ഇതൊരു ചെറിയ അനുഭവക്കുറിപ്പ് മാത്രം. പതിനൊന്ന് വർഷങ്ങൾക്ക് ശേഷവും മറക്കാൻ കഴിയാത്ത ഒരു കാഴ്ച. ജീവിതാവസാനം വരെ ആ കാഴ്ച്ച മറക്കാൻ കഴിയുമെന്നും തോന്നുന്നില്ല.

വർഷം 2005
സ്ഥലം: ചെന്നൈ
ഞാനന്ന് ഒരു സോഫ്റ്റ് വെയർ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. കൊടും ചൂടാണെങ്കിലും എല്ലാരും ഫോർമൽ വസ്ത്രങ്ങളാണ്‌ ധരിക്കുക. ഒരു പത്തു മിനിട്ട് നടന്നാൽ icici ബാങ്കായി. അവിടെയാണ്‌ മിക്കവരും പോവുക. ജോലി കഴിഞ്ഞ് ഏതാണ്ട് ആറ്‌ ആറര ആവും. ATM ഇൽ ഇനും കുർച്ച നോട്ടെടുക്കണം. ഞാൻ അവിടെക്ക് നടന്നു. അന്നും എല്ലായിടത്തും കാർഡ് തന്നെയാണ്‌ ഉപയോഗിക്കുക. എന്നാൽ വെള്ളത്തിനും (അതവർ വലിയ പ്രാസ്റ്റിക് ബാരലിൽ തലചുമടായി കൊണ്ടു വരും), വീട്ടിൽ സഹായത്തിനു വരുന്ന സ്ത്രീക്കും, അടുത്തുള്ള ചെറിയ പച്ചക്കറി കടയിലും നോട്ട് തന്നെ കൊടുക്കണം. ഞാൻ ചെല്ലുമ്പോൾ നല്ല ഇരുട്ടായി കഴിഞ്ഞിരുന്നു. ഒരു നിയോൺ ലാമ്പ് ഒറ്റയ്ക്കവിടെ പ്രകാശിച്ച് നില്പ്പുണ്ട്. അതിന്റെ പ്രകാശത്തിലാണ്‌ എല്ലാം കാണാൻ കഴിയുക. പലരും വീട്ടിലേക്ക് പോകാനുള്ള തിരക്കിലാണ്‌. ATM നടുത്തേക്ക് ധൃതി പിടിച്ച് നടക്കുമ്പോൾ ഒരാൾ തറയിൽ കിടക്കുന്നത് കണ്ടു. മലർന്ന് കിടക്കുകയാണ്‌. ഇരുണ്ട നിറമുള്ള ഷർട്ടാണെന്ന് ഇന്നവ്യക്തമായി ഓർക്കുന്നു. അയാളുടെ തലയും കഴുത്തും മാത്രം ചലിക്കുന്നുണ്ട്. കൈകാലുകൾ വിടർത്തിയിട്ടിരിക്കുകയാണ്‌. എന്താണ്‌ സംഭവം എന്നറിയാൻ അടുത്തേക്ക് ചെല്ലുമ്പോൾ കണ്ടു, അയാളുടെ വായിൽ നിന്നും കടും നിറത്തിൽ രക്തം കുതിച്ച് ചാടുന്നത്. പമ്പ് ചെയ്തത് പോലെ ഒരോ തവണയും അയാൾ അനങ്ങുന്നതിനൊപ്പം പുറത്തേക്ക് കുതിച്ചൊഴുകുന്നു. തമിഴ്നാട്ടിൽ വന്നിട്ട് ഒന്നര വർഷമായിട്ടുണ്ടായിരുന്നെങ്കിലും തമിഴ് എനിക്ക് നല്ല വശമുണ്ടായിരുന്നില്ല. ഞാൻ ഉറക്കെ മലയാളത്തിൽ തന്നെ നിലവിളിച്ചു. ‘അയ്യോ..ഓടിവരണെ!’. നിലവിളിക്കുമ്പോൾ മാതൃഭാഷ മാത്രമേ വരൂ എന്നത് ഒരു വലിയ സത്യമാണ്‌. എന്റെ വിളിയും ഓട്ടവും കണ്ട് ചില ഓട്ടോറിക്ഷ ഡ്രൈവർ മാർ അവിടെക്കോടി വന്നു. വന്നെങ്കിലും അവർക്ക് എന്താണ്‌ ചെയ്യേണ്ടതെന്ന് ഒരു പിടിയുമുണ്ടായിരുന്നില്ല. എല്ലാരും ചുറ്റിലും നിന്ന് എന്ത് ചെയ്യണം എന്ന് ഉറക്കെ ചിന്തിക്കുകയാണ്‌. അടുത്ത് ഹോസ്പിറ്റലുണ്ട്, ആംബുലൻസ് വിളിക്കാം എന്നൊക്കെ ചിലർ തമിഴിൽ പറയുന്നത് കേട്ടു. വൈകുന്നേരം 5 മണി കഴിഞ്ഞാൽ ചെന്നൈയിൽ ഇരുപത് കിലോമീറ്റർ സ്പീഡിനപ്പുറം പോവുക എന്നത് അസാധ്യം എന്നു തന്നെ പറയാം. ഞാൻ മൊബൈലിൽ 100 എന്ന നമ്പറിലേക്ക് വിളിച്ചു. കിട്ടിയില്ല. ‘ഇയാളെ വണ്ടിയിലെടുത്ത് കൊണ്ടു പോ’ എന്ന് എങ്ങനെയൊക്കെയോ തമിഴിൽ പറഞ്ഞൊപ്പിച്ചു. അപ്പോഴേക്കും അവിടം മുഴുക്കേയും ചോര കൊണ്ട് നിറഞ്ഞിരുന്നു. ചിലർ അയാളെ എടുത്ത് കൊണ്ട് പോവുന്നത് ഞാൻ കണ്ടു. ഓട്ടൊയിൽ കയറ്റി കൊണ്ടു പോകാനാവും അതെന്ന് വിചാരിക്കുന്നു. അയാളെ കൊണ്ടു പോയതും തിരക്ക് പെട്ടെന്നൊഴിഞ്ഞു. ഞാൻ തിരികെ വീട്ടിലേക്ക് പോവുകയും ചെയ്തു. 

മുറിവിൽ നിന്നും രക്തം ഒഴുകുന്നത് മുൻപ് കണ്ടിട്ടുണ്ടെങ്കിലും ഒരാൾ രക്തം ചർദ്ദിക്കുന്നത് ആദ്യമായിട്ടായിരുന്നു കാണുന്നത്. അയാൾക്ക് എന്തു പറ്റി കാണും?. എന്നാലോചിച്ച് രാത്രി ശരിക്കുറങ്ങാൻ കഴിഞ്ഞില്ല.

പിറ്റേന്ന് വൈകിട്ട് ജോലി കഴിഞ്ഞ് വീണ്ടും അതേയിടത്ത് ചെന്നു. ATM നു മുന്നിൽ ചെറിയൊരു ക്യൂ ഉണ്ട്. തറയിൽ രക്തക്കറയൊന്നുമില്ല. കസ്റ്റമേര്ഴ്സ് വരുന്നത് കൊണ്ട് അതൊക്കെയും രാത്രി തന്നെ കഴുകി കളഞ്ഞിട്ടുണ്ടാവണം. ആരോട് ചോദിക്കും? എന്തു ചോദിക്കും?. തമിഴിൽ എങ്ങനെയാണ്‌ ചോദിക്കേണ്ടത്? ഒരുപിടിയുമില്ല. അവിടെ അടുത്തു കണ്ട ഒരു ഓട്ടോ റിക്ഷ ഡ്രൈവറുടെ അടുത്ത് ചെന്ന് തമിഴ് ‘മാതിരി’ തോന്നിപ്പിക്കുന്ന രീതിയിൽ മലയാളത്തിൽ കാര്യം ചോദിച്ചു. അതൊരു സങ്കര ഭാഷയായിരുന്നു. 
‘എരന്ത് പോച്ച്’ 
എന്ന പറഞ്ഞതിൽ കാര്യം മനസ്സിലായി. ഒരു പക്ഷെ കൊണ്ടു പോയ ആളുടെ ജീവിതത്തിലെ അവസാനനിമിഷങ്ങളാവും ഞാനും ചിലരും തലേന്ന് കണ്ടിട്ടുണ്ടാവുക. ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപേ അയാൾ ജീവൻ വെടിഞ്ഞിട്ടുണ്ടാവും. അയാൾക്ക് വേണ്ടി എനിക്ക് ആകെ ചെയ്യാൻ കഴിഞ്ഞത് ഒന്നു നിലവിളിക്കാൻ കഴിഞ്ഞത് മാത്രം. അതു കൊണ്ട് ഗുണവുമുണ്ടായില്ല. അയാൾക്ക് ഒരു കുടുംബമുണ്ടാവും, സഹോദരങ്ങളുണ്ടാകും. ഒരോഫീസിന്റെ മുന്നിൽ പാതി വെളിച്ചത്തിൽ മലർന്നു കിടന്ന്, രക്തം ചർദ്ദിച്ച് അയാൾ ജീവിതത്തിനോട് വിട പറഞ്ഞു.

ഇന്നും ചെന്നൈ, icici എന്നൊക്കെ കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് ആ ഇരുണ്ട മനുഷ്യൻ മലർന്നു കിടക്കുന്ന രൂപമാണ്‌. ഒരുപക്ഷെ ലോകത്തിൽ വെച്ചേറ്റവും ഭീകരമായ കാഴ്ച്ച എന്നത് ഒരാൾ മരിച്ചു കൊണ്ടിരിക്കുന്നത് ആവും.
 

കൂടുതൽ വായനയ്ക്ക്