Haridas B

പീടിക,ത്തിണ്ണയിൽ
ഉടുമുണ്ടുരിഞ്ഞങ്ങ്;
കൊതുകിന്റെ പാട്ടിനേ
കേൾക്കാനരുതാതേ,

രാവിന്റെ ശീതം
തടഞ്ഞു കിടക്കവേ!
അടയാത്ത കണ്ണിണ
ഗതകാല ജീവിത-
ക്കുളിർകോരി ഒഴുകിയ,
ഉറവകൾ തിരയവേ!
ആദ്യമായ് ജീവിത
വാടിയിൽ വിരിഞ്ഞോരു;
ആൺപൂവാൽ മോഹത്തിൻ
മാല്യം കൊരുത്തോരു
ഐശ്വര്യ തിമിരത്താൽ,
അഭിമാനിയായ നാൾ!

കാലചക്രങ്ങൾ കറങ്ങി-
ത്തിരിയവേ, വയ്യായ്മ
വല്ലാണ്ട് ജീവന്റെ,യൂർജ്ജം
കെടുത്തവേ!
തൻ പാതി മൊഴിയുന്നു.
'വയ്യായ്മ വല്ലാണ്ട് വന്നു
തുടങ്ങിയാൽ ഊനങ്ങൾ
തീർക്കുവാൻ എന്തു-
ണ്ടുപായങ്ങൾ?'
'ചുമ്മാതിരിയെടോ,
നമുക്കു,ണ്ടൊരാൺതരി
സംരക്ഷീച്ചീടുവാൻ!'
പാതിവഴിക്കവൾ മറുമൊഴി
കേൾക്കാതേ, യാത്ര പറഞ്ഞു
പോയ്!

പെറ്റ വയറിന്റെ സന്ദേഹ-
മെത്രമേൽ, സത്യമായ്
വന്നു ഭവിച്ചിതു നാൾക്കു
നാൾ!
ദൂരത്തു നിന്നവൾ
മാടി വിളിക്കുന്നു,
പോകാതിരിക്കുവാൻ
ഇവിടെന്തു തരമുണ്ട്?
പുലർകാലേ കണ്ടാരോ
പീളകൾ മൂടിയ കൺ-
കോണിൽ ചാവിന്റെ
കൂന,നുറുമ്പുകൾ 
ദൗത്യം തുടരുന്നു! 

കൂടുതൽ വായനയ്ക്ക്