• MR Points: 0

ഇന്നൊരാളെ കാട്ടാം, കോതെമ്മൂമ്മ എന്ന കോത. ആ അമ്മയെ പറഞ്ഞു തുടങ്ങും മുൻപ്, ഒരു സംഭവം പറയാം.  കൊയ്ത്തും മെതിയും ഉള്ള കാലം. ആ നാട്ടിൽ ഒരു ജന്മിയുണ്ട്, കുട്ടിച്ചൻ. അങ്ങോർടെ വീട്ടിലാണ് അന്ന് കറ്റമെതി. 

അകത്തെ പണിക്ക് ഒരു പെണ്ണാളിനെ വിളിക്കാൻ അകത്തുള്ള ശോശാപെമ്പിള കെട്ട്യോൻ കുട്ടിച്ചനോട് പറഞ്ഞു. കുട്ടിച്ചൻ പുറത്തു വന്ന്‌, "എടി കോത കൊറത്തി, നീ അകത്തേക്ക് ചെല്ല്" 
എന്നു പറഞ്ഞു തീർന്നതും ഈറ്റ പുലിയെ പോലെ ചിറഞ്ഞ കോത, നിങ്ങട മടിലിട്ടാണോ എനിക്ക് പേരിട്ടതെന്നും ചോദിച്ചു അരിവാളും കുത്തിൽ തിരുകി അവിടുന്ന് ഇറങ്ങി പോന്ന കഥ ഞാൻ ഒരു നൂറു വട്ടം ആയമ്മ തന്നെ പറഞ്ഞു കേട്ടിട്ടുണ്ട്. 
അന്ന് കുട്ടിച്ചൻ പറഞ്ഞ മറുപടി, ആയിടയ്ക്ക് അന്നാട്ടിലെ ചെക്കന്മാർ കളിയാക്കി ഞങ്ങൾ പോകുന്ന വഴിയൊക്കെ പറഞ്ഞു ഞാനും കേട്ടിട്ടുണ്ട്, "ഇല്ലേടിയെ, നിന്നെ തമ്പുരാട്ടീന്ന് വിളിക്കാം" പിന്നാലെ സഭ്യമല്ലാത്ത ഒരു വാക്കും. 

മുണ്ടു മുറുക്കി ഉടുത്തു, അദ്ധ്വാനിക്കുന്ന സ്ത്രീകൾ ആരെയും ഭയക്കേണ്ടതില്ലെന്നും, അവനവന്റെ മാനം, അവനവന്റെ തന്നെ കൈ മുതലാണെന്നും ഒരു ഗ്രൂമിങ് ക്ലാസ്സിലും പോകാതെ പഠിക്കുന്നത് ഇവരെയൊക്കെ കണ്ടാണ്. കല്യാണം കഴിഞ്ഞ് അധികവർഷങ്ങൾ കഴിയും മുൻപേ ആയമ്മയുടെ കോന്നൻ മരിച്ചു. ഒറ്റയ്ക്ക് രണ്ടു മക്കളെ വളർത്തി. കമ്മൂണിസം, സോഷ്യലിസം ഇതൊന്നും ആയമ്മ കേട്ടിരിക്കാൻ കൂടെ വഴിയില്ല. 

AVT യുടെ തേയില പൊടി കിട്ടണ ഒരു പ്ളാസ്റ്റിക് കവർ നെടുകെ കീറി, അതിലാണ് വെറ്റില മുറുക്കാൻ വേണ്ട സാമഗ്രികൾ ആയമ്മ മടിക്കുത്തിൽ സൂക്ഷിക്കുക, ഞാനാദ്യമായി വെറ്റില ഒളിച്ചു മുറുക്കണത് ആ ചെല്ലത്തിൽ നിന്നാണ്. പുല്ലു വെട്ടാൻ പോയപ്പോ, എത്ര നിർബന്ധിച്ചിട്ടാന്നോ ചുണ്ണാമ്പും പൊകെലയും വയ്ക്കാതെ, വെറ്റിലയും അടക്കയും മാത്രം ചുരുട്ടി ആയമ്മ തന്നത്. 
അന്നൊക്കെ, ട്യൂഷൻ പഠിപ്പിച്ചും മറ്റും എന്റെ കയ്യിൽ പൈസ ഉണ്ടാവുമ്പോ, കോതെമ്മൂമ്മയ്ക്ക് എന്തു വേണംന്ന് ചോദിച്ചാൽ, എപ്പോഴും പറയുക, ഒരു കെട്ട് പൊകേല തന്നാ മതീന്നാവും.

പാടം കടന്നക്കരെ, ഒരു കുന്നിനും മുകളിലാണ് ആയമ്മയുടെ കുടിൽ. ഒറ്റ മുറിയിൽ ഓല മേഞ്ഞ മണ്ണിലും ചെങ്കല്ലിലും കെട്ടിപൊക്കിയ ഒരു വീട്. ചുറ്റും അതേ പടിയിൽ ഏറെ കുടിലുകളുണ്ട്. 
ഇരുമുടി കെട്ടുമ്പോ, കുറെ വാശി പിടിച്ചാൽ വൈകുന്നേരം അത്രടം വരെ വിടുമായിരുന്നു വീട്ടീന്ന്. ഒരു സ്വകാര്യ സ്വത്തു പോലെ ആയമ്മ എന്നെ അവിടെ ഒക്കെ എല്ലാർക്കും കാട്ടും. ഇരിക്കാൻ പുൽപായ ഇടും. വാട്ടകപ്പ ഉപ്പുനീരും ഉണക്കമുളകും ചതച്ചിട്ട്, തേങ്ങാപീരയും വിതറി എനിക്ക് കഴിക്കാൻ തരും. ആ ഒരു രുചി ഇപ്പോഴും നാവിലുണ്ട്. 
ആയമ്മയുടെ മക്കളും കൊച്ചുമക്കളും ഏതോ കാഴ്ചവസ്തുവിനെ പോലെ എന്റെ ചുറ്റും കൂടും. അന്നൊക്കെ എന്റെ ഏറ്റവും വലിയ സന്തോഷങ്ങളായിരുന്നു അത്. 

നാലടിയിലും അധികം പോക്കമില്ല, ഒതുങ്ങിയ ശരീരപ്രകൃതം, എപ്പോഴും ചുവപ്പോ അല്ലെങ്കിൽ കാവി നിറത്തിലോ റൗക്കയും, എന്റെ അമ്മൂമ്മ കൊടുക്കണ കളംകളം കൈലിയുമാണ് വേഷം. 
എന്റെ പഴയ ഒരു മുത്തുമാലയാണ് ആഭരണം, കാതിൽ വലിയ വട്ടത്തിൽ റോൾഡ് ഗോൾഡിന്റെ ഒരു കമ്മൽ. എല്ലാ ഓണത്തിനും ഞാൻ കൂട്ടി വച്ച കാശിന് ഒരു മുണ്ടും നേര്യതും വാങ്ങി കൊടുക്കും, അതു കയ്യിൽ വാങ്ങുമ്പോ മാത്രം ആയമ്മ കരയും. എന്നിട്ട് നന്നായി വരുമെന്ന് രണ്ടു കയ്യും ഉയർത്തും, ഞാൻ ചേർത്തു പിടിക്കുമ്പോ, അയ്യോ, വേണ്ട കുഞ്ഞേ, അപ്പടി വിയർപ്പാ എന്നും പറഞ്ഞു മുണ്ടിന്റെ കൊന്തലയിൽ കണ്ണു തുടയ്ക്കും. ഞാൻ കടല് കടന്നു ബിലാത്തിക്ക് പോകുംന്ന് അന്നൊക്കെ ആയമ്മ എപ്പോഴും പറയുമായിരുന്നു. ഞാൻ അപ്പോഴൊക്കെ ചിരിക്കും. തകർന്നു വീഴാറായ ആ വീടും, പഴയ പ്രതാപം പറയുന്ന വീട്ടുകാരെയും വിട്ട് ഞാൻ എന്നെങ്കിലും പമ്പയാറ് കടക്കുമെന്ന് കൂടെ ചിന്തിക്കാഞ്ഞ ഒരു കാലത്ത്. 

ഇപ്പോഴും ഉണ്ട്. എപ്പോ അവധിക്ക് പോയാലും കേട്ടറിഞ്ഞ് എന്നെ കാണാൻ വരും. നാലു കൊല്ലം മുമ്പ് മോളുണ്ടായി വീട്ടിൽ ചെല്ലുമ്പോ എന്നെ കാണാൻ വന്നു. കൊച്ചുമക്കളാരോ ഓട്ടോ ഓട്ടണുണ്ട്, അയാളാണ് കൊണ്ടു വന്നതെന്ന് പറഞ്ഞു. ഇപ്പൊ വന്നാലും കൊടുക്കാൻ ഞാൻ ഒരു മുണ്ടും നേര്യതും ഒപ്പം കരുതും. ഞാൻ കയ്യിൽ എന്തു വച്ചു കൊടുത്താലും കണ്ണു നിറയും, രണ്ടു കയ്യും ഉയർത്തി പറയും. 
നന്നായി വരും... 
ഇനി ഒരവധിക്ക് പോകുമ്പോ, കാണാൻ കാത്തിരിക്കുന്ന മുഖങ്ങളിൽ ഒന്നാണ്...
നന്മയുള്ള മുഖങ്ങളിൽ ഒന്ന്... 
സ്നേഹമുള്ള മനസ്സുകളിൽ ഒന്ന്...