മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

oldman and cat

അയാൾക്ക് പൂച്ചയെ ഭയങ്കര ഇഷ്ടമായിരുന്നു. രാത്രിയിലെ ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍ അയാൾ സിറ്റൗട്ടില്‍ വന്നിരിക്കും. എന്നിട്ട് മരിച്ചുപോയ ഭാര്യയുടെ ഓര്‍മകള്‍ അയവിറക്കികൊണ്ടിരിക്കും. അന്നേരമത്രയും അയാളുടെ മടിയില്‍ ആ കറുത്ത പൂച്ചയുണ്ടാകും.

ഓര്‍മകള്‍ മങ്ങിത്തുടങ്ങുന്ന നേരത്ത് അയാൾ തന്റെ പേരക്കുട്ടിയെ വിളിക്കും. ആ വീട്ടിൽ തന്നെ ഇഷ്ടപെടുന്ന ഒരാളുണ്ട് എന്നയാൾ പറയുകയാണെങ്കില്‍ അത് അയാളുടെ പേരക്കുട്ടിയായിരിക്കും. അവന് അയാളെ വലിയ കാര്യമാണ്, പക്ഷേ അവനെ അയാളോടൊപ്പം കണ്ടാൽ അവന്റെ അമ്മ അവനെ ചീത്ത പറയും. പക്ഷേ എന്തിനാണ് തന്നെ ചീത്ത പറയുന്നതെന്ന് അവനറിയില്ല.

പതിവ് പോലെ അയാളുടെ ഓര്‍മകള്‍ മങ്ങി തുടങ്ങിയപ്പോള്‍ അയാൾ തന്റെ പേരക്കുട്ടിയെ വിളിച്ചു. അവൻ ഒരു പിടി ചോറും ഒരു മീന്‍മുള്ളുമായി വന്നു. അവനത് നിലത്തിട്ടു. ആ സമയം പൂച്ച അയാളുടെ കെെയ്യില്‍ നിന്നും ചാടി......

ഓട്ടുപുരയില്‍ അയാൾ സന്തോഷവാനായിരുന്നു. അവിടെ ജീവിക്കുമ്പോള്‍ അയാൾക്ക് എന്തെന്നില്ലാത്ത ഒരാനന്ദമുണ്ടായിരുന്നു. താന്‍ ജീവിക്കുന്നത് താനുണ്ടാക്കിയ വീട്ടിലാണെന്ന അഭിമാനബോധമുണ്ടായിരുന്നു. അവിടെ കോലായയില്‍ അയാൾക്ക് മാത്രം ഇരിക്കാനൊരു ചാരുകസേരയുണ്ടായിരുന്നു. ഭാര്യ മരിക്കുന്നത് വരെ അയാൾ ആ ഓട്ടുപുരയില്‍ കഴിഞ്ഞു. ഭാര്യ മരിച്ച് കഴിഞ്ഞപ്പോള്‍ മക്കള്‍ക്കയാളെ ഒറ്റയ്ക്കാക്കാന്‍ തോന്നാതിരുന്നില്ല. കാരണം അയാൾ മക്കളെല്ലാവരേയും അത്രമേല്‍ സങ്കടപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഒരാൾ അവനെ കൂടെക്കൂട്ടി. അത് അയാളുടെ ഇളയ മകനായിരുന്നു. അയാളുടെ മക്കളില്‍ ഏറ്റവും കുറവ് തല്ല് കിട്ടിയിട്ടുള്ളത് അവനായിരുന്നു. അതവന്റെ പതിനാലാം വയസ്സിലായിരുന്നു. ഒരിക്കൽ ഒരു പൂച്ച അവനെ മാന്തി. ഇരുട്ടിലെപ്പോഴോ അവൻ അതിനെ ഒന്ന് ചവിട്ടി അതിനായിരുന്നു പൂച്ച അവനെ മാന്തിയത്. പൂച്ച മാന്തിയതോടെ അവനതിനോട് ദേഷ്യം തോന്നി. പിറ്റേന്ന് ഒരു കരിങ്കല്ലിന്റെ കഷ്ണമെടുത്ത് അവൻ അതിന്റെ ദേഹത്തേക്ക് ഊക്കിലെറിഞ്ഞു. വെെകുന്നേരം വരെ ചത്തപാതി ചാകാത്ത പാതി പോലെ ആ പൂച്ച അവരുടെ വീട്ടുമുറ്റത്ത് കിടന്നു. ഒടുവിലത് ചത്തു. അന്ന് രാത്രി അയാളവനെ തല്ലി. തല്ലുകൊണ്ട് അവന്റെ വെളുത്ത തുടയില്‍ ചുവന്ന രണ്ട് പാടുകളുണ്ടായി. അത് കഴിഞ്ഞിട്ടു വരെ അവൻ ഒരു പൂച്ചയേയും ഉപദ്രവിച്ചിട്ടില്ല.

അവന് അയാളേക്കാള്‍ ഇഷ്ടം അയാളുടെ പുരയിടം നില്‍ക്കുന്ന അരയേക്കര്‍ ഭൂമിയോടാണ്. പക്ഷേ അതിനോടൊന്നും അവന്റെ ഭാര്യക്ക് താല്‍പര്യമില്ല. പറഞ്ഞാൽ ഒന്നോ രണ്ടോ ഏക്കറ് സ്വന്തം ഭര്‍ത്താവിന്റെ പേരില്‍ വാങ്ങാന്‍ കഴിവുള്ളൊരു അച്ഛന്‍ അവൾക്കുണ്ട്. പക്ഷേ അവനത് സ്വീകരിക്കില്ല. സ്വീകരിക്കാന്‍ അയാൾക്ക് ആഗ്രഹമില്ലാത്തത് കൊണ്ടല്ല അഭിമാനബോധം തലക്ക് പിടിച്ചത് കൊണ്ടാണ്. അവൾക്ക് അവന്റെ അച്ഛനെ വെറുപ്പാണ്. പാടത്ത് കിളച്ചിരുന്ന ഒരു കിളവനാണ് തന്റെ അമ്മായിഅച്ഛന്‍ എന്ന് കൂട്ടുകാരികള്‍ക്കിടയില്‍ പറയാൻ അവൾക്ക് ഭയമാണ്.

പിറ്റേന്ന് കോഴി കൂവിയിട്ടും സൂര്യനുദിച്ചിട്ടും അയാൾ എഴുന്നേറ്റില്ല. സാധാരണ അയാൾ കോഴി കൂവുന്നതിനും സൂര്യൻ ഉദിക്കുന്നതിനും മുമ്പേ എഴുന്നേൽക്കാറുണ്ട്. അയാൾ ആ വീട്ടിലേക്ക് വന്നതോടെ അവന്റെ അസ്വസ്ഥത വര്‍ധിച്ചിട്ടുണ്ട്. ഓട്ടുപുരയില്‍ നിന്ന് പോരുമ്പോള്‍ അയാൾ നരച്ച കുപ്പായങ്ങളുടേയും കള്ളിത്തുണികളുടേയും കൂടെ ഒന്ന് കൂടെ കെെയ്യില്‍ കരുതി. അത് അയാളുടെ പൂച്ചയായിരുന്നു. അന്നേരം അവൻ എന്തോ പറയാൻ നിന്നതാണ്. പക്ഷേ പണ്ട് അച്ഛന്റെ കെെയ്യില്‍ നിന്നും ലഭിച്ച ചുവന്ന രണ്ട് ഉപഹാരങ്ങള്‍ മനസ്സിലേക്ക് ഓടിയെത്തിയപ്പോള്‍ അവന്റെ നാവിന് ഉയരാന്‍ കഴിഞ്ഞില്ല. അന്നുമുതല്‍ ഇന്ന് വരെ അവന്റെ മനസ്സ് അസ്വസ്ഥമാണ്. സ്വന്തം വീട്ടിൽ പോലും അച്ഛനെ പേടിച്ച് എതിര് പറയാതെ ജീവിക്കുന്നത് കൊണ്ട് അവൾക്കിപ്പോൾ അവനോട് പുച്ഛമാണ്. പണ്ടൊരിക്കല്‍ അവൾക്കിഷ്ടപ്പെട്ട ജര്‍മന്‍ ഷെപ്പേര്‍ഡിനെ അവളുടെ അച്ഛന്‍ അവരുടെ വീട്ടിലേക്ക് കൊണ്ടുവന്നു. രണ്ട് ലക്ഷം രൂപക്ക് വാങ്ങിയ ആ മൃഗത്തെ എത്രയും വേഗം വീട്ടിൽ നിന്നും കൊണ്ടുപോകാന്‍ അവളുടെ അച്ഛനോട് അന്ന് പറഞ്ഞത് അവനായിരുന്നു.

അയാളുടെ പേരക്കുട്ടി ആ മുറിക്കകത്തേക്ക് കയറി. കട്ടിലിലെ ആ തണുത്ത ശരീരം അവനെ കരയിപ്പിച്ചു. കുടുംബക്കാര്‍ വന്നു പോകുന്നതിനിടെ ഒരു ഔപചാരികതക്ക് വേണ്ടി അവനും അവളും കണ്ണുകൾ നിറച്ചു. അയാളുടെ പേരക്കുട്ടി അന്ന് കരഞ്ഞു യാതൊരു ഔപചാരികതകളുമില്ലാതെ.....

എല്ലാം കഴിഞ്ഞ ശേഷം അന്ന് രാത്രി അയാൾ പൂച്ചയെ തിരയാന്‍ തുടങ്ങി. അയാളുടെ റൂമിലെ കട്ടിലിന്റെ മുക്കില്‍ അത് പാത്തിരിക്കുന്നുണ്ടായിരുന്നു. അവൻ അതിനെ അരികിലേക്ക് വിളിച്ചു. അത് അനങ്ങിയില്ല. ഒടുവില്‍ അവന്‍ ഒരു നീളൻ കമ്പുമായി വന്നു. ആ കമ്പുകൊണ്ടവന്‍ അതിനെ കട്ടിലിനടിയില്‍ നിന്നും പുറത്തെത്തിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. അന്നേരമത്രയും അവന്റെ മകൻ ആ മുറിക്കകത്തുണ്ടായിരുന്നു. തന്റെ അച്ഛന്റെ പ്രവൃത്തി കണ്ട് അവന്റെയുള്ളിലെ കുഞ്ഞ് മനസ്സ് വേദനിക്കുന്നുണ്ടായിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ പൂച്ചയുടെ കാലുകള്‍ പതിയെ ടെെല്‍സിലൂടെ വഴുതാന്‍ തുടങ്ങി. പൂച്ച പെട്ടെന്ന് ഓടി. സ്റ്റോറൂമിലേക്കായിരുന്നു അത് ഓടിയത്. അവനും അവളും അവരുടെ രണ്ട് പേരുടേയും മകനും അതിന്റെ പിന്നാലെ ഓടി. സ്റ്റോറൂമില്‍ കയറിയ ഉടനെ ഒരു ചാക്കനങ്ങുന്നത് അവരുടെ ശ്രദ്ധയില്‍പ്പെട്ടു. അത് അരിച്ചാക്കായിരുന്നു. അവൾ വേഗം ആ ചാക്കിന്റെ തലഭാഗം കൂട്ടിപ്പിടിച്ചു. അന്നേരം അവളുടെ മുഖം ചുവന്നിരുന്നു. ആ ചാക്കില്‍ കുറച്ച് അരിയുണ്ടായിരുന്നു. അവൾ ആ ചാക്ക് അവന്റെ കെെയ്യില്‍ കൊടുത്തു. അവൻ അതും പിടിച്ച് വീടിന് പുറത്തേക്ക് നടന്നു. ഇരുട്ട് മൂടിയ വഴിയിലൂടെ ഒരു ടോര്‍ച്ച് ലെെറ്റിന്റെ വെളിച്ചത്തില്‍ അവൻ മുന്നോട്ട് നടന്നു. അരി പൊടിക്കുന്ന മില്ലിലേക്കുള്ള വഴി തുടങ്ങുന്നിടത്തെ കുറ്റിക്കാട്ടിലേക്ക് അവൻ ആ ചാക്ക് വലിച്ചെറിഞ്ഞു.

ആ സമയം വരെ മ്യാവു എന്ന് ശബ്ദിച്ചുകൊണ്ടിരുന്ന പൂച്ചയുടെ ശബ്ദം നിലച്ചു. അരി അതിന്റെ വായയിലേക്ക് തള്ളികയറിയിട്ടുണ്ടാകുമെന്ന് അവൻ വിചാരിച്ചു. അന്ന് രാത്രി ഉറക്കത്തിൽ അവൻ വടിയെടുത്ത് നില്‍ക്കുന്ന തന്റെ അച്ഛനെ കണ്ടു. അച്ഛന്‍ അവനോടൊരു ചോദ്യം ചോദിച്ചു.

'എന്റെ പൂച്ചയെവിടെ?'

'ചാക്കിലകപ്പെട്ട പൂച്ചയെ ഞാന്‍.....'

അവന്റെ വാക്കുകൾ മുറിഞ്ഞു, കാലുകള്‍ തളര്‍ന്നു,ഹൃദയം മരവിച്ചു. പിറ്റേന്ന് ഉറക്കം ഉണര്‍ന്നപ്പോള്‍ താന്‍ എന്താണ് സ്വപ്നം കണ്ടതെന്ന് അവൻ മറന്നു. പക്ഷേ കണ്ടത് ദുസ്സ്വപ്നമായിരുന്നു എന്ന് മനസ്സിലാക്കാന്‍ അവന് കഴിഞ്ഞു.

അവന്റെ മകന്‍ അന്ന് പകലിൽ പൂച്ചയെ അന്വേഷിച്ചിറങ്ങി. കുറേ സമയം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ കോപം പൂണ്ട രണ്ട് മുഖങ്ങളായിരുന്നു അവനെ എതിരേറ്റത്. അവരവനെ നല്ലവണ്ണം ചീത്ത പറഞ്ഞു. തല്ലാന്‍ നിന്നെങ്കിലും അവൾ തന്റെ മകനെ തല്ലിയില്ല. ഉറങ്ങാന്‍ കിടന്നപ്പോള്‍ അവന്‍ തന്റെ മകനോടൊരു ചോദ്യം ചോദിച്ചു.

'എന്നിട്ട് നീ പൂച്ചയെ കണ്ടോ?'

'ഉം കണ്ടു'

'അതിന് ജീവനുണ്ടായിരുന്നോ?'

'ഇല്ല, അത് ചത്തിരുന്നു'

അവന്‍ മലര്‍ന്നു കിടന്നു. പിന്നെ പലവുരു ഉരുവിട്ടു 'ചാക്കിലകപ്പെട്ട പൂച്ച ചത്തു'

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter