• MR Points: 1
  • Status: Ready to Claim

(Muralee Mukundan)

പ്രണയാരാധനക്ക് പ്രത്യേക ദിനമൊ, സമയമൊ, പ്രായമൊ  ബാധകമല്ലാത്തതിനാൽ പഴയ ജീവിതത്താളുകൾ മറിച്ചു നോക്കി, പണ്ടത്തെ   പ്രണയവർണ്ണങ്ങളിൽ ഒന്നായ ഒരു പ്രേമ കഥ  ഒട്ടും പൊലിമയില്ലാതെ വർണ്ണിക്കാനുള്ള  വെറുമൊരു പാഴ്ശ്രമമാണിതെന്ന് വേണമെങ്കിൽ പറയാം.

ഇതൊരു പ്രണയമാണൊ, വെറും ഇഷ്ട്ടമാണൊ, അതൊ ജസ്റ്റ് പരസ്പരമുള്ള ആരാധനയാണൊ എന്നൊന്നും എനിക്കറിയില്ലെങ്കിലും, ഈ ത്രികോണ പ്രണയാരാധന കഥയിലെ കഥാപാത്രങ്ങളെല്ലാം, ഇപ്പോൾ മൂന്ന് ദേശങ്ങളിൽ പ്രവാസ ജീവിതം അനുഷ്ഠിക്കുന്ന  മൂന്ന് സന്തുഷ്ട്ടകുടുംബങ്ങളിലെ ആളോളാണെന്നാറിയാം.

ഞാൻ ആരാധിക്കുന്ന, എന്നെ ഇഷ്ട്ടപ്പെടുന്ന, ഒപ്പം എന്റെ ഉറ്റ മിത്രത്തിന്റെ  പ്രണയിനിയായ  സുമവും, ഞാനും വീണ്ടും പരിചയപ്പെട്ടത് ഒരു വ്യാഴവട്ടവകാലത്തിനു മുമ്പാണ്. 

ഈ സുമം ആരാണെന്നറിയേണ്ടേ...?

ദിവസത്തിൽ മിനിമം പത്തു മണിക്കൂറെങ്കിലും തന്റെ ഡെസ്ക്ടോപ്പിന് മുമ്പിൽ തപസ്സുചെയ്യുന്ന ബിലാത്തിയിൽ സ്ഥിരതാമസമുള്ള സുമം,  ഈ കഥയിലെ നായികയാണ്..!

വരയിലും വരികളെഴുതുന്നതിലും നിപുണയായ സുമം  ജോസഫ്  തികച്ചും സ്ത്രീപക്ഷത്തുനിന്നും അവളുടെ  ഡയറിയിൽ എഴുതിയിട്ടിരുന്ന ‘നൊമ്പരത്തി പൂവ്വ്’, ‘നെടുവീർപ്പുകൾ’ എന്നീകഥകൾ  വായിച്ച്, ശരിക്കും ഞാൻ ഞെട്ടിപ്പോയിട്ടുണ്ട്. ഒരു 'വൊറോഷിയസ് റീഡറാ'യതിന്റെ ഗുണം അവളുടെ എല്ലാ എഴുത്തിലും നിഴലിക്കുന്നുണ്ട്..!

സുമത്തിൽ നിന്നും  പണ്ടത്തെ ഈ  പ്രണയകഥയുടെ പകർപ്പവകാശം ഞാൻ വാങ്ങിയപ്പോൾ  അവരുടെ സ്വന്തം പേരു വിവരങ്ങളും മറ്റും വെളിപ്പെടുത്തരുതെന്ന ഒരു ഉടമ്പടിയും ഉണ്ടായിരുന്നു. അതുകൊണ്ട് വിവാഹ ശേഷം ഭർത്തവിന്റൊപ്പം അമേരിക്കയിലുള്ള സുമത്തിന്റെ കടിഞ്ഞൂൽ പുത്രിയുടേയോ, നാട്ടിൽ മെഡിസിന്  പഠിച്ച് കൊണ്ടിരിക്കുന്ന താഴെയുള്ള മകളുടേയോ കിഞ്ചന വർത്തമാനങ്ങൾ, ഈ കഥയിലെ വെറുമൊരു ഉപനായകനായ ഞാൻ പറയുന്നില്ല .

ഇതിലെ യഥാർത്ഥ നായകൻ ഇപ്പോൾ കുടുംബസമേധം മസ്കറ്റിൽ, ഒരു വമ്പൻ കമ്പനിയുടെ മനേജരായ എന്റെ മിത്രം സുധനും ആയതുകൊണ്ട്, ഇക്കഥ മൊത്തത്തിൽ വാരിവലിച്ച് പറയുന്നില്ലെങ്കിലും, ഇതിലുണ്ടായ പല സന്ദർഭങ്ങളും ലഘുവായി ജസ്റ്റ് ഒന്ന് പറഞ്ഞ് പോകുന്നുവെന്ന് മാത്രം..

മൂന്നര  പതിറ്റാണ്ടുകൾക്ക്   മുമ്പ്, ഞങ്ങളുടെയൊക്കെ പ്രീ-ഡിഗ്രി കാലഘട്ടത്തിലേക്കൊന്ന് എത്തി നോക്കിയാലെ ഇക്കഥയുടെ ഗുട്ടൻസ് മനസ്സിലാകുകയുള്ളൂ .

അന്നത്തെ കാലത്ത് ഇടത്തരക്കാരായ ഏത് മാതാപിതാക്കളുടെ ആഗ്രഹമാണല്ലോ, മക്കളെ ഒരു ഡോക്ട്ടറോ, എഞ്ചിനീയറോ  ആക്കണമെന്ന്...!

അങ്ങിനെ പത്താതരം പാസ്സായപ്പോൾ; സോൾ ഗെഡികളായ എന്നേയും , സുധനേയും തൃശ്ശൂർ സെന്റ്: തോമാസ് കോളേജിൽ, ഫസ്റ്റ് ഗ്രൂപ്പിന് ചേർത്ത്, കോച്ചിങ്ങിന് വേണ്ടി, അച്ഛന്റെ ക്ലാസ്സ്മെറ്റായിരുന്ന പ്രൊ:നടരാജൻ മാഷുടെ വീട്ടിൽ ട്യൂഷനും ഏർപ്പാടാക്കി.
 
ഊർജ്ജതന്ത്രം അരച്ചു കലക്കി കുടിച്ച് യൂണിവേഴ്സിറ്റിക്ക് വേണ്ടി പുസ്തകങ്ങളൊക്കെ  എഴുതുന്ന ഞങ്ങളുടെ പ്രിയപ്പെട്ട നടരാജൻ മാഷുടെ വീട്ടിലെ കോച്ചിങ്ങ് സെന്ററിൽ വെച്ചാണ് സെന്റ് : മേരീസിലെ മോഹിനിയായ സുമം ജോസഫ് ഞങ്ങളുടെ ടൂഷ്യൻ ക്ലാസ്സ് മേറ്റും ലൌവ്മേറ്റുമൊക്കെയായി തീരുന്നത്.

സ്വർണ്ണക്കടകളും, മരുന്ന്  പീടികകളും, പലചരക്കിന്റെ മൊത്തക്കച്ചവട മടക്കം ടൌണിൽ തങ്ങളുടെ പെരുമയുള്ള വീട്ടു പേരുകളാൽ അറിയപ്പെടുന്ന ഒരു ബിസിനസ്സ് ഫേമിലിയിലെ അരുമയായ പെൺകിടാവ്..!

ശർമ്മ സാറിന്റേയും , ചുമ്മാർ മാഷിന്റെയുമൊക്കെ മലയാളം കാസ്സുകളിലും, മുരളി മാഷിന്റെ ‘എ’ വിറ്റുകളുള്ള
ഇംഗ്ലീഷ് ക്ലാസ്സുകളുമൊഴിച്ച്, മറ്റെല്ലാക്ലാസ്സുകളും ബഹിഷ്കരിച്ച് പ്രൊ: ചുമ്മാർ ചൂണ്ടൽ  മാഷോടൊപ്പം നാടൻ കലാ രൂപങ്ങളേയും, നാടൻ പാട്ടുകളേയും തേടി നടക്കലും, ഗിരിജയിലെ ഉച്ചപ്പടങ്ങൾ കാണലും
ഹോബിയാക്കിക്കൊണ്ട് നടന്ന എന്നെയൊക്കെ, ഈ സുന്ദരിയായ സുമമുണ്ടല്ലോ നടരാജൻ മാഷുടെ കോച്ചിങ്ങ് സെന്ററിൽ കയറില്ലാതെ എന്നും കെട്ടിയിട്ടു...!

എന്നാൽ അന്നത്തെ ഹിന്ദി സിനിമാ നായകന്മാരെപോലെ ഗ്ലാമറുള്ള സുധൻ, യാതൊരു വക ദുശ്ശീലങ്ങളുമില്ലാതെ പഠിപ്പില്‍ മാത്രം 'കോൺസെട്രേഷൻ' നടത്തി പെൺകൊടിമാരെയെല്ലാം
കൊതിപ്പിച്ചു നടക്കുന്ന എല്ലാവരുടേയും കണ്ണിലുണ്ണി.

ആകെയുള്ളൊരു പോരായ്മ ഞാനാണവന്റെ ഉത്തമ ഗെഡി എന്നതു മാത്രം! പക്ഷേ വിശ്വാമിത്രന് മേനകയെന്ന പോലെയായിത്തീർന്നു സുധന് സുമം.

പ്രിയ മിത്രത്തിന്റെ പ്രഥമാനുരാഗ മറിഞ്ഞപ്പോൾ, സുമവുമായുള്ള എന്റെ പ്രണയ വള്ളി മുറിച്ചെറിഞ്ഞ് അവർക്കിടയിലെ വെറുമൊരു ഹംസമായി മാറിയിട്ട്;  പ്രേമലേഖനം എഴുതിക്കുക, കൈമാറ്റം
നടത്തുക, കൂട്ടു പോകുക തുടങ്ങീ നിരവധി ദൂതുകൾ ഏറ്റെടുത്ത് എപ്പോഴും സുധന്റെ
ആദ്യാനുരാഗത്തിന്റെ  അംഗരക്ഷകനായി മാറി ഞാൻ.

പ്രണയം തലക്കുപിടിച്ച ഞങ്ങൾക്ക് മൂവർക്കും എഞ്ചിനീയറിങ്ങ് കോളേജിന്റെ പടി കയറാനായില്ല...!

സുമം വിമല കോളേജിലേക്കും, സുധൻ കേരള വർമ്മയിലേക്കും കുടിയേറിയപ്പോൾ, എന്നെ വീട്ടുകാർ ഡിഗ്രിയില്ലെങ്കിൽ ഡിപ്ലോമയെങ്കിലും പോരട്ടെയെന്ന് കരുതി പോളിടെക്നിക്കിലും വിട്ടു.

എന്നാലും പ്രേമം പിമ്പിരികൊണ്ടിരുന്ന ആ കാലങ്ങളിൽ വിമലാ കോളേജിന്റെ ബസ്സ് വരുന്നതുവരെ, പ്ലെയിൻ സാരിയിൽ അണിഞ്ഞൊരുങ്ങി വരുന്ന അരയന്നപ്പിടകളെപ്പോലുള്ള മധുരപ്പതിനേഴുകാരികളുടെ 
ഒരു നോട്ടത്തിന് വേണ്ടി, ഒരു നറുപുഞ്ചിരിക്ക് വേണ്ടി കാത്തു നിന്നിരുന്നു. ഏത് പ്രതികൂല കാലവസ്ഥയിലും
ഞങ്ങൾ സുമത്തെ യാത്രയയച്ചതിനു ശേഷമേ, ഞങ്ങളുടെ ക്യാമ്പസുകളിലേക്ക് തിരിയേ പോയിരുന്നൊള്ളു.

ഈ പ്രണയത്തിന്റെ അരമന രഹസ്യം അങ്ങാടിപ്പാട്ടായപ്പോൾ, അന്ന് കൊട്ട്വേഷൻ ടീമുകളൊന്നുമില്ലാത്ത കാരണം, സുമത്തിന്റെയപ്പച്ചൻ അവരുടെ കടയിരിക്കുന്ന അരിയങ്ങാടിയിലെ കൂലിക്കാരെ തന്നെയാണ്,  ഈ
ചുറ്റിക്കളിയൊക്കെ ഒതുക്കാൻ വിട്ടത്.

പക്ഷേ കൊക്കിന് വെച്ചത് - ആ ചെക്കന് കൊണ്ടെന്ന് പറഞ്ഞതുപോലെ, നായകന് പകരം കിട്ടിയത് മുഴുവൻ ഉപ നായകനായ എനിക്കാണെന്ന് മാത്രം...!

എന്റെ പുത്തൻ സൈക്കിളിന്റെ വീലടക്കം അവർ ചവിട്ടി വളച്ചു കളഞ്ഞു.

അതിനുശേഷം  ഡിഗ്രി രണ്ടാം കൊല്ലം തീരുന്നതിന് മുമ്പേ യു.കെ യിലുള്ള ഒരു MRCP -ക്കാരൻ ഡോക്ട്ടർ സുമത്തെ വന്ന് കെട്ടി- പൂട്ടി  റാഞ്ചിക്കൊണ്ടുപോയി...!

പ്രണയം തലക്ക് പിടിച്ച സുധൻ, കേരള വർമ്മയിലെ തന്നെ മറ്റൊരു സുന്ദരിയായ ഹാബിയിലേക്ക് ഈ പ്രണയം പറിച്ച് നട്ട്, കേരള വർമ്മയിലെ ഊട്ടി പറമ്പിൽ സല്ലപിച്ചു നടന്നു...

പിന്നീട് പ്രണയത്തോടൊപ്പം തന്നെ, ഇവർ രണ്ടുപേരും നന്നായി പഠിച്ച് ഡിഗ്രി റാങ്കോടെ പാസ്സായി. ഇന്നും കേരളവർമ്മയിലെ പാണന്മാർ ഇവരുടെ പ്രണയഗീതങ്ങൾ പാടിനടക്കുന്നുണ്ടെന്നാണ് കേൾവി...

ശേഷം  ഇവർ രണ്ടുപേരും ഹൈയ്യർ സ്റ്റഡീസിന് ശേഷം സുധൻ എം.ബി.എ. എടുത്ത ശേഷം ഒമാനിൽ പോയി ജോലി സമ്പാധിച്ച്, ഹാബിയെ സഹധർമ്മിണിയാക്കി രണ്ടുപിള്ളേരുമായി ഇപ്പോൾ  മസ്കറ്റിൽ ഉന്നതാധികാരത്തിൽ ഇരിക്കുന്നൂ.

പിന്നീട് എന്റെ അനുജൻ ഹാബിയുടെ അനുജത്തി ഹേളിയെ കല്ല്യാണം കഴിച്ച്, എന്റെ അനിയത്തിയാരായി കൊണ്ടുവന്നപ്പോൾ ഞങ്ങളപ്പോൾ ബന്ധുക്കളും കൂടിയായി.

അതേസമയം ഞാനാണെങ്കിലോ പല പ്രേമ നാടകങ്ങളും കളിച്ച് അവസാനം പന്തടിച്ചപോലെ ഇവിടത്തെ ലണ്ടൻ ഗോൾ പോസ്റ്റിലും വന്നുപ്പെട്ടു.

പിന്നീട് കാൽന്നൂറ്റാണ്ടിനുശേഷം ഒരു ദിവസം, ഒരു ദശകം  മുമ്പ്, ബിലാത്തി മലയാളിയിലെ എന്റെ ഒരു ആർട്ടിക്കിൾ വായിച്ചൊരുത്തി ഇ-മെയിലായൊരു ചോദ്യം. "ആ പണ്ടത്തെ മുരളി തന്നെയാണോ
ഈ മുരളീ മുകന്ദൻ?"

അങ്ങിനെ പതിറ്റാണ്ടുകൾക്ക്  ശേഷം വീണ്ടും സുമവുമായൊരു  സൌഹൃദം പുതുക്കൽ... !

ഉടനടി ഈ വാര്‍ത്ത സുധനെ വിളിച്ച് വിവരമറിയിച്ചു. ഇതറിഞ്ഞപ്പോൾ സുധനവിടെ ഇരിക്കപ്പൊറുതിയില്ലാണ്ടായി. കമ്പനി വക ഒരു 'യു.കെ ടൂർ അറേഞ്ച്' ചെയ്യാനാണോ, ലോകം മുഴുവൻ പറന്നു നടക്കുന്ന സുധന് വിഷമം..?

സാക്ഷാൽ ഹരിഹരസുധൻ ഒരുനാൾ മാളികപ്പുറത്തമ്മയെ കാണാനൊരിക്കൽ വരുമെന്ന പോലെ, നമ്മുടെ നായകൻ സുധൻ, തന്റെ പ്രഥമാനുരാഗ കഥയിലെ നായികയെ ദർശിക്കുവാൻ  മസ്കറ്റിൽ നിന്നും കെട്ടും കെട്ടി ലണ്ടനിലെത്തിച്ചേർന്നപ്പോൾ ...

നായകന്റേയും, ഉപനായകന്റേയും ഭാര്യമാർ തമ്മിൽ ഫോണിൽ കൂടി ഒരു കുശുകുശുപ്പ്..

“ഇവന്മാർക്കൊക്കെ തലയ്ക്ക് എണ്ണ കഴിഞ്ഞൂന്നാ...തോന്നുന്ന്യേ..അല്ലൊഡോ “

എന്തുപറയാനാ‍ാ...
മിക്കവാറും പെണ്ണുങ്ങൾക്കൊക്കെ പ്രേമോം, മണ്ണാങ്കട്ടയുമൊക്കെ കല്ല്യാണശേഷം പുതുമോടി തീരുന്നതോടെ തീരുമെന്നാ തോന്നുന്നത്...
പിന്നെ ഒന്ന് രണ്ട് പേറും കൂടി കഴിഞ്ഞാൽ  കാമുകനും, കണവനുമൊക്കെ...
ഡീം..
തനി കവുങ്ങും കണ പോലെ... അല്ലേ?
 
ഒരാഴ്‌ച്ച  സുധൻ എന്റെ കൂടെ ലണ്ടനിൽ. സുധനുമൊത്ത് മൂന്ന് ദിനം മുഴുവൻ സുമത്തിന്റെ വീട്ടിൽ തമ്പടിച്ച്
പഴയകാല പ്രണയവിശേഷങ്ങൾ അയവിറക്കലും, അവിടത്തെ പ്രകൃതി രമണീയമായ കാഴ്ച്ചകൾക്കൊപ്പം ബെർക്ക്ഷെയറിന്റെ ചരിത്രമുറങ്ങുന്ന സ്മാരകങ്ങൾ കണ്ടും, അവരുടെ വീടിനടുത്തുള്ള ന്യൂബറിയിലെ കുതിരപ്പന്തയം അവരോടൊപ്പം പോയി കണ്ടും / വാതുവെച്ചും , ....,...അങ്ങനെ വീണ്ടും ഒരു പ്രണയകാലം...!!
 
അതെ ചില പ്രണയങ്ങൾ അനശ്വരമാണ്, ഒന്നിച്ച് ജീവിച്ചിലെങ്കിലും, ജീവിതാന്ത്യം വരെ  ആ അനുരാഗങ്ങൾ കരിക്കിൻ വെള്ളം പോലെ മധുരിച്ചു കൊണ്ടിരിക്കും.

മുടിയും മീശയുമൊന്നും ഡൈ ചെയ്യാതെ തനി ഒരു വയസ്സനേപ്പോലെ തോന്നിക്കുന്ന സുമത്തിന്റെ വളരെ സിംബളനായ, സന്മനസ്സുള്ള ഭർത്താവ് ഡോക്ട്ടറദ്ദേഹത്തിന്റെ ‘സർജറി’യിലെ ജനറൽ പ്രാക്റ്റീസ് ഡ്യൂട്ടി കഴിഞ്ഞെത്തിയാൽ, മൂപ്പരും ഞങ്ങൾക്ക്  ഒരു കൊച്ചു ’കമ്പനി’ തരും.

ശേഷം ഞങ്ങൾ മൂവ്വരും പുലരുവോളം വർത്തമാനങ്ങൾ ചൊല്ലി... സുമത്തിന്റെ ഓയിൽ പെയിന്റിങ്ങുകൾ കണ്ട്, അവളുടെ വീട്ടിലെ ബൃഹത്തായ ലൈബ്രറി ശേഖരത്തിൽ മുങ്ങിതപ്പി, സുമത്തിന്റെ കൈ പുണ്യത്താൽ വെച്ചു വിളമ്പിയ നാടൻ രുചികൾ തൊട്ടറിഞ്ഞ്, അവൾ വിരിച്ചു തന്ന ബെഡുകളിൽ സ്വപ്നം കണ്ട് മതി മറന്നുറങ്ങിയ രണ്ട് രാവുകളാണ് എനിക്കും സുധനുമൊക്കെ  അന്ന് ഒരു സൌഭാഗ്യം പോലെ കിട്ടിയത്..!

ഇന്നും ഔട്ടർ ലണ്ടനിലെങ്ങാനും പോയിവരുമ്പോൾ എന്റെ സ്റ്റിയറിങ്ങ് വീലുകൾ ഓട്ടൊമറ്റിക്കായി ബെർക്ക്ഷെയർ ഭാഗത്തേക്ക് തിരിയും. അതുപോലെ തന്നെ  സുമവും ഫേമിലിയും ലണ്ടനിലെത്തിയാൽ
എന്റെ വീട്ടിലും കയറിയിട്ടേ പോകൂ.

ചില തനി ടിപ്പിക്കൽ തൃശൂര്‍ നസ്രാണി നോൺ-വെജ് വിഭവങ്ങളുടെ തയ്യാറാക്കലുകൾ എന്റെ ഭാര്യയ്ക്ക് പഠിപ്പിച്ച് കൊടുത്ത പാചക ഗുരു കൂടിയാണിപ്പോൾ സുമം...
 
നമ്മുടെ ഡോക്ട്ടറദ്ദേഹം പറയുന്ന പോലെ, “വെൽ..നിങ്കടെ പണ്ടത്തെ പ്രേമം കാരണം നാമിപ്പോള് ബെസ്റ്റ് ഫേമിലി ഫ്രൺസ്സായില്ലേ ...ഏം ഐ  റൈറ്റ് ?“

കഴിഞ്ഞാഴ്ച്ച സുമം വന്നകാര്യം ഞാൻ സുധന് ഫോൺ വിളിച്ചറിയിക്കുമ്പോൾഎന്റെ ഭാര്യ പിറുപിറുക്കുന്നത് കേട്ടു ...

“മണ്ണും ചാരി നിന്നവൻ പ്രേമോം  കൊണ്ട് പോയീന്ന് പറയ് ...! “

എന്തുചെയ്യാനാ‍ാ..അല്ലേ..

എന്റെ പെണ്ണിന്റെ കുശുമ്പിനും അസൂയക്കും ഈ ലണ്ടനിലും മരുന്ന് ഇതുവരെ കണ്ട് പിടിച്ചിട്ടില്ല ...!

 

കൂടുതൽ വായനയ്ക്ക്