എല്ലാ രചനകളും പൂർണ്ണമായി വായിക്കാൻ
മൊഴിയുടെ വരിക്കാരാവുക.
നിങ്ങളുടെ വരിസംഖ്യ എഴുത്തുകാർക്കു പ്രതിഫലമായി നൽകപ്പെടുന്നു.
Subscribe

Mozhi Rewards Club

നേടുക: ശ്രേഷ്ഠ രചനയ്ക്കു Rs.250
മികച്ച രചനയ്ക്ക് Rs.100

Login / Register

Google Login

ചാഴികാട്ട് രാമ(ൻ) ചേട്ടൻ കുടപ്പനയിൽ കയറി മടലു വെട്ടുന്ന വിദഗ്ധനാണ്. ഏതു വലിയ പനയിലും വലിഞ്ഞു കയറും. വർഷങ്ങൾക്കു മുമ്പ് പുര മേയാനും ഷെഡു കെട്ടാനും പന്തലിടാനും ഓല വേണം.

സിൽപോളിനും ടാർപോളിനും വാടകയ്ക്ക് കിട്ടാനുണ്ടായിരുന്നില്ല. ഒരു ശിവരാത്രി പിറ്റേന്ന് സ്കൂൾവിട്ടു വരുമ്പോഴാണ് ആ ഞെട്ടിക്കുന്ന വാർത്ത കേട്ടത്. രാമച്ചേട്ടൻ പനയിൽ നിന്ന് വീണു.

ആള് പാലായിലെ താലൂക്ക് ആശുപത്രിയിലാണ്. സ്വന്തം പറമ്പിലെ പനയിൽനിന്ന് ഓലവെട്ടുമ്പോഴാണ് വീണത്. കുടപ്പനയ്ക്ക് മുപ്പതു മീറ്റർ ഉയരം കാണും. കാല് വട്ടം ഒടിഞ്ഞെന്നാണ് കേൾവി.

ഒരാഴ്ച കഴിഞ്ഞപ്പോൾ പ്ലാസ്റ്ററിട്ട കാലുമായി ആളിനെ വീട്ടിൽ കൊണ്ടുവന്നു. നുറുങ്ങിയ എല്ലുകൾ അകത്ത് കമ്പിയിട്ട് ചേർത്തുവെച്ചിരിക്കുകയാണ്. കാലനക്കാനോ, എഴുന്നേൽക്കാനോ കഴിയാതെ ആൾ കട്ടിലിൽ കിടപ്പിണ്. സംസാരിക്കുന്നതിന് കുഴപ്പമൊന്നുമില്ല.

നാട്ടുകാരൊക്കെ രോഗിയെ കാണാൻ വീട്ടിലെത്തി. രാമൻ ചേട്ടൻ തന്റെ വീര സാഹസ കഥകൾ പറഞ്ഞുകൊണ്ടേയിരുന്നു. പനയിൽ നിന്ന് പിടിവിട്ട് താഴേക്കു പോരുമ്പോൾ രണ്ടു കാര്യങ്ങൾ ബോധപൂർവം ചെയ്തു. ആദ്യം അരയിൽ തിരുകിയിരുന്ന വാക്കത്തിയെടുത്ത് ദൂരെ എറിഞ്ഞു. പിന്നെ പോരുന്ന വഴിക്ക് മറ്റൊരു തൈപ്പനയുടെ മടലിൽ പിടിച്ച് വീഴ്ചയുടെ ആഘാതം കുറച്ചു!

സയൻസ് പഠിച്ചവർക്കറിയാം താഴേക്ക് വീഴുന്ന വസ്തു, ഭൂമിയുടെ ആകർഷണഫലമായി സെക്കന്റിൽ 9.8 മീറ്റർ ത്വരണത്തോടെയാണ് വീഴുന്നത്. മുപ്പതു മീറ്ററിൽ നിന്ന് താഴെയെത്താൻ മൂന്ന് സെക്കൻന്റേ എടുത്തിട്ടുള്ളു. അപ്പോൾ നടക്കുന്നത് അനൈച്ഛിക പ്രവർത്തനങ്ങളാണ്. (Reflex actions).

അതിൽ ബോധമനസ്സിന് സ്ഥാനമില്ല. വാക്കത്തി എടുക്കാനും എറിയാനും പിന്നെ മടലിൽ പിടിക്കാനും മൂന്നു സെക്കന്റിൽ കൂടുതൽ സമയം വേണം. ആളുകളിതൊക്കെ വിശ്വസിച്ചതുകൊണ്ട് കഥ തുടർന്നുകൊണ്ടേയിരുന്നു.

പാവത്തിന്റെ ജീവിതാന്ത്യം വരെ ആ മുറിവ് ഉണങ്ങിയിരുന്നില്ല. കഷ്ടിച്ച് ചട്ടിച്ചട്ടി നടക്കാൻ കഴിഞ്ഞിരുന്നു. മുറിവിൽ നിന്ന് പഴുപ്പ് ഒഴുകിക്കൊണ്ടേയിരുന്നു. പക്ഷേ, ദുഃഖിക്കുന്നതിനു പകരം വീഴ്ചയും ആഘോഷമാക്കിയ വീരൻ എന്ന നിലയിലാണ്, ഞാൻ രമൻ ചേട്ടനെ ഓർമയിൽ സൂക്ഷിക്കുന്നത്.

(നിങ്ങളുടെ നാട്ടിലും ഇത്തരം പോസിറ്റീവ് ആറ്റിറ്റ്യൂഡ് ഉള്ള ആളുകളുണ്ടാവും. നിങ്ങൾ അവരുടെ കഥകൂടി എഴുതി വെക്കണം, വരും തലമുറകൾക്ക് വേണമെങ്കിൽ വായിക്കാൻ.)

No comments

നോവലുകൾ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter