വസ്ത്രമലക്കി തൻ ജീവിതം വെൺമയായ്-
ത്തീർക്കുമൊരമ്മയെക്കാണുന്നു ഞാൻ. 

കരയുമൊരുദരത്തെ ശാന്തമായുറക്കുവാ-
നൊരുനാൾ തിരഞ്ഞതാണീ വഴി. 

കാവലി,ന്നടയാളമാം താലിമാലയും 
കാലമൊരുനാളടർത്തി മാറ്റി!

സിന്ദൂരരേഖയും മാഞ്ഞതോർത്ത്,
തൻ കണ്ണുകൾ തോരാതെ പെയ്തുവെന്നും! 

ദു:ഖങ്ങൾ നിഴലുപോൽനിന്നനേരത്തു,
സാന്ത്വനമായ് വന്നു കുഞ്ഞുകൈകൾ. 

മധുരം പകരുവാനില്ലാതെയവൾ,
വാത്സല്യത്തേനൂട്ടി കിടാവിനേപ്പോറ്റി. 

താരാട്ടമൃതമേകി,യവൾ നിത്യം,
താതനേയോർത്തവൻ നൊന്തിടുമ്പോൾ. 

അമ്മതൻ ശ്വാസം നുകർന്നവൻ വളർന്നൂ,
അമ്മതൻ വിരലാൽ നടക്കാൻ പഠിച്ചു.

വിദ്യതൻ മുറ്റത്തു മകനുമെത്തി,
തൻ പ്രാപ്തിക്കുതകും വിധത്തിലൊരുക്കി. 

ചിലവുകൾ പെരുകിയ നാളി,ലവളും
ജോലിഭാരങ്ങൾ ശിരസാ വഹിച്ചു. 

പതിവിലുമേറെ ഭവനങ്ങളിൽ,
വസ്ത്രം മിനുക്കാൻ തുടങ്ങിയവൾ. 

താൻ പെടും കഷ്ടങ്ങളെല്ലാമൊരു ദിനം,
മകനാൽക്കഴുകിക്കളയുമെന്നു നിനച്ചവൾ. 

കറുത്തൊരു പകലിൽ ത,ന്നമ്മയെക്കാണാൻ,
കൊതിയോടെയെത്തി പൊൻമകനും.

നിലകളനവധിയുള്ള ഭവനത്തിൻ,
ലിഫ്റ്റിലൊന്നേറാ,നുണ്ണി ശ്രമിച്ചു.

അകത്തെത്തും മുൻപേ ലിഫ്റ്റും പൊങ്ങി,
ഉണ്ണിതൻ നെഞ്ചം വാതിലിൽ കുരുങ്ങി! 

രക്തം കുടിച്ചു തളർന്നശേഷം,
ലിഫ്റ്റും പതുക്കെ യാത്ര നിറുത്തി!

താൻ ചെയ്യും വേലയ്ക്കിടയിലാ,യമ്മതൻ,
കണ്ണിൽനിന്നറിയാതെ പുഴയൊഴുകി!