മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

(Saraswathi T)

യതോധർമസ്തതോജയ മന്ത്രമുതിരുന്ന-
തെൻ കാതിലിന്നും മുഴങ്ങുന്ന നാദമായ്

ഇന്നീ കുരുക്ഷേത്ര സംഗര ഭൂമിയിൽ
വീണുകിടക്കുകയാണു ഞാനെങ്കിലും

ഒരു തിരശ്ശീലയിലെന്നപോൽചിത്രങ്ങ-
ളെത്രയെന്നോ തെളിയുന്നതിന്നോർമയിൽ

സോദരന്മാരൊത്തു രമ്യഹർമ്യങ്ങളിൽ
മോഹനമായ വനാന്തരശോഭയിൽ

ഏറിയമോദാലതികൗതുകത്തൊടേ
നാളുകൾപോയതറിയാദിനങ്ങളിൽ!

അന്ധപിതാവിന്റെയന്നത്തെവാത്സല്യ -
മെങ്ങോനയിച്ചതാണന്നെൻമനസ്സിനെ

അന്നു നീ തന്നതില്ലമ്മേ ദിശാബോധ -
മിത്തിരിയെങ്കിലുമീയുള്ളവനായി

നന്മമനസിൽ പകരേണ്ടയാൾതന്നെ
യേതോവിമൂകപ്രതിഷേധമാർന്നപോൽ

നേത്രയുഗ്മത്തെയും മൂടി നിശ്ശബ്ദയായ്
അന്ത: പുരംപൂകി പിന്നെന്തുചെയ്തിടാൻ!

സാധ്വിയാണെങ്കിലും നേർവഴികാണാതെ
സീമന്തപുത്രനും സോദരന്മാരുമായ്

എത്രയപഥ സഞ്ചാരമധർമങ്ങൾ
എത്രയോ കണ്ണുനീർവീഴ്ത്തിയീ മണ്ണിലായ്!

ഗാന്ധാരരാജന്റെയേഷണിയത്രയും
പാകതയോരാത്ത കർണപുടങ്ങളിൽ

തേൻമൊഴിയായി കുളിർമനൽ കീ, അതു
പാടേപതിഞ്ഞു പോയൂൾത്തടംതന്നിലായ്!

പൂജ്യരായുള്ളവരേറെ നിരന്നൊരാ
രാജസദസ്സിലന്നേറെയഹങ്കാര-
മോടെയാപാഞ്ചാലകന്യകാരത്നത്തെ
മാതൃസമാനയാം ധീരവനിതയെ

ചേലാഞ്ചലത്തിലായ് ,വാർകുന്തളത്തിലായ്
വാശിയോടെ വലിച്ചേറെയിഴച്ചനാൾ

എന്തെന്റെയമ്മേയരങ്ങത്തു വന്നില്ല -
യെന്നെയന്നെന്തേവിലക്കിയതില്ല നീ...?

ദുർമതിയാർന്നൊരീപുത്രന്റെ ചെയ്തികൾ
അന്നേ തടഞ്ഞിരുന്നെങ്കിലിന്നീവിധം

പാതിജഡമായിമണ്ണിലിഴയുന്നൊ-
രീവിധിമാറ്റിടാമായിരുന്നില്ലയോ?

സ്വാർത്ഥനാം താതന്റെമാനസത്തിൽനിന്നു -
മന്ധകാരംപകർന്നേകിയീപുത്രനും ....

ഇത്തിരി വെട്ടത്തിനായ്കൊതിെച്ചങ്കിലും
ദു:ഖത്തൊടൊപ്പമായന്ധകാരത്തെയും
സ്വച്ഛമായന്നാ പരിണയത്തോടൊപ്പ -
മമ്മേവരിച്ചവൾഎങ്ങനെ നൽകുവാൻ!

നേർവഴിവിട്ടു ചരിക്കുന്നമക്കൾക്കു
ധർമോപദേശങ്ങൾ കാതിലെത്തീടുമോ ....?

വാത്സല്യപൂർവ്വമായ് നീയെന്നെയെങ്കിലും
ചേർത്തൊന്നണച്ചുനിൻ നന്മനൽകീടുകിൽ
ആ ലാളനത്തിന്റെയോർമകളെന്നിൽ
കുളിരാർന്നു നിന്നുതളിർത്തേനെ
പിന്നെത്തണലായി നിന്നുഞാൻ
കൂടപ്പിറപ്പുകൾക്കൊക്കെയും നേർവഴികാട്ടി

ചരിത്രത്തെമാറ്റിടാനൊട്ടുകഴിഞ്ഞേനെ-
യെന്നുതോന്നുന്നമ്മേ ...

കുറ്റപ്പെടുത്തിയതല്ല ജനനിനീ
വിശ്വൈകധാത്രി പോലത്ര പരിപൂർണ !

തൻമക്കളെപ്പോലെമറ്റുകിടാങ്ങളെ-
യെന്നുമേ നെഞ്ചോടുചേർത്തുപിടിച്ചവൾ!

പാതി മരിച്ചതനുവോടെ വിങ്ങും
മനസ്സുമായ് നിന്നെയെന്നമ്മേ നമിപ്പു ഞാൻ!

വീര സ്വർഗത്തിലേക്കെന്നെ നയിക്കുവാൻ
ആരോ വരുന്നുണ്ടതല്ലയെൻ മോദത്തി -
നേറെഹിതകരം ഗാന്ധാരപുത്രിനിൻ
പാവനമാം കരമെന്നെതലോടട്ടെ,
മാതാവിനങ്കത്തിൽഞാൻമയങ്ങീടട്ടെ!

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter