മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

Jinesh Malayath

മരംവെട്ടുകാരന്റെ മഴു വീണ്ടും പുഴയിൽ പോയി. ജലകന്യകയെ വിളിച്ച് പ്രാർത്ഥിക്കുന്നത്  ക്ളീഷേ ആയി തോന്നിയതിനാൽ  മരം വെട്ടുകാരൻ  സ്വയം ഒന്ന് ശ്രമിക്കാൻ തീരുമാനിച്ചു. പണ്ടെന്നോ പഠിച്ച സൈനും കോസും തീറ്റയും ഗുണനവും ഹരണവും എല്ലാം കൂടെ കുലുക്കി ഏകദേശം ഒരു സ്പോട്ട് കണ്ടെത്തി.

അങ്ങനെ മരം വെട്ടുകാരൻ പുഴയുടെ ആഴങ്ങളിലെത്തി പരതാൻ തുടങ്ങി. അശ്രാന്തപരിശ്രമങ്ങൾക്കിടയിൽ അവന്റെ കൈ എന്തിലോ തട്ടി. ഒരു പെട്ടി! എങ്ങനെയൊക്കെയോ വലിച്ച് കരക്കെത്തിച്ച പെട്ടി തുറന്നു നോക്കിയ അവൻ സ്തബ്ധനായി!നിറയെ സ്വർണബിസ്കറ്റുകൾ! അവൻ ചുറ്റും നോക്കി. ഇല്ല. ജലകന്യകയെ അവിടെ ഒന്നും കാണാനില്ല. മഴു പുഴയിൽ പോയാൽ സ്വർണം കിട്ടുമെന്നത് നിയമമാണെന്ന് അവന് മനസിലായി.

ഉറക്കമില്ലാത്ത രാവുകൾക്കും പകലുകൾക്കുമൊടുവിൽ അവൻ ഒരു ബിസ്കറ്റ് എടുത്തു വിൽക്കുവാൻ തീരുമാനിച്ചു. പാത്തും പതുങ്ങിയും പട്ടണത്തിലെ സ്വർണക്കടക്കാരന്റെ മുന്നിൽ കാര്യമവതരിപ്പിച്ചു. കുറേ നേരത്തെ ഉരക്കലുകൾക്കും മുറിക്കലുകൾക്കുമൊടുവിൽ അദ്ദേഹം ഒരു വില നിശ്ചയിച്ചു. സൈനും കോസും തീറ്റയും അവിടെ പ്രയോഗിക്കാൻ മനോഭയം സമ്മതിക്കാത്തതിനാൽ കിട്ടിയതും വാങ്ങി അവൻ നേരെ വീട്ടിലെത്തി. നിരന്തരശ്രമങ്ങൾ ഏതൊരുത്തനെയും തഴക്കമുള്ളവനാക്കുമെന്നാണല്ലോ ചൊല്ല്. അങ്ങനെ അവൻ അഞ്ചാറ് ബിസ്കറ്റുകൾ പലയിടങ്ങളിലായി വിറ്റ് പണമാക്കി. ഒടുവിൽ മരംവെട്ടുകാരൻ ആ നഗ്നസത്യം മനസ്സിലാക്കി. താൻ ഒരു പണക്കാരനായിരിക്കുന്നു.

പിന്നീടങ്ങോട്ട് വില പറയലുകളുടെ പ്രളയമായിരുന്നു. വീടിനും പറമ്പിനും കാറിനും എന്നുവേണ്ട കണ്ണിൽ കണ്ടതിനെല്ലാം അവൻ വില പറഞ്ഞു. എക്സൈസും പോലീസും വീട്ടിൽ വിരുന്നെത്തുന്നതുവരെ.

വിരുന്നുകാർ അവനെ യഥാവിധി സൽക്കരിച്ചതിനു ശേഷം ബിസ്കറ്റ് പെട്ടിയും കൊണ്ട് പോയി. ഒപ്പം അവനെയും.

സ്റ്റേഷനിൽ അവനെ കാത്തുനിന്നിരുന്ന ജൂവലറി മുതലാളിയിൽ നിന്നാണ് അവൻ കാര്യങ്ങളുടെ കിടപ്പ് മനസിലാക്കിയത്.

ഒരു മാസം മുൻപ് പോലീസ് സ്വർണക്കടത്തുകാരെ പിന്തുടർന്നപ്പോൾ രക്ഷപ്പെടാനായി അവർ പുഴയിലെറിഞ്ഞതാണത്രേ ആ പെട്ടി. അന്ന് മുതൽ പോലീസും എക്സൈസും വേഷം മാറി ആ പരിസരങ്ങളിൽ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു.

അങ്ങനെ മരം വെട്ടുകാരൻ അവൻ പോലുമറിയാതെ ഒരു അധോലോകമായി മാറിക്കഴിഞ്ഞിരുന്നു.

കോടതി, കേസ്, ജയിൽ, അമ്മവീടുകളെത്രയോ മാറി മാറി വിരുന്നുണ്ടു. ഒടുവിലെന്നോ അവനെ നിയമം സ്വതന്ത്രനാക്കി.

ജീവിക്കാൻ ഗതിയില്ലാത്ത മരം വെട്ടുകാരൻ വീണ്ടും പുഴയുടെ അടുത്തെത്തി.

ഇത്തവണ അവൻ മനമുരുകി ജലകന്യകയോട് പ്രാർത്ഥിച്ചു. 

ദേവ്യേ..എനിക്കെന്റെ പഴയ മഴു തന്നെ കിട്ടണേ... ഇനിയും തല്ലു കൊള്ളാൻ വയ്യ....

കൂടുതൽ വായനയ്ക്ക്

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter