മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

ഗുരു എന്നു കേൾക്കുമ്പോൾ പണ്ട് കേട്ടതോ വായിച്ചറിഞ്ഞതോ ആയ ഒരു കഥയാണെപ്പോഴും മനസ്സിൽ തെളിയാറ്. ഗുരുവിനെ തെറ്റിദ്ധരിച്ച ഒരു ശിഷ്യന്റെ കഥ. മായ്ക്കാനാകാതെ മനസ്സിൽ ഇപ്പോഴും ഉണ്ട്‌ ദുഃഖം ഘനീഭവിച്ചു നിൽക്കുന്ന, ഒരു നൊമ്പരം നൽകുന്ന ആ വിവരണം.

പേരോർക്കുന്നില്ല എങ്കിലും കഥ ഇങ്ങനെയാണ്. ഗുരുവിൽ നിന്നും നിരന്തരം പീഡനങ്ങൾ നേരിട്ടു പോന്ന ഒരു ശിഷ്യൻ അവസാനം സഹിക്കവയ്യാതെ തന്റെ ഗുരുവിനെ കൊല്ലാൻ തീരുമാനിക്കുന്നു. ഗുരുകുലസമ്പ്രദായമായിരുന്നതിനാൽ ഗുരുവിന്റെ ആശ്രമത്തിൽ തന്നെയായിരുന്നു ശിഷ്യരുടെ താമസം. രാത്രിയായതോടെ വലിയ ഒരു കല്ലേന്തി ഗുരു ശയിക്കുന്ന മുറിയുടെ മുകളിൽ ഒളിച്ചിരുന്ന ശിഷ്യൻ തന്റെ ജീവിതം മാറ്റി മറിക്കുന്ന ഒരു സംഭാഷണം കേട്ടു. ഗുരു തന്റെ പത്നിയോട് ഇതേ വിദ്യാർത്ഥിയെ വീണ്ടും വീണ്ടും ബുദ്ധിമുട്ടിക്കുന്നതിലുള്ള വേദന പങ്ക് വെക്കുന്നതായിരുന്നു അതിന്റെ ഉള്ളടക്കം. കുറ്റബോധം പിടികൂടിയ ശിഷ്യൻ തന്റെ ഉദ്യമത്തിൽ നിന്ന് പിന്മാറിയെന്നു മാത്രമല്ല അതിനുള്ള പ്രായശ്ചിത്തം ഗുരുമുഖത്തിൽ നിന്ന് കേൾക്കാൻ വാശി പിടിച്ചു. പിന്തിരിപ്പിക്കാൻ ആവും വിധം നോക്കിയെങ്കിലും പരാജയപ്പെട്ട ഗുരു വിധിപ്രകാരമുള്ള മാർഗം ഉപദേശിച്ചു കൊടുത്തു. അതിൻ പ്രകാരം ഉമിത്തീ കൂട്ടി അതിൽ സ്വയം ദഹിക്കാൻ പ്രസ്തുത ശിഷ്യൻ തയ്യാറാവുകയും ഗുരുവിനോട് മാപ്പ് യാചിച്ചു അദ്ദേഹം ജീവത്യാഗം ചെയുകയും ചെയ്തു എന്നാണ് കഥ.

ചിലപ്പോൾ സ്വയം ആ വിദ്യാർത്ഥിയായി സങ്കല്പിച്ചിട്ടുണ്ട് കാരണം പഠിക്കുന്ന കാലത്ത് അധ്യാപകരോട് ചിലപ്പോൾ വെറുപ്പ്‌ തോന്നിയിട്ടുണ്ട്. ഇഷ്ടമില്ലാത്ത കാര്യങ്ങൾ നിർബന്ധിച്ചു ചെയ്യിപ്പിക്കുമ്പോഴും ഗൃഹപാഠങ്ങൾ ചെയ്യാത്തതിന് ശിക്ഷ നല്കുമ്പോളുമൊക്ക മനസ്സറിഞ്ഞു ശപിച്ചിട്ടുണ്ട്. അന്നത് അപക്വമായ മനസ്സിന്റെ അവിവേകമായിരുന്നു എന്ന് ഇന്ന്‌ തിരിച്ചറിയുന്നുണ്ടെങ്കിലും ഏറ്റുപറയാൻ ആ നല്ല അധ്യാപകർ ഇന്ന്‌ നമ്മോടൊപ്പമില്ല. അവരുടെ സൽപ്രവർത്തികളാകട്ടെ ഇന്നും നമുക്ക് ജീവിതത്തിൽ ഉടനീളം മധുരഫലങ്ങൾ തന്നു കൊണ്ടേ ഇരിക്കുന്നു. ആ ഗുരുപാദങ്ങളിൽ മനസ്സ് കൊണ്ട് നമിക്കാനല്ലാതെ മറ്റൊന്നും ഇനി സാധ്യമല്ല.

ഇതിവിടെ ഇന്ന്‌ സൂചിപ്പിക്കാൻ കാരണമായത് അധ്യാപകദിനം ആയത് കൊണ്ട് തന്നെയാണ്. അധ്യാപകനാണെങ്കിലും ഈ ദിവസത്തിൽ ഗുരുപരമ്പരകളുടെ മുന്നിൽ സവിനയം തല കുനിച്ചു നിൽക്കുന്ന ഒരു വിദ്യാർഥിയാകാനാണ് എനിക്ക് താല്പര്യം. ഓരോരുത്തരിൽ നിന്നും എന്തെങ്കിലും എന്നും പഠിച്ചു കൊണ്ടേയിരിക്കുന്ന ഒരാളെന്ന നിലയിൽ ഒരു അധ്യാപകൻ ആണെന്നു പറയുന്നതിനേക്കാൾ ഉചിതം വിദ്യാർത്ഥി പട്ടം തന്നെ.

ഒരു വശത്തു നോക്കിയാൽ പഠിപ്പിച്ച വാത്സല്യനിധികളായ അധ്യാപകരുടെ നീണ്ട നിര മറുവശത്തു പഠിപ്പിച്ച പ്രിയ ശിഷ്യന്മാരുടെ ദൈർഘ്യമേറിയ ശ്രേണി. നടുക്ക് പ്രകാശം പരത്താനുള്ള നിയോഗവുമായി നിൽക്കാനുള്ള ഭാഗ്യം. ധന്യമായി കരുതുന്നു ഈ ജന്മം.

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter