മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

അവസാന ബസ്സും പോയി കഴിഞ്ഞു. നോക്കി നോക്കി കണ്ണടഞ്ഞു തുടങ്ങി.  ഇവൻ എന്താണ് വരാത്തത്? അസ്വസ്ഥത പുകയാൻ തുടങ്ങി. രാവിലെ ജോലിക്ക് പോയതാണ് മനു.  വിളക്കിലെ തിരി താഴ്ത്തി കുറച്ചു നേരം വിശ്രമിക്കാം എന്ന് വെച്ച് കിടക്കാൻ നോക്കുമ്പോൾ എന്തോ ഇരമ്പം കേട്ടു .വൈകിയോടുന്ന വാഹനങ്ങളിൽ ഏതിലെങ്കിലും കയറിയാണെങ്കിലും  മകൻ എന്നും എത്താറുണ്ട്. എന്നാലും ഇത്ര വൈകാറില്ല. 
 
മഴ ചാറുന്നുണ്ടായിരുന്നു. ജനൽ പാളി തുറന്ന് പുറത്തേക്ക് നോക്കിയപ്പോൾ മഴനാരുകൾ ക്കിടയിലൂടെ ഏതോ വാഹനത്തിന്റെ മഞ്ഞവെളിച്ചം കണ്ണിൽ അടിച്ചു. വീട് റോഡരികിൽ ആയതിനാൽ ഹോണടിയും പ്രകാശവും ഒക്കെ നിത്യജീവിതത്തിന്റെ  ഭാഗമായി കഴിഞ്ഞിരുന്നു. 
 
 തന്നെ വിവാഹം കഴിച്ചു കൊണ്ടു വരുമ്പോൾ ആദ്യമൊക്കെ രാത്രി ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. ചില് ഗ്ലാസിൽ കൂടെ കയറി ചുമരിൽ നിഴലുകൾ നിറക്കുന്ന വാഹനങ്ങളുടെ വെളിച്ചവും ഇരമ്പലും  കാതു തുളയ്ക്കുന്ന ഹോണടിയും വല്ലാത്തൊരു അവസ്ഥയിലേക്കെത്തിച്ചിരുന്നു.  പിന്നെ പിന്നെ എല്ലാം പരിചിതമായി.
 
മനുവിന്റെ  അച്ഛനും വീട്ടിലെത്തിയിരുന്നത് വൈകിട്ട്  തന്നെയായിരുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയാൽ പിന്നെ പുറത്തിറങ്ങും. തിരിച്ചുവരവ് പതിനൊന്നു  മണിക്ക് മുമ്പ് ഒരിക്കലും ഉണ്ടാകാറില്ല. അടുത്ത വീടുകളിൽ എല്ലാവരും  കിടന്നിട്ടുണ്ടാകും. കുട്ടികൾക്ക് ഭക്ഷണം കൊടുത്തു ഉറക്കി കഴിഞ്ഞാൽ രണ്ടാൾക്കുള്ള ഭക്ഷണം വിളമ്പി വെച്ചു  അടുക്കള അടിച്ചു തുടച്ചു കാത്തിരിക്കും. ജീവിതത്തിലൊരിക്കലും അദ്ദേഹം വരുന്നതിനു മുമ്പ് ഭക്ഷണം കഴിച്ചതായി ഓർമ്മയില്ല. വൈകി കയറി വരുമ്പോൾ എന്നും ചോദിക്കാറുള്ളതാണ്: 
 
"നിനക്ക് ഭക്ഷണം  കഴിച്ച് കിടക്കാമായിരുന്നില്ലേ? "
 
അദ്ദേഹത്തിന് അറിയാമായിരുന്നു താൻ ഒരിക്കലും അത് ചെയ്യില്ലെന്ന്. എങ്കിലും താൻ എന്തെങ്കിലും പരിഭവം പറയും എന്ന് കരുതി മുൻകൂട്ടി പറയുന്നതാണ്. അന്ന് മനുവും ഗീതുവും ചെറിയ കുട്ടികളാണ്. ഞങ്ങൾ കൂടാതെ അദ്ദേഹത്തിൻറെ അമ്മ മാത്രമായിരുന്നു കുടുംബത്തിലെ മറ്റൊരു അംഗം. 
 
മുറ്റത്തെ മാവിൻ മേൽ ഒരു ചിറകടിശബ്ദം  കേട്ടു. കുഞ്ഞുനാളിൽ കുട്ടികൾക്ക് ഭയമായിരുന്നു ഈ ശബ്ദം. ഈ വീട്ടിൽ വന്നു കയറിയ അന്ന് മുതൽ തനിക്കാണെങ്കിൽ ശബ്ദം ചിരപരിചിതവും.  മൂകമായ വീട്ടിൽ ഇത്തരം  ശബ്ദങ്ങൾ ഒക്കെ ആയിരുന്നു തനിക്കാശ്വാസം  തന്നിരുന്നത്. കുട്ടികൾ ഉറങ്ങുന്നതുവരെ അവരുടെ സംസാരവും പഠനവുമൊക്കെ വീടിനെ എപ്പോഴും ജീവസ്സുറ്റള്ളതാക്കിയിരുന്നു. എന്നാൽ അവർ ഉറങ്ങിക്കഴിഞ്ഞാൽ ഉണ്ടാകുന്ന നിശബ്ദത ഭയപ്പെടുത്തുന്നതായിരുന്നു. അകത്തളത്തിൽ കുട്ടികളുടെ വർത്തമാനം ശ്രദ്ധിച്ച് അടുക്കളയിലെ പണികൾ ചെയ്യുമ്പോൾ ഏകാന്തത എന്താണെന്ന് അറിയുമായിരുന്നില്ല. അദ്ദേഹം വരുന്നതിനുമുമുൻപും  കുട്ടികൾ ഉറങ്ങി കഴിയുന്നതിനും ഇടക്കുള്ള സമയം വളരെ വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. എന്തെങ്കിലും പുസ്തകങ്ങളും വാരികകളും അടുത്തു വയ്ക്കും.വായനയിൽ ശ്രദ്ധിച്ചാൽ പലപ്പോഴും ഈ ഭയപ്പാട് വിസ്മരിക്കും.  
 
അദ്ദേഹത്തിൻറെ മരണശേഷം നിശബ്ദതയും ഏകാന്തതയും മാത്രമുള്ള ഒരു അന്തരീക്ഷത്തിലാണ് പിന്നീട് ജീവിച്ചത്. രാവിലെ പണിക്കു വരുന്ന കല്യാണി പറഞ്ഞ് അറിയുന്ന നാട്ടുവിശേഷങ്ങൾ ആണ് ലോകവുമായി  ഉണ്ടായിരുന്ന ഒരേ  ഒരു ബന്ധം. പുറത്തിറങ്ങാൻ മടിയായിരുന്നു. പതിവായിരുന്ന ക്ഷേത്രദർശനം പോലും മുടങ്ങി. ജീവിതത്തിൻറെ അർത്ഥം തന്നെ മാറിമറിഞ്ഞതായി തോന്നിയിരുന്നു. അവസാനിച്ചു കിട്ടാൻ പോലും ആഗ്രഹിച്ചിട്ടുണ്ട് പലപ്പോഴും. 
 
 ഗീതു വിവാഹം കഴിഞ്ഞ് പോയതിൽ പിന്നെ മനുവും താനും മാത്രമാണ് ഈ വീട്ടിൽ താമസിക്കുന്നത്. അവൾ പല തവണ അങ്ങോട്ട് വിളിച്ചതാണ്. മനുവിന്റെ  വിവാഹം കഴിയാത്തതുകൊണ്ട് വീടുവിട്ട് എങ്ങോട്ടും പോകാൻ തോന്നിയിരുന്നില്ല. 
 
അവന്റെ ജോലി അടുത്ത ജില്ലയിലായിരുന്നു. അതുകൊണ്ട് യാത്ര കൂടുതൽ ആണ്. അവന്റെ  കൂട്ടുകാർ അവനെ അവരോടൊപ്പം അവിടെ നിൽക്കാൻ നിർബന്ധിക്കുന്നുണ്ടെങ്കിലും തന്നെ ആലോചിച്ചാണ് അവനെന്നും ഇത്രയും ദൂരം ദിവസേന രണ്ടുനേരം യാത്ര ചെയ്യുന്നത്. ജോലി കിട്ടി ആറുമാസം ആകുന്നതേയുള്ളൂ. അപ്പോഴേക്കും കല്യാണം വേണ്ട എന്നാണ് അവൻ പറയുന്നത്. സർക്കാർ ജോലി അല്ലേ എന്ന ചോദ്യത്തിന് എപ്പോഴും അവൻ ഒഴിഞ്ഞു മാറാൻ ശ്രമിക്കാറാണു  പതിവ്. അവന്റെ  മനസ്സിൽ ആരെങ്കിലുമുണ്ടോ ആവൊ. ചോദിക്കണം. ഒരിക്കലും അച്ഛന്റെയോ അമ്മയുടെയോ  പേര് ചീത്തയാക്കാൻ അവൻ ശ്രമിക്കില്ല എന്ന് ഉറപ്പാണ്.  എന്നാലും പണ്ടത്തെ കാലം അല്ലല്ലോ.കല്യാണം അന്വേഷിച്ച് കഴിക്കുന്ന രീതിയൊക്കെ പഴഞ്ചനായി കഴിഞ്ഞിരിക്കുന്നു. ജോലിസ്ഥലത്തോ മറ്റോ പരിചയമുള്ള ഏതെങ്കിലും ഒരാളെ കണ്ടു ഇഷ്ടപ്പെട്ടു കല്യാണം കഴിക്കുന്നതാണ് ഇപ്പോഴത്തെ രീതി. തനിക്ക് എന്തായാലും വിരോധം ഒന്നും ഇല്ലെന്ന് അവനോടു പറയണം. 
 
ക്ലോക്കിലേക്ക് നോക്കി. സമയം  പന്ത്രണ്ടാവാറായി . 
 
എന്താണ് അവൻ വൈകുന്നത്?
 
കാരണം അറിയാതെ ഒരു സമാധാനവും തോന്നുന്നില്ല. വഴിയിലെ വല്ല തടസ്സവും ആകുമോ?  ചിലപ്പോഴൊക്കെ വീട്ടിൽ വന്നാൽ  വരുന്ന വഴിയിലെ ബുദ്ധിമുട്ടുകൾ പറയാറുണ്ട്. താൻ ഒരിക്കൽ അവനോട് അവിടെ ജോലി ചെയ്യുന്ന സ്ഥലത്ത് താമസിച്ചു കൊള്ളാൻ  പറഞ്ഞതാണ്.  അവനൊന്നു നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.
 
വലതും കഴിക്കാമെന്നു വെച്ചാൽ  വിശപ്പും തോന്നുന്നില്ല. അവനും അച്ഛനെപ്പോലെ പറയാറ് പതിവുണ്ട്:
 
"ചെറുപ്പം അല്ല. ഭക്ഷണം കഴിച്ചിട്ട് മതി കാത്തിരിപ്പ്."
 
പോരാത്തതിന് ഇപ്പോൾ ഷുഗറും പ്രഷറും ഒക്കെ അത്യാവശ്യമുണ്ട് താനും. ഇടയ്ക്ക് കട്ടൻ ചായ ഉണ്ടാക്കി കുടിക്കൽ അവന്റെ  അച്ഛനിൽ നിന്നും പഠിച്ച ശീലമാണ്. മൂന്നുനാലുതവണ പഞ്ചസാരയിട്ട് ചായ  ഉണ്ടാക്കി കുടിക്കും. ഏതു മരുന്നിനേക്കാൾ ഗുണം കിട്ടുന്ന ഒരു മാർഗമായിട്ടാണ് അത് എനിക്ക് തോന്നുന്നത്.
 
ഓരോന്ന് ആലോചിച്ച് ഇരുന്നുറങ്ങി പോയതറിഞ്ഞില്ല. പുറത്ത് അപ്പോഴും മഴ ചാറുന്നുണ്ട്. നിരത്തിൽ നിന്നും ഒരു വാഹനത്തിന്റെയും ശബ്ദം കേൾക്കുന്നില്ല. ആശങ്ക വർധിച്ചു. സമയം നോക്കിയപ്പോൾ നാലുമണി. ജനൽ അടച്ചിരുന്നില്ല. വെറുതെ ഒന്നു കൂടി തുറന്നു നോക്കി. അരണ്ട പ്രകാശത്തിൽ ആരോ തിണ്ണയിൽ കിടക്കുന്നത് പോലെ തോന്നി. ഞെട്ടലോടെ വിളക്ക്തിരി നീട്ടി ജനവാതിക്കൽ കാട്ടി. അത് മനു തന്നെ. ഇത് പതിവുള്ളതല്ല. ന്റെ കുട്ടിക്ക് എന്തെങ്കിലും അസുഖം ഉണ്ടോ എന്ന് ആലോചിച്ചു പെട്ടെന്ന് വാതിൽ തുറന്നു. പഴയ വാതിലിന്റെ  ശബ്ദം അപ്പോഴേക്കും അവനെ ഉണർത്തിയിരുന്നു. 
 
"അമ്മേ ഇത് ഞാനാണ്. എത്തിയപ്പോൾ ഒരു മണിയായി. ജനലിലൂടെ നോക്കിയപ്പോൾ അമ്മ ഇരുന്നുറങ്ങുന്നത്  കണ്ടു. ശല്യപ്പെടുത്തേണ്ട എന്ന് കരുതി വെറുതെ കിടന്നതാണ്. എപ്പോഴാണ് ഉറങ്ങിപ്പോയത് എന്ന് അറിയില്ല. ഇന്നലെ ലാസ്റ്റ് ബസ് കിട്ടിയില്ല. അതുകൊണ്ട് സ്റ്റേഷനിൽ നിന്നും നടന്നാണ് വന്നത്. എത്തിയപ്പോഴേക്കും വൈകിപ്പോയി. "
 
കഴിക്കാനൊന്നും വേണ്ടെന്നു പറഞ്ഞു 
മനു മുകളിലേക്കുറങ്ങാൻ പോയി. ഞായറായതു കൊണ്ട് ഇനി പത്തു കഴിഞ്ഞേ ഇറങ്ങു. ഒന്നു കൂടെ മയങ്ങാമലോ എന്ന് കരുതി കിടക്കയിലേക്ക് മറിയുമ്പോൾ അടുത്തുള്ള അമ്പലത്തിൽ നാരായണീയം കേൾക്കാം... 
 
"സാന്ദ്രാനന്ദാവബോധാത്മകമനുപമിതം കാലദേശാവധിഭ്യ‍ാം
നിര്മുക്തം നിത്യമുക്തം നിഗമശതസഹസ്രേണ നിര്‍ഭാസ്യമാനം
അസ്പഷ്ടം ദൃഷ്ടമാത്രേ പുനരുരുപുരുഷാര്‍ത്ഥാത്മകം...."

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter