മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

നൈറ്റിയുടെ ഉള്ളിൽ വയർ ഭാഗത്ത്‌ തലയിണയും വെച്ച് ഗർഭകാലത്തിന്റെ സൗന്ദര്യം നോക്കി നിക്കുന്ന ഭാര്യയെ കണ്ടുകൊണ്ടാണ് കണ്ണു മെല്ലെ തുറന്നത്. ഈ ഒരു കാഴ്ച കണ്ണിൽ നിന്നും മറഞ്ഞിട്ട് എട്ടു

വർഷത്തോളം ആയിരിക്കുന്നു. രണ്ടു ചുവന്ന വരകൾ കണ്ട സന്തോഷത്തിൽ ലോകം കീഴടക്കിയ ജേതാക്കളെ പോലെ ഡോക്ടറെയും കണ്ടു തിരികെ ഉള്ള യാത്രയിൽ ആണ് എതിരെ വന്ന വണ്ടിക്കാരന്റെ കൈയബദ്ധം ഞങ്ങളുടെ നീണ്ട കാത്തിരിപ്പിന് കടക്കൽ കത്തിവെച്ചത്. ആ മനുഷ്യന്റെ ആശ്രദ്ധയിൽ ഞങ്ങൾക്ക് പൊലിഞ്ഞതുപോയത്  വിലമതിക്കാൻ ആവാത്ത കുറെയേറെ സ്വപ്നങ്ങൾ ആണ്. കടവും അതിനുമേൽ കടവും കേറി ഭാര്യയും ഒത്തനിരപ്പിലുള്ള മൂന്നു പെണ്മക്കളും ആയി ജീവിതം തുഴഞ്ഞു കൊണ്ടിരുന്ന ആ റിട്ടയേർഡ് പോസ്റ്മാന്റെ മുത്തമകളെ കല്യാണം കഴിക്കണം എന്ന ആവശ്യം വീട്ടിൽ അവതരിപ്പിക്കുമ്പോൾ മുന്നേ പ്രതീക്ഷിച്ചതു പോലെ തന്നെ തഴകത്തുവീട്ടിൽ അജിതാമ്മ ചുവപ്പുകൊടി കാട്ടി. പിന്നെയുള്ള നീണ്ട നിരഹാരവും സത്യഗ്രഹവും ഒക്കെ നടത്തി അരസമ്മതം നേടുമ്പോൾ ലോകം കീഴടക്കിയ പ്രതീതി ആയിരുന്നു. ഞാൻകെട്ടിയ താലിയും സിന്ദുര ചുവപ്പുമായി കത്തിച്ചുവെച്ച നിലവിളക്കുമായി കയറിവന്ന വീട് എന്റെ ഭാര്യക്ക് അരക്കില്ലം തന്നെ ആയിരുന്നു. അമ്മയും പെങ്ങന്മാരും നല്ലരീതിയിൽ തന്നെ നോവിച്ചു കൊണ്ടിരുന്നു. അവൾക്കായി വാദിക്കുമ്പോൾ " അച്ചികോന്തൻ" എന്ന ഓമനപ്പേര്  പെറ്റമ്മ തന്നെ ചാർത്തി തന്നിരുന്നു. കെട്ടിയ പെണ്ണിനെ അടുക്കളക്കാരി മാത്രം അല്ല അവർക്ക് ഓരോരുത്തർക്കുമുള്ള പന്താവുന്നത് കണ്ടാണ് അവളെയും കൂട്ടി ആ പടിയിറങ്ങാൻ തീരുമാനിച്ചത്. പക്ഷെ എന്റെ തീരുമാനം അവൾ അംഗീകരിച്ചില്ല. മൂന്നു തവണ ആ പടി അവളുടെ കൈപിടിച്ചിറങ്ങാൻ തുടങ്ങിയപ്പോയും അവൾ "വരില്ല "എന്ന് കട്ടായം നിന്നു.  "ചായാൻ ഈ നെഞ്ചും ചേർത്തുനിർത്താൻ ഈ കൈകളും ഉള്ളപ്പോൾ എനിക്ക് എന്തും സഹിക്കാൻ പറ്റും" എന്നും പറഞ്ഞു നെഞ്ചിൽ ചേർന്നു നിക്കുന്നവളോട് അത് എനിക്ക് നൊമ്പരം ഉണ്ടാക്കും എന്നു പറയുമ്പോൾ നിറഞ്ഞ ചിരിയോട് നെറ്റിയിൽ ആ ചുണ്ടുകൾ ചേർക്കും.       

ഈ എരിയുന്ന അവസ്ഥക്ക് ആശ്വാസവും ആയാണ് അവളുടെ ഉദരത്തിൽ ഒരു കുഞ്ഞു ജീവൻ തുടിക്കുന്ന വാർത്ത വന്നത്. അതോടുകൂടി അമ്മയുടെ കുത്തുവാക്കുകൾക്കു കുറവുണ്ടായി. അത് അവൾക്ക് ലോകം കൈപിടിയിലായ സന്തോഷമാണ് നൽകിയത്. അതിലേക്കാണ് ആ അപകടം കടന്നുവന്നത്. അതിന്റെ കൂടെ അപകടത്തിൽ അവളുടെ വയറ്റിൽ കൊണ്ടു കേറിയ കമ്പികഷ്ണം നൽകിയ മുറിവ് ഞങ്ങളുടെ സ്വപ്നത്തെ മാത്രം അല്ല ഞങ്ങൾക്ക്  സ്വപ്നം കാണാൻ ഉള്ള അവകാശം കൂടെ ഇല്ലാതാക്കി. "ഗർഭപാത്രം നഷ്ടമായവളെ ഇനിയും പെരക്കകത്തു  കെട്ടിലമ്മ ആക്കാൻ പറ്റില്ല. അവളെ അവളുടെ വീട്ടിൽ കൊണ്ടേ വിട" എന്നുള്ള അമ്മയുടെ മുറവിളിക്ക് മറുപടി ആയാണ് ഈ നാട്ടിലേക്ക് സ്ഥലമാറ്റം വാങ്ങി അവളെയും കൊണ്ട് വന്നത്.  ഇനിയും ഒരു ദുഃഖം നൽകാൻ കഴിയാത്തതു കൊണ്ട് തന്നെ മനഃപൂർവമായി കുഞ്ഞുങ്ങളെ കുറിച്ചുള്ള സംസാരങ്ങൾ ഉണ്ടാവാറില്ല. എനിക്ക് നീയും നിനക്കു ഞാനും എന്നു പരസ്പരം പറഞ്ഞും അറിഞ്ഞുമുള്ള ജീവിതം. അതുകൊണ്ട് തന്നെ അവളുടെ ഈ കാട്ടൽ എന്താണെന്നറിയാൻ മെല്ലെ കട്ടിലിൽ നിന്നിറങ്ങി അവൾക്ക് അരികിലേക്ക് ചെന്നു. എന്റെ സാമീപ്യം അറിഞ്ഞു മുഖമുയർത്തുമ്പോൾ കണ്ടു പെയ്യാൻ വെമ്പി നിൽക്കുന്ന കണ്ണീർ തുള്ളികൾ. വിറക്കുന്ന ചുണ്ടുകളും നിറഞ്ഞു കവിയാറായ മിഴികളും അതിവേഗം ഉഴർന്നു താഴുന്ന മാറിടവും കാട്ടിത്തന്നു പുറത്തുവരാതെ അവൾ പിടിച്ചു നിർത്തുന്ന വേദനയെ. മെല്ലെ ആ മുഖം കൈക്കുമ്പിളിൽ എടുത്തു നെറുകയിൽ ചുണ്ടുകൾ ചേർത്ത് മെല്ലെ എന്റെ നെഞ്ചിലേക്ക് ചേർക്കുമ്പോൾ അവളൊരു പേമാരി തീർക്കുന്നുണ്ടായിരുന്നു. മെല്ലെ ശാന്തമായ ഏങ്ങലുകൾക്കു ശേഷം എന്നിൽ നിന്നും മുഖം ഉഴർത്തുമ്പോൾ പാതിവിരിഞ്ഞൊരു ചിരി ആ ചെടികളിൽ വിരിഞ്ഞിരുന്നു. മെല്ലെ ആ കവിളുകളിൽ തട്ടി ആ നെറുകയിൽ ഒരിക്കളുടെ ചുണ്ട് ചേർത്ത് ബാത്രൂമിലേക്ക് കയറി വാതിലടക്കുമ്പോൾ എന്റെ കണ്ണുകളും പെയ്തു തുടങ്ങിയിരുന്നു നെഞ്ചു വിങ്ങിപൊട്ടാറായിരുന്നു.

ഇടറുന്ന ഹൃദയതാളത്തെ ഒരുവിധം നേരെ ആക്കി ഫ്രഷ് ആയി ഹാളിൽ എത്തുമ്പോൾ അവൾ മേശയിൽ എനിക്കുള്ള ആഹാരവും എടുത്തുവെച് കാത്തിരിക്കുവാണ് . ഒരുമിച്ചിരുന്നുള്ള പ്രാതലിന് ശേഷം റൂമിലെത്തി ഓഫീസിലേക്ക് പോകാൻ ഒരുങ്ങുമ്പോൾ  പ്രിയതമയും അരികിലുണ്ട്. ഇടാനുള്ളതെല്ലാം നേരത്തെ റെഡി ആക്കി വെച്ചാലും ഞാൻ റെഡി ആകുന്നതും നോക്കി ആൾ അരികെ തന്നെ ഉണ്ടാവും മുടക്കമില്ലാത്ത അവളുടെ ദിനചര്യ... "ഏട്ടാ.." "ഉം.." "എന്തേ ചോദിക്കാത്തത്?" "എന്ത്?" "രാവിലത്തേത്.." " ആഹാ അതോ. ദാ ഇതു കൊണ്ട്. ഒന്നേൽ നി ഞാൻ റെഡി ആകുന്ന സമയം പറയും അതല്ലേൽ വൈകിട്ട് എന്റെ നെഞ്ചിൽ ചേർന്നു പറയും. എന്തായാലും ഈ രാവിരുണ്ടു വെളുക്കും മുന്നേ നി പറയും പിന്നെന്തിനാ ഞാൻ ചോദിക്കുന്നത്" എന്നും പറഞ്ഞു ആ ഉണ്ടകവിൾ മെല്ലെ വലിച്ചു പിടിക്കുമ്പോൾ ആ മുഖത്തു പുഞ്ചിരി തെളിഞ്ഞു നിന്നിരുന്നു.      "കുഞ്ഞരിപല്ലും കാട്ടി വെള്ളാരം കണ്ണിൽ കുസൃതിയും നിറച്ച് നിറയെ മുത്തുകൾ കിലുങ്ങുന്ന പാദസരത്തിന്റ താളത്തിൽ പാറിപറക്കുന്ന ഒരു കുഞ്ഞു ചിത്രശലഭവും അതിന് പിന്നാലെ നിറചിരിയോടെ പോകുന്ന ഒരമ്മകിളിയും "     

അതിരാവിലെ തെളിഞ്ഞ സ്വപ്ന ശകലങ്ങളെ എന്നോട് പറയുമ്പോൾ ആ കണ്ണുകളിൽ നിറയെ ആദ്യമായി പിച്ചവെക്കാൻ തുടങ്ങിയ കുഞ്ഞിനെ കുറിച്ചു പറയുന്ന ഒരമ്മയുടെ ഭാവം ആയിരുന്നു ഞാൻ അവളിൽ കണ്ടത്. മെല്ലെ ആ തോളിലേക്ക് കൈകൾ ചേർക്കുമ്പോൾ ഒരു സ്വപ്നത്തിൽ നിന്നെന്നവണ്ണം അവൾ ഞെട്ടിയുണർന്നു. "അറിയില്ല ഏട്ടാ..എന്താ അങ്ങിനെ ഒരു സ്വപ്നം എന്ന്. പക്ഷെ ആ നിമിഷം തൊട്ട് ഞാൻ ഒരമ്മയാണെന്നു തോന്നുക. എനിക്ക് ഒരു കുഞ്ഞിനെ ഉദരത്തിൽ പേറാൻ കഴിയില്ല എന്നൊക്കെ ഞാൻ മറന്നു പോകുവാ. എന്റെ അവസ്ഥയെ ഞാൻ ഉൾക്കൊണ്ടതാണ് അതിനെ അംഗീകരിച്ചു തന്നെയാണ് ഞാൻ ...ഞാൻ ഇപ്പോൾ മുന്നോട്ട് പോകുന്നതും. പക്ഷെ ആ ഒരു സ്വപ്നം അത് അത് എന്നെ വിട്ടു പോകുന്നില്ല അത് തെളിമായർന്ന ഒരു ചിത്രം ആയി നിക്കുവാ..അറിയില്ല ഏട്ടാ...ഒന്നും...ഇപ്പോൾ തോന്നുക എനിക്കൊരമ്മ ആകാൻ കഴിഞ്ഞെങ്കിൽ ..." "മോളെ..." "ഏട്ടാ..എട്ടനറിയോ ആ നിമിഷം തൊട്ട് എന്റെ ഉദരത്തിൽ ഞാൻ ഫീൽ ചെയ്യുവാ, എന്റെ മാറു പാൽചുരത്താൻ വിങ്ങുകയാണ്. എന്തിനാ ദൈവം നമ്മളോട് മാത്രം ഇങ്ങനെ...എന്നും എല്ലാരുടെയും നന്മ മാത്രമല്ലേ ചോദിച്ചുള്ളൂ. പക്ഷെ പക്ഷെ ചോദിച്ചവർക്കു മാത്രം അത് നിഷേധിച്ചു അല്ലെ? " ഇതും പറഞ്ഞു എന്റെ നെഞ്ചിൽ തലതല്ലി കരയുന്ന എന്റെ പെണ്ണിനെ എന്തു പറഞ്ഞാശ്വസിപ്പിക്കണം എന്ന് മാത്രം എനിക്കറിയില്ലായിരുന്നു. ആ നിമിഷം ഞങ്ങളെ പരീക്ഷിച്ചു കൊണ്ടിരിക്കുന്ന ദൈവങ്ങളോട് വല്ലാത്ത പരിഭവം തോന്നി പോയി.

കുറച്ചു നേരത്തിനു ശേഷം അവളെയും ആശ്വസിപ്പിച്ചു ആ നെറുകയിൽ ഉമ്മയും നൽകി ഓഫീസിലേക്ക് പോകുമ്പോൾ പിന്നിൽ എന്നെ നോക്കി നിൽക്കുന്ന അവളുടെ മുഖം മാത്രം ആയിരുന്നു മനസിൽ.    ഓഫീസിൽ നിന്നും തിരികെ ഉള്ള യാത്രയിൽ ആണ്  ജില്ല ശിശുക്ഷേമ ഭവനിൽ നിന്നുള്ള വിളി ഒരു കുട്ടിയെ ദത്തെടുക്കാൻ നൽകിയ അപേക്ഷ അംഗീകരിച്ചിരിക്കുന്നു എന്ന്. ഓഫിസിലെ സൂപ്രണ്ട് സാറിന്റെ വാക്കുകേട്ടു കൊടുത്തത് ആണ് . പ്രതീക്ഷകൾ ഒന്നും ഇല്ലാതിരുന്നത് കൊണ്ട് തന്നെയാണ് അവളോട് പറയാതിരുന്നതും. രാവിലെ നെഞ്ചുപൊട്ടി അവൾ കരയുമ്പോൾ ഒരുപാട് ആഗ്രഹിച്ചിരുന്നു ഒരു കുഞ്ഞ് ഞങ്ങളിലേക്ക് വന്നിരുന്നേൽ എന്ന്. ഇന്ന് അവളെ നെഞ്ചോട് ചേർത്ത് ആ ചെവികളിൽ മെല്ലെ പറയണം അവളുടെ വെള്ളാരം കണ്ണുള്ള മാലാഖ ഉടനെ വരുമെന്ന്. എനിക്കറിയാം ആ നിമിഷം ആ മിഴികൾ അത്ഭുതവും സന്തോഷവും ഒക്കെ കൊണ്ട് നിറയും...പിന്നെ അവളുടെ സ്വപ്നങ്ങൾ ആവും കുഞ്ഞിന് പരിടേണ്ടത് വാങ്ങേണ്ട ഉടുപ്പ്  കളിപ്പാട്ടം ഉണ്ടാക്കി കൊടുക്കേണ്ട സ്‌പെഷ്യൽ വിഭവങ്ങൾ അങ്ങിനെ അങ്ങിനെ അവളി രാത്രി ഉറങ്ങില്ല. അവൾ മാത്രം അല്ല ഞാനും കാരണം അച്ഛൻ ആകുവാണ് ഞങ്ങളുടെ മാലാഖ വരുകയാണ്.

പുതിയ തുടക്കത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ  ഓർത്തു വന്നത് കൊണ്ടാവും വീടുത്തിയത് അറിഞ്ഞില്ല.  ഇറങ്ങി ബെല്ലടിച്ചിട്ടും ആളെ കാണാത്തത് കൊണ്ട് മനസിലായി കുളിക്കുവാണെന്നു. സ്പെയർ കീ കൊണ്ട് അകത്തുകയറുമ്പോൾ ഉണ്ട് മേശപ്പുറത്തു എന്റെ പ്രിയപ്പെട്ട പലഹാരം പരിപ്പുവടയും  ചായയും റെഡി ആക്കിയിട്ടുണ്ട്. റെഡി ആയിട്ട് കഴിക്കാം എന്നും പറഞ്ഞു റൂമിൽ കയറുമ്പോൾ ഉണ്ട് ഞാൻ വന്നതൊന്നും അറിയാതെ മുണ്ടും നേര്യതും നെറ്റിയിൽ ചന്ദനാകുറിയും ആയി ഉറക്കം ആണ് ശ്രീമതി. അപ്പോൾ പരാതി പറയൽ ഒക്കെ കഴിഞ്ഞു വന്നുള്ള ഉറക്കമാണ്. ഡ്രെസ്സും മാറി വന്നു വിശേഷം പറയാൻ വിളിക്കുമ്പോഴും ആൾ നല്ല ഉറക്കമാണ്. " എന്തൊരു ഉറക്കമാടോ ഇത്. തനിക്കൊരു സർപ്രൈസ് ഉണ്ട് ഒന്നെണീറ്റെ " എന്നും പറഞ്ഞു ആ കൈകളിൽ കൈകൾ ചേർക്കുമ്പോൾ ഞാൻ അറിഞ്ഞിരു എന്നിലേക്കും കൂടെ അരിച്ചിറങ്ങുന്ന തണുപ്പ്..... പറയാൻ വന്ന സന്തോഷത്തെ കേൾക്കാൻ നിക്കാതെ ഓടിമറഞ്ഞ എന്റെ ജീവനെ....  ചായാൻ ഈ നെഞ്ചും ചേർത്തു പിടിക്കാൻ ഈ കരങ്ങളും ഉള്ളപ്പോൾ അവൾക്ക് എന്നെ വിട്ടു പോകാൻ തോന്നിയോ?

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter