മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

vishu

saraswathi thampi

മീനച്ചൂടിലെ വെന്തുരുക്കങ്ങളെയൊന്നും ഗൗനിക്കാതെ ആളുകൾ കടകൾ തോറും കയറിയിറങ്ങുകയാണ്. ഓണത്തിന് എത്രയോ മുമ്പുതന്നെ ഒരുക്കങ്ങൾ തുടങ്ങിയാലും തലേന്നാളത്തെ ഉത്രാടപ്പാച്ചിൽ ഒഴിവാക്കാനാവാത്തതുപോലെ വിഷുക്കണിയൊരുക്കാനും സദ്യവട്ടമുണ്ടാക്കാനുമുള്ളതെല്ലാം ദിവസങ്ങൾക്കു മുമ്പേ തയ്യാറായിട്ടുണ്ടാവുമെങ്കിലും എന്തെങ്കിലുമൊക്കെ വിട്ടു പോയിക്കാണും.

കുഞ്ഞുങ്ങളെയും കൂട്ടി പടക്കക്കടകൾ തോറും കയറിയിറങ്ങുന്നവരും കണി വെള്ളരി തിരഞ്ഞെടുക്കാനെത്തുന്നവരും തുണിക്കടയിൽ പുതുതായെത്തിയ വിഷുപ്പുടവകൾ കാണാനും വാങ്ങിക്കാനുമൊക്കെയായി തിരക്കോടു തിരക്ക്.

ഒന്നുറങ്ങിക്കഴിഞ്ഞാൽ തലേന്നാൾ തന്നെ റെഡിയാക്കി വെച്ച വിഷുക്കണി ഒന്നുകൂടി ഒരുക്കി വെക്കലാണ്. നാളികേരമുടക്കലും വിളക്കു കൊളുത്തലും ചന്ദനത്തിരി കൊളുത്തലും വാൽക്കിണ്ടിയിൽ വെള്ളം നിറക്കലുമെല്ലാം അത്യുത്സാഹത്തോടെ വിഷുപ്പുലരിയെ വരവേൽക്കാനും വീട്ടിലുള്ളവർക്കെല്ലാം കണികണ്ട് തൊഴുന്നതിനുമായി.
മുത്തശ്ശനാണ് (അമ്മയുടെ അച്ഛൻ ) കണിയൊരുക്കിയതിനുശേഷം ഞങ്ങളെ വന്ന് വിളിച്ചുണർത്തിയിരുന്നത്. കണ്ണു തുറന്ന് വേണുഗോപാല രൂപവും കൊന്നപ്പൂക്കളും സ്വർണവും കോടി വസ്ത്രവും വാൽക്കണ്ണാടിയുമെല്ലാം നിലവിളക്കിൻ്റെ പ്രഭയിൽ ഏറെ ആകർഷണീയമായൊരുക്കിവെച്ചത് കാണുമ്പോൾ ഹൃദയം സന്തോഷത്തുടികൊട്ടുക തന്നെ ചെയ്യും.

അതിനു ശേഷം മുത്തശ്ശൻ നാണയത്തുട്ടുകൾ കൈനീട്ടം തരും. ഏറെ അമൂല്യമായ നിധിപോലെ നിറഞ്ഞ സ്നേഹത്തോടെ തരുന്ന നാണയത്തുട്ട് ഭക്ത്യാദരങ്ങളോടെ ഏറ്റുവാങ്ങി സൂക്ഷിച്ചു വെയ്ക്കും.
പിന്നെയാണ് രസകരമായ പരിപാടികൾ അരങ്ങേറുന്നത്.പടക്കം പൊട്ടിക്കലും നിലച്ചക്രം കത്തിക്കലും കമ്പിത്തിരിയും പൂത്തിരിയും കത്തിക്കലുമൊക്കെയായങ്ങനെ നേരം പോവുന്നത് അറിയാറേയില്ല.
സൂര്യോദയത്തിൽ വെളിച്ചം പരക്കുമ്പോഴേക്കും തലേന്നാൾ അടിച്ചുവാരി വൃത്തിയാക്കിയ മുറ്റമാകെ അലങ്കോലമായി കിടപ്പുണ്ടാകും.

കുളി കഴിഞ്ഞ് എത്തുമ്പോഴേക്കും തേങ്ങാപ്പാലൊഴിച്ച വിഷുക്കഞ്ഞിയും മാങ്ങാച്ചമ്മന്തിയും ചക്കക്കൂട്ടാനും റെഡിയായിട്ടുണ്ടാവും. ആ സ്വാദ് ഇന്നുമുണ്ട് നാവിൻതുമ്പിൽ ഓർമ്മകൾക്കൊപ്പം എന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തിയില്ല തന്നെ.

ഉച്ചയാകുമ്പോഴേക്കും വിഷുസ്സദ്യയൊരുങ്ങും. വിരുന്നുകാർക്കും വീട്ടുകാർക്കുമൊപ്പമിരുന്ന് വിഭവസമൃദ്ധമായ വിഷു സ്സദ്യ കഴിച്ചതിനു ശേഷം ഞങ്ങൾ ഞങ്ങളുടേതായ ലോകത്ത് വിഹരിക്കുമ്പോൾ അടുക്കളയിൽ വാഴയില ചീന്തുന്നതിൻ്റേയും തേങ്ങ ചിരവുന്നതിൻ്റേയും അടയുണ്ടാക്കുന്നതിൻ്റേയും തിരക്കായിരിക്കും. അൽപ്പസമയത്തിനു ശേഷം നടക്കാനുള്ള 'കൈക്കോട്ടുചാൽ ' എന്ന പരിപാടിക്കുള്ള ഒരുക്കങ്ങളാണിവ. നിലവിളക്കും കിണ്ടിയിൽ വെള്ളവും തുളസിക്കതിരും ചന്ദനവുമൊക്കെ വാഴയിലച്ചീന്തുകളിലായി ഒരുക്കിവെച്ച് ഭൂമിപൂജ ചെയ്ത് കൈക്കോട്ടു കൊണ്ട് കിളച്ച് ഭക്ത്യാദരപൂർവ്വം പുതുവർഷത്തിലെ ആദ്യത്തെ കൃഷിക്കു തുടക്കമായി വിത്തുപാവും.
കാർഷിക സംസ്കൃതിയുമായി ബന്ധപ്പെട്ട ഉത്സവാഘോഷങ്ങളുടെ നവാരംഭം എത്ര മനോഹരം അല്ലേ!

കൂടുതൽ വായനയ്ക്ക്

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter