ഒരു ഓൺലൈൻ മാധ്യമത്തിലൂടെയായിരുന്നു ഷിബിലി 'അബ്ദു'വിനെപരിചയപ്പെട്ടത്.
"മാളൂസേ സുഖമല്ലേ? "
"കഴിച്ചോ ?"
"ഇന്ന് എന്തായിരുന്നു സ്പെഷ്യൽ?"
"എന്തൊക്കെയാ വിശേഷങ്ങൾ ?"

എന്ന് തുടങ്ങി 'ഇട്ട ഡ്രസ്സിൻ്റെ കളർ' വരെ ചോദിച്ച് എല്ലാദിവസവും അയാളുടെ മെസ്സേജ് വന്നു. അതിനൊക്കെയും അവൾ മറുപടി അയച്ചു കൊണ്ടിരുന്നു. ഇക്കാക്കാ വന്നപ്പോൾ പുതിയ ഒരു മൊബൈൽ ഷിബിലിക്ക് സമ്മാനിച്ചിട്ട് ആറുമാസമായതേ ഉള്ളൂ. ആ ഫോൺ വഴി എത്ര പുതിയ ചങ്ങാതിമാരാണെന്നോ അവൾക്ക്! അവൾക്ക് അതിൽ ഏറെയിഷ്ടം അബ്ദു എന്ന ദുബായി ക്കാരനോടാണ്.

അയാൾക്കെന്തൊരു സ്നേഹമാണ് തന്നോട്. ഈ 'അബ്ദുക്കാ ' എത്ര നല്ല മനുഷ്യനാണ്. ഇതുപോലെ ഗാഡമായി സ്നേഹിക്കാൻ ഒരാൾക്ക് എങ്ങനെ സാധിക്കും. തൻ്റെ ' ഇക്കാക്ക 'ഒരിക്കൽപോലും ഇതുപോലെയൊന്നും തന്നോട് ചോദിക്കാറില്ല. കണ്ടിട്ടില്ലാത്ത ആ സുഹൃത്തിനോടുള്ള ആരാധന അവളിൽ വർദ്ധിച്ചുവന്നു.


കാലക്രമേണ അവരുടെ സൗഹൃദം ഒരു പ്രണയത്തിലേക്ക് വഴിമാറി. തൻ്റെ ജീവൻ്റെ ജീവനായ രണ്ടു കുഞ്ഞുങ്ങളെയും ഭർത്താവിനേയും മറന്നു കൊണ്ട് അവൾ ഓൺലൈൻ പ്രണയം തുടർന്നു.

"എൻ്റെ സുന്ദരീ,നിന്നെ ഞാൻ ഈ ദുബായിലേയ്ക്ക് കൊണ്ടുവരട്ടെ ?"

"നീ വരുന്നോ എൻ്റെ കൂടെ ?"
പലപ്പോഴായി അയാളവളെ ക്ഷണിച്ചു.ഗൾഫിലേയ്ക്ക്.

"വേണ്ടിക്കാ ഞാൻ വരുന്നില്ല.
എൻ്റെ 'ഇക്കാക്കാ' ഗൾഫിൽ തന്നെയാണ് ."

"എങ്കിൽ നിനക്ക് ഇവിടെ വന്നൂടെ, അയാളോടൊപ്പം ജീവിക്കാമല്ലോ."

"ഇക്കാക്ക എന്നെ കൊണ്ടു പോവില്ല. കുട്ടികളുള്ളതുകൊണ്ട് നാട്ടിൽ തന്നെ നിന്നാ മതി എന്നാ ഇക്കാക്ക പറയുന്നത്.ഇക്കാക്കാടെ ഉമ്മയും ഞാൻ ഇവിടെ നിന്നാൽ മതി എന്നാണ് പറയുന്നത്."

"എൻ്റെ പെണ്ണേ ..നിനക്ക് വരാൻ മനസ്സാണ് എങ്കിൽ ഞാൻ നിന്നെ ഇവിടെ കൊണ്ടുവരും. ഈ ദുബായിൽ ,നീ പോരുന്നോ എൻ്റെ കൂടെ?"

"അബ്ദുക്കാ നിങ്ങൾ ഇങ്ങനെ ചോദിച്ചാൽ .. " അവൾ അർധോക്തിയിൽ നിർത്തി.

ഫോണിലൂടെ തന്നെ അയാളുടെ സ്നേഹം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. ഇനി അയാളുടെ അടുത്ത് എത്തിയാൽ എന്താവും എൻ്റെ അവസ്ഥ ?'

"നിന്നെ ഞാൻ സ്നേഹിച്ചു കൊല്ലും."

"കൊല്ലുമോ? അയ്യോ എങ്കിൽ ഞാൻ വരില്ലാട്ടോ.''

"ഒരു തമാശ പോലും പറയാൻ പറ്റില്ലേ? എൻ്റെ സുന്ദരി പെണ്ണേ നീ വന്നോളൂ, നമുക്കിവിടെ അടിച്ചുപൊളിക്കാം."

''അബ്ദുക്കാ എനിക്ക് രണ്ടു കുഞ്ഞുങ്ങളുണ്ട്. അവരെ ഞാൻ എങ്ങനെ ഉപേക്ഷിച്ചു വരും."

"ഒക്കെ നിൻ്റെ ഇഷ്ടം. ഞാൻ നിന്നെ സ്നേഹിക്കും പോലെ നിന്നെ ആരും സ്നേഹിക്കില്ല എന്ന് നിനക്കറിയാം . നീ വരുന്നുണ്ടെങ്കിൽ നിനക്ക് വേണ്ട എല്ലാ
സൗകര്യങ്ങളും ഞാൻ ചെയ്തു തരാം. രണ്ടു കുഞ്ഞുങ്ങളുടെ അമ്മയാണ് എന്നുള്ളതൊന്നും എനിക്കൊരു വിഷയമേ അല്ല. നിന്നെ ഞാൻ നിക്കാഹ് കയിച്ച് പൊന്നുപോലെ നോക്കും."

"അപ്പോ അബ്ദുക്കയുടെ ഭാര്യയോ?"

"ഓ ..ഓള് ഒരു വല്ലാത്ത പഹച്ചിയാണ്. ഒരു വിവരവുമില്ല .ഒരു ഫാഷനും ഇല്ല ഒരു തനി നാട്ടിൻപുറത്തുകാരി. ഓളെ ഞാനെത്ര വട്ടം വിളിച്ചൂന്നോ ? ഇങ്ങട് ബരാൻ, ഓൾക്ക് വലുത് കൂട്ട്യോളാണ്.
നിന്നെപ്പോലെ സ്മാട്ടാവണം ഭാര്യമാർ. എങ്കിലേ ജീവിതം അടിച്ചു പൊളിയ്ക്കാൻ പറ്റൂ.

"അബ്ദുക്കാ ങ്ങള് ൻ്റെ മനസ്സിലെ.." അവൾ പൂർത്തിയാക്കും മുൻപേ അവൻ പറഞ്ഞു. "ജ്ജ് ൻ്റെ മുത്താണ്."

അവൻ്റെ പുന്നാരങ്ങളിൽ ഒരു തീരുമാനമെടുക്കാനാകാതെ അവൾ ഉഴറി. ദിവസങ്ങൾക്കുള്ളിൽ അവൾ അയാളെ അറിയിച്ചു. ഞാൻ എല്ലാം ഉപേക്ഷിച്ചു നിങ്ങളോടൊപ്പം വരാൻ തയ്യാറാണ് എന്ന്.

"ശരി മോളൂസേ എങ്കിൽ ഉടനെതന്നെ പാസ്പോർട്ട് എടുത്തോളൂ." അയാൾ പറഞ്ഞു

അവൾ പാസ്പോർട്ട് എടുത്ത് വൈകാതെ തന്നെ ഭർത്താവിനെയും കുഞ്ഞുങ്ങളെയും സ്വന്തം നാടും ഉപേക്ഷിച്ച് അവൾ ദുബായിലേക്ക് ഫ്ലൈറ്റ് കയറി.

അബ്ദു അവളെയും കൂട്ടി അവൻ്റെ റൂമിലേക്ക് പോയി. അവർ അവിടെ പുതിയൊരു ജീവിതം ആരംഭിച്ചു. സ്വർഗ്ഗതുല്യമെന്നു കരുതിയ നാളുകൾ. ദിവസങ്ങൾ കഴിഞ്ഞു.

"ഷിബിലീ.. ഇന്ന് എൻ്റെ അറബി വരും. നീ ഒന്ന് ഒരുങ്ങി സുന്ദരിയായി നിൽക്കണം. നീ അയാളെ പിണക്കരുത്. എനിക്ക് ജോലിക്കയറ്റം കിട്ടാൻ സാധ്യതയുണ്ട്. എൻ്റെ ശമ്പളം ഇരട്ടിയാകും." രാവിലെ അയാൾ പോകും മുൻപ് അവളോട് പറഞ്ഞു. അയാൾ എന്താണങ്ങനെ പറഞ്ഞതെന്ന് എത്ര ചിന്തിച്ചിട്ടും അവൾക്ക് മനസിലായില്ല.

ഉച്ചയ്ക്ക് അയാൾക്കൊപ്പം ഒരു തടിയൻ അറബി വന്നു.അവൾ കൈകൂപ്പി അയാളെ സ്വീകരിച്ചു. "ഞാനിപ്പം വരാം കേട്ടോ " അയാളവളുടെ കാതിൽ പറഞ്ഞു. " അബ്ദുക്കാ.. ങ്ങള് എങ്ങോട്ടാ ?ഇയ്യാൾ ഇവിടുള്ളപ്പോൾ ?" അവൾ അയാളോട് ചോദിച്ചു. അവളുടെ വാക്കുകൾ കേൾക്കാത്ത മട്ടിൽ അയാൾ പുറത്തിറങ്ങി വാതിലടച്ചു.

അറബി ആക്രാന്തത്തോടെ അവളുടെ നേരെ തിരിഞ്ഞതും അവൾ ഓടി മുറിയിൽ കയറി വാതിലടയ്ക്കാൻ ശ്രമിച്ചു. അയാൾ വാതിൽ തള്ളിത്തുറന്ന് അകത്തു കയറി. കേണു കരഞ്ഞ അവളുടെ യാചനകൾ അയാൾ ഗൗനിച്ചില്ല. ചെന്നായയുടെ മുന്നിലകപ്പെട്ട ആട്ടിൻകുട്ടിയേപ്പോലെ അവൾ നിന്നു .ചെന്നായയുടെ ദംഷ്ട്രകളിൽ നിന്നും രക്ഷപ്പെടാനാ ആട്ടിൻകുട്ടിക്കു കഴിഞ്ഞില്ല. സംതൃപ്തിയോടെ കിടക്കയിൽ നിന്നെഴുന്നേറ്റ അറബി മുറി വിട്ടു പോകും മുൻപ് എന്തൊക്കെയോ അറബിയിൽ പറയുന്നുണ്ടായിരുന്നു. അയാൾ വലിച്ചെറിഞ്ഞ അവളുടെ കീറിപ്പറിഞ്ഞ വസ്ത്രങ്ങളിൽ വീണ് അവൾ നെഞ്ചു പൊട്ടിക്കരഞ്ഞു.

"പടച്ചോനേ.. തൻ്റെ ജീവിതം തകർന്നല്ലോ, അബ്ദുക്കാ ഇത്രയ്ക്കും ദുഷ്ടനായിരുന്നോ?" അവൾക്ക് കണ്ണിൽ ഇരുട്ടു കയറും പോലെ തോന്നി.

ഇക്കാക്കായും താനും മക്കളും എത്ര സന്തോഷത്തോടെയായിരുന്നു കഴിഞ്ഞിരുന്നത്. ഒരിക്കൽ പോലും ഇക്കാക്കായ്ക്ക് മറ്റു സ്ത്രീകളുമായി ഒരു സൗഹൃദം പോലും ഇല്ലാരുന്നു.

"ഷിബീ.. ഈ ഫോൺ വഴി ജീവിതം സ്വർഗ്ഗവും നരകവും ആക്കാൻ പറ്റും. നീ സൂക്ഷിച്ച് ഉപയോഗിക്കണം. പൂക്കൾക്കു ചുറ്റും പൂമ്പാറ്റ എന്ന പോലെ, സുന്ദരികൾക്കു ചുറ്റും വട്ടമിട്ടു പറക്കാൻ ആൾക്കാർ കാണും. പക്ഷേ കഴുകൻമാരാണ് കൂടുതലും. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട." പുതിയ ഫോൺ വാങ്ങിത്തന്നപ്പോൾ ഇക്കാക്ക പറഞ്ഞത് അവളോർത്തു.

പടച്ചവൻ കൈക്കുമ്പിളിൽ വച്ചുനീട്ടിയ നല്ല ജീവിതം കളഞ്ഞു കുളിച്ച്, അക്കരപ്പച്ച തേടി താനെത്തിയത്, ഉണങ്ങി വരണ്ട മരുഭൂമിയിൽ ആണെന്ന് അവൾ തിരിച്ചറിഞ്ഞു .പക്ഷേ അവളുടെ തിരിച്ചറിവ് ഏറെ വൈകിപ്പോയിരുന്നു.

 

കൂടുതൽ വായനയ്ക്ക്