങ്കിലും കൂട്ടിനുവരുന്നതുവരെ കാത്തിരിക്കും. വിജനമായ അത്തരം പ്രദേശങ്ങള്‍ കാഴ്ചയില്‍ പോലും ഭയം നിറയ്ക്കുമായിരുന്നു.

വൈദ്യുതിയും സ്ട്രീറ്റ് ലൈറ്റുകളും ധാരാളം വീടുകളും കൂറ്റന്‍ മണിമന്ദിരങ്ങളും ടാറിട്ട റോഡുകളും നിറഞ്ഞ ഇന്നത്തെ ഗ്രാമത്തില്‍ നിന്ന് അന്നത്തെ എല്ലാ നന്മകളും തുടച്ചു നീക്കപ്പെട്ടിരിക്കുന്നു എന്നത് ചിന്തിക്കുമ്പോള്‍ പോലും മനസ്സില്‍ വേവലാതികളുയരുന്നുണ്ട്. എന്നാല്‍ ആരും വികസനത്തിന്റെ അപ്പക്കഷണങ്ങള്‍ ഉപേക്ഷിക്കുന്നതിന് തയ്യാറല്ലതാനും. ഗ്രാമത്തെക്കുറിച്ച് എഴുതാന്‍ തുടങ്ങിയാല്‍ ഒരിടത്തും അവസാനിക്കാത്ത അത്രയും വിശേഷങ്ങള്‍ വന്നു നിറയും. അതില്‍ ചിലതു മാത്രമാണ് ഇവിടെ കുറിക്കുന്നത്.

 

കൂടുതൽ വായനയ്ക്ക്

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter