ഇന്ന് വായനാദിനം.  ദിനാചരണങ്ങളുടെ കൂട്ടത്തിൽ എണ്ണി ക്രമപ്പെടുത്താനൊരുദിനം. വിവിധ ക്ലബ്ബുകളുടെയും വിദ്യാലയങ്ങളുടെയും ചുവരുകളിൽത്തട്ടി അലയടിക്കുന്ന വായനാ മഹത്വത്തെക്കുറിച്ച് വാചാലരാകുന്ന അദ്ധ്യാപകരും മറ്റു സംഘടനാ ഭാരവാഹികളും. കുഞ്ഞുണ്ണി മാഷുടെ വരികളുദ്ധിച്ച് വായിച്ചവൻ വളരുമെന്നും അല്ലാത്തവൻ വളയുമെന്നൊക്കെ ഓർമിപ്പിച്ച് ഈ ദിനമങ്ങ് കടന്നു പോകും.

വായിച്ചു വളർന്നാൽ ഉണ്ടാവുന്ന ഗുണങ്ങളെക്കുറിച്ച് എത്രമാത്രം പ്രസംഗിച്ചിട്ടും വലിയ പ്രയോജനമൊന്നുമില്ലെന്നു തോന്നുന്നു. വായന സ്വയം ഏറ്റെടുക്കാൻ തോന്നണം. അതിനു വേണ്ടി ഏറെ കുട്ടിക്കാലം മുതലേ കളിപ്പാട്ടങ്ങൾക്കു പകരം (അക്ഷരം കൂട്ടി വായിക്കാറാവുന്ന അന്നു മുതൽ) നല്ല നല്ല പുസ്തകം വാങ്ങിക്കൊടുക്കണം. അവയിലെ കഥയും പാട്ടുകളും ഭാവഹാവാദികളോടെ പറഞ്ഞു കൊടുക്കണം. ഇത്തിരി മിനക്കേടൊക്കെയുണ്ട്. എങ്കിലും അതിൻ്റെ ഫലം ഏറെ വലുതായിരിക്കും. പിന്നീട് കുട്ടിയ്ക്ക് നല്ലൊരു ചങ്ങാതിയായിത്തീരും പുസ്തകങ്ങൾ എന്നുറപ്പാണ്.

കണ്ണുരുട്ടാതെയും പേടിപ്പിക്കാതെയും വടിയെടുക്കാതെയും അറിവുകൾ എത്ര തവണ വേണമെങ്കിലും പറഞ്ഞു തരുന്ന ക്ഷമാശീലരായ ഗുരുനാഥന്മാരെപ്പോലെയത്രേ നല്ല പുസ്തകങ്ങൾ .ചങ്ങാതികളെ  തെരഞ്ഞെടുക്കുമ്പോലെ നല്ലതു നോക്കിയാവണം തെരഞ്ഞെടുപ്പ് എന്നു മാത്രം.നല്ല സുഹൃത്തുക്കളുടെ സദ്ഗുണങ്ങൾ നാമറിയാതെ നമ്മിലേക്കെത്തും. അതുപോലെ തന്നെ നമ്മൾ വായിക്കുന്ന നല്ല പുസ്തകങ്ങൾ നമ്മുടെ പെരുമാറ്റ രീതികളെയും സ്വഭാവത്തെയും സ്വാധീനിക്കുക തന്നെ ചെയ്യും.

പുസ്തകവായനയുടെ സുഖമറിഞ്ഞവർ ഒരിക്കലുമത് ഉപേക്ഷിക്കില്ലെന്നുറപ്പ്. സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ താൽക്കാലികമായി വായന മുടങ്ങിയാലും പിന്നീടെപ്പോഴെങ്കിലും അത് അവർ തിരിച്ചുപിടിക്കുമെന്നുറപ്പാണ്. വറ്റിവരണ്ട പറമ്പിൽ വേനൽമഴക്കു ശേഷം പൊട്ടി മുളക്കുന്ന പച്ചപ്പിനെപ്പോലെ ഏതെങ്കിലുമൊരു നിമിത്തം ചിലപ്പോൾ വേണ്ടിവന്നേക്കാം.

ഇന്നു മുതൽ പുസ്തകവായന ഒരു ശീലമാക്കാം. മനസ്സിൻ്റെ സ്വാസ്ഥ്യം വീണ്ടെടുക്കുകയും അറിവിൻ്റെ വിശാലമായ ആകാശത്തേക്ക് പറന്നുയരുകയും ചെയ്യാം.

ഏവർക്കും വായനദിന ആശംസകൾ!