അക്ഷയയിൽ ക്യൂ നിന്ന് മടുത്തു. ഒരു ദിവസത്തിന്റെ പകുതിയാണ് അക്ഷയയിൽ എത്തിയിട്ട് കാത്തിരിപ്പിന് വേണ്ടി  സമർപ്പിക്കുന്നത്. നേരം പോകാൻ മൊബൈൽ തന്നെ ശരണം. അവൾ മൊബൈലിലേക്ക് തല പൂഴ്ത്തി.  തന്റെ പേര് ആരോ വിളിക്കുന്നത് കേട്ടാണ് അവൾ മൊബൈൽ നിന്ന് തല ഉയർത്തി നോക്കിയത്. അയൽവാസിയായ മറിയതാത്ത  ആയിരുന്നു അവളെ  വിളിച്ചത്. അവൾക്കു മുന്നിൽ അഞ്ചാറ് പേർക്ക് ഇടയിലായി മറിയത്താ  നിലയുറപ്പിച്ചിട്ടുണ്ട്. 'എന്നിട്ട് താൻ ഇതുവരെ കണ്ടില്ലല്ലോ' ചാരു ചിന്തിച്ചു. ചാരുവിന്റെ മനസ്സ് വായിച്ചതു പോലെ മറിയതാത്ത പറഞ്ഞു.

"ന്റെ കാല് കഴച്ചിട്ട് ഞാൻ അപ്പറം മാറി ഇരിക്കയ്ന് അതാ  യ്യ് ന്നെ  കാണാത്തെ. യ്യ് ഇങ്ങോട്ടേക്ക് ആണെങ്കിൽ ഒരു വാക്കു പറഞ്ഞു കൂടയ്‌നോ ന്റെ  ചാരു. ന്നാ പിന്നെ ആർക്കെങ്കിലും ഒരാൾക്ക് നേരത്തെ കാലത്തെ വന്നു നിന്നാൽ മതിയേനു."

ചാരു മറുപടി പറഞ്ഞു. "ഇന്റെ ഇത്ത നാളെയും കൂടെ യുള്ളൂ ആധാരം ആധാർ കാർഡുമായി ലിങ്ക് ചെയ്യുന്നതിന്റെ ലാസ്റ്റ് ഡേറ്റ് എന്ന് എനിക്ക് അറിയില്ലായിരുന്നു. രണ്ടുദിവസം മുന്നേ മോളുടെ  പ്ലസ് വൺ അഡ്മിഷൻ വേണ്ടി വന്നു  നിന്നിട്ടെന്നെ  ഞാനൊരു വഴിക്കായിരുന്നു" ചാരു  ഒന്നു നിർത്തി മൊബൈൽ ബാഗിൽ എടുത്തു വെച്ചുകൊണ്ട് തുടർന്നു.

 "കഴിഞ്ഞാഴ്ച ആണെങ്കിൽ ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നതിന്റെ  പരിപാടിയായിരുന്നു. ഇതിപ്പോ അക്ഷയയിൽ കയറാതെ ജീവിക്കാൻ വയ്യ എന്ന അവസ്ഥയായി.മടുത്തു. മോളെ പ്ലസ് വണ്ണിൽ ചേർത്താനായി  തന്നെ മിക്ക ദിവസങ്ങളിലും അക്ഷയയിൽ  കാത്തുകെട്ടി ഇരിപ്പാണ്. സൈറ്റ്  കിട്ടുന്നില്ല സൈറ്റ് കിട്ടുന്നില്ല എന്ന പരാതി കേട്ട്  തിരിച്ചുപോകും. എന്ത് ചെയ്യാനാ വല്ലാത്ത കഷ്ടം തന്നെ ആവശ്യങ്ങൾ നടക്കേണ്ടതൊണ്ട്  അക്ഷയയിൽ വന്നല്ലേ പറ്റൂ."

അവരുടെ സംസാരം  കേട്ട് ചുറ്റിലും ഉള്ള ആളുകൾ അവരോടൊപ്പം സംഭാഷണത്തിലേർപ്പെട്ടു.ഓരോരുത്തരും അവരവരുടെ അക്ഷയ 'കാര്യസാധ്യ'ങ്ങളുടെ ലിസ്റ്റ് തന്നെ വിളമ്പാൻ തുടങ്ങി. ഒപ്പം പരാതികളും. ഓരോരുത്തർക്കും ഓരോ തരത്തിലായിരുന്നു കുറ്റങ്ങൾ.  ഭൂരിഭാഗത്തിനും അക്ഷയയിലെ ജോലിക്കാരുടെ 'കൊമ്പിനെ'  പറ്റിയായിരുന്നു പറയാനുണ്ടായിരുന്നത്.

"എന്താണ് ഓരൊക്കെ വിചാരം. പുലർച്ചെ മുതൽ വൈകുന്നേരം വരെ വന്ന്  നിന്നിട്ട് സൈറ്റ് കിട്ടുന്നില്ല എന്ന് പറഞ്ഞു വിട്ടാൽ മതിയല്ലോ." ഒരു സ്ത്രീ പറഞ്ഞു. ചാരു  ഇത് കേട്ട് ചിരിച്ചു പോയി

 'നിൽക്കുന്നവരേക്കാൾ വെറുത്തിരിക്കയാണ് അവിടെയിരിക്കുന്ന അക്ഷയ സേവനക്കാർ ' എന്നൊക്കെയറിയാം. എന്നാലും പൊതുജനം വിഡ്ഢികളാണെന്ന് കണക്കാക്കി കൊണ്ടുള്ള അവരിൽ ചിലരുടെയെങ്കിലും മനോഭാവം അവളെ രോഷം കൊള്ളിക്കാറുണ്ട്. പിന്നെയൊരു കാര്യം ഉള്ളത്  എല്ലാ പണികളും നിശ്ചലമാക്കി തന്ന്  ഒരു നെടുവീർപ്പ് അയച്ചു കൊണ്ട് മനസ്സിനെ മറഞ്ഞിരിക്കുന്ന  ഓർമ്മകളുടെ  ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ അക്ഷയയിലെ കാത്തു നിൽപ്പിന് കഴിയാറുണ്ട്.  കാത്തു നിന്ന് കാൽ കഴച്ചാലും ഓർമ്മകളോട്  പിണങ്ങിയ വിരാമമില്ലാത്ത ചിന്തകളെ കൂട്ടിയിണക്കാൻ അക്ഷയ വേദിയാകാറുണ്ട്. മാത്രമല്ല വിട്ടുപോയവ പൂരിപ്പിക്കാനെന്നോണം ജീവിതത്തിനോട്‌ വ്യത്യസ്ത വീക്ഷണങ്ങൾ ഉള്ള പലരുടെയും ചിന്താഗതികൾ കൂട്ടിച്ചേർത്തു ജീവിതം അനുഭവങ്ങളുടെ ഒരു 'അക്ഷയപാത്രം 'ആകാറുണ്ട്. 

 'ഇങ്ങളെ  നമ്പർ എത്രാ '? തൊട്ടടുത്തു നിൽക്കുന്ന ഒരാളുടെ ചോദ്യമാണ് ചാരുവിനെ കാടുകയറിയ ചിന്തകളിൽ നിന്നുണർത്തിയത്. '96 'ചാരു മറുപടി കൊടുത്തു.

'ശോ 'എന്തൊക്കെയാണ് ഞാൻ ഇത്രയും നേരം  ചിന്തിച്ചത്. ഒരു വീട്ടമ്മയായ തനിക്ക് ക്ഷമ വേണ്ടുവോളം ഉണ്ടെന്നറിയാം എന്നാൽ ലോകപരിചയവും, അനുഭവജ്ഞാനവും കിട്ടുന്നതിൽ അക്ഷയയിലെ കാത്തുകെട്ടി കിടപ്പ് ഒരു പരിധിവരെ സഹായിച്ചിട്ടുണ്ടെന്ന് അവൾക്ക് തോന്നി. എന്തിനേയും പോസിറ്റീവ് ആയി എടുക്കുക എന്നൊക്കെ അറിയാമെങ്കിലും ഗവൺമെന്റ് തരുന്ന അക്ഷയയിൽ പോയി ചെയ്യാനുള്ള പല ടാസ്കുകളും വിജയത്തിലേക്ക് എത്തിക്കാനുള്ള കാത്തുനിൽപ്പിന്റെ ശാരീരിക മാനസിക അസ്വസ്ഥതകൾ ആണ് മറ്റെന്തിനേക്കാളും മനസ്സും മടുപ്പിച്ച് മുന്നിലേക്ക് എത്തുക.

 എല്ലാവരും കൂടെ പലതും പറഞ്ഞു പിടിച്ച് നിന്നു നേരം  കളഞ്ഞു. അപ്പോഴാണ് ഇരിപ്പിടത്തിൽ നിന്നും ഒരാൾ എണീക്കുന്നത്. അത് കണ്ടതും ചാരു ഓടിച്ചെന്ന് ആ സീറ്റ് പിടിച്ചു. പിന്നീട് സീറ്റ് പോകുമോ എന്ന് പേടിച്ച് തന്റെ  നമ്പർ ആയോ എന്ന് നോക്കാൻ പോലും ചാരുവിന് ഭയമായി. ചുറ്റും നിൽക്കുന്നവരുടെ കണ്ണ് തന്റെ സീറ്റിലേക്ക് ആണെന്ന് അവൾക്ക് അറിയാമായിരുന്നു. രാവിലെ തൊട്ട് നിന്നിട്ട് ചാരു ആകെ ക്ഷീണത്തിൽ ആയിരുന്നു.   തനിക്ക് ശേഷമുള്ള ആൾ അക്ഷയയിൽ നിന്ന് കാര്യം കഴിഞ്ഞു കൊണ്ടിറങ്ങി പോകുന്നത് കണ്ട് അവൾ വേവലാതിപ്പെട്ടു കൊണ്ട് ഓടി അവരുടെ അടുത്ത് ചെന്ന് ചോദിച്ചു.

'നിങ്ങൾ എന്താ വേഗം പോണെ.  നിങ്ങൾടെ  ചെയ്തു കഴിഞ്ഞോ? '

കുറേ മുമ്പ് ചാരുവിനോട് വർത്താനം പറഞ്ഞ് പരിചയത്തിലായ കക്ഷി ആയിരുന്നു അത്. അവര് ചാരു വിനോട് തിരിച്ചു ചോദിച്ചു.

'നിങ്ങളിത്  എവിടെ പോയി കിടക്കുകയായിരുന്നു എനിക്കും   മുൻപിൽ അല്ലേ ങ്ങള്.'

ഇത് കേട്ട പാതി കേൾക്കാത്ത പാതി ചാരു  തന്റെ കയ്യിലിരിക്കുന്ന ആധാരത്തിന്റെ കവറും  ഒച്ചപ്പെടുത്തികൊണ്ട് ഓടി.  അക്ഷയക്കാരോട് ചോദിച്ചു.

"96 ആയോ?  96 ആയോ. "? ചാരു ഓടുമ്പോൾ കവറിന്റെ ശബ്ദ കോലാഹലം ആളുകളിൽ ചിരിയുണർത്തി. 

' 96 ആയോന്നല്ല. 97, 98, 99 ഉം ഒക്കെ  കഴിഞ്ഞു. നമ്പർ 100 ആയി.  നിങ്ങൾ ഇത് എവിടെ പോയി കിടക്കുകയായിരുന്നു. എത്ര തവണയായി ഇവിടുന്ന് 96 96 എന്ന് വിളിച്ചത്. അവരുടെ ശകാരവർഷം  കേട്ടു ചാരു ചമ്മി പോയി. '

'അത് ഞാൻ അപ്പുറത്ത് ഇരിക്കുകയായിരുന്നു വിളിച്ചത് കേട്ടിട്ടില്ലായിരുന്നു. ' ചാരു പറഞ്ഞൊപ്പിച്ചു.

 "നിങ്ങൾ ഇത് ഏത് ലോകത്തായിരുന്നു "പിന്നെയും അവർ ശകാരം  തുടങ്ങി. തങ്ങളുടെ ജോലിക്ക് തടസ്സം സൃഷ്ടിച്ച ചാരുവിനോട് അവർക്ക്‌  ഈർഷ്യ തോന്നി. 'ഇവിടെ വരുന്നത് നിങ്ങളുടെ കാര്യങ്ങൾ ചെയ്യാൻ ആണെങ്കിൽ അത് ചെയ്യുന്നത് വരെ നിങ്ങൾ ശ്രദ്ധിക്കണമായിരുന്നു. അല്ലാതെ എവിടെങ്കിലും  പോയിരുന്നു സ്വപ്നം കാണല്ലാ വേണ്ടത്.' ഒന്നുകൂടി ചമ്മിയ ചിരി ചിരിച്ചു ചാരു കുറെ ക്ഷമാപണം നടത്തി നോക്കിയെങ്കിലും അതൊന്നും അവിടെ ഏറ്റില്ല.

'ഇനി ഞങ്ങൾക്കൊന്നും ചെയ്യാൻ പറ്റില്ല. നമ്പർ കഴിഞ്ഞു പോയാൽ പിന്നെ അടുത്തടുത്ത നമ്പറിലുള്ള ആളുകൾ  ഒഴിഞ്ഞു മാറി തരില്ല. നിങ്ങൾക്ക്  ശേഷം  വന്നവർ അവരുടേത് ചെയ്യാൻ ധൃതി കൂട്ടുന്നത് കണ്ടില്ലേ വേണമെങ്കിൽ അവരോട് ചോദിച്ചു നോക്കൂ. '

 ചാരു ഓടിച്ചെന്ന് 100 നമ്പർ ഉള്ള വ്യക്തിയോട് തന്റെ ഗതികേട് വ്യക്തമാക്കി. എന്നാൽ അയാൾ അതിനേക്കാൾ വലിയ ഗതികേടിൽ ആയതിനാല് സമ്മതിച്ചില്ല.

ചാരു 101 നെ സമീപിച്ചു. കുട്ടികൾ സ്കൂൾ വിട്ടു വന്നാൽ വീട്ടിൽ ആരും ഇല്ല എന്ന തന്റെ കദന കഥ വെളിപ്പെടുത്തി. തനിക്ക്‌  ഇതിനേക്കാൾ വലിയ പ്രശ്നമാണുള്ളത് എന്ന് പറഞ്ഞു അവരും നിർദ്ദാക്ഷിണ്യം കൈയൊഴിഞ്ഞു.

ചാരു 102 ന്റെ അടുത്തെത്തി കെഞ്ചി. അവർ ചാരുവിനെ മൈൻഡ് പോലും ചെയ്തില്ല. അങ്ങനെ 103,  104, 105,  106 എന്നിങ്ങനെ എല്ലാ നമ്പറിന്റെ  അടുത്തും ചാരു പോയി അക്കിടി  പറ്റിയ കാര്യം പറഞ്ഞു കൊണ്ട് അവസരം തരാൻ അപേക്ഷിച്ചു. 96 നമ്പറും കാണിച്ചുകൊടുത്തു. തന്നെക്കാൾ വലിയ സിനിമാ സ്റ്റോറി തന്നെ പറഞ്ഞു ആളുകൾ ചാരുവിനെ ഞെട്ടിച്ചുകളഞ്ഞു. ചാരു കരച്ചിലിനെ വക്കത്തെത്തി. ഓരോ നമ്പറിന്റെ അടുത്ത് പോയി കഴിഞ്ഞു വീണ്ടും ചാരു അക്ഷയകാരുടെ അടുത്ത് പോയി തന്റെതൊന്ന് ചെയ്തു തരുമോയെന്ന് പോയി  കെഞ്ചും. ഒരു രക്ഷയുമില്ല ചാരുവിന്  അക്ഷയയോടും, തന്നോട് തന്നെയും  അമർഷമായി. 

 അവസാനം 129 നമ്പറുകാരൻ ചാരുവിന്റെ ദയനീയ അവസ്ഥകണ്ട് സഹിക്കവയ്യാതെ തന്റെ മുന്നിൽ നിൽക്കാൻ അവസരം കൊടുത്തു. പിന്നിൽ നിൽക്കുന്നവർക്ക് അതൊട്ടും സ്വീകാര്യമായിരുന്നില്ല. ഇനിയും ഒരാളുടേത് കൂടി ചെയ്തു തീരുന്നതുവരെ സഹിക്കാനുള്ള  ക്ഷമ അവർക്കില്ലായിരുന്നു.ചുറ്റിലുമുള്ള മുറുമുറുപ്പുകൾ ഒന്നും അയാൾ വകവെച്ചില്ല. ചാരുവിന്റെ മാനസികാവസ്ഥ കണക്കിലെടുത്തുകൊണ്ട് മാനുഷിക പരിഗണനക്ക്  അയാൾ ഊന്നൽ നൽകി. ആലോചനയിലാണ്ട്  നിൽക്കുന്ന ചാരുവിനായി  അയാളുടെ മുന്നിൽ ഇത്തിരി ഇടം നൽകി.

എന്നാൽ ചാരുവാകട്ടെ ചക്രവ്യൂഹത്തിൽ അകപെട്ട അവസ്ഥയിലായിരുന്നു. ഇനിയും 28 നമ്പർ കഴിഞ്ഞു പോകുന്നത് വരെ കാത്തിരുന്നാൽ മക്കൾ അവിടെ വിശന്നു പൊരിഞ്ഞു കരയും എന്ന് ഉറപ്പായിരുന്നു. അവളുടെ മനസ്സിൽ ഒരു വടംവലി തന്നെ നടക്കുകയായിരുന്നു. മക്കളെ കുറിച്ച് ഓർക്കുമ്പോൾ തിരിച്ചുപോയാലോ എന്ന ചിന്ത അവളിൽ നിറഞ്ഞു നിന്നു. എന്നാൽ രാവിലെ തൊട്ട് വൈകുന്നേരം വരെ കാത്തു നിന്നിട്ട് വന്ന കാര്യം തീർത്തിട്ട് പോകാതെ ഇരുന്നാൽ പടിക്കൽ ചെന്ന് കലം ഉടക്കുന്ന പോലെ ആകുകയും ചെയ്യും.

ചാരുവിന്റെ  മനസ്സിൽ ഒരുഗ്രൻ പോരാട്ടം തന്നെ നടന്നു. വീട്ടിലേക്ക് തിരികെ പോകാനുള്ള പോരാട്ടത്തിന് ഊർജം പകർന്നു കൊണ്ട് മക്കളുടെ കരച്ചിൽ അവളുടെ അക്ഷയയിൽ ഇനിയും ചിലവാക്കേണ്ടിവരുന്ന സമയനഷ്ടകാത്തു നിൽപ്പിനെ  തോൽപ്പിച്ചു കളഞ്ഞു. ചാരുവിലെ അമ്മ മനസ്സ് ഉണർന്നു.                      സഹജമായ മാതൃത്വത്തിന്റെ  വാത്സല്യവും,  സംരക്ഷണവും മക്കൾക്ക് നൽകാൻ അവൾ വെമ്പൽകൊണ്ടു .                                                   ഇനിയുമുള്ള അക്ഷയയിലെ കാത്തുനിൽപ്പ് ഉത്തമയായ ഭാര്യയും, കുടുംബിനിയുമായ തന്റെ നിലനിൽപ്പിന് തന്നെ കുറെ നേരത്തേക്കെങ്കിലും ഭീഷണിയായേക്കാവുന്ന ആയുധമായി മാറും എന്നവൾക്കറിയാവുന്നതുകൊണ്ട് അവൾ നിരുപാധികം പിൻവാങ്ങി. അക്ഷയയിലെ ക്ലൈമാക്സിലെ  ട്വിസ്റ്റ്‌  തന്റെ കയ്യിൽ നിന്ന് വന്ന' പിഴവ് 'ആണെന്ന് അറിഞ്ഞാൽ സ്വസ്ഥത കിട്ടില്ലെന്ന് അവൾക്കറിയാമായിരുന്നു. 

 തനിക്കുവേണ്ടി സൗമനസ്യം കാണിച്ച 129 നമ്പർ കാരനെ  ഞെട്ടിച്ചുകൊണ്ട് താൻ തിരിച്ചു പോവുകയാണെന്ന് ചാരു അറിയിച്ചു. അക്ഷയയിൽ നാളെ നേരത്തെ വന്ന്  നിന്ന്  കാര്യങ്ങളൊക്കെ ചെയ്യും എന്ന് പറഞ്ഞുകൊണ്ട് സ്വയം സമാധാനിച്ചു നെഞ്ചിലെ ആളിക്കത്തലിനു ഇത്തിരി ശമനം കിട്ടുമെന്ന പ്രതീക്ഷയോടെ അവൾ നടന്നു . 

 കുറച്ചു നടന്നു മാറി തിരിഞ്ഞു നിന്ന് അക്ഷയയിലേക്കൊന്നു നോക്കി  ചാരു ആത്മഗതമെന്നോണം മൊഴിഞ്ഞു.

"മീണ്ടും കണ്ടുമുട്ടും വരൈ  വണക്കം!"

കൂടുതൽ വായനയ്ക്ക്