ഞങ്ങൾ പാലക്കാട്ട്കാർ പൊതുവെ നിഷ്കളങ്കരാണ്. കുറേശ്ശേ പൊട്ടത്തരം ഞങ്ങളിൽ ഉണ്ടെങ്കിൽ അത് ഞങ്ങൾക്ക് മറ്റുള്ളവരെ പോലെ അഭിനയത്തിൽ നൈപുണ്യമില്ലാത്തതിനാലാണ്. ഞങ്ങൾക്ക്

ഹൈപോക്രറ്റുകൾ അകാൻ ഒരിക്കലും സാധ്യമല്ല. അസൂയക്കാർ പൂവമ്പഴം കൊണ്ട് കഴുത്തറക്കുന്നവർ എന്നൊക്കെ പറയും. അപ്പുവേട്ടേ, സ്വാമിഏട്ടേ, രാജിഏട്ടേ തുടങ്ങിയ ഒറ്റ വിളിയിൽ തന്നെ പാലക്കാട്ടുകാരന്റെ ഹൃദയ വിശാലതയും ആർദ്രതയും കാണാം. അത് കാണാത്തവരോട് വി കെ എൻ ശൈലിയിൽ "പാം പറ" എന്നല്ലാതെ നീചന്മാരോടൊക്കെ എന്ത് പറയാൻ. അതുകൊണ്ടുതന്നെ മറ്റുള്ളവർ കുറ്റം പറയുന്നത് ഞങ്ങളുടെ തനതു ഭാഷയെയും സംസ്കാരത്തെയും പാരമ്പര്യത്തെയുമാണ് എന്ന് ഇതിനാൽ ബോധ്യപ്പെടുത്തിക്കൊള്ളുന്നു.

ഞങ്ങളുടെ വീട്ടിൽ മക്കളോ പേരകുട്ടികളോ മറ്റു അതിഥികളോ വരുന്നുണ്ടെന്നു വക്കുക. അവർ പ്രാതൽ സമയത്തു അതായതു വീട്ടുകാർ കഴിക്കുന്ന സമയത്തു മേല്പറഞ്ഞവർ വന്നില്ലെങ്കിൽ പാലക്കാട്ടുകാർ അവർക്കായി ഒരിക്കലും കാത്തിരിക്കാറില്ല. സമയമാകുമ്പോൾ ഞങ്ങൾ കഴിച്ചു പാത്രം മോറി കവുത്തും. ഒരു ദിവസം അല്പം ലേറ്റായാൽ എന്താ കുഴപ്പം എന്ന് നിങ്ങൾ ചോദിച്ചേക്കാം. എന്നാലും അതങ്ങിനെയാണ്. കുടുംബത്തിലെ അംഗങ്ങൾ വീട്ടിലെത്തുമ്പോൾ പാലക്കാട്ടുകാർ "വെരിൻ വെരിൻ ഇരിക്കിൻ" എന്ന് സ്നേഹത്തോടെ വരവേൽക്കും. എന്നാൽ പുറത്തുള്ളവർ ബന്ധു ജനങ്ങൾ എന്നിവർ വരുമ്പോൾ അടുക്കളയിൽ തകൃതിയായി പണിയൊ അല്ലെങ്കിൽ തോട്ടത്തിലോ തൊടിയിലോ ആയിരിക്കും. ഇനി അവർ വരുന്നത് കാലത്താണെങ്കിൽ ഞങ്ങൾ മുഖത്തു നോക്കി ചോദിക്കും. വീട്ടീന്ന് ഇറങ്ങുമ്പോ കാപ്പീം പലഹാരോം കഴിച്ചിട്ടല്ലേ വന്നത് എന്ന്. അങ്ങിനെ ചോദിക്കാതെ വല്ലോം ഉണ്ടാക്കി കൊടുത്താൽ അത് ശാപ്പിട്ടു അതിഥിക്ക് ചുമ്മാ എന്തിനു ദഹനക്കേടുണ്ടാക്കണം എന്ന് വെച്ചിട്ടാണ് ചോദ്യം ട്ടോളിൻ. പിന്നെ ഇടനേരത്താണ് ആരെങ്കിലും വരുന്നതെങ്കിൽ കാപ്പിയോ ചായയോ, പാലൊഴിച്ചതോ ഒഴിക്കാത്തതോ, പാൽപൊടിയോ സാക്ഷാൽ പാലോ, വിത്തോ വിതൗട്ട്ടോ എല്ലാം വിശദമായി ചോദിച്ചറിഞ്ഞിട്ടേ കാപ്പിക്കിണ്ടി അടുപ്പിൽ വെക്കൂ. കാരണം വന്നവരുടെ ഇഷ്ടമാണ് ഞങ്ങളുടെയും ഇഷ്ടം എന്നതുകൊണ്ടാണ്. അല്ലാതെ നിങ്ങൾ ഏയ് ഒന്നും വേണ്ട ഇപ്പൊ കുടിച്ചേള്ളൂ എന്ന് പറയുമെന്ന് പ്രതീക്ഷിച്ചിട്ടേ അല്ല ട്ടോളിൻ. ഉച്ചക്ക് ഭക്ഷണത്തിന്റെ സമയത്താണ് അതിഥികൾ എത്തുന്നതെങ്കിൽ വീട്ടുകാർ കഴിക്കുന്നത് തന്നെ അതിഥികൾക്കും. മുളകുവറത്ത പുളി എന്ന പാലക്കാടൻ പുളിവെള്ളം അതിഥിയെ കൊണ്ടു നിഷ്ട്ടൂരമായി കുടിപ്പിച്ചാലും വേറെ കറികൾ വെക്കാത്തതു് ഞങ്ങളുടെ പൊങ്ങച്ചം ഇല്ലായ്മയുടെ നേർ കാഴ്ച മാത്രമാണ്. ഫുൾ പപ്പടം ഒന്നോ രണ്ടോ വറത്തു കൊടുക്കാതെ പത്തു പേർക്ക് മൂന്നെണ്ണം കഷ്ണിച്ചു വറത്തു കൊടുക്കുന്നതും പാലക്കാടൻ സ്റ്റൈൽ. മാങ്ങാപ്പഴകാലത്തു അത് കൊണ്ടുള്ള കൂട്ടാനും ചക്ക കാലത്തു് ചക്ക ചൊള എലിശ്ശേരി, ചക്കക്കുരു ഉപ്പേരി, മൊളോഷ്യം ഇത്യാദികൾ ആയിരിക്കും നിത്യ വിഭവങ്ങൾ. ഇനി ദേവേന്ദ്രന്റച്ഛൻ മുത്തുപ്പട്ടരു് ഗസ്റ്റായി വന്നാലും മെനുവിൽ നോ ചേഞ്ച്. അതാണ് പാലക്കാട്ടു കാരുടെ പ്രകൃതി സ്നേഹം.

പിന്നെ ഞങ്ങൾ സംഭാഷണങ്ങളിൽ നേരെവാ നേരെ പോ സിദ്ധാന്ത കാരാണ്. ആരെയും പിണക്കാൻ ഞങ്ങൾക്ക് ഇഷ്ടമല്ല. ആരെന്തു പറഞ്ഞാലും ഓ.. ഓ.. എന്നെ ഞങ്ങൾ പറയൂ. അതുകൊണ്ടു കാര്യങ്ങളിൽ ഞങ്ങൾക്ക് നില പാടുകളില്ലെന്നും ഉള്ള നിലപാടുതറകൾ ദുർബ്ബലമാണെന്നും മറ്റുള്ളവർ പറയും. അവരോട് ഞങ്ങൾക്ക് പറയാനുള്ളത് ഞങ്ങളുടെ പാലക്കാടൻ ഗ്രാമങ്ങളിൽ ഉള്ള തെക്കേ തറ വടക്കേ തറ കിഴക്കേ തറ പടിഞ്ഞാറേ തറ ആശാരി തറ കൈകളോ തറ മൂത്താന്തറ കമ്മാന്തറ തുടങ്ങിയ തറകൾ വേറെ എവിടെയുണ്ടു എന്നാണ്. ഈ ഓരോ തറക്കും ഓരോ നിലപാടുകൾ ഉണ്ടല്ലോ അത് പോരെ.

ഈയിടെ ഒരു മറുനാടൻ പാലക്കാടൻ നായരുടെ വീട്ടിൽ ഉച്ചയൂണ് കഴിച്ച കണ്ണൂര് നായർ ഇലയിൽ വിളമ്പിയ ഉണക്കമീൻ വറത്തതിന്റെ അളവ് കണ്ടിട്ട് ഇതെന്താ പ്രസാദമാണോ എന്ന് ചോദിച്ചത്രേ. പി. എൻ. മറുപടിയായി കാച്ചിയത് പാലക്കാട് കടൽ തീരം ഇല്ലാത്തതുകൊണ്ട് പണ്ടുതൊട്ടേ ഉണക്കമീനിനു കുടുമ്മത്തു റേഷൻ ആയതു കാരണം ശീലം മാറിയിട്ടില്ല എന്നത്രെ.

ഒള്ള കാര്യം ഒള്ള പോലെ പറയുന്നവരാണ് പാലക്കാട്ടുകാർ. ഒരിക്കൽ രാധക്കുട്ടിയുടെ കടയിൽ നിൽക്കുമ്പോൾ ഒരു ഗൾഫ് കാരൻ ചെക്കൻ ടാക്സിയിൽ വന്നിറങ്ങി. ഒരു ജീരക സോഡ വാങ്ങി കുടിക്കുന്നതിനിടയിൽ അവിടെ ഉണ്ടായിരുന്ന ഒരു കഷ്ടകാലൻ നായർ, പഴയ പരിചയം പുതുക്കി ഒരു റോത്തമൻസ് ഇസ്കി വലി തുടങ്ങി. ഗൾഫൻ സ്ഥലം വിട്ടു. കഷ്ടകാലൻ റോത്തമൻസിന്റെ അവസാന പഫും എടുത്തു് കുറ്റി നിലത്തിട്ടു ചവിട്ടി അരച്ചു കൊണ്ട് അടുത്ത് നിന്നവനോട് കാച്ചിയ ഡയലോഗ് "കള്ളപ്പന്നി കാശുണ്ടാക്കി" എന്നാണ്.

പിന്നെ ചില പാലക്കാടൻ ശീലങ്ങൾ. ടൂത് പേസ്റ്റ് കഴിഞ്ഞാൽ ഞങൾ അതിന്റെ ട്യൂബ് ചവിട്ടി അരച്ചും വാതിലിനിടയിൽ വെച്ച് ഞെരിച്ചും മാക്സിമം യൂട്ടിലൈസേഷൻ ഉറപ്പാക്കും. സോപ്പ് തേഞ്ഞു ബ്ലേഡ് കനമാകുമ്പോൾ പുതിയ സോപ്പിൽ ഒട്ടിച്ചു തേക്കും. ഷാംപൂ കഴിഞ്ഞാൽ ബോട്ടിലിൽ വെള്ളം ഒഴിച്ച് പരമാവധി ഊറ്റും. സ്മാളടിക്കുമ്പോൾ കുപ്പികഴുകി ആ വെള്ളവും കുടിക്കും. പിന്നെ ചോറ് വെള്ളച്ചോറാക്കും. വെള്ളച്ചോറ് പഴക്യാൽ അതരച്ചു അടുപ്പിന്റെ പള്ളയിൽ ഉണക്കി കൊണ്ടാട്ടമുണ്ടാക്കും. ഈ വിദ്യകളൊക്കെ ഞങ്ങളിൽ നിന്നും അടിച്ചെടുത്തിട്ട് ആഗോള മലയാളി ഞങ്ങൾ പാലക്കാട്ടുകാർ പാവങ്ങളാണ്, പൊട്ടന്മാരാണ്, ചെറ്റകളാണ്, എന്നൊക്കെ പറഞ്ഞു നടക്കുമ്പോൾ നല്ല ദെണ്ണണ്ട് ട്ടോളിൻ. സംഗതി കേട്ടിട്ട് ഡ്രൈവർ ശശി പറഞ്ഞത് പാലക്കാട്ടുകാർ തറവാടികൾ ഒന്നുംഅല്ലെങ്കിലും അമ്പേ ചെറ്റകളൊന്നുമല്ലെന്നാണ്.

കൂടുതൽ വായനയ്ക്ക്