മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

എരിയുന്ന ചിതയിലേക്ക് നോക്കി ഹിഡുംബി നിശ്വസിച്ചു. ആ ചിതയിൽ എരിഞ്ഞടങ്ങുന്നത് തന്റെ ജീവനാണ്. താൻ ജീവൻ പകുത്ത് നൽകിയ പുത്രൻ. ഒരായുസ്സിലെ പ്രണയ സാക്ഷാത്ക്കാരത്തിന്റെ

സമ്മാനം. ആരോരുമില്ലാതെ. അവസാനമായി ഒരുനുള്ള് എള്ളും പുഷ്പവും അർപ്പിക്കാൻ പിതാവുപോലും ഇല്ലാതെ...

ഒരു വലിയ സാമ്രാജ്യത്തിലെ ആദ്യത്തെ ചെറുമകൻ. ഏറ്റവും ശക്തനായ പിതാവിന്റെ അതിലും ശക്തിമാനായ പുത്രൻ. വധിക്കപ്പെട്ടതോ വലിയച്ഛനാൽ. വിധിനിയോഗം. കൗരവ സൈന്യം തലയറ്റ് വീഴുന്നതു കണ്ട് ദുര്യോധനന്റെ ആജ്ഞയ്ക്കു മുന്നിൽ നിസ്സഹായനായ കർണ്ണൻ ഹൃദയവേദനയോടെ ചെയ്ത കർമ്മം.

ഇരുട്ടിൽ ഒറ്റപ്പെട്ട് എരിയുന്ന ചിതയുടെ ചൂടിലും ഭീകരമായിരുന്നു ഹിഡുംബി എന്ന അമ്മയുടെ, ഭാര്യയുടെ ഉള്ളിൽ എരിയുന്ന ചിതയുടെ ചൂട്. ഇരുട്ടിലൂടെ നടന്നടുക്കുന്നരൂപത്തെ അവൾക്ക് മനസ്സിലായി.

ഭീമസേനൻ... പരാതികളും പരിഭവങ്ങളുമില്ലാതെ മനസ്സിൽ പൂജിക്കുന്ന രൂപം. ഈ ചിതയിൽ എരിഞ്ഞൊടുങ്ങത് അദ്ദേഹത്തിന്റെ കൂടി ജീവൻ പകുത്തതാണ്. ഭീമാകാര ശരീരിയെങ്കിലും അതിനുള്ളിൽ തുടിക്കുന്ന പിതൃഹൃദയം വിങ്ങുന്നത് ഹിഡുംബിക്ക് കാണാമായിരുന്നു.

ഒരിക്കൽ പോലും ആ പിതാവ് മകൻ യുദ്ധത്തിലെത്തണമെന്നാഗ്രഹിച്ചില്ല. ഈ ദിവസം ഒഴിവാക്കാൻ ആഗ്രഹിച്ചിരുന്നു. അതുപോലെ ഈ മാതൃഹൃദയം വേദനയാൽ പിടയുന്നത് കാണരുതെന്നും.

പക്ഷേ "ഭാര്യയായ എനിക്ക് എങ്ങനെ ഭർത്താവിന്റെ പ്രതിസന്ധിഘട്ടത്തിൽ മകനെ അവന്റെ കർമ്മത്തിൽ നിന്നും തടയാൻ കഴിയും". മകനെ രണാങ്കണത്തിലേക്ക് അനുഗ്രഹിച്ചയച്ച മാതാവിന് തന്നെ രക്തപ്പുഴയൊഴുകുന്ന രണാങ്കണത്തിൽ കബന്ധങ്ങൾക്കിടയിലൂടെ മകന്റെ ശരീരം തേടിനടക്കേണ്ടി വരിക. മകന് തനിയെ ചിതയൊരുക്കേണ്ടി വരിക.

ആരോടും പരാതിയോ പരിഭവമോ ഇല്ല. ചിതയ്ക്കരികിൽ ഉള്ളിലെരിയുന്ന തീക്കുണ്ഠവുമായിരിക്കുന്ന ഹിഡുംബിയ്ക്കരികിൽ ഒരുനിമിഷം ഭീമൻ ഒന്നും പറയുവാനില്ലാതെ അവളെ തന്നെ നോക്കിനിന്നു. അവളോട് ചേർന്ന് അരികിലിരിക്കുമ്പോൾ ഒരു നിമിഷം അവളെ മാറോടണച്ച് ആശ്വസിപ്പിക്കണം എന്നാഗ്രഹിച്ചു.

പക്ഷേ...അവളെ ഒന്നു നോക്കാൻ പോലും ഭയന്നു... എന്തു നീതിയും ന്യായവുമാണ് ഭർത്താവ് എന്ന നിലയിൽ താൻ നിർവ്വഹിച്ചത്?

എന്നും അമ്മയുടേയും സഹോദരങ്ങളുടെയും പ്രീയപത്നി പാഞ്ജാലിയുടേയും സംരക്ഷകനും അമ്മയുടേയും ജ്യേഷ്ഠന്റെയും പാഞ്ജാലിയുടെയും ആജ്ഞാനുവർത്തിയും അല്ലാതെ എന്താണ് ഭീമൻ? തനിക്കരികിലിരിക്കുന്ന ഇവൾ ആരാണെന്ന് ഞാൻ മറന്നു പോയി.

ചെയ്തത് നീതിയാണോ? രാക്ഷസ വംശജയായ അവൾ സകല രാക്ഷസീയ ഭാവങ്ങളും ഉപേക്ഷിച്ച് തീർത്തും മനുഷ്യ സ്ത്രീയായി മാറിയത് എന്നെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള കാര്യമാണ്.

ദുര്യോധനൻ തീർത്ത അരക്കില്ലത്തിൽ നിന്നും ചെറിയച്ഛൻ വിദുരരാൽ രക്ഷിക്കപ്പെട്ട് വനത്തിൽ അലഞ്ഞു നടന്ന കാലം. ഒരുനാൾ ക്ഷീണം മൂലം അമ്മയും സഹോദരങ്ങളും ഉറങ്ങുമ്പോൾ കാവൽ നിന്ന തന്റെ അരികിലേക്ക്കടന്നു വന്ന സുന്ദരിയായ യുവതി. അവളെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന രാക്ഷസൻ.

ഒടുവിൽ രാക്ഷസനിൽ നിന്നും അവളെ രകിഷിക്കുക എന്ന ധർമ്മം തന്നിലേക്കെത്തിച്ചേരുന്നു. ഭീകരനായ രാക്ഷസനുമായുള്ള മൽപ്പിടുത്തത്തിടയിൽ ബഹളം കേട്ട് ഉണരുന്ന അമ്മയും സഹോദരങ്ങളും.

ജയം അത്ര എളുപ്പമല്ല എന്നറിഞ്ഞ ഒരു നിമിഷം ശങ്കിച്ചു നിൽക്കുന്നതിനിടയിൽ രാക്ഷസനെ വധിക്കാനുള്ള മന്ത്രം പറഞ്ഞു തന്നു ആ സുന്ദരി. 

അസുരൻ നിലംപതിച്ചു കഴിഞ്ഞപ്പോഴാണ് അറിഞ്ഞത് എത്തിപ്പെട്ടത് ഹിഡുംബൻ എന്ന രാക്ഷസന്റെ പരിധിയിലുള്ള ഹിഡുംബവനത്തിലാണെന്നും ആ സുന്ദരി അയാളുടെ സഹോദരി ആണെന്നും. ഹിഡുംബന് മനുഷ്യന്റെ മണം സിരകളിലെത്തിയപ്പോൾ സഹോദരി അന്വേക്ഷിക്കാൻ പറഞ്ഞയച്ചതാണ്. മനുഷ്യമാംസത്തിന്റെ കൊതിയിൽ ഹിഡുംബനിരിക്കുമ്പോൾ ആജാനുബാഹുവും പൗരുഷവുമുള്ള ഭീമനെ കണ്ട ഹിഡുംബി സ്വയം മറന്നു.

പ്രണയപരവശയായ അവൾക്ക് ഭീമനെ സ്വന്തമാക്കാനായിരുന്നു തിടുക്കം. ആഗ്രഹസാക്ഷാത്കാരത്തിനായി സ്വന്തം സഹോദരനെ പോലും ബലികൊടുത്ത അവൾക്ക് ഈ ഭീമനെ സ്വന്തമാക്കുക അത്ര എളുപ്പമായിരുന്നില്ല. ആരും മോഹിക്കുന്ന സുന്ദരി ഒരു രാക്ഷസി ആണെന്ന് വിശ്വസിക്കാൻ പ്രയാസമായിരുന്നു.

അവളുടെ ആഗ്രഹം കേട്ടപ്പോൾ അവളെ വധിക്കാനാണ് താൻ തുനിഞ്ഞത്. ഹസ്തിനപുരിയിലെ പാണ്ഡുമഹാരാജന്റെ പുത്രൻ മാരുതീ പുത്രനായ കൗന്തേയന് എങ്ങനെയാണ് നീചവംശജയായ ഹിഡുംബിയെ വധുവാക്കാൻ കഴിയുക.

ആ "അന്തരത്തെ ഇല്ലാതാക്കുകയായിരുന്നു കാലത്തിന്റെ നിയോഗം".

"സ്ത്രീഹത്യ" ഏറ്റവും വലിയ പാപമാണെന്ന് പറഞ്ഞ് തടഞ്ഞത് യുധിഷ്ഠിരനായിരുന്നു. ഉന്നതകുലജാതന്റെ ബീജം ഒരു നീചയോനിയിൽ നിക്ഷേപിക്കുക, അതിന് അവളുടെ ഗർഭപാത്രത്തിൽ തുടുപ്പേകുക അത് കാലത്തിന്റെ അനിവാര്യതയായിരുന്നോ?

അല്ലെങ്കിൽ തന്നെ മഹത്തായ ഹസ്തിനപുരിയുടെ ഉത്ഭവം തന്നെ അങ്ങനെയല്ലെ?

ഉന്നത കുലജാതനായ പരാശരമുനിക്ക് മുക്കുവ സ്ത്രീയായ സത്യവതിയിലുണ്ടായ തീഷ്ണപ്രവാഹമായിരുന്നുല്ലെ പൈതാമഹൻ കൃഷ്ണദ്വൈപായനൻ എന്ന ശ്രീ വേദവ്യാസന്റെ ജനനം.

പിന്നെയും എന്തായിരുന്നു ഉച്ഛനീചത്വങ്ങളുടെ പ്രസക്തി?

എന്നിട്ടും തന്റെ പ്രണയം പൂർത്തീകരിക്കാൻ ഹിഡുംബിക്ക് കുന്തിദേവിയുടെ വാക്കുകളെ അനുസരിക്കേണ്ടി വന്നു. ഒടുവിൽ ഒരു കുട്ടിയുടെ ജനനം വരെ ഭാര്യായി ഇരിക്കുക എന്ന കരാറിൽ ഹിഡുംബിക്ക് ഭീമനെ സ്വന്തമാക്കാൻ കഴിഞ്ഞു.

പാണ്ഡു കുടുംബത്തിലെ ആദ്യത്തെ വധു. ആഡംബരങ്ങളും ആർഭാടങ്ങളും ഇല്ലാതെ ഭീമൻ വിവാഹിതനായി... കുന്തിമാതാവും സഹോദരന്മാരും ഹിഡുംബവനത്തിൽ നിന്നും യാത്രയായി.

ഹിഡുംബിയുടെ കത്തുന്ന പ്രണയത്തിന്റെ ചൂടും ചൂരും അറിഞ്ഞ ദിനങ്ങൾ.

ഹിഡുംബി ആഹ്ലാദത്തിന്റെ മറ്റൊരു ലോകത്തായിരുന്നു. പകൽ മുഴുവൻ കാട്ടിലൂടെ ഭീമനോടൊപ്പം കാടിനെ കാട്ടുചോലയെ ആദ്യം കാണുന്ന അത്ഭുതത്തോടെ പാറിപ്പറന്നു.

ആശിച്ച പുരുഷനെ സ്വന്തമാക്കിയ അവളിലെ ആവേശം തന്നെയും അതുവരെ അനുഭവിക്കാത്ത അനുഭൂതികളുടെ ലോകത്തെത്തിച്ചിരുന്നു..

ദിനരാത്രങ്ങൾ അവളിലൂടെ ചരിച്ച കാലയളവ്... അവളൊരഗ്നിയായി ഉള്ളിൽ പടരുമ്പോൾ കുന്തിമാതാവിനു കൊടുത്ത വാക്ക് ഓർമ്മിപ്പിച്ചുകെണ്ട് തന്റെ ആദ്യപുത്രൻ വരവറിയിച്ചു.

ഒരേ സമയം സന്തോഷവും സങ്കടവും ആ മുഖത്ത് നിഴലും നിലാവുമാകുന്നത് ഞാൻ കണ്ടു. അപ്പോഴും എല്ലാം ഉള്ളിലൊതുക്കി അനിർവചനീയമായ ഒരു ഭാവം അവളിലുണ്ടായിരുന്നു.

മകനെ വാരിപ്പുണർന്ന് മാറോടു ചേർക്കുമ്പോൾ ഉള്ളം വല്ലാതെ കലങ്ങി. വീരനായ അതികായനായ ഭീമസേനൻ എങ്ങനെ കണ്ണുനിറയ്ക്കും?സ്ത്രീയും പുരുഷനും ശ്തിയും പ്രകൃതിയുമാണ്. ഇണചേരുന്നത് ശരീരങ്ങൾ മാത്രമല്ല മനസ്സുകളാണ് എന്ന തിരിച്ചറിവ് ആദ്യമായി തളർത്തി.

"സ്ത്രീയിലെ പ്രണയം ശരീരമല്ല മറിച്ച് ആത്മാവെണെന്നും" അന്ന് തിരിച്ചറിഞ്ഞു.

എന്തിനും ഉള്ള ശക്തിയും കരുത്തും ഉണ്ടായിട്ടും അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിക്കാൻ അവൾ മറന്നില്ല.

ഉള്ളിൽ പ്രാണപ്രീയനെ പിരിയുന്ന വേദന കനൽക്കൂമ്പാരമായി ഉള്ളു പൊള്ളിക്കുമ്പോഴും പൊള്ളുന്ന മിഴിനിരിനെ തടഞ്ഞു വയ്ക്കാൻ അവൾക്ക് കഴിഞ്ഞു. ഒന്നു മാത്രം ചോദിച്ചു. 

ഹസ്തിനപുരിയിലെ പൗത്രനെ ഒപ്പം കൂട്ടിക്കുടെ എന്ന്. അതിനും ഒരുനിമിഷം പോലും ചിന്തിക്കാതെ ഞാൻ മറുപടി കൊടുത്തു.

"പാടില്ല...ഉണ്ണി വളരേണ്ടത് അമ്മയോടൊപ്പമാണ്. അമ്മയ്ക്കാണ് ഏറ്റവും നല്ല ഗുരുവാകാൻ കഴിയുക.
അമ്മയുടെ നെഞ്ചിലെ ചൂടിനാണ് മറ്റെന്തിനെക്കാളും മികച്ച സംരക്ഷണം നല്കാനാകുക".

"അമ്മയുടെ മുലകൾ ചുരത്തുന്നതാണ് ലോകത്തിലെ ദിവ്യൗഷധം...സ്നേഹമന്ത്രം"...

അമ്മയുടെ വാക്കുകൾ അളവില്ലാത്ത കറയറ്റ സാനേഹം. അതാണ് ഒരുവന്റെ വളർച്ചയുടെ മൂലധനം. എല്ലാ ഉയർച്ചയും ധൈര്യവും സമാധാനവും അമ്മയുടെ കരങ്ങളുടെ സുരക്ഷയിൽ സ്നേഹത്തിൽ അലിഞ്ഞിരിക്കുന്നു.

അന്നാകണ്ണുകളിൽ അഭിമാനബോധത്തിന്റെ നക്ഷത്രം തിളങ്ങുന്നുണ്ടായിരുന്നു. എങ്കിലും ഒരു കുഞ്ഞിന്റെ വളർച്ചയിൽ അച്ഛന്റെ പങ്ക് താൻ മനപ്പൂർവം മറന്നു.

സ്വന്തം അസ്തിത്വം പോലും തന്നോടുള്ള പ്രണയ സാക്ഷാത്കാരത്തിനായി ബലിയർപ്പിച്ചവളെ, താങ്ങും തണലുമാകേണ്ട സഹോദരനെപോലും കൊല്ലാൻ കൂട്ടു നിന്നവളെ അവളുടെ സ്നേഹത്തെ, ത്യാഗത്തെ കണ്ടില്ലെന്ന് നടിച്ച് പിൻതിരിഞ്ഞു നടക്കുമ്പോൾ ഭീമസേനൻ കുലമഹിമയുടെ പേര് പറഞ്ഞ് സ്വയം വഞ്ചിക്കുകയായിരുന്നോ?... സ്വയം ചോദിച്ചു പോയി.

പിന്നീട് പാഞ്ചാല പുത്രി ജീവിതത്തിലേക്ക് കടന്നുവന്നപ്പോൾ ഈ വനസുന്ദരി മറവിയുടെ ഏതോ കോണിലേക്ക് മറഞ്ഞു. ഒരിക്കൽ പോലും ഏതുനിമിഷവും തന്നെ മാത്രം ചിന്തിച്ചുകഴിഞ്ഞിട്ടും ഏതുരൂപത്തിൽ എവിടേയ്ക്കും കടന്നെത്താൻ കഴിയുമായിരുന്നിട്ടും തിരഞ്ഞെത്തിയില്ല.

തികച്ചും പ്രൗഢയായ കുലസ്ത്രീയെപ്പൊലെ പെരുമാറാൻ അവൾക്കു കഴിഞ്ഞു. ചിതയിലേക്ക് മിഴി നട്ടിരുന്നപ്പോൾ ചിന്തകളെ മുറിച്ചുകൊണ്ട് ഉയർന്ന പുകച്ചുരുളിൽ മകന്റെ രൂപം തെളിഞ്ഞുവന്നു.

അമ്മയോടു ചേർന്നിരിക്കുന്ന അച്ഛനെ നോക്കി അവൻ പിഞ്ചിരിക്കുന്നു. ആ മുഖത്ത് ചിരിക്കു പിന്നിൽ തന്നോടുള്ള ദേഷ്യമോ അച്ഛൻ ചിത കൂട്ടാൻ പോലുമെത്താതെ അമ്മയെ ഒറ്റപ്പെടുത്തിയ സങ്കടമോ ഉണ്ടോയെന്ന് ചൂഴ്ന്നു നോക്കി ഭീമൻ.

അവനും ഹിഡുംബിയെപ്പോലെയാണ്. ആ ചിരിക്ക് പിന്നിൽ ഒന്നും ഒളിഞ്ഞിരിപ്പില്ല. പക്ഷെ ഈ മനസ്സിൽ മറവിയിൽ മാറാല മൂടിയതെല്ലാം തെളിഞ്ഞിരിക്കുന്നു. തൊട്ടടുത്ത് എന്തൊക്കെയോ വിചാരങ്ങളുടെ വേലിയേറ്റങ്ങളിൽ ഉഴറുന്നു പ്രേയസിയെ ഭീമൻ ഇടംകണ്ണിട്ട് നോക്കി.

ആ കണ്ണുകൾ ചിതയിലേക്ക് മാത്രമാണ് ഉറപ്പിച്ചിരിക്കുന്നത്. ആ മനസ്സിൽ മറ്റൊരു ചിത എരിയുന്നുണ്ടാവും.

തോളോടു ചേർന്നിരിക്കുന്ന തന്നെ കണ്ടില്ലെ? 

ഈ തോളിലേക്കൊന്നു ചായണം എന്ന് അവളാഗ്രഹിക്കുന്നില്ലെ?

ആ മുഖത്തേക്ക് നോക്കിയിരിക്കെ വീണ്ടും ഭീമൻ അവളിലേക്ക് തിരിച്ചു പോയി. അന്ന് പോന്നതിൽ പിന്നെ അവളെ കാണുന്നത് ഒരിക്കൽ അവളും മകനും കൂടി ഇന്ദ്രപ്രസ്ഥത്തിൽ കുറച്ചു ദിവസം താമസിക്കാൻ വന്നപ്പോഴാണ്.

ആ ദിവസങ്ങളിലും അവൾ തന്റെ പ്രണയം ഉള്ളിലൊതുക്കി. മഹാറാണി ദ്രൗപദിയുടെ പ്രഭാവവും പാണ്ഡവരുടെ മേലെയുള്ള സ്വാധീനവും എത്രയെന്ന് അന്നവൾ മനസ്സിലാക്കി.

ദ്രുപദപുത്രിയിൽ ഹിഡുംബിയുടെ വരവ് ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. എല്ലാം മനസ്സിലാക്കി അവൾ പെരുമാറി..

ദ്രൗപദിയുടെയും കുന്തിമാതാവിന്റെയും മനസ്സു കീഴടക്കാൻ അവൾക്ക് കഴിഞ്ഞു. അപ്പോഴും നിഷേധിക്കപ്പെട്ട സ്നേഹം അവളെ എത്ര മുറിപ്പെടുത്തിയിട്ടുണ്ടായിരിക്കും.

ആസുരീയ സ്വഭാവങ്ങൾ മുഴുവൻ അടക്കി നിർത്തി ഭാരതീയ സംസ്കാരം സ്വീകരിക്കാൻ അവൾ തീരുമാനിച്ചത് എന്തിനായിരുന്നു എന്നു പോലും ഞാൻ മറന്നു പോയി. കൂടെ ഉണ്ടായിരുന്ന കാലം മുഴുവൻ സ്വന്തം ഇഷ്ടങ്ങളെ മറന്ന് എന്തിനേറെ ആഹാരം പോലും തനിക്കിഷ്ടമുള്ളതുമാത്രം പാകം ചെയ്യുകയും തന്നെ ഊട്ടുന്നതിൽ സന്തോഷിക്കുകയും ചെയ്തവൾ.

ഇന്ദ്രപ്രസ്ഥത്തിൽ നിന്ന് പോകുമ്പോഴും താനവളെ പ്രണയത്തോടെ ഒന്നു നോക്കിയതു പോലും ഇല്ല. ഒരിക്കലും ഒന്നിലും അവൾ പരിഭവിച്ചില്ല. ഞാനും അവളും തമ്മിലുള്ള അന്തരം അവൾ മനസ്സിലാക്കി. നിശ്ശബ്ദം എല്ലാം ഉള്ളിലൊതുക്കി പ്രണയം ഏല്പിച്ച മുറിവിനെ എങ്ങനെ അവൾ സഹിക്കുന്നു. ഒരിക്കൽ മാത്രമാണ് അവൾക്ക് നിയന്ത്രണം വിട്ടുപോയത്. എത്ര ഒതുക്കിയിട്ടും ഉള്ളിൽ നിന്നൊരാർത്ത നാദം പുറത്തേക്കുയർന്നത്. അന്ന് വീണ്ടും അവളെ വനവാസകാലത്ത് കാണാനിടയായപ്പോൾ. കുറച്ചു ദിവസം അവളോടും മകനോടുമൊപ്പം താമസിക്കാൻ അവസരം വന്നു.

അന്ന് മകനോടുള്ള പിതൃധർമ്മം കുറച്ചെങ്കിലും നിറവേറ്റാൻ കഴിഞ്ഞു.

അശോകമരങ്ങൾ നിറഞ്ഞ ആ വനത്തിലെ ഗുഹയിൽ സന്തോഷത്തിന്റെ നാളുകൾ നിറഞ്ഞാടുകയായിരുന്നു. വീണ്ടും അവൾക്കായി എന്നെ കിട്ടിയ നാളുകളിൽ അവൾ പൂത്തുലയുന്നത് ഞാൻ അറിഞ്ഞു. അവളിലെ പ്രണയത്തിന്റെ മധുരം വീണ്ടും തന്നെ ഉന്മത്തനാക്കിയ ദിനങ്ങൾ. ആ വലിയ മിഴികൾക്കുള്ളിൽ തന്നെ മാത്രം നിറച്ചിരിക്കുന്നതും ആ ശ്വാസത്തുടുപ്പുകളിൽ ഭീമന്റെ മാത്രം ഗന്ധം പരക്കുന്നതും എത്രയോ ദിനരാത്രങ്ങളിൽ അറിഞ്ഞതാണ്.

എന്നിട്ടും താനെന്താണ് അവൾക്ക് നല്കിയത്?

എന്നിൽ നിറഞ്ഞു നിൽക്കാൻ അവൾക്കല്ലാതെ മറ്റാർക്കുമാകില്ല എന്ന ദൃഢമായ വിശ്വാസത്തെ തകർക്കുകയല്ലാതെ? ഭീമനാ രംഗം മനസ്സിൽ കണ്ടു. തകർന്നടിഞ്ഞ അവളുടെ ആർത്ത നാദം കാതുകളിൽ മുഴങ്ങി.

അശോക മരങ്ങൾക്കിടയിൽ പാറമേലിരുന്ന തന്റടുത്തേക്ക് വളരെ സന്തോഷത്തോടെ ആണവൾ ഛായാമുഖി എന്ന കണ്ണാടിയുമായി എത്തിയത്.

ആ കണ്ണാടിയ്ക്കുള്ള പ്രത്യേകത അത് നോക്കുന്ന ആളിന്റെ മുഖമല്ല അതിൽ കാണുക മറിച്ച് നോക്കുന്ന ആളിന്റെ മനസ്സിലുള്ളത് ആരാണോ അവരുടെ മുഖം ആവും കാണാൻ സാധിക്കുക.

"തനിക്ക് നേരെ പിടിച്ച കണ്ണാടിയിൽ കണ്ടത് അവൾ പ്രതീക്ഷിച്ചതിന് വിപരീതമായി പാഞ്ചാലിയുടെ മുഖം".

അവൾ തകരുന്നതും ആർത്തനാദത്തോടെ കാട്ടിലേക്കോടിയകന്നതും സ്തബ്ധനായി നോക്കിയിരുന്നു.

ഒരുപാടാലോചിച്ചു എന്താണ് സംഭവിച്ചതെന്ന്. ഹിഡുംബി തന്റെ മനസ്സിലുണ്ടായിരുന്നില്ലെ?.

രാജവംശിയാണ് താനെന്നും ആസുരവംശിയാണ് ഹിഡുംബിയെന്നും അവളുടെ പ്രണയത്തിനും മുകളിൽ ഒരു ചിന്ത തന്നിൽ കടന്നു കയറിയിരുന്നോ?

ഓരോ തവണയും അവളെ മാറോടണയ്ക്കുമ്പോൾ അവളിലേയ്ക്കാഴ്ന്നിറങ്ങുമ്പോൾ തമ്മിലുള്ള അന്തരമാണോ തന്നെ ഭരിച്ചുകൊണ്ടിരുന്നത്?

ആദ്യമായി കൈപിടിച്ച അവളെ, ഒരു പുത്രന് ജന്മം നല്കിയ അവളെ  കൊടുക്കേണ്ട സ്നേഹമോ പരിഗണനയോ കൊടുത്ത് മനസ്സിൽ സ്ഥാനം കൊടുക്കാൻ എന്തുകൊണ്ട് തനിക്കായില്ല. തിരിച്ചു കിട്ടാത്ത സ്നേഹം അത് എന്നും ഒരു വിങ്ങലാണ്.. മനസ്സിലാക്കാൻ ഇത്രയും കാലം വേണ്ടിവന്നു തനിക്ക്.

ഇത്രയൊക്കെ ആയിട്ടും സ്വന്തം പുത്രനെ അവന്റെ അച്ഛനു വേണ്ടി യുദ്ധത്തിനയയ്ക്കാൻ അവൾ തയാറായി. ഇന്ന് അനാഥനെപ്പോലെ അവന് അവൾ തന്നെ ചിതയൊരുക്കിയിരിക്കുന്നു. ഭീമന് തന്നോട് വല്ലാതെ വെറുപ്പോ ദേഷ്യമോ ഒക്കെ തോന്നി.

തന്റെ മനസ്സിനെ തണുപ്പിക്കാനെന്നപോലെ ഒരു ചെറുകാറ്റ് അവരെ തഴുകിപ്പോയി. ഭീമസേനന് കുറ്റം ബോധം കൂടി. തന്റെ മനസ്സ് വേദനിച്ചപ്പോൾ തഴുകി ആശ്വസിപ്പിക്കാൻ അച്ഛനെത്തി. ഒരു അച്ഛനെന്ന നിലയിൽ താനെന്താണ് ചെയ്തത് മകനുവേണ്ടി. ഭീമന്റെ മനസ്സിൽ പുച്ഛം നിറഞ്ഞു.

ജീവിതസഖിയായവളെ വനത്തിലുപേക്ഷിച്ച് സൗകര്യപൂർവം എല്ലാം മറന്നവൻ.

പിതാവിന്റെ ധർമ്മം പരിമിതിപ്പെടത്തി സംതൃപ്തനായവൻ. ഒരു വലിയ രാജവംശത്തിന്റെ പിൻ തുടർച്ച നീചയോനിയിലൂടെ ആയിട്ടും വംശീയതയും ഉച്ഛനീചത്വവും വളർത്തിവലുതാക്കിയ സംസ്ക്കാരത്തിന്റെ പിൻ തുടർച്ചക്കാരൻ.

എത്രയോ ഉയരെയാണ് ഹിഡുംബിയെന്ന കാനനവാസി. ഇവളുടെ പ്രണയത്തിന്റെ, സഹനത്തിന്റെ, ത്യാഗത്തിന്റെ ശക്തി കുലസ്ത്രീകളെന്നവകാശപ്പെടുന്നവരെക്കാൾ എത്രയോ ഉയരെയാണ്.

ഭീമന്റെ മനസ്സിൽ ഹിഡുംബി ഒരു പൂജാവിഗ്രഹമായി മാറി. അവളെ എല്ലാം മറന്ന് മാറോടണയ്ക്കുമ്പോൾ അവൾ പെയ്തൊഴിയാൻ കാത്തുനിന്നവർഷമേഘമായി മാറി. ഒരു ചാറ്റൽ മഴ അവരെ തഴുകിയിറങ്ങി ചിതയെരിയുന്നതിനെ തടസ്സപ്പെടുത്താതെ.

 

കൂടുതൽ വായനയ്ക്ക്

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter