duva

Shamseera ummer

പഞ്ചായത്ത് റോഡിൻ്റെ ഇരുവശത്തുമുള്ള ഗെയ്റ്റിൽ പിടിച്ച് മുഖത്തോട് മുഖം നോക്കി നിന്ന് സംസാരിക്കുകയാണ് രണ്ട് പേർ. ഒന്നാമൻ നാല് വയസ്സുകാരൻ അഹ്മദ് റസാ മുഈനുദ്ധീൻ എന്ന റസ. രണ്ടാമൻ അഞ്ച് വയസ്സുകാരൻ മുഹമ്മദ് ശിമാൽ എന്ന ശിമാൽ.

വളരെ വിഷമത്തോടെ ശിമാൽ പറയുകയാണ്. "റസാ.... നിനക്കിനി എന്നെ കാണാൻ കഴിയില്ലാട്ടോ ഞങ്ങളിവിടുന്ന് പോവാടാ"....
റസ :- "അതെന്തിനാടാ നീ പോകുന്നത്? എന്തു പറ്റി?"

ശിമാൽ: "ഒന്നും പറയണ്ട റസ .ഈ വീടിൻ്റെ മുതലാളിക്ക് എൻ്റെ ഉപ്പ കുറച്ച് പൈസ കൂടി കൊടുക്കാനുണ്ട്. അത് കൊടുത്തില്ലെങ്കിൽ ഞങ്ങളോട് ഇവിടെനിന്ന് പോകാനാണ്  അയാൾ പറയുന്നത് " . 

"അപ്പോൾ നിങ്ങൾ എങ്ങോട്ടാണ് പോകുന്നത്?" റസ ആകാംക്ഷയോടെ ചോദിച്ചു.  

"ഞങ്ങൾ അതിർത്തിയിലേക്കാണ് പോകുന്നത് അവിടെയാണ് ഞങ്ങൾ ഇനി താമസിക്കുന്നത്" ശിമാൽ പറഞ്ഞു.

ഇത് കേട്ട റസ പറഞ്ഞു (അത്ഭുതത്തോടെ):  അതിർത്തിയിൽ എങ്ങനെ നിങ്ങൾ താമസിക്കുക? അവിടെ എൻറെ മൂത്താപ്പയുടെ കടയല്ലേ? (അതിർത്തി എന്ന സ്ഥലം മുഴുവൻ സ്വന്തം മൂത്താപ്പാടെ കടയാണെന്നാണ് മൂപ്പരുടെ വിചാരം) 

ശിമാൽ:- ''ആണോ എന്നാൽ വേറെ അതിർത്തിയായിരിക്കും: പിന്നെ നീ വിഷമിക്കേണ്ട  ഞാൻ വലിയ കുട്ടിയായി ഒറ്റക്ക് സൈക്കിൾ ചവിട്ടാറാകുമ്പോൾ നിന്നെ കാണാൻ വരാം. അതുവരെ എന്നെക്കാണാനാണെന്നും പറഞ്ഞ് നീ ഒറ്റക്ക് അതിർത്തിയിൽ  വരരുത് ട്ടാ".  

"അതിന് നീ എന്തിനാ പേടിക്കുന്നത് ഞാൻ എൻ്റെ ഉപ്പാടെ ഗൂഗിളിൽ നോക്കി ശിമാലിൻ്റ  വീട് എന്നടിച്ചാൽ അപ്പൊ തന്നെ ഗൂഗിൾ അവിടെ എത്തിക്കില്ലെ? അപ്പോൾ നമുക്ക് കാണാലോ". വലിയ ജ്ഞാനിയെപ്പോലെ റസ പറഞ്ഞപ്പോൾ ശിമാൽ അവനെ ആരാധനയോടെ നോക്കിയിട്ട് പറയാ "അങ്ങനെയാണോ എങ്കിൽ നീ ഗൂഗിൾ വഴി എൻ്റെ വീട്ടിൽ വരണേ."

അൽപ നേരം ചിന്തിച്ചതിനു ശേഷം റസ വീണ്ടും ശിമാലി നോട് :- "പോകാതിരിക്കാൻ വേറെ ഒരു മാർഗ്ഗവുമില്ലേ ശിമാലേ?".
"ഞാൻ ചിന്തിച്ചിട്ട് ഒരു വഴിയുമില്ല. ഇനി നീയൊന്ന് ആലോചിച്ചു നോക്ക്." ശിമാൽ വ്യസനത്തോടെ പറഞ്ഞു.

ഉടനെ തുള്ളിച്ചാടിക്കൊണ്ട് റസ പറഞ്ഞു:- ''ടാ ഒരു വഴിയുണ്ട്. നമുക്ക്  മുതലാളിക്ക് കൊറോണ വരുത്താൻ ദുആ (പ്രാർത്ഥന ) ചെയ്താലോ"? 

ഇതുകേട്ട് കള്ളച്ചിരിയോടെ ശിമാൽ :-  "ഞാൻ കുറച്ച് ദിവസമായി എന്നും ദുആ ചെയ്യും. മുതലാളി കുറേ ദിവസമായി ഇങ്ങോട്ട് വന്നിട്ട് .കൊറോണ പിടിച്ചു എന്നാ തോന്നുന്നത്"

ഇതു കേട്ട് റസ:- "ടാ കൊറോണ വന്ന് മരിക്കാൻ ദുആ ചെയ്യണം എന്നാൽ പിന്നെ ആ വീട് നിങ്ങൾക്ക് കിട്ടുമല്ലോ"?

ഇതു കേട്ട ശിമാൽ :- "ആ ശരിയാണല്ലേ...  ഇനി ഞാൻ അങ്ങനെ ദുആ ചെയ്യാം. നീയും ചെയ്യണേ.. നമ്മുടെ രണ്ടു പേരുടെയും ദുആ അള്ളാഹു കേൾക്കും ഉറപ്പാ..."

ഇത് കേട്ട് ജ്ഞാനിയായ റസ:- "നീ പേടിക്കണ്ട ടാ മൂപ്പരെന്തായാലും മരിക്കും" എന്ന് പറഞ്ഞ് പൊട്ടിപ്പൊട്ടിച്ചിരിക്കാൻ തുടങ്ങി. കൂടെ ശിമാലും.

പെട്ടന്നാണ്  'ടാ', എന്നൊരു വിളി കേട്ടത് .തിരിഞ്ഞു നോക്കിയ രണ്ടു പേരും കണ്ടത് ഇവരുടെ രണ്ടു പേരുടെയും സംസാരം കേട്ട് കണ്ണും തള്ളി തലയിൽ കൈവച്ച് ബ്ലിങ്കസ്യാ നിൽക്കുന്ന റസയുടെ ഉപ്പയെയാണ്. ശിമാൽ ഓടി അവൻ്റെ വീട്ടിലേക്കും റസ ഇളിഞ്ഞ ചിരിയോടെ അവൻ്റെ വീട്ടിലേക്കും കയറി.

സ്വന്തം കുഞ്ഞു മകൻ്റെ വലിയ വായിലെ സംസാരം കേട്ട ആ പിതാവ് പ്രാർത്ഥനയോടെ ഓർത്തു.

"അള്ളാഹുവേ അവർക്ക് നീ പൊറുത്തു കൊടുക്കണേ... മക്കൾ അവരുടെ അറിവില്ലായ്മ കൊണ്ട് പറഞ്ഞു പോയതാണ്"

ശേഷം ഇപ്പോഴത്തെ കുട്ടികളുടെ വ്യത്യസ്തമായ ചിന്തകളെക്കുറിച്ചും ചുറ്റും നടക്കുന്ന കാര്യങ്ങളിലെ അവരുടെ ശ്രദ്ധയെക്കുറിച്ചും ഓർത്ത് വിഷമിച്ചു കൊണ്ട് റസയുടെ ഉപ്പ അകത്തേക്ക് കയറി.

കൂടുതൽ വായനയ്ക്ക്