മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

(അനുഷ)

കൂട്ടുകാരുടെ വാട്സാപ്പ് സ്റ്റാറ്റസുകളിലൂടെ അവന്റെ വിവാഹ ഫോട്ടോ കണ്ടില്ലായിരുന്നെങ്കിൽ, ആ ദിവസവും മറ്റേതൊരു ദിവസവും പോലെ ഭാരമില്ലാതെ പോയേനെ. ഭൂതകാലത്തിലേക്ക് വേരുകളില്ലാത്ത തണൽമരം പോലെ വേനലിനെയും താൻ അതിജീവിക്കുന്നുവെന്ന് തിരിച്ചറിഞ്ഞതിൽ പിന്നെ, വിവാഹങ്ങളോ ആഘോഷങ്ങളോ അവളെ സ്പർശിക്കാതെ കടന്നു പോവുകയാണ് പതിവ്.  വിൻഡോ സീറ്റിലിരുന്ന് പോകുന്ന യാത്രകളിൽ കാണാറുള്ള ആവർത്തിക്കുന്ന ചില ചിത്രങ്ങളും കാഴ്ചകളും മാത്രമാവുന്നു എല്ലാവരും. മുജ്ജന്മങ്ങളിലെങ്കിലും മാഞ്ഞു പോയ ഒരു ബന്ധമുണ്ടെന്നു പറയാൻ സാധിക്കാത്ത,

ആരുമേ അല്ലാത്ത രൂപങ്ങളും മുഖങ്ങളും പേരുകളും കാഴ്ചകളും മാത്രമായിപ്പോയിരിക്കുന്നു ആളുകൾ ജീവിതത്തിൽ. എന്തിനെന്നോ എങ്ങനെയെന്നോ അത്ഭുതപ്പെടുക പോയിട്ട് ഓർക്കുവാൻ പോലും തോന്നിപ്പിക്കാത്ത തന്റെയീ മനസിന് എന്തു പറ്റിയെന്ന് ചോദിക്കണമെങ്കിൽ തന്നെ മാസങ്ങൾ കൂടി വിളിക്കുന്ന ഇനിയും കണ്ണികൾ   അറ്റു പോവാത്ത  ചില സൗഹൃദങ്ങൾ വേണം.

പിറന്നാളിന് മുടങ്ങാതെ ആശംസകൾ അയയ്ക്കുന്ന, വിളിച്ചു സംസാരിക്കാൻ ശ്രമിക്കാറുള്ള ഇപ്പഴും ബാക്കിയുള്ള എന്നത്തെയും കൂട്ടുകാരെ അവൾ ഏറെ പ്രിയത്തോടെയും അത്ഭുതത്തോടെയും  ഓർക്കാറുണ്ട്.

തനിക്ക് മാത്രം ലഭിക്കുന്ന ആ അപൂർവ സ്നേഹത്തിലും ഭാഗ്യത്തിലും അഹങ്കാരമെന്നു പറയാൻ സാധിക്കാത്ത അഭിമാനം കൊള്ളാറുള്ള അവൾ, മനസ് നിറഞ്ഞ് താൻ കൊടുത്ത സ്നേഹത്തിന്, കണക്കു സൂക്ഷിക്കാത്തവളായിരുന്നു എന്നും. "ചിരിച്ചു കൊണ്ട് സ്നേഹിച്ചവൾ" എന്നു വിളിക്കേണ്ടിയിരിക്കുന്നു അവളെ. അവളുടെ ചിരിയിലൊഴുകിയ സ്നേഹത്തിനും സൗഹൃദത്തിനും കടപ്പെട്ടിരിക്കുന്നുവെന്നു പറയാനേ അവളുടെ ഏറ്റവും പ്രിയപ്പെട്ടവരായ ഏതൊരു സുഹൃത്തിനും സാധിക്കൂ.

ഓഫീസിൽ തിരക്കൊഴിഞ്ഞ സമയത്ത് മൊബൈലിൽ കൂട്ടുകാർ പങ്കു വച്ച വിവാഹ ഫോട്ടോയിലെ പെൺകുട്ടിയെ, അവൾ നോക്കി ഇരുന്നു. വിവാഹനിശ്ചയത്തിന് പോയ കൂട്ടുകാർ ഈ പെൺകുട്ടി അവളെ പോലെ തന്നെ ഇരിക്കുന്നു കാണാനെന്ന് പറഞ്ഞത് ഓർത്താവണം അവളുടെ ചുണ്ടിലേക്കൊരു ചിരി മെല്ലെ കടന്നു വന്നത്. അത് പരിഹാസമായിരുന്നോ..!

തന്റെ ഛായ ഉണ്ടായിരിക്കുമെന്ന് വിശ്വസിക്കുവാൻ അവൾ മടിച്ചിരുന്നു. 'തിളങ്ങുന്ന കണ്ണുകൾ' എന്ന വിശേഷണം ആ കണ്ണുകൾക്ക് യോജിക്കുന്നുവെന്ന് അവൾ അതിശയത്തോടെ ശ്രദ്ധിച്ചു. നിഷ്‌ക്കളങ്കതയിൽ നിറഞ്ഞ സുന്ദരിയായ ഒരു പെൺകുട്ടി. മുല്ലപ്പൂവും താലിമാലയും കൈകളിൽ വളകളും യോജിച്ച വസ്ത്രവും, ഏറ്റവും മനോഹരമായി തോന്നിയ ഒരു ചിത്രം.

അവൾ മാത്രമേ ആ ഫോട്ടോയിൽ ഇല്ലാതുള്ളൂ. പത്തു കൊല്ലങ്ങൾക്ക് മുൻപ് കലാലയത്തിന്റെ പടിയിറങ്ങുമ്പോൾ കൂടെ ഇറങ്ങി കൈ പിടിച്ചു നടന്നവർ എല്ലാം വന്നിരിക്കുന്നു. അവളുടെ സ്ഥാനം അവിടെ നികത്തപ്പെടാനാവാതെ ഉണ്ടെന്ന് മുമ്പെപ്പോഴുമെന്ന പോലെ അവളെ തോന്നിപ്പിച്ച ആ ചിന്ത എവിടെ നിന്നു വന്നു! ഇന്നിനോട് ഒരു പരിചയവുമില്ലാത്ത ആ വിശ്വാസം ഇറക്കി വിട്ട ഇന്നലെകളിൽ നിന്നും നാണം കെട്ട് തിരിച്ചു വന്നു കയറിയതാവണം. തനിക്കു വേണ്ടി മാറ്റി വയ്ക്കപ്പെട്ടതായിട്ടൊരു സ്ഥാനം അവിടെ ഇല്ലെന്ന് എന്തു കൊണ്ടോ അവൾ വിശ്വസിക്കാൻ കൂട്ടാക്കിയില്ല.

വധുവിനോടൊപ്പം നിന്ന ആ ചെറുപ്പക്കാരനെ ആദ്യമായിട്ട് കാണുന്നതു പോലെ അവൾ കണ്ടു. വിവാഹ വസ്ത്രത്തിലും അത് കഴിഞ്ഞ് നടന്ന റിസപ്‌ഷനിലെ പരിഷ്കാര വേഷത്തിലും നീല ടൈയിലും അപരിചിതനായ ഒരു മനുഷ്യനെ അവൾ കണ്ടു.

പന്ത്രണ്ടു വർഷങ്ങൾക്ക് പിറകിൽ കോളേജിലെ മരത്തണലിൽ കൂട്ടുകാർക്കൊപ്പം മിണ്ടാതെ വെറും കാഴ്ചക്കാരനായിരുന്ന ഒരു ആൺകുട്ടിയെ അവളോർമിച്ചു. മറ്റു കുട്ടികളുടെ ബഹളങ്ങൾക്കിടയിൽ തെറിച്ചു പുറത്തു വീണ ഒരു നിശബ്ദതയാണ് അവനെന്നു തോന്നി. നിരന്തരമായ കളിയാക്കലുകളിൽ തമാശകളിൽ ചിരി മറുപടി നൽകി വാക്കുകൾ പിശുക്കി തല കുനിച്ചിരുന്ന അവൻ എന്തായിരിക്കും ചിന്തിക്കുന്നതെന്ന് ആലോചിച്ചിട്ടുണ്ട്. ഭൂമി ദേവിയോടെന്തോ സ്വകാര്യം പറയുന്ന പോലുള്ള അവന്റെ ഇരിപ്പിനെയും നടപ്പിനെയും കോളേജ് ഗാലറിയിലെ തണലിലെ ഉച്ച മയക്കത്തിനെയും അവളുടെ കൂട്ടുകാരി ആയിരുന്നു കൂടുതൽ ശ്രദ്ധിച്ചത്.

അവനു കൂട്ടില്ലെന്ന് കണ്ട് കൂടെ കൂട്ടിയത്, കഥകൾ ചോദിച്ച്‌ ബുദ്ധിമുട്ടിക്കാതെ നിർത്താതെ കഥകൾ പറഞ്ഞത്, കൂട്ടുകാരനായി എല്ലാവരെയും പരിചയപ്പെടുത്തിയത്, അമ്മയെ കാണാൻ വരുന്നുണ്ടെന്ന് പറഞ്ഞത്, അനിയത്തിയെ ഞാനൊന്ന് ഉപദേശിക്കുന്നുണ്ടെന്ന് ചിരിച്ചത്, അച്ഛനോട്‌ രണ്ടു തുടം കള്ളു വാങ്ങിച്ചു കുടിക്കണമെന്ന് പറഞ്ഞതൊക്കെയും അവളായിരുന്നു. നിന്റെ നീണ്ട വിരലുകൾ എനിക്കു തന്നിരുന്നെങ്കിൽ എന്തു മാത്രം ചിത്രം വരച്ചേനെയെന്ന് പറഞ്ഞത് അവളായിരുന്നു.

നീണ്ട വിരലിനോ, ഉറങ്ങി കിടന്ന മനസിനോ അത്ര നാളും വെളിപ്പെടാതിരുന്ന സമയകാലപരിധികളില്ലാത്ത കലയുടെ വർണങ്ങൾ അവന്റെ ജീവിതത്തിലേക്ക് കൊണ്ടു വന്നതായിരുന്നു അവളുടെ വിജയം. കോളേജിലെ മത്സരങ്ങളിൽ നിന്നു പുറത്തേക്ക് ഒരു ലോകം തന്റെ വിരൽത്തുമ്പിൽ നിന്ന് തുടങ്ങിയത് അവനറിഞ്ഞു. പക്ഷേ, അന്നും അവർ രണ്ടു പേരുടെയും നിഴലിൽ ആയിരുന്നു അവൾ. കാഴ്ചക്കാരിയും കേൾവിക്കാരിയും മാത്രം. രണ്ടു കൂട്ടുകാർക്കിടയിലെ അത്ര പ്രസക്തമല്ലെന്ന് തോന്നിയേക്കാവുന്ന ഒരു സാന്നിധ്യം.

കോളേജിന്റെ അവസാന വർഷത്തിന്റെ പകുതിയിലാണ് കൂട്ടുകാരിയോട് പോലും പങ്കു വയ്ക്കാത്ത ഇഷ്ടം അവരുടെ നിഴലായിരുന്ന അവളിലെത്തുന്നത്. ഞെട്ടൽ പിന്നീട് ഇഷ്ടക്കേടിനും അകൽച്ചയ്ക്കും വഴി വയ്ക്കേണ്ടി വരുമെന്ന് തോന്നിത്തുടങ്ങിയിരുന്നു.

മൂന്നു പേരുടെ സൗഹൃദം പിന്നീട് ഒറ്റയാൾ പ്രസംഗം പോലെ അരങ്ങേറി. നിശ്ശബ്ദതയിൽ മുങ്ങിയ രണ്ടു പേർ. കഥയറിയാത്ത കൂട്ടുകാരി.

അവൾ പറഞ്ഞ് കൂട്ടുകാരി കഥ അറിഞ്ഞപ്പഴേക്കും കോളേജിന്റെ അവസാന ദിവസങ്ങളിലേക്ക് വാകമരങ്ങൾ ചുവന്നു പെയ്തു തോർന്നിരുന്നു.

ദൂരങ്ങളിൽ, ഓർമകളുടെ കാറ്റിനു പോലും ചെന്നെത്താൻ കഴിയാത്ത ഇരുണ്ട ഖനികളിൽ ജോലി ചെയ്യുമ്പോൾ അവൻ അവളെ മറന്നു കാണുമെന്ന്, മറക്കണമെന്ന് അവൾ ആശിച്ചു. 

പക്ഷേ, പിന്നീട് പഠിക്കാനും ജോലി ചെയ്യാനുമായി വിവിധ നഗരങ്ങളിൽ, വ്യത്യസ്ത ഹോസ്റ്റലുകളിൽ താമസിക്കുമ്പോഴൊക്കെയും അവന്റെ സമ്മാനങ്ങൾ പിറന്നാൾ ദിനത്തിന് ഒരു ദിവസം മുമ്പെങ്കിലും വന്നു ചേർന്നിരുന്നു.

ഒരിക്കലും തിരിച്ചു ലഭിക്കില്ലെന്നുറപ്പുള്ള സ്നേഹത്തിനു മുതിർന്ന അവനോട് പറയാനാവുമ്പോഴെല്ലാം അവൾ പറ്റില്ലെന്ന് പറഞ്ഞു കൊണ്ടിരുന്നു. 

എന്തു കൊണ്ടോ, ദൈവത്തിന്റെ സാമീപ്യം പോലെ അവൻ സഹായമായ നിമിഷങ്ങൾ ജീവിതത്തിൽ ഒരുപാട് ഉണ്ടായിട്ടുണ്ട്. 

പിറന്നാളുകൾക്ക് അവന്റെ സമ്മാനങ്ങൾ എത്താത്ത വിലാസങ്ങളിലേക്ക് താൻ മാറിയിട്ട് എത്ര വർഷങ്ങളായെന്ന് എണ്ണി നോക്കാതെ അവൾക്ക് അറിയാം. അവന്റെ അവസാനത്തെ പിറന്നാൾ സമ്മാനം അവളെ നോവിപ്പിച്ചതിന്റെ ആഴവും. അന്ന് ദേഷ്യപ്പെട്ടത് പോലെ ജീവിതത്തിലൊരിക്കലും അവനോട് ദേഷ്യപ്പെട്ടിട്ടില്ല. കൂട്ടുകാരുടെ മുന്നിൽ, അത്ര കാലം മനസിൽ സൂക്ഷിച്ചു പോന്ന വിശ്വാസങ്ങളുടെ മുന്നിൽ, തലമുറയിൽ അന്നോളം ഉണ്ടായ കാരണവന്മാരുടെ അദൃശ്യ സാമീപ്യത്തിനു മുന്നിൽ മനസ്സറിയാതെ താനും തെറ്റുകാരിയായി മാറുന്നതായി തോന്നി അവൾക്ക്. കോപം കൊണ്ടും നാണക്കേട് കൊണ്ടും മുഖം ചുവന്നു. ചുവപ്പു രാശി ചേർന്ന ആ കസവു സാരി തുറന്നു പോലും നോക്കാതെ മാറ്റി വച്ചു.

തിരിച്ചയക്കണോ കളയണോ എന്തു തീരുമാനിക്കണമെന്നറിയാതെ  ഇരിക്കുമ്പോൾ, അത് സൂക്ഷിച്ചു വയ്ക്കണമെന്ന് അവൾക്കു തോന്നി. വർഷങ്ങൾ ഇനിയും വരാനിരിക്കുന്നു. അവന്റെയെന്നു പറയാൻ അവനൊരു പെണ്ണ് വരും. അന്ന് അവൾക്കുള്ള സമ്മാനമായി താനിത് നൽകും. അത് വരെ ഇത് സൂക്ഷിച്ച് വയ്ക്കും. ഇതൊരിക്കലും തന്റെയല്ല. ഇങ്ങനെ ഒരു പുടവ തനിക്ക് തരേണ്ട ആളും ഇതല്ല. വേറൊന്നും അറിയില്ലെങ്കിലും, ഇത്രയും അവൾക്കറിയാമായിരുന്നു.

എന്തൊക്കെ കഥകൾ..! ഇന്നാലോചിക്കുമ്പോൾ വിശ്വസിക്കാനാവുന്നില്ല. അതും താനായിരുന്നോ? ഫോട്ടോയിൽ കണ്ട ചെറുപ്പക്കാരനെ തനിക്കു തിരിച്ചറിയാൻ സാധിക്കുന്നുണ്ടോ? കണ്ണിൽ നോക്കി സംസാരിക്കാൻ മടിച്ച, ചിത്രങ്ങളിൽ നിരാശയും സ്നേഹവും കൈ കോർക്കുന്ന നിറങ്ങൾ വിതറിയ, ജീവിതത്തിലെ ചിരി മുഴുവൻ വറ്റിപ്പോയ ആ കുട്ടിയെ ഇനി താൻ എന്നെങ്കിലും കണ്ടു മുട്ടുമോ? ഇല്ലായിരിക്കും. കഴിഞ്ഞ കാലത്തെ കഥകളിലെ, കഥ തീർന്ന കഥാപാത്രം മാത്രമാണവൻ. അവനോട് പറഞ്ഞ വാക്കും മങ്ങിത്തുടങ്ങിയ ആ കസവു സാരിയും ഇടിഞ്ഞു വീഴാറായി അനാഥമായി നിൽക്കുന്ന നാട്ടിൻ പുറത്തെ തന്റെ വീട്ടിലെ ഇരുട്ടിൽ കോണിലെവിടെയോ ഒറ്റയ്ക്കായിപ്പോയിരിക്കുന്നു. ഒരു പക്ഷേ, ഇന്നായിരിക്കും ആ ആൺകുട്ടിയെ താൻ അവസാനമായി ഓർക്കുന്നത്. ആ മുഖത്തെ ഓർക്കേണ്ട ആവശ്യം ഇനി വരുന്നില്ല. പാലിക്കാത്ത വാക്കിന് കടം പറഞ്ഞ് ആരും ഈ മനസിലേക്ക് കടന്നു വരികയുമില്ല. മനസിൽ നിന്ന് ഓരോരുത്തരായി പടിയിറങ്ങുകയാണ്, കഴിഞ്ഞ കാലത്തിന്റെ കഥകളുടെ തണലിലെ അവരവരുടെ ഇരിപ്പിടങ്ങളിലേക്ക്.

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter