കേരളത്തനിമയാര്‍ന്ന കലാരൂപങ്ങളുടെ ആന്തരചൈതന്യം ആവാഹിച്ചുകൊണ്ട് കോവിലൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കണ്ടാണിശ്ശേരി വട്ടോമ്പറമ്പിൽ വേലപ്പൻ അയ്യപ്പൻ രചിച്ച  നോവലാണ്

തോറ്റങ്ങൾ. ഈ കൃതിക്ക് 1971-ൽ നോവൽ സാഹിത്യത്തിനുള്ള  കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിരുന്നു .

വൈരുദ്ധ്യാത്മക ബന്ധങ്ങള്‍ ഒരര്‍ത്ഥത്തില്‍ സമൂഹവും വ്യക്തിയും തമ്മിലുള്ള ബന്ധങ്ങള്‍ തന്നെയാണ്. അടിസ്ഥാനപരമായി ജീവിതോന്മുഖരായ,സമരസജ്ജരായ, അതേ സമയം കരുണയും അനുതാപവുമുള്ള കഥാപാത്രങ്ങളെയും മനുഷ്യത്വത്തിന്റെ വലിയ ഉയരങ്ങളെ ആവിഷ്‌കരിക്കുന്നതുമായ പ്രമേയ ഘടനയാണ് കോവിലന്‍ രചനകൾക്ക് ഉള്ളത്.
         
കഥ പറച്ചിലിന്റെ ഒരു ഇന്ത്യന്‍ രീതിയുണ്ട്. അത് ഇതിഹാസങ്ങള്‍ മുതല്‍ കഥാസരിത് സാഗരവും പഞ്ചതന്ത്രവും ഗോത്ര വാമൊഴി കഥാപാരമ്പര്യങ്ങളുടെയുമെല്ലാം വലിയ ഒരു പൈതൃകമാണ്. നോവല്‍ എന്ന പുതിയ നൂറ്റാണ്ടിലെ ആവിഷ്‌കാര കല കോവിലനില്‍ എത്തുമ്പോള്‍, വിശേഷിച്ചും തോറ്റങ്ങളിലും തട്ടകത്തിലുമെത്തുമ്പോള്‍ അതിന് ഒരു തനത് സ്വഭാവം കൈവരുന്നു എന്നതാണ് കോവിലനെ മറ്റ് എഴുത്തുകാരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ഈയര്‍ത്ഥത്തില്‍ തോറ്റങ്ങള്‍ മലയാള നോവല്‍ സാഹിത്യത്തിലെ പ്രധാനപ്പെട്ട ഒരു നാഴികക്കല്ലാണ്.

"ആര്‍പ്പും വിളിയും കേള്‍ക്കായി. ഇതെന്തെന്ന് അല്ഭുതപ്പെട്ടു. മനയ്ക്കല്‍ വേളിയുണ്ടോ? അല്ഭുതത്തോടെ ചെകിടോര്‍ക്കുമ്പോള്‍ കേള്‍ക്കുന്നത് ആര്‍പ്പും വിളിയുമല്ല, കൂക്കും നിലവിളിയുമാണ്. ഓടിവരേയ്... കടവില്‍ത്തറ മുഴുക്കെ നിലിവിളിക്കുന്നു''. '99ലെ വെള്ളപ്പൊക്കത്തിന്റെ ഒഴുക്കിലൂടെ തോറ്റങ്ങള്‍ തുടങ്ങുന്നു... 
   
ഭാഷയുടെ ഒഴുക്കാണ് തോറ്റങ്ങൾ. അതിശക്തമായ ഒഴുക്ക്. അറുപത്തെട്ടുകാരിയമ്മയുടെ ഭ്രമകല്പനകൾ പോലെ, പ്രളയം പോലെ...

നിലയില്ലാത്ത വെള്ളത്തിൽ, തൊണ്ണൂറ്റൊമ്പതിൽ, വെള്ളപ്പൊക്കത്തിൽ, കന്നിപ്രസവത്തിന് തോണിയേറി തോറ്റം കേട്ട് ജന്മഗേഹത്തിലേയ്ക്ക് യാത്രയായ തോറ്റങ്ങളിലെ നായിക 'ഉണ്ണിമോള്‍' പരിണയിക്കാനാഗ്രഹിച്ചത് ഓടപ്പഴത്തിന്റെ നിറമുള്ള നാരായണനെയാണ്. പക്ഷെ അവള്‍ക്ക് കിട്ടിയത് കറമ്പനും ഭാവനാശൂന്യനുമായ ചെന്നപ്പനെയാണ്. ഇനിയുള്ള അവളുടെ പ്രതീക്ഷ, അവളുടെ മകള്‍ ദേവയാനിക്ക് നാരായണന്റെ മകന്‍ നിജവിനെ വിവാഹം കഴിക്കാനാകുമോ എന്നുള്ളതാണ്. മൂത്തമകന്‍ ഗോപി എത്തേണ്ടിടത്ത് എത്തിയിട്ടില്ല. ഇളയമകന്‍ ദിവാകരന്‍ ഒരു കോമരമാണ്. പെണ്‍മക്കളായ മാലു, നന്ദിനി, ദേവയാനി എന്നിവര്‍ക്ക് വിവാഹമായിട്ടില്ല. ചെന്നപ്പന്റെ മുഖ്യ ആദായമാര്‍ഗമാകട്ടെ വീട്ടിലെ പെണ്‍പട്ടിയുടെ കുഞ്ഞുങ്ങളെ വില്‍ക്കലാണ്. ഉണ്ണിമോളുടെ ജീവിതം ഇരുട്ടുനിറഞ്ഞതായി തീര്‍ന്നിരിക്കുന്നു. ഉണ്ണിമോളുടെ കുഞ്ഞാങ്ങളയ്ക്ക് ജീവിതസൗകര്യങ്ങളുണ്ട്. നാരായണന്റെ മകന്‍ നല്ലനിലയിലാണ്. സൗവര്‍ണ്ണവിഗ്രഹത്തിനു പകരം അഞ്ജനക്കല്ലു കിട്ടിയ ഉണ്ണിമോളുടെ ജീവിതകഥയാണ് തോറ്റങ്ങള്‍.
       
ഒരു സമുദായത്തിന്റെ ഐതിഹ്യസ്മരണയാണ് തോറ്റങ്ങള്‍ . തോറ്റങ്ങള്‍ എന്ന നോവലിനോടോപ്പം ഇന്ന് കോവിലനും ഒരു ഐതിഹാസികസ്മരണയായി മാറിയിരിക്കുന്നു . എഴുത്തില്‍ നൂറുശതമാനവും ആത്മാര്‍ത്ഥത പ്രകടിപ്പിച്ചിരുന്നതുകൊണ്ടാണ് ഇന്നും കോവിലന്‍ രചനകള്‍ നമ്മെ കൊളുത്തിവലിക്കുന്നത്.