മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

ജീവിച്ചിരിക്കെത്തന്നെ ചരിത്രത്താളുകളിലും പുരാവൃത്തങ്ങളിലും ഇടം പിടിച്ച മഹാൻ - ഫിദൽ കാസ്ട്രോയുടെ തൊണ്ണൂറ്റി നാലാം ജന്മദിനമായിരുന്നു ഇന്നലെ.1926ആഗസ്ത് 13ന് ക്യൂബയിലെ ഓറിയന്റെ പ്രവിശ്യയിലെ ബിറൻ എന്ന സ്ഥലത്താണ് ഫിഡൽ കാസ്ട്രോ ജനിച്ചത്. ഫിഡൽ അലെജാൻഡ്രോ കാസ്ട്രോ റൂസ് എന്നാണ് മുഴുവൻ പേര്. പിതാവ് സ്പെയിൻകാരനായ ഏഞ്ചൽ കാസ്ട്രോ. മാതാവ് ക്യൂബക്കാരിയായ ലിനാറുസ് ഗോൺസാലസ്. കാസ്ട്രോയുടെ പ്രാഥമിക വിദ്യാഭ്യാസം സാന്റിയാഗോ ദെ ക്യൂബയിലെ കത്തോലിക്കാ സ്കൂളിലായിരുന്നു. ഹവാനയിലെ ബേലെൻ സ്കൂളിൽനിന്നു ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. നിയമപഠനത്തിനായി 1945ൽ ഹവാന യൂണിവേഴ്സിറ്റിയിൽ ചേർന്നു. 1950ൽ നിയമബിരുദം കരസ്ഥമാക്കിയതിനുശേഷം അഭിഭാഷകവൃത്തിയിലേർപ്പെട്ടു. എന്നാൽ രാഷ്ട്രീയത്തോടും വിപ്ലവപ്രവർത്തനങ്ങളോടുമായിരുന്നു കാസ്ട്രോക്ക് ആഭിമുഖ്യം. അദ്ദേഹം സോഷ്യൽ ഡെമോക്രാറ്റിക് ഓർത്തഡോക്സ് പാർട്ടിയിൽ അംഗത്വം നേടി. ഈ പാർട്ടി പ്രസിഡന്റ് ബാറ്റിസ്റ്റയുടെ ദുർഭരണത്തെ ശക്തിയുക്തമായി വിമർശിച്ചുവന്നു.
 
അട്ടിമറിയിലൂടെ അധികാരത്തിലേറിയ ബാറ്റിസ്റ്റയെ അംഗീകരിക്കാൻ കാസ്ട്രോ തയ്യാറായില്ല. വിപ്ലവകാരികളെ സംഘടിപ്പിച്ച് 1953 ജൂലായ് 26ന് സാന്റിയാഗോ ദെ ക്യൂബയിലെ മൊങ്കാട സൈനികത്താവളം ആക്രമിച്ചു. ഈ ആക്രമണം ദയനീയമായി പരാജയപ്പെട്ടു. ഇതിൽ വിപ്ലവകാരികളിൽ ഏറെപ്പേരും വധിക്കപ്പെട്ടു. കാസ്ട്രോയെ 15 വർഷത്തേയും സഹോദരൻ റൗളിനെ 13 വർഷത്തേയും തടവിന് വിധിച്ചു. മൊങ്കാടാ കേസിന്റെ വിചാരണയ്ക്കിടെയാണ് 'ചരിത്രം എന്നെ കുറ്റവിമുക്തനാക്കു'(history will absolve me)മെന്ന വിഖ്യാതമായ പ്രസ്താവന അദ്ദേഹം നടത്തിയത്. മൊങ്കാടാ ആക്രമണം ഫലംകണ്ടില്ലെങ്കിലും ഇത് കാസ്ട്രോക്ക് വലിയ അംഗീകാരം നേടിക്കൊടുത്തു. 1955ൽ ഭരണകൂടം പൊതുമാപ്പ് നൽകിയതിനെ തുടർന്ന് കാസ്ട്രോയെയും സഹോദരനെയും വിട്ടയച്ചു. മെക്സിക്കോയിലെത്തിയ കാസ്ട്രോ അവിടെവെച്ചും വിപ്ലവത്തിന് കോപ്പുകൂട്ടി.
 
മെക്സിക്കോയിൽവെച്ച് അദ്ദേഹം 26 ഓഫ് ജൂലായ് മൂവ്മെന്റ് എന്ന വിപ്ലവ പ്രസ്ഥാനത്തിന് രൂപം നൽകി. ക്യൂബയിലേക്ക് മടങ്ങാനും ബാറ്റിസ്റ്റക്കെതിരെ പൊരുതാനും പദ്ധതിയിട്ടു. 1956 ഡിസംബറിൽ കാസ്ട്രോ, സഹോദരൻ റൗൾ, ചെഗുവേര തുടങ്ങിയവരടങ്ങുന്ന സംഘം ഒരു ബോട്ടിൽ യാത്രചെയ്ത് ക്യൂബൻ തീരത്തെത്തി. സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കാസ്ട്രോയുടെ സംഘം പരാജയം ഏറ്റുവാങ്ങി. കാസ്ട്രോ ഉൾപ്പെടെ കുറച്ചുപേർ മാത്രമാണ് രക്ഷപ്പെട്ടത്. പർവത പ്രദേശത്തേക്ക് കടന്ന കാസ്ട്രോ ബാറ്റിസ്റ്റ ഭരണകൂടത്തിനെതിരെ ഗറില്ലാ സമരമുറ പ്രയോഗിച്ചു. വിദ്യാർത്ഥികളും നഗരവാസികളുമെല്ലാം ബാറ്റിസ്റ്റക്കെതിരെ തിരിഞ്ഞു. നിവൃത്തിയില്ലാതെ 1959 ജനവരി ഒന്നിന് ബാറ്റിസ്റ്റ പലായനം ചെയ്തു. അങ്ങനെ കാസ്ട്രോ അധികാരത്തിലേറി. 
 
1959 ഫിബ്രവരി 16 മുതൽ 1976 ഡിസംബർ രണ്ടുവരെ പ്രധാനമന്ത്രിയായും അതിനുശേഷം പ്രസിഡന്റായും അദ്ദേഹം ക്യൂബ ഭരിച്ചു. രാഷ്ട്രത്തിന്റെ സർവ്വസൈന്യാധിപനും കാസ്ട്രോയായിരുന്നു. താൻ മാർക്സിസ്റ്റ്- ലെനിനിസ്റ്റാണെന്നും ക്യൂബ കമ്യൂണിസം സ്വീകരിക്കുകയാണെന്നും അദ്ദേഹം 1961ൽ പ്രഖ്യാപിച്ചു. കെന്നഡിക്ക് സോഷ്യലിസം ഇഷ്ടപ്പെടാത്തതുപോലെ തനിക്ക് സാമ്രാജ്യത്വത്തോടും മുതലാളിത്തത്തോടും പുച്ഛമാണെന്നും അദ്ദേഹം പറഞ്ഞു. കാസ്ട്രോക്ക് കീഴിൽ ക്യൂബ ഒരു കക്ഷിമാത്രം നിലവിലുള്ള സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി.
അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്ന് 216 കി.മീ തെക്കായിട്ടാണ് ക്യൂബ സ്ഥിതി ചെയ്യുന്നത്. എന്നാൽ യു.എസും ക്യൂബയും മാനസികമായി കോടിക്കണക്കിന് മൈലുകൾ അകലമുണ്ട്. ബാറ്റിസ്റ്റ പലായനം ചെയ്തതോടെ ക്യൂബയും യു.എസും തമ്മിലുണ്ടായിരുന്ന സ്നേഹബന്ധം അവസാനിച്ചു. പാശ്ചാത്യ ലോകത്തുനിന്നും ക്യൂബയെ എന്നും അങ്കിൾസാം ഒറ്റപ്പെടുത്തി. ക്യൂബയെ സാമ്പത്തികമായി തളർത്താൻ അതിന്റെ പിറവി മുതൽ തന്നെ യു.എസ് കൊണ്ടുപിടിച്ച ശ്രമങ്ങളാരംഭിച്ചു. സോവിയറ്റ് യൂണിയനിൽ നിന്നും ഇറക്കുമതി ചെയ്യുന്ന പെട്രോളിയം നിരസിക്കാൻ ക്യൂബയിലെ ഓയിൽ റിഫൈനറികളോട് യു.എസ്. ആവശ്യപ്പെട്ടു.
 
ക്യൂബയുടെ ജീവനാഡിയായ പഞ്ചസാര വ്യവസായത്തിനും യു.എസ്. പ്രശ്നങ്ങൾ സൃഷ്ടിച്ചു. ബേ ഓഫ് പിഗ്സ് ആക്രമണം, ക്യൂബൻ മിസൈൽ പ്രതിസന്ധി എന്നിവ ഇരു രാഷ്ട്രങ്ങളെയും കൂടുതൽ അകറ്റി. 1961 ജനവരിയിൽ യു.എസുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും ക്യൂബ വിച്ഛേദിച്ചു. ഹവാനയിലെ യു.എസ്. എംബസിയിലെ ജീവനക്കാരോട് രാജ്യം വിടാനും കാസ്ട്രോ ആവശ്യപ്പെട്ടു. 1962ൽ ക്യൂബക്കെതിരെ യു.എസ് ഉപരോധം ഏർപ്പെടുത്തി. ഈ ഉപരോധം കൊച്ചു ക്യൂബയെ വല്ലാതെ തളർത്തി. കാസ്ട്രോയെ വധിക്കാൻ അമേരിക്കയുടെ ഭാഗത്തുനിന്ന് നിരവധി ശ്രമങ്ങളുണ്ടായി. രാജ്യത്ത് ജനാധിപത്യം നടപ്പാക്കുന്നതിന് കാസ്ട്രോ തടസ്സമായി ചൂണ്ടിക്കാട്ടിയത് ഏതു സമയത്തുമുണ്ടായേക്കാവുന്ന യു.എസ്. ഇടപെടലായിരുന്നു.
 
ഫിദൽ കാസ്ട്രോയെന്ന ഇതിഹാസ പുരുഷന്റെ ജീവിതകഥ 'മൈ ലൈഫ്' എന്ന പേരിൽ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത് ഇഗ്നേഷ്യോ റമോണെറ്റ് എന്ന പത്രപ്രവർത്തകനായിരുന്നു. കാസ്ട്രോയുമൊത്ത് റമോണെറ്റ് രചിച്ച മൈ ലൈഫ് 2006 ലാണ് പുറത്തിറങ്ങിയത്. രണ്ടു വർഷത്തിനു ശേഷം ഇതിന്റെ ഇംഗ്ലീഷ് പരിഭാഷയും പുറത്തിറങ്ങി.2016 നവംബർ 25 ന് ക്യൂബ തലസ്ഥാനമായ ഹവാനയിൽ വെച്ച് തന്റെ തൊണ്ണൂറാം വയസ്സിൽ അന്തരിച്ചു. ക്യൂബൻ ടിവിയിലൂടെ ഫിദൽ കാസ്ട്രോയുടെ സഹോദരനും ക്യൂബയുടെ നിലവിലെ പ്രസിഡന്റുമായ റൗൾ കാസ്ട്രോയാണ്ഔദ്യോഗികമായി മരണവാർത്ത പുറത്ത് വിട്ടത്.

കൂടുതൽ വായനയ്ക്ക്

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter