മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

നിരുപാധിക സ്നേഹത്തിനായി ദാഹിച്ചതുകൊണ്ടാണ് റിട്ടേയേഡ് ബ്രിഗേഡിയർ ബിൽഗോമസ് ബുൾമാസ്റ്റിഫ് ഇനത്തിൽപ്പെട്ട ഒരു നായക്കുട്ടിയെ  വാങ്ങിയത്. അയാൾ അതിന് ബ്രൂണോ എന്ന് പേരിട്ട് വളർത്താൻ തുടങ്ങി.

കണ്ണിലും, വാലിലും മറ്റു ശരീരഭാഷകളിലും സ്നേഹവും വിനയവും നിറച്ച് ബ്രൂണോ എപ്പോഴും യജമാനനു മുൻപിൽ വണങ്ങി നിന്നു. ഒരു നായയെപ്പോലെയല്ല, മറിച്ച് സ്വന്തം മകനെപ്പോലെയാണ് ഗോമസ് അവനെ വളർത്തിയത്. ഒന്നിനും എതിർപ്പ് പ്രകടിപ്പിക്കാത്ത, കൃത്യനിഷ്ഠ പാലിക്കുന്ന, എന്തും അനുസരിക്കുന്ന സ്നേഹവും വിധേയത്വവുമുള്ള ഒരു മകനായിരുന്നു അയാൾക്കവൻ.

പത്രങ്ങൾ കൊണ്ടുവെക്കുക, അലക്ഷ്യമായി വീണുകിടക്കുന്നവ യഥാസ്ഥാനത്ത് വെക്കുക, വീടിനു ചുറ്റും കൃത്യമായ ഇടവേളകളിൽ ജാഗ്രതയോടെ റോന്തു ചുറ്റുക തുടങ്ങിയ കാര്യങ്ങളെല്ലാം ആരു മറന്നാലും ബ്രൂണോ  ഒരിക്കലും മറന്നില്ല. താൻ കഴിക്കുന്നതിെൻറയെല്ലാം ഒരു പങ്ക് ബിൽഗോമസ് അവനു നൽകുമായിരുന്നു.

ബിൽ ഗോമസിെൻറ ഭാര്യ ഹെന്നക്കും അവൻ വളരെ പ്രിയപ്പെട്ടവനായിരുന്നു. അവർ അവനു വേണ്ടി  പ്രത്യേകമായി ഭക്ഷണം ഉണ്ടാക്കുകയും സ്നേഹപൂർവ്വം നൽകുകയും ചെയ്തു.

ബിൽഗോമസ് ഹെന്ന ദമ്പതിമാരുടെ മകൻ ഡിസെൽവ പിതാവു വരക്കുന്ന ചിട്ടകളുടെ കളങ്ങളിൽ നിന്നും എപ്പോഴും പുറത്തു ചാടുന്നവനായി ശ്രമിക്കുന്നവനായിരുന്നു. പിതാവ് എപ്പോഴും റാസ്ക്കൽ എന്നു വിളിക്കുകയും ബെൽററ് ഊരി അടിക്കുകയും ഒറ്റക്കാലിൽ മണിക്കൂറുകളോളം നിർത്തുകയും ചെയ്യുന്നതുകൊണ്ട് തന്നെ അവൻ എപ്പോഴും നിഷേധിയായിയാണ് ജീവിച്ചുകൊണ്ടിരുന്നത്. അവന് ഭൂമിൽ മൂന്നു ശത്രുക്കൂള ഉണ്ടായിരുന്നുള്ളു  പിതാവും മാതാവും അവരുടെ നായ ബ്രൂണോയും.

ആദ്യമെല്ലാം ബ്രൂണോയുടെ ജീവിതം സന്തോഷകരവും അഭിമാനകരവുമായിരുന്നു. 

അവരുടെ വീട്ടിൽ എന്നും ഉച്ചക്ക് ഭക്ഷണത്തിനായിവരുന്ന തിമ്മയ്യക്ക് അടുത്ത ജന്മം ബിസ്റ്റോയെപ്പോലെ ഒരു നായയായി ജനിക്കാനായിരുന്നു ആഗ്രഹം. ബിൽഗോമസിൻെറ കാൽച്ചുവട്ടിൽ ഘനഗാംഭീര്യത്തോടെ താൻ ഭക്ഷണം കഴിക്കുന്നത് നോക്കിക്കിടക്കുന്ന നായയെ അയാൾആരാധനയോടെയാണ് നോക്കിക്കണ്ടിരുന്നത്.

ബ്രൂണോക്കും തിമ്മയ്യയോട് അനുകമ്പയുണ്ടായിരുന്നു. അവൻ അയാളെ കാണുമ്പോൾ കുരക്കാതെ കരുണാമയനാകാറുണ്ട്. 

ബിൽ ഗോമസ് എന്നും  ചാരു കസേരയിൽ മലർന്നു കിടന്ന് മറ്റെല്ലാവരും കേട്ടുമടുത്ത പട്ടാളക്കഥകൾ പറയുമായിരുന്നു. ഒരു നല്ല ശ്രോതാവായി, തെല്ലും മടുപ്പു കാണിക്കാതെ അവനെല്ലാം കേൾക്കുമായിരുന്നു. ശത്രുവിന് നേരെ ചീറിപ്പായുന്ന വെടിയുണ്ടകളും, തീമഴ പെയ്യിക്കുന്ന ബോംബുകളും  യജമാനൻ പറയുന്ന വാക്കുകളിലൂടെ അവൻ കണ്ടു.

അപൂർവ്വമായി മാത്രം  അവനും ലോകത്തോട് പല തത്വശാസ്ത്രങ്ങളും ഉറക്കെ വിളിച്ചു പറയുമായിരുന്നു. പക്ഷേ ഒരു നായയുടെ കുര മാത്രമായി ലോകം അതിനെ കാണുന്നതിനെക്കുറിച്ച് അവന് വലിയ പ്രതിഷേധമുണ്ടായിരുന്നു.

അവൻെറ ജീവിത്തിൽ ആദ്യ ദുരന്തമുണ്ടാകുന്നത്  ഹെന്നയുടെ മരണമാണ്. തൻെറ വായിൽ ഭക്ഷണം നൽകുന്നതിനിടയിൽ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു അവർ. ആ മരണം ബിൽ ഗോമസിനും വലിയ ആഘാതമായിരുന്നു. രാത്രിയിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന അയാളുടെ കട്ടിലിനു കീഴെ അസ്വസ്ഥനായി അവനും കിടന്നു.

"നിനക്കും ഉറങ്ങാൻ കഴിയുന്നില്ല. അല്ലേ"  എന്ന് ചോദിച്ചുകൊണ്ട് അന്ന് ആദ്യമായി അയാൾ താൻ കുടിക്കുന്ന മദ്യം അവനും നൽകി. യജമാനൻ തരുന്നതെന്തും അത് വിഷമാൽപ്പോലും കുടിക്കാൻ സന്നദ്ധനായ അവൻ ഇഷ്ടപ്പെടാത്ത മണവും രുചിയുമായിട്ടുകൂടി ആ ദ്രാവകം നക്കി നക്കി കുടിച്ചു. കുടിച്ചു കഴിഞ്ഞപ്പോൾ എല്ലാത്തലിലും ഒരു ലാഘവം തോന്നിയ അവൻ പെട്ടെന്ന് ഉറക്കത്തിലേക്ക് വഴുതി വീണു. പിന്നീട് അതൊരു നിത്യ സംഭവമായി മാറി. ഒരു പക്ഷേ എന്നും രാത്രി ഉറങ്ങുന്നതിനു മുൻപ് യജമാനുമൊത്ത് മദ്യപിച്ചിരുന്ന നായ ലോകത്ത് ബിസ്റ്റോ  മാത്രമായിരിക്കാം. 

വർഷങ്ങൾക്കു ശേഷം രണ്ടാമത്തെ ദുരന്തം അവനെ തേടിയെത്തി. അത് ബിൽഗോമസിൻെറ മരണമായിരുന്നു. വാർദ്ധാക്യം രണ്ടു പേരെയും അവശരാക്കാൻ തുടങ്ങിയിരുന്നു.  

ഒരു ചരമ വാർഷിക ദിനത്തിൽ ബിൽ ഗോമസ്  അമിതമായി മദ്യപിച്ചിരുന്നു. ഗ്രാമഫോണിൽ നിന്നും ഒഴുകിയെത്തിയ പിങ്ക്ഫ്ളോയിഡിൻെറ വിഷാദം കർന്ന പതിഞ്ഞ താളത്തോടൊത്ത് അയാൾ ചുവടുകൾവെച്ചു. മദ്യ ലഹരിയിലായിരുന്ന അവനും അറിയാവുന്ന രീതിയിൽ അയാളെ അനുകരിച്ച് നൃത്തത്തിൽ പങ്കുചേർന്നു. നൃത്തത്തിനൊടുവിൽ അയാൾ കിടക്കയിൽ വീണ് ഉറങ്ങിയതാണ്. പിന്നെ ഒരിക്കലും ഉണർന്നതേയില്ല.

ബിൽ ഗോമസിെൻറ മരണ ശേഷം ബ്രൂണോ രണ്ടു ദിവസം ഒന്നും കഴിച്ചില്ല. യജമാനൻ യൂണിഫോമിട്ട് നിൽക്കുന്ന ഫോട്ടോ നോക്കി അവൻ വിഷാദത്തിൽ മുങ്ങിക്കിടന്നു. മൂന്നാം നാൾ ഡിസെൽവ പിതാവ് തന്നെ അടിച്ച ബൽറ്റ് കൊണ്ട് ബിസ്റ്റോയെ പൊതിരെ അടിച്ചുകൊണ്ട് അയാളുടെ പക തീർത്തു. നിർദ്ദാക്ഷിണ്യം അവനെ വീട്ടിൽ നിന്നും ഷൂസിട്ട കാലുകൊണ്ട് ചവിട്ടി പുറത്താക്കി   അവനു പിറകിൽ വാതിലുകൾ കൊട്ടിയടച്ചു. ആദ്യമായി പുറത്തെ തണുപ്പിൽ ശരീരത്തിലും മനസ്സിലുമേറ്റ മുറിപ്പാടുകളുമായി അനാഥനായി,  വേദനയോടെ അവൻ കിടന്നു. അവഗണനയുടെയും പീഢനങ്ങളുടെയും ദിനങ്ങളായിരുന്നു പിന്നെ  ബ്രൂണോക്ക് നേരിടേണ്ടി വന്നത്. ഒരു ദിവസം ഉച്ചഭക്ഷണത്തിനായി വന്ന തിമ്മയ്യയോട്"  ഇവനെ നിനക്ക് തരാം.. എവിടെയെങ്കിലും കൊണ്ടു പോയി കളഞ്ഞിട്ട് വാ.." എന്നു പറഞ്ഞ് ഡിസെൽവ ബ്രൂണോയുടെ കഴുത്തിലൊരു കയറുകെട്ടി തിമ്മയ്യക്ക് കൊടുത്തു. തിമ്മയ്യക്ക് സന്തോഷമായി.അയാൾ അതിനു പ്രതിഫലമായി അരയിൽ തിരുകിയിരുന്ന അരക്കുപ്പി വാറ്റു ചാരയം ഡിസെൽവക്കു നൽകി. 

അപമാന ഭാരത്താൽ കുനിഞ്ഞ ശിരസ്സുമായി ബ്രൂണോ തിമ്മയ്യക്കു പിറകെ നടന്നു. ലോകം കീഴ്മേൽ മറിയുന്നതുപോലെ ബ്രൂണോക്കു തോന്നി. വഴി നീളെ പലരും അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു. ലോകം മുഴുവൻ കാണട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ട്  തല ഉയർത്തിപ്പിടിച്ചാണ് തിമ്മയ്യ അന്ന്  നടന്നത് . തൊലി ഉരിഞ്ഞു പോകുന്നപോലെ ബ്രൂണോക്ക് അനുഭവപ്പെട്ടു. നടന്നു നടന്ന് അവൻെറ കാലിനടിയിലെ തൊലിയടർന്ന് ചോര കിനിയാൻ തുടങ്ങിയിരുന്നു. 

നഗരത്തിലേക്കു പോകുന്ന വഴി തിമ്മയ്യ ഒരു മദ്യഷോപ്പിൽ കയറി മദ്യം വാങ്ങി. മദ്യക്കുപ്പികൾ അയാളുടെ അരയിൽ തിരുകി.അടുത്തുള്ള ഹോട്ടലിൽ നിന്നും രാത്രി ഭകക്ഷണവും പൊതിഞ്ഞു വാങ്ങി. അന്നു രാത്രി ഒരു പാലത്തിെൻറ ചുവട്ടിലാണ് തിമ്മയ്യ കിടക്കാൻ ഇടം കണ്ടെത്തിയത്. ചപ്പും ചവറും മാലിന്യങ്ങളും നിറഞ്ഞ അസഹ്യ ഗന്ധമുള്ള ഒരു സ്ഥലമായിരുന്നു അത്. ബ്രൂണോക്ക് ഛർദ്ദിക്കാൻ വന്നു.

മദ്യം കുടിച്ച ശേഷം അയാൾ വലിച്ചു വാരി തിന്നാൻ തുടങ്ങി. ഇലയിൽ അവശേഷിച്ച ഇത്തിരി ചോറും മീൻമുള്ളും അയാൾ ബ്രൂണോയുടെ മുന്നിലെറിഞ്ഞ് അലറി " തിന്നടാ.." 

നല്ല വിശപ്പുണ്ടായിരുന്നെങ്കിലും ബ്രൂണോ വെറുപ്പോടെ തലതിരിച്ചു. അത് പുതിയ യജമാനൻ തിമ്മയ്യക്ക് ഇഷ്ടപ്പെട്ടില്ല . അയാൾ അടുത്തു കണ്ട ഒരു വടിയെടുത്ത് അവനെ തല്ലാനാഞ്ഞു. പെട്ടെന്ന് ബ്രൂണോയുടെ രക്തം തിളച്ചു. പണ്ട് ബിൽഗോമസുമൊത്ത് കാട്ടുപന്നികളെ വേട്ടയാടാൻ പോയ കാലത്തെ ശൌര്യം അവനിൽ നിറഞ്ഞു. മുരണ്ടുകൊണ്ട് അവൻ തിമ്മയ്യക്കു നേരെ ചാടി. തിമ്മയ്യ ജീവനും കൊണ്ട് ഓടിമറയുന്ന കാഴ്ച അവൻ കണ്ടു.

നഗരം ഉറങ്ങാൻ തുടങ്ങിയിരുന്നു. കഴുത്തിൽ കെട്ടിയ ഒരു മുഴം കയറുമായി ആത്മഹത്യ ചെയ്യാൻ ഇടം തേടുന്ന ഉന്മാദിയെപ്പോലെ  ബ്രൂണോ നഗര വീഥികളിലൂടെ അലഞ്ഞു. തെരുവുനായ്ക്കളുടെ ഒരു സംഘം ബ്രൂണോയെ അത്ഭുതത്തോടെ നോക്കിക്കൊണ്ട് അതു വഴി കടന്നുപോയി. പകൽ കാണുന്ന മുഖമായിരുന്നില്ല രാത്രി നഗരത്തിന്. കള്ളന്മാരുടെ, കഞ്ചാവു വില്പനക്കാരുടെ, മാംസം വിൽക്കുന്നവരുടെയൊക്കെ സംഘങ്ങൾ നഗര വീഥികളെ കീഴടക്കാൻ തുടങ്ങിയിരുന്നു. എല്ലാം കണ്ടും കേട്ടും മൂകസാക്ഷിയായി അവൻ അലഞ്ഞു. നേരം പുലരും വരെ വിശപ്പും ദാഹവും തളർത്തിയ ശരീരവുമായി അവൻ എവിടെയൊക്കയോ  കഴിച്ചുകൂട്ടി. 

നേരം പുലർന്നപ്പോൾ  ഓരോ വീടിൻെറയും അടച്ചിട്ട ഗൈറ്റിനു മുന്നിൽ പ്രതീക്ഷയോടെ ബ്രൂണോ നിന്നു. ചിലർ അവൻെറ വലിയ രൂപം കണ്ട് ഭയന്നു, മറ്റു ചിലർ അത്ഭുതപ്പെട്ടു. ആരും അവനെ സ്വീകരിക്കാൻ തയ്യാറായില്ല.

"പോ..പോ.." എന്നു പറഞ്ഞ് അവർ അവനെ ആട്ടിയോടിച്ചു. ആത്മനിന്ദയുടെ തീച്ചൂളയിൽ വീണ് ബ്രോണോയുടെ മനസ്സ് വെന്തു. ചീറിപ്പാഞ്ഞു വരുന്ന ഏെതെങ്കിലും വാഹനത്തിനു മുന്നിലേക്ക് ചാടിയാലോ എന്നുപോലും ബ്രൂണോ ഒരു നിമിഷം ച്ന്തിച്ചുപോയി. പെട്ടെന്നുത്തന്നെ അവനതു തിരുത്തി. ഭീരുവായ ബ്രൂണോയായി മരിക്കാൻ അവന് താല്പര്യമില്ലായിരുന്നു. എല്ലാറ്റിനേയും ധീരതയോടെ നേരിടാൻ തന്നെ അവൻ തീരുമാനിച്ചു..

അപ്രതീക്ഷിതമായാണ് ഒരു വലിയ വീടിൻെറ മുറ്റത്ത് പൂച്ചെടികൾക്ക് നനച്ചുകൊണ്ടിരിക്കുന്ന വൃദ്ധയെ അവൻ കണ്ടത്. അവർ പൂക്കളോടും ചെടികളോടും സംസാരിക്കുന്നത് അവൻ കേട്ടു അവനെ കണ്ടപ്പോൾ പല്ലില്ലാത്ത മോണകാട്ടി അവർ ചിരിച്ചു.

"എന്താ വിശേഷം?"  എന്നവർ കയ്യുയർത്തി ചോദിച്ചു  അടുത്ത നിമിഷം അവർ കാൽ തെന്നി വീഴുന്നത് അവൻ കണ്ടു. എഴുന്നേൽക്കാൻ ശ്രമിച്ചിട്ടും അവർക്കതിനു കഴിഞ്ഞില്ല.അത്രമാത്രം അശക്തയായിരുന്നു അവർ. സഹായത്തിനായി പണിക്കാരെ വിളിച്ചിട്ടും ആരുമവരുടെ ദുർബലമായ ശബ്ദം കേട്ടില്ല. സമയം ഒട്ടും പാഴാക്കാതെ ബ്രൂണോ മതിൽ ചാടികന്ന്  അവരുടെ അടുത്തേക്കോടി.

ഓടിയടുക്കുന്ന തന്നെ കണ്ടിട്ടും അവർ അല്പം പോലും ഭയക്കാത്തതും സ്നേഹപൂർവ്വം ചിരിച്ചതും അവനെ അത്ഭുതപ്പെടുത്തി. അവരുടെ കണ്ണുകളിൽ നിറയെ കരുണയും വാത്സല്യവും അവൻ കണ്ടു.

അവർക്കരികിൽ സ്നേഹത്തോടെ വാലാട്ടി ആദരവോടെ തലകുനിച്ച് അവൻ നിന്നു. അവർ പതുക്കെ കൈകൾ നീട്ടി അവ ൻെറ നെറ്റിയിൽ തൊട്ടു. എന്നിട്ട് മെല്ലെ സ്നേഹപൂർവ്വം തലോടി. അതോടെ അവൻ അവരുടെ സംരക്ഷണ ചുമതല സ്വയം ഏറ്റെടുത്തു. സാധാരണ അധികം കുരക്കാത്ത അവൻ  കുരച്ചു കൊണ്ട് അവരുടെ വീടിനടുത്തേക്കോടി. അവൻെറ കുര കേട്ട് ഓടിയെത്തിയ പണിക്കാരി   ഭീമാകാരനായ അവനെയും വീണു കിടക്കുന്ന ഗൃഹനാഥയേയും കണ്ട് ഭയന്ന് നിലവിളിക്കാൻ തുടങ്ങി.

"ഇങ്ങോട്ടു പോരൂ.. അവൻ ഒന്നും ചെയ്യില്ല.നല്ല കുട്ടിയാ.." ഗൃഹനാഥ പണിക്കാരിയോട് പറഞ്ഞു. അവനും വാലാട്ടിക്കൊണ്ട് സ്നേഹം കാണിച്ചു. പണിക്കാരി അവരെ താങ്ങിയെടുത്ത് അകത്തെക്കു കൊണ്ടു പോയി. അവരെ അനുഗമിച്ച അവനോട് വീടിനുള്ളിലേക്കു കയറുന്ന സമയം ഗൃഹനാഥ " കുട്ടൻ വരൂ.." എന്നു പറഞ്ഞ് അകത്തേക്ക് ക്ഷണിച്ചു. അതോടെ ബിൽഗോമസിൻെറ ബ്രൂണോ അമ്മിണി വാരസ്യാർ എന്നു പേരുള്ള ഗൃഹനാഥയായ വൃദ്ധയുടെ കുട്ടനായി മാറി. 

അവന് അകത്ത് കിടക്കാൻ ഒരു പുൽപ്പായ കിട്ടി. രാവിലെ വയറു നിറയെ ഇഡ്ഡലിയും,ഉച്ചക്ക് സാമ്പാറും തൈരും പപ്പടവുമുള്ള ചോറും ,രാത്രി ചപ്പാത്തിയും ഒരു പാത്രം പാലും കിട്ടി.ആദ്യം അല്പം ബുദ്ധിമുട്ടിയെങ്കിലും പൂർണ്ണ മാംഭുക്കായിരുന്ന അവൻ പൂർണ്ണ സസ്യഭുക്കായി മാറി. രാവിലെയും വൈകുന്നേരവും രാമായണവും ഭാഗവതവും അമ്മിണി വാരസ്യാരുടെ പരായണത്തിലൂടെ അവൻ കേട്ടു.

പട്ടാളക്കാരുടെയും, തോക്കിൻെറയും, പീരങ്കിയുടെയുടെയും ഭാവനാ ലോകത്തു നിന്നും പുരാണങ്ങളുടെ ലോകത്തേക്ക് അവൻ പാലായനം ചെയ്തു. നാളുകൾക്കു ശേഷം വരസ്യാർ  കിടപ്പിലായി. പരിചാരിക്കാൻ അവനും പങ്കുചേർന്നു. അവർക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ആദ്യം വിളികേൾക്കുന്നത് അവനായിരുന്നു. അവൻ ഉടൻതന്നെ മറ്റു പരിചാരകരെ കുരച്ചുണർത്തുമായിരുന്നു.

വരസ്യാരുടെ വിദേശത്തുള്ള ഒരേ ഒരു മകൾ തിരിച്ചു വന്നപ്പോൾ മനുഷ്യരേക്കാൾ ആത്മാർത്ഥതയോടെ അമ്മയെ പരിചരിക്കുന്ന അവനെ കണ്ട് അതിശയിച്ചുപോയി. പക്ഷേ വീടിനുള്ളിൽ ഒരു നായ താമസിക്കുന്നത് മകൾക്കത്ര ഇഷ്ടപ്പെട്ടില്ല. 

മഴ കോരിച്ചൊരിയുന്ന ഒരു കർക്കിടകമാസ രാത്രിയിൽ രാമനാമം   ചൊല്ലിക്കൊണ്ടിരുന്ന അമ്മിണി വാരസ്യാർ നാമജപങ്ങൾ മാത്രം മുഴങ്ങുന്ന ഒരു ലോകത്തേക്ക് നിശ്ശബ്ദം യാത്രയായി. അങ്ങിനെ ബ്രൂണോ വീണ്ടും അനാഥനായി. അമ്മിണി വാരസ്യാരുടെ മകൾ അത്ര ക്രൂരയായിരുന്നില്ല. അവൾ ബ്രൂണോക്കു വേണ്ടി വീടിനു പുറത്ത് വലിയ ഒരു കൂടു പണിയിച്ചു. അവനെ അതിനുള്ളിലാക്കി അടച്ചു. മൂന്നു നേരവും അവന് ഭക്ഷണം കിട്ടി. കുട്ടിനുള്ളിലെ ജീവിതവും സ്നേഹിക്കുന്നവരുടെ വേർപ്പാടും വാർദ്ധ്യാക്യവും അവനെ പെട്ടന്ന രോഗാതുരനാക്കി.

ഏകാന്തത അവനു ചുറ്റും ഇരുണ്ടുവരണ്ട വലയങ്ങൾ തീർത്തു. രോഗങ്ങൾ വരുമ്പോഴെല്ലാം വെറ്ററിനറി സർജനെ അവർ കൊണ്ടു വന്നു. അദ്ദേഹമവന് ഇഞ്ചക്ഷനുകൾ നൽകി,കുടിക്കാൻ സിറപ്പുകൾ നൽകി. സാവകാശം നെറ്റിയിലും ശരീരത്തിലുമെല്ലാം സ്നേഹത്തോടെ തലോടി. പതിഞ്ഞ സ്വരത്തിൽ അവൻെറ കാതിൽ ആശ്വാസ വാക്കുകൾ ചൊല്ലി. ദിവസങ്ങൾ കഴിയും തോറും ബ്രൂണോയുടെ ആരോഗ്യസ്ഥിതി മോശമാകാൻ  തുടങ്ങി.    

 കാഴ്ച മങ്ങി,ശരീരം മരുന്നിന് പ്രതികരിക്കാതായി. ആന്തരികാവയവങ്ങൾ പണിമുടക്കാൻ തുടങ്ങി. തൊലി ഉരിഞ്ഞു പൊട്ടി. വേദന കടിച്ചു പിടിച്ച് ഒന്നു ഞരങ്ങുവാൻ പോലുമാകാതെ അവശനായി അവൻ കിടന്നു. അവസാനമായി ഒരു ദിവസം ഡോക്ടർ അവനെ കാണാൻ വന്നു. 

"ഇവൻെറ ഈ കിടപ്പു കണ്ടിട്ട് സഹിക്കുന്നില്ല ഡോക്ടർ. ഇവനെ ഒന്ന് വേദനയില്ലാതെ കൊന്നു തരുമോ ? "

യജമാനത്തിയുടെ മകൾ ഡോക്ടറോട് ചോദിക്കുന്നത് അവൻ കേട്ടു.

"സോറി ..മൈ ഫ്രൻറ് എനിക്ക് നിന്നെ സഹായിക്കുവാൻ കഴിയുന്നില്ലല്ലോ..സോറി..സോറി.."

ഡോക്ടർ ഞരമ്പിലേക്ക് രണ്ട് മരുന്നുകൾ കുത്തി വെക്കുന്നത് അവനറിഞ്ഞു. തൻെറ തലയിൽ ഡോക്ടറുടെ കരുണയുടെ വിരലുകൾ തഴുകുന്നതും സോറി എന്നവാക്ക് ചെവിയിൽ വീണ് ചിതറുന്നതും  അവനറിഞ്ഞു. മയക്കത്തിലേക്ക് വീണുപോകുന്നതായും പതിയെ പതിയെ എല്ലാം നേർത്തു നേർത്തു വരുന്നതായും അവന് തോന്നി. സ്നേഹത്തിൻെറയും, കരുണയുടെയും ലോകം തന്നെ മാടി വിളിക്കുന്നതും അവിടെ തനിക്കു പ്രിയപ്പെട്ടവർ തന്നെ കാത്തിരിക്കുന്നതും അടഞ്ഞുപോകുന്ന മിഴികളിലൂടെ ബ്രൂണോ കണ്ടു.  

കൂടുതൽ വായനയ്ക്ക്

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter