(Jojo Jose Thiruvizha)

ഇതൊരു അനുഭവ കഥയാണ്. അന്നു ഞാൻ +2 കഴിഞ്ഞ് DCA ക്ക് പടിക്കുന്ന കാലം. ഞങ്ങളുടെ അടുത്തുള്ള ഒരു ക൩്യൂട്ടർ സെൻറർകാരാണ് ഈ കോഴ്സ് നടത്തുന്നത്. എൻെറ ബാച്ചിന് ഉച്ച കഴിഞ്ഞ് 2 മണിക്കാണ് ക്ലാസ് തുടങ്ങുന്നത്. വൈകിട്ട് 5മണി വരെ ക്ലാസ് ഉണ്ടാവും. പെൺപിള്ളേർ ആണ് ക്ലാസിൽ കൂടുതൽ. ഇടക്ക് ടീച്ചർ ഇല്ലാത്തപ്പോൾ പൊട്ടറ്റൊ ചിപ്സോ, കപ്പവറുത്തതോ വാങ്ങിച്ച് എല്ലാ വരും കൂടി തിന്നും.

അങ്ങനെ പെൺപിള്ളേരുമായി അടിച്ച് പൊളിച്ച് വിലസുകയായിരുന്നു ഈയുള്ളവൻ. അങ്ങനെ ഇരിക്കെ ഒരു ദിവസം ക്ലാസ് കഴിഞ്ഞ് വൈകിട്ട് പുറത്തിറങ്ങിയപ്പോൾ വേറെ ഒരു ക്ലാസിലെ പെൺകൊച്ചു നിന്ന് കരയുന്നു. കാരണം അന്വേഷിച്ചപ്പോൾ കഷിയുടെ സൈക്കളിൻെറ താക്കോലു പോയി എന്ന് പറഞ്ഞു. കുറെ വിരുതൻമാർ കല്ല് വച്ച് സൈക്കിളിൻെറ പൂട്ടിനെ നന്നായി മർദിക്കുന്നുണ്ട്. ഇവ൯മാരുടെ ഇടികൊണ്ട് പൂട്ട് ഒരു മാതിരി അടപോലെ ആയി. പക്ഷേ തുറക്കുന്നില്ല. അപ്പോൾ എൻെറ മനസിൽ ഒരു ലഡു പൊട്ടി.ഞാൻ 10-)ം ക്ലാസിൽ പഠിക്കു൩ോൾ താക്കോല് പോകുന്നവർക്ക് പൂട്ടു പൊളിച്ച് കൊടുക്കാറുണ്ടായിരുന്നു. പ്രതിഫലമായി പിള്ളേരെനിക്ക് മിഠായി വാങ്ങി തരും. ഒരു സ്ക്രൂഡ്രൈവറും ചുറ്റികയും വേണം. സ്ക്രൂഡൈവർ പൂട്ടിൻെറ സൈഡിൽ കേറ്റി ചുറ്റികയ്ക്ക് നാല് വീക്ക് കൊടുത്താൽ മതി പൂട്ട് ഈസിയായി പൊളിയും. ഇതാ എനിക്ക് ഒരു ഹീറോയാകാൻ സുവർണ്ണാവസരം. ഞാൻ കല്ലിന് വീക്കുന്നവൻമാരോട് പറഞ്ഞു അങ്ങനെയല്ല ഞാൻ കാട്ടി തരാം. ഞാൻ അപ്പുറത്തെ പലചരക്ക് കടയിൽ പോയി തിരക്കിയപ്പോൾ അരിചാക്കിൽ കുത്തുന്ന പഴയ ഒരു തുരു൩ിച്ച കത്തി കിട്ടി. വല്ലവനു പുല്ലും ആയുധം എന്നാണല്ലോ. ഞാൻ ആ കത്തി പൂട്ടിൻെറ വിടവിൽ കുത്തി കല്ലിന് ഇടിക്കാൻ തുടങ്ങി. ഇടിച്ച് ഇടിച്ച് എൻെറ കൈയ്യുടെ ഊപ്പാട് തീർന്നതല്ലാതെ പൂട്ടിന് യാതൊരു അനക്കവും ഇല്ല. ഇനി ഇടിച്ചാൽ കത്തി ഒടിയും എന്നല്ലാതെ യാതൊരു ഫലവും ഇല്ലെന്നായപ്പോൾ അത് കടക്കാരന് തിരിച്ച് കൊടുത്തു. അങ്ങേരുടെ ഒരു ചോദ്യം "എടാ അറിയാവുന്ന പണിക്ക് പോയാൽ പോരെ". ആകപ്പാടെ കുരുപൊട്ടി നാറി എന്ന് പറയണ്ടതില്ലലോ. നമ്മുടെ പെൺ കൊച്ചാണെങ്കിൽ ചാറ്റൽ മഴ പോലെയുള്ള കരച്ചിൽ മാറ്റി തുള്ളിക്കൊരു കുടം പോലെയാക്കി. വേറെ രക്ഷയില്ലാത്തതു കൊണ്ട് സൈക്കിൾ വർഷോപ്പിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. എൻെറ ചങ്ക് സൈക്കിൾ തള്ളി ഞാൻ ബാക്ക് വീല് പൊക്കിപിടിച്ച് ഒരു നടത്തം തുടങ്ങി. ഒന്നര കിലോമീറ്റർ അകലെയാണ് വർക്ഷോപ്പ്. ഞങ്ങളുടെ കൂട്ടത്തിൽ രണ്ട് മൂന്ന് പേരെ ഉണ്ടായിരുന്നുള്ളൂ ബാക്കി കല്ലിനിടിച്ചവൻമാരെല്ലാം എസ്കേപ്പായി. കടയിൽ എത്തി സൈക്കിൾ റെഡിയാക്കി. അത് കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ 6.30 ആയി. വീട്ടു കാരുടെ വക ചീത്ത ഉണ്ടായിരുന്നു . "ഇത്രയും നേരം എവിടെ തെണ്ടാൻ പോയി" അമ്മ ചോദിച്ചു.

പിറ്റേന്ന് ക്ലാസിൽ എത്തി സൈക്കിള്കാരിയെ നോക്കിയിട്ട് അവള് മൈൻഡ് പോലും ചെയ്തില്ല. ഞാൻ വിചാരിച്ചു അവള് പോണെങ്കിൽ പോട്ടെ. ഞങ്ങടെ ക്ലാസിലെ പെൺപിള്ളേരെല്ലാം നമ്മടെ ചങ്കല്ലേ. അതിൽ പിന്നെ വഴിയിൽ കിടന്ന് ആരു മോങ്ങിയാലും ഞാൻ എന്താണ് എന്ന് ചോദിക്കാൻ പോകാറില്ല. നമ്മളോട് ആരെങ്കിലും സഹായം ചോദിച്ചാൽ ചെയ്യും അല്ലെങ്കിൽ നമ്മുടെ ഫ്രൺസ് ആയിരിക്കണം അത്. അല്ല പിന്നേ.

കൂടുതൽ വായനയ്ക്ക്