മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

ശീർഷകത്തിൽ പറഞ്ഞതുപോലെ തന്നെ അച്ചൻകോവിലാറിന്റെ സ്വന്തമാണ് വലംചുഴി എന്ന എന്റെ കൊച്ചു ഗ്രാമം. പത്തനംതിട്ട ജില്ലയിൽ, ടൗണിൽ നിന്നും ഏകദേശം 2 കി. മീ മാത്രമേ ഈ കൊച്ചു സുന്ദര ഭൂപ്രദേശത്തേക്ക് ദൂരമുള്ളൂ. വാക്കുകളുടെ വർണ്ണനകൾക്കതീതമാണ് നയന മനോഹരവും ശാന്ത സുന്ദരവുമായ എന്റെ ഗ്രാമം. പേരുപോലെ തന്നെ അച്ഛൻകോവിലാർ വലം ചുറ്റി ഒഴുകുന്നതുകൊണ്ടാണ് ഈ

പ്രദേശത്തിന് വലംചുഴി എന്ന പേരു തന്നെ വന്നത്. അഷ്ടഐശ്വര്യ പ്രാദായിനിയായ ശ്രീഭുവനേശ്വരി വാഴുന്ന ഈ മണ്ണ് പ്രകൃതി രാമണീയത കൊണ്ടും അനുഗ്രഹീതയാണ്. ക്ഷേത്രത്തിന്റെ മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ടതാണ്. അച്ചൻകോവിൽ മലനിരകളിൽ നിന്നുത്ഭവിക്കുന്ന നദി ഇവിടെയെത്തി അമ്മയെ വലം വെച്ച് ഒഴുകുന്നത് കണ്ണിനും മനസിനും കുളിർമയേകുന്ന കാഴ്ച തന്നെയാണ്. ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ ഒരു വശം ഹരിതാഭയാർന്നു പച്ചപ്പട്ടു വിരിപ്പുപോലെ കിടപ്പുണ്ട്.

വൈകുന്നേരങ്ങളിലെ അമ്പല സന്ദർശനത്തിന് രണ്ടുണ്ട് കാര്യങ്ങൾ. ഒന്ന് ക്ഷേത്രദർശനം, രണ്ട് അസ്തമയ സൂര്യന്റെ കിരണങ്ങൾ പതിക്കുന്ന പച്ചപ്പരവതാനിയിലൂടെയുള്ള നടത്തം. നദിയിലെ ഓളങ്ങൾ മുളകളിൽ തട്ടിയുണ്ടാകുന്ന ഒരു പ്രത്യേകതരം ശബ്ദവും, മേയാൻ വിട്ടിരിക്കുന്ന പശുക്കളും, എരുക്കിൻ പൂക്കളുടെ കുലുങ്ങി ചിരിയും എല്ലാം കൂടി മനസിനെ ഏതോ സമാധാനത്തിന്റെ കൊടുമുടിയിൽ എത്തിക്കും. അമ്പലമുറ്റത്ത് എത്തിയാലോ, കാവിനുള്ളിലെ കിളികൾ കുശലം ചോദിക്കാനെന്നോണം പറന്നെത്തുന്നതു കാണാം. ക്ഷേത്രത്തിനു പിന്നിലെ കാഴ്ചകൾ അപൂർണമാണെങ്കിലും ഒരു ഭീമൻ പാറ തല ഉയർത്തി അങ്ങനെ നിൽപ്പുണ്ട്. ഞങ്ങൾ അതിനെ ചുട്ടിപ്പാറ എന്നു വിളിക്കും. ആള് അത്ര നിസ്സാരക്കാരനല്ലാട്ടോ. സാക്ഷാൽ സീതാദേവി ചേല വിരിച്ചതാണെന്നവകാശപ്പെടുന്നൊരു അടയാളവും ചെറിയൊരു ഗുഹയും ഒക്കെ ആ പാറയുടെ മുകളിൽ എത്തിയാൽ കാണാം.

ഞങ്ങളുടേത് ഒരു ചെറിയ പ്രദേശമാണ്. അതുകൊണ്ട് തന്നെ വായനശാലയും സ്കൂളുമൊക്കെ കുറഞ്ഞത് രണ്ട് കി. മീ. എങ്കിലും താണ്ടി പോകേണ്ടതുണ്ട്. വലംചുഴി ദേവീക്ഷേത്രവും അതിനെ ചുറ്റിപ്പറ്റിയുള്ള ആചാര അനുഷ്ഠാനങ്ങളുമാണ് ഞങ്ങളുടെ സന്തോഷം. മകര മാസത്തിലെ ഭരണി നാളിലാണ് പതിനാലു കരകൾ കൂടിച്ചേർന്ന് നടത്തുന്ന പത്തു ദിവസത്തെ ഉത്സവം. അതിനോടാനുബന്ധിച്ചുള്ള എല്ലാം ഞങ്ങളുടെയൊക്കെ ജീവിതത്തിന്റെ തന്നെ ഒരു ഭാഗമാണ്. ആൾപിണ്ടിയും വിളക്കും, പടയണിയും, പൊങ്കാലയും ഇന്നും നിഷ്ഠയോടെ അനുവർത്തിച്ചു വരുന്നതിൽ അനുഗ്രഹീതരാണ് ഈ ഗ്രാമവാസികൾ. എത്ര കാലുഷിതമായ മനസും ഈ മണ്ണിലെക്കെത്തിയാൽ ശാന്തിയുടെയും സമാധാനത്തിന്റെയും കുളിർമയാൽ നിർവൃതിയണയുമെന്നുറപ്പ്. ഒരിക്കലെങ്കിലും ഇവിടെ എത്തുന്നവർക്ക് നായനാനന്തകരമായ ഇവിടുത്തെ കാഴ്ചകളും അത് അവരുടെ ഹൃദയത്തിനേകുന്ന അനുഭൂതിയും ഒരിക്കലും വിസ്മരിക്കാൻ കഴിയുന്നതല്ല. നന്മയുടെ ഉറവിടമാണ് പ്രകൃതി. കാത്തുസംരക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്, നമ്മുടെ തലമുറകൾക്ക് വേണ്ടി.

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter